നിരർത്ഥകമെന്ന് തോന്നുന്ന ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കുന്ന കഥാപാത്ര സൃഷ്ടി, വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ദുഃഖം കൊണ്ട് വരുന്ന വൈകാരികതയെ ക്യാമറയിൽ ഒപ്പിയെടുക്കുക, ശ്യാമ പ്രസാദ് എന്ന സംവിധായകന്‍റെ കലാവൈഭവം ഇന്ദ്രിയമാണെങ്കിലും അതിലെ ജീവിതങ്ങൾ പച്ചയായ ആവിഷ്കാരം തന്നെ. ഒരേ കടൽ, അഗ്നിസാക്ഷി, അകലെ, തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളിൽ ശ്യാമപ്രസാദ് ഫോക്കസ് ചെയ്യുന്ന വിഷയങ്ങൾ തികച്ചും മനുഷ്യ ജീവിതത്തെയാണ്. വ്യക്തിയിലൂടെ കുടുംബം, സമൂഹം, തുടങ്ങിയ വിഭിന്നമായ മനുഷ്യ ജീവിതത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്‍റെ സിനിമകൾ.
നാടക ജീവിതത്തിൽ നിന്നുമാണ് ശ്യാമപ്രസാദ് എന്ന കലാകാരൻ വളർന്നു വന്നത്. 1998- ലെ ‘കല്ലുകൊണ്ടൊരു പെണ്ണ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടു വെച്ചു. അതിനു ശേഷം മലയാളത്തിൽ ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്‍റെതായി പിറന്നു. ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം വിഭാഗത്തിൽ ജോലി നോക്കി. മീഡിയ പ്രോഡക്ഷനിൽ യു കെയിലെ ഹൾ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ ശ്യാമപ്രസാദ് പിന്നീട് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷനിൽ മാധ്യമ ഗവേഷകൻ, കോൺ ട്രിബ്യുട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പുരസ്‌കാരങ്ങൾ നേടിയ ‘അകലെ’ എന്ന സിനിമയി ലെ കഥ ഒരു കുടുംബ വ്യവസ്ഥിതിയെ ആശ്രയിച്ചാണെങ്കിലും അവിടുത്തെ ഓരോ അംഗവും ജീവിക്കുന്ന അവരുടേതായ ലോകങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്. അമ്മയും മകനും തമ്മിലുള്ള, അമ്മയും മകളും തമ്മിലുള്ള, സഹോദരിയും സഹോദരനും തമ്മിലുള്ള അന്തരമാണത്. ഒരു ഗർഭപാത്രത്തിൽ നിന്നും പിറന്നവരാ ണെങ്കിലും അവരുടെ കാഴ്ചപ്പാടും ജീവിതവും തമ്മിൽ കാതങ്ങൾക്കകലെയാണ്. പിതാവുപേക്ഷിച്ചുപോയ മക്കളെ ജീവനു തുല്യം സ്നേഹിച്ചുവളർത്തുന്ന തന്‍റെ മകൻ നീൽ അവന്‍റെ അച്ഛനെപ്പോലെ മദ്യ പാനിയായിത്തീരുമോ എന്ന് ഭയക്കുന്ന വൈകല്യമുള്ള മകൾ റോസയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന അവളെ നിലപാടുള്ള, സ്വന്തം കാലിൽ നിന്ന് കൊണ്ട് ജീവിക്കാൻ പ്രേരിപ്പിക്കുകയും ഭാവി ജീവി തത്തെക്കുറിച്ച് സ്വപ്നം കാണാൻ പഠിപ്പിക്കുന്ന തന്‍റെ മക്കളെക്കാൾ മിടുക്കരായി ആരുമില്ലെന്ന് അഭിമാനിക്കുന്ന മാർഗരറ്റ് എന്ന അമ്മ.
കേരളത്തിലെ ഒരു കടലോരത്തിൽ ജീവിക്കുന്ന ആംഗ്ലോ ഇന്ത്യൻ കുടുംബമാണ് മാർഗരറ്റിന്‍റെത്. നീൽ എന്ന എഴുത്തുകാരനിലൂടെയാണ് അവന്‍റെ ജീവിതകഥയുടെ ആദ്യ ചുരുളുകൾ അഴിയുന്നത്. ജീവിച്ചിരിക്കുമ്പോൾ നീൽ അയാളുടെ അനിയത്തിയായ റോസയ്ക്ക് നൽകാതെ പോയ കരുതലും സ്നേഹവും ജീവിതവുമെല്ലാം നീലിനെ ഓർമ്മിപ്പിക്കുന്ന അയാളുടെ കാമുകി കമല മറ്റൊരു ഗംഭീര കഥാപാത്രമാണ്..
പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും അപകർഷതയുടേയും കെട്ട കാലങ്ങളെ വലിച്ചെറിഞ്ഞു പോയ കുഞ്ഞു റോസയുടെ ചിരിയും നിഷ്കളങ്കതയും മൗനവും അവന്‍റെ ഓർമ്മകളിൽ നിന്ന് പടിയി റങ്ങിയില്ല. അമ്മയുടെയും സഹോദരിയുടെയും ജീവിതത്തിൽ നിന്നകന്ന് സ്വന്തമായൊരു ലോകം തീർക്കണമെന്ന് നീൽ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ബന്ധങ്ങൾ അവനെ വീണ്ടും അവരിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു.
റോസ അസാമാന്യമായൊരു കഥാപാത്ര സൃഷ്ടിയാണ്. അവളുടെ ലോകവും നാണത്തിൽ പൊതിഞ്ഞ അപകർഷതയും ഞാനൊരു വൈകല്യമുള്ളവളാണെന്ന ചിന്തയിൽ തന്നിലേക്ക് തന്നെ സ്വയം ഉൾവലിയുകയും ചെയ്യുന്ന പെൺകുട്ടി. മറ്റുള്ളവരെ അഭിമുഖീകരിക്കാനും മിണ്ടാനും കൂട്ടിരിക്കാനും അവൾക്ക് ജാള്യതയാണ്. വർഷങ്ങളേറെക്കഴിഞ്ഞിട്ടും മാർഗരറ്റും നീലും റോസിന്‍റെ ഓർമ്മകളിൽ ജീവിക്കുന്നു. ജീവിതത്തിൽ നിന്നെന്നല്ല, മരണത്തിൽ നിന്ന് പോലും ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങളെ വിച്ഛേദിക്കാൻ കഴിയെല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ‘അകലെ’ എന്ന സിനിമ.
ടെന്നീസ് വില്യംസിന്‍റെ ‘The glass menagerie’ എന്ന അമേരിക്കൻ നാടകത്തിന്‍റെ പ്രചോദനമാണ് ഈ സിനിമ യുടെ പിറവിക്ക് പിന്നിൽ. തീവ്രമായ ദൃശ്യ ഭാഷകൊണ്ട് പ്രേക്ഷകരോട് സംവദിക്കുന്ന ശ്യാമപ്രസാദിന്‍റെ സിനിമകൾ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചലച്ചിത്രാഖ്യാനശൈലി മറ്റ് സിനിമകളിൽ നിന്ന് വേറിട്ടു നിർത്തുന്നു. പുറം ലോകത്തെ മനുഷ്യരെയല്ല, അരികുവൽക്കരിക്കപ്പെട്ട വ്യക്തി ജീവിതത്തിലേക്കുള്ള സൂക്ഷ്മമായ നിരീക്ഷണം ശ്യാമപ്രസാദിന്‍റെ സിനിമയ്ക്കുള്ള ആഖ്യാന രീതിയാണ്. എഴുപതുകളുടെ പശ്ചാത്തലത്തിലാണ് ‘അകലെ’ പുരോഗമിക്കുന്നത്. നീലിന്‍റെ ആത്മ സംഘർഷങ്ങളെ സിനിമയിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. സ്ഥടികത്തിൽ നിർമ്മിക്കപ്പെട്ട അവളുടെ ഇഷ്ട പ്രതിമകൾ പോലെ തന്നെ തകർന്നു പോയ ജീവിതമായിരുന്നു റോസിന്‍റെയും. വൈകല്യത്തിന്‍റെ പേരിൽ ചിന്തകളും സ്വപ്‌നങ്ങളും ജീവിതവും ബലികഴിക്കപ്പെട്ട പെൺകുട്ടി. ഇതിനെ അതിജീവിക്കുന്നവരുടെ വിജയ ഗാഥകൾക്ക് മുന്നിൽ അതിനൊന്നും കഴിയാതെ ഇടറിവീഴുന്ന പെൺകുട്ടി. അനേകം റോസാപ്പൂക്കൾക്കിടയിൽ കെട്ട ജീവിതത്തെ പ്രതിരോധിക്കാൻ മുള്ളുകളില്ലാതെ വിധിയെന്ന് പഴിച്ചു കൊഴിഞ്ഞു പോകുന്ന ഇത്തരം അനേകം റോസകളുമുണ്ട് നമുക്ക് ചുറ്റിലും നാമറിയാതെ.
താരനിരകളുടെ വൻ ഘോഷയാത്രയില്ലാതെ വിരലിലെണ്ണാവുന്ന അഭിനേതാക്കളെക്കൊണ്ട് സൃഷ്ടിച്ച സിനിമയാണ് ‘അകലെ’. പൃഥ്വിരാജ് (നീൽ), ഗീതു മോഹൻദാസ് (റോസ), ഷീല (മാർഗരറ്റ് ), ടോം ജോർജ്ജ് (ഫ്രഡി) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി. ഛായാഗ്രഹണം എസ് കുമാറും ഗാന രചന ഗിരീഷ് പുത്തഞ്ചേരിയും സംഗീതം എം ജയചന്ദ്രനും നിർവഹിച്ചു.”ആരോരുമറിയാതെ “( ആലാപനം :പി ജയചന്ദ്രൻ ), “അകലെ അകലേ”( ആലാപനം :കാർത്തിക് ), “പ്രാവുകൾ “(ആലാപനം :ചിന്മയി ), “ഷാരോണിലെ “(ആലാപനം :പ്രീത, വിധു പ്രതാപ് ), “നീ ജനുവരിയിൽ വിരിയുമോ “(ആലാപനം :സുജാത, വേണുഗോപാൽ ), “പിന്നെയുമേതോ “(എം ജയചന്ദ്രൻ ), “പ്രണയിനി നീ “(ആലാപനം:എം ജി ശ്രീകുമാർ ), “അകലെ”(ചിത്ര) “നിറസന്ധ്യേ നിഴൽ സന്ധ്യേ “(ആലാപനം :ഗംഗ ) എന്നീ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.
2004ൽ മികച്ച ചിത്രത്തിനും മികച്ച നടി ക്കുമുള്ള (ഷീല) ദേശീയ അവാർഡ് ലഭിച്ചു. ഇതേ വർഷം മികച്ച മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച നടിക്കും (ഗീതുമോഹൻദാസ് ) മികച്ച ഛായാഗ്രാഹകനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൂടാതെ 2004- ൽ ഫിലിം ഫെയർ സൗത്തിന്‍റെ മികച്ച നടിക്കുള്ള അംഗീകാരം കിട്ടി. കല്ലുകൊണ്ടൊരു പെണ്ണ് (1998), അഗ്നിസാക്ഷി (1999), അകലെ (2004), ഒരേ കടൽ (2007), ഋതു (2009), ഇലക്ട്ര (2010), അരികെ (2012), ഇംഗ്ലീഷ് (2013), ഇവിടെ (2015) എന്നിവ ശ്യാമ പ്രസാദിന്‍റെ ഹിറ്റ് സിനിമകളാണ്. മലയാള സിനിമയിലെ നിത്യ ഹരിത ചലച്ചിത്രങ്ങളാണിവ.