മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അഞ്ചുമക്കളിൽ മൂന്നാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1944- ൽ പാലിയത്ത് ജനനം. അച്ഛൻ എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ, അമ്മ പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം, ലളിതഗാനം എന്നിവയിൽ സമ്മാനം കരസ്ഥമാക്കി.
“മുല്ലപ്പൂ മാലയുമായ്” എന്ന ഗാനത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് ആദ്യ ചുവട് വയ്പ്. എന്നാൽ കളിത്തോഴൻ എന്ന ചിത്രത്തിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന പാട്ടിലൂടെ ആണ് പി. ജയചന്ദ്രൻ എന്ന ഗായകനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത്. പുതിയാകാലത്തെ ‘പൊടിമീശ മുളയ്ക്കണ പ്രായം’ എന്ന പാട്ടിലൂടെ പി’ ജയചന്ദ്രൻ തന്റെ എണ്പതുകളിലും പുതുതലമുറയ്ക്കിടയിൽ ജനപ്രിയനായി. 2021- ലെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ദാനിയേൽ അവാർഡ്, മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, നാലു തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, സ്വരലയ കൈരളി യേശുദാസ് പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. ഒരുവർഷത്തോളമായി അർബുദരോഗ ബാധിതനായിരുന്ന ഇദ്ദേഹം രോഗം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.