44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയന്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. പോർച്ചുഗൽ ചലച്ചിത്രമേളയുടെ 44 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ നടനെ തേടി മികച്ച നടനുള്ള അവാർഡ് എത്തുന്നത്. 2024 മാർച്ച് ഒന്നുമുതൽ 10 വരെ ആയിരുന്നു മേള അരങ്ങേറിയത്. പ്രദർശിപ്പിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഇന്ത്യൻ സിനിമയായിരുന്നു അദൃശ്യജാലകങ്ങൾ. പോർച്ചുഗൽ ചലച്ചിത്ര മേളയിൽ കൂടാതെ താലിൻ ബ്ലാക് നൈറ്റ് സ് അന്താരാഷ്ട്ര ചലച്ചിത്ര മേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള, പൂനെ അന്താരാഷ്ട്ര ചലച്ചിത്ര മേള, തുടങ്ങി നിരവധി ചലച്ചിത്ര വേദികളിൽ അദൃശ്യജാലകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എല്ലനാർ ഫിലിംസിന്റെയും മൈത്രി മൂവി മേക്കേഴ്സിന്റെയും ടോവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ രാധിക ലാവു, നവീൻ യേർനേനി, വൈ രവിശങ്കർ, ടോവിനോ തോമസ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്. യുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഈ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല. ലോകമെങ്ങും ഒരുപോലെ പ്രധാന്യമുള്ളതാണ്’, എന്നു സംവിധായകൻ ഡോക്ടർ ബിജു സിനിമയെ അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിങ് ഡേവിസ് മാനുവൽ.