Friday, November 15, 2024

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

“ഞാനും ജോണ്‍സണും ഒന്നിച്ചിരിക്കുന്നു. ഞങ്ങള്‍ പാട്ടിന് വേണ്ടുന്ന വേര്‍ഡ്സ് ഇടുന്നു.വേര്‍ഡ്സ് ഇടുമ്പോഴുള്ളത്  എനിക്കിപ്പൊഴും അനുഭവമുണ്ട്. ധ്യാനനിരതനായി എവിടെയോ ഏതോ ആഴങ്ങളിലേക്ക് എന്‍റെ മനസ്സ് വാക്കുകളുമായി ഇറങ്ങിപ്പോകുന്നതായുള്ള അനുഭവം. ഓരോ വാക്കുകള്‍ അവിടെന്ന് പൊങ്ങിവരും. പാട്ടിന് വേണ്ടുന്ന ക്ലൂ വേര്‍ഡ്സ് ജോണ്‍സണ്‍ ഒരുപാട് സജെസ്റ്റ് ചെയ്യുന്നു. പിന്നെ ജോണ്‍സന്‍റെ വയലിനില്‍ നിന്ന് ഇതിന്‍റെ ചിലനോട്ടുകള്‍ എന്‍റെ ഹൃദയത്തിന്‍റെ ഏതോ ഭാഗങ്ങളില്‍ ചെന്ന് പതിക്കുന്നു. അവിടെ നിന്ന് പുതിയ പുതിയ വാക്കുകളുമായി പൊങ്ങി വരുന്നു. ഇതൊക്കെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്. അങ്ങനെ ഞാനീ വേര്‍ഡ്സ് എല്ലാമിട്ട് ജോണ്‍സന്‍റെ കയ്യില്‍ കൊടുക്കുന്നു. അത് ജോണ്‍സണ്‍ എന്‍റെ മുന്നിലിരുന്നു ട്യൂണ്‍ ഇടുന്നു. അതൊരു ദിവ്യമായ അനുഭവമായിരുന്നു” കവിയും ഗാനരചയിതാവുമായ പഴവിള രമേശിന്‍റെ ഈ വാക്കുകള്‍ മലയാളസിനിമയുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാഷിനെ അടയാളപ്പെടുത്തുന്നു.

(ജോണ്‍സണ്‍ മാഷിന്‍റെ കുടുംബം)

ഗായകനായ പി ജയചന്ദ്രനിലൂടെ ദേവരാജന്‍ മാസ്റ്ററുടെയും ആര്‍ കെ ശേഖറിന്‍റെയും  സഹപ്രവര്‍ത്തകനായി സിനിമയുടെ അരങ്ങത്തെത്തിയ അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത് 1978- ല്‍ ‘ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍’ എന്ന ചിത്രത്തിലാണ്. അതിനു ശേഷം ഭരതന്‍റെ തകരയും ചാമരവുമടക്കമുള്ള നിരവധി സിനിമകളുടെ പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സണ്‍ മാഷുടെ കയ്യൊപ്പ് പതിഞ്ഞു.

ശുദ്ധസംഗീതമായിരുന്നു ജോണ്‍സണ്‍ മാഷിന്‍റേത്. ലളിതമായ ഈണങ്ങളിലൂടെ അദ്ദേഹം വരികളെയും അതിലെ ഓരോ പദങ്ങളെയും മനോഹരമായ അര്‍ഥത്തില്‍ അലങ്കരിക്കുമ്പോള്‍ ഗൃഹാതുരത്വത്തി ന്‍റെയും മാനുഷികമായ വികാര വിചാരങ്ങളെയും അദ്ദേഹം സൂക്ഷ്മമായി അതോടൊപ്പം വിളക്കിച്ചേര്‍ക്കുന്നു. മലയാളി മനസ്സുകളിലേക്ക് സംഗീതത്തിന്‍റെ വേറിട്ടപാതയിലൂടെ അദ്ദേഹം ലോക മലയാളികളു ടെയും ജനപ്രിയനായി.

പ്രിയപ്പെട്ടവരെയും അതിനൊപ്പം സ്നേഹിച്ച സംഗീതത്തെയും പിറന്ന ഗാനങ്ങളെയും തനിച്ചാക്കി ജീവിതത്തില്‍നിന്നും കടന്നുപോയ ജോണ്‍സണ്‍ മാഷ് തീരാനൊമ്പരമാകുമ്പോള്‍ പാട്ടിനൊപ്പം പ്രിയപ്പെട്ടവരുടെയും ജനലക്ഷങ്ങളുടെ ഓര്‍മ്മകളിലും അദ്ദേഹം എന്നും ജീവിക്കുന്നു. ആര്‍ദ്രമായി, സംശുദ്ധമായി പാട്ടിന്‍റെ വഴിത്താരയില്‍ അദ്ദേഹം ഇന്നുമുണ്ട്. വിരലിലെണ്ണാവുന്ന ഇഷ്ട്ടപ്പെട്ട ഗാനങ്ങളിലൊന്ന് തീര്‍ച്ചയായും ജോണ്‍സണ്‍ മാഷിന്‍റേതായിരിക്കും. പ്രകൃതിയുടെ സ്പന്ദനങ്ങളെയും വികാരങ്ങളെയും അദ്ദേഹത്തിന്‍റെ പാട്ടുകളില്‍ കാണാം.

രവീന്ദ്രമാഷിനും ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കൊപ്പവും മലയാളികള്‍ നെഞ്ചില്‍ കുറിച്ച  മലയാള സിനിമാഗാന ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട പേരാണ് ജോണ്‍സണ്‍. 1981- ല്‍ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംഗീതസംവിധായകനായി അറിയപ്പെടാന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ഓരോഗാനങ്ങളും ഒന്നിനോടൊന്ന് മികച്ചു നിന്നു. ഈണമിട്ട പാട്ടുകള്‍ ജോണ്‍സണ്‍മാഷിനെ അടയാളപ്പെടുത്തുമ്പോള്‍ അദ്ദേഹം പശ്ചാത്തലസംഗീതം  നല്കിയ സിനിമകളും ഓര്‍ക്കപ്പെടേണ്ടതുണ്ട്. മണിച്ചിത്രത്താഴിലെ ജോണ്‍സണ്‍ മാഷ് നല്കിയ പശ്ചാത്തലസംഗീതം അദ്ദേഹത്തിന്‍റെ കരിയറില്‍ എക്കാലത്തും വേറിട്ടുനിന്നു.

വയലിന്‍, ഗിറ്റാര്‍, തുടങ്ങിയ സംഗീതോപകരണങ്ങളില്‍ കഴിവ് തെളിയിച്ച അദ്ദേഹം മണിച്ചിത്രത്താഴിന് ഈണമിട്ടത് വീണ, മൃദംഗം, വയലിന്‍, ഗിറ്റാര്‍, സ്വരമണ്ഡല്‍ തുടങ്ങിയ സംഗീതോപകരങ്ങളിലൂടെയായിരുന്നു. സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും സങ്കല്‍പങ്ങള്‍ക്കനുസരി ച്ചുയരാന്‍ ജോണ്‍സണ്‍ മാഷിന്‍റെ സംഗീതത്തിന് കഴിഞ്ഞു. കര്‍ണ്ണാടിക് സംഗീതത്തെക്കാള്‍ ഹിന്ദുസ്ഥാനി സംഗീതത്തെക്കാള്‍ പാശ്ചാത്യ സംഗീതത്തിലുള്ള അദ്ദേഹത്തിന്‍റെ ജ്ഞാനം അപാരമായിരുന്നു. പാരമ്പര്യ സംഗീതത്തിന്‍റെ പാതയിലല്ലാതെ അദ്ദേഹം വെസ്റ്റേണ്‍ സംഗീതത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചെങ്കിലും അതില്‍ അലിഞ്ഞു ചേര്‍ന്ന് നിന്നിരുന്നതു നാടന്‍ശീലുകളുടെ സൌന്ദര്യമായിരുന്നു.

പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും. മലയാള സിനിമയ്ക്കു ചേരേണ്ടുന്ന ഹിറ്റ് ഗാനങ്ങള്‍ പിറക്കുകയും ചെയ്തു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സംഗീതത്തിന്‍റെ നിത്യവസന്തമായിത്തീര്‍ന്നിരുന്നു ജോണ്‍സണ്‍ മാഷിന്‍റെ പാട്ടുകള്‍. ജോണ്‍ സണ്‍ മാഷിന് മുന്‍പും ശേഷവുമെന്ന് മലയാള സിനിമ അദ്ദേഹത്തെ പില്‍ക്കാലത്ത് അടയാളപ്പെടുത്തി. 1983- ല്‍  പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന  ചിത്രത്തിലെ ‘ആടി വാ കാറ്റേ’ എന്ന ഗാനം അദ്ദേഹത്തെ ജന പ്രിയനാക്കി.

ഒ എന്‍ വി- ജോണ്‍സണ്‍, കൈതപ്രം– ജോണ്‍സണ്‍  ഈ രണ്ടുകൂട്ടുകെട്ടിലും ഹിറ്റുകളുടെ സംഗീത മാസ്മരികമായ നിരവധി ഗാനങ്ങള്‍ ജോണ്‍സണ്‍ മാഷില്‍ നിന്നും പിറവിയെടുത്തു. പത്മരാജന്‍റെ മിക്ക ചിത്രങ്ങള്‍ക്കും സംഗീതവും പശ്ചാത്തലവുമൊരുക്കിയപ്പോള്‍ ഭൂമിയില്‍ സിനിമയെന്ന കലയില്‍ രണ്ട് ഗന്ധര്‍വ്വമാര്‍കൂടി അവതരിക്കുകയായിരുന്നു. കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അപരന്‍, നൊമ്പരത്തിപ്പൂവ്, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ശ്രദ്ധനേടി. ഭക്തിയും വിശപ്പും പ്രണയവും ഏകാന്തതയുമെല്ലാം ആ സംഗീതസാഗരത്തില്‍ ലയിച്ചു കിടന്നു. ചെങ്കോലിലെ ‘മധുരം ജീവാമൃത ബിന്ദു’ എന്ന പാട്ടിലുണ്ട് ദാരിദ്രത്തിന്‍റെ നോവും കണ്ണുനീരിന്‍റെ ഉപ്പും. എന്നാല്‍ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ ‘രാത്തിങ്കല്‍ പൂത്താലി ചാര്‍ത്തി’ എന്ന പാട്ടിലെത്തുമ്പോള്‍ പാട്ടിലെ നായികയുടെ മൌനത്തെ നായകന്‍റെ  പ്രണയത്തിലൂടെ  ശബ്ദമുഖരിതമാക്കുകയാണ് ജോണ്‍സണ്‍ മാഷ്.

മലയാള ചലച്ചിത്ര മേഖലയിൽ വെച്ച് സംഗീത സംവിധാനത്തിൽ ദേശീയ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയായിരുന്നു ജോൺസൻ മാഷ് (1994, 1995 വർഷങ്ങളിൽ രണ്ട് തവണ പൊന്തൻ മാട, സുകൃതം എന്നീ ചിത്രങ്ങളിലൂടെ). 2004- ൽ പുറത്തിറങ്ങിയ ‘കൺകളാത് കൈത് സെയ്‌’ എന്ന തമിഴ് ചിത്രത്തിൽ എ ആർ റഹ്‌മാൻ സംഗീതം ചിട്ടപ്പെടുത്തിയ ‘തീക്കുരുവി’ എന്ന ഗാനം ജോൺസൻ മാഷ് ആലപിച്ചു.ഓർമ്മയ്ക്കായ് (1982), വടക്കുനോക്കിയന്ത്രം (1989), മഴവിൽക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത് (1999), സദയം (1992), സല്ലാപം (1996) തുടങ്ങിയ ചിത്രങ്ങളിലെ സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

‘അനുരാഗിണീ ഇതാ നിനക്കെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ ഒരു കുടക്കീഴില്‍ എന്ന ചിത്രത്തിലെ ഈ ഗാനന്തിലുമുണ്ട് അന്തര്‍ലീനമായി കിടക്കുന്ന അനുരാഗത്തിന്‍റെ ദിവ്യത്വം. ‘മണിപ്രവാളം പൊഴിയും മാണിക്യക്കൈവിരലില്‍ പവിത്രമോതിരം ചാര്‍ത്തി സൂര്യഗായത്രി’ എന്ന് ക്ലാസ്സിക്കല്‍ ടച്ചില്‍ പാടുമ്പോള്‍ ജോണ്‍സണ്‍ മാഷിന്‍റെ  സംഗീതത്തിന്‍റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. പാവം പാവം രാജകുമാരനിലെ ‘പാതിമെയ് മറഞ്ഞതെന്തെ’ എന്നു ചോദിക്കുമ്പോള്‍ പ്രണയത്തിന്‍റെ കാല്‍പ്പനികതയെ സംഗീതം കൊണ്ട് ജോണ്‍സണ്‍ മാഷ് മുദ്രണം ചെയ്യുന്നു.

‘പക്ഷേ’ എന്ന ചിത്രത്തിലെ ‘സൂര്യാംശുവോരോ വയല്‍പ്പൂവിലും’ എന്നു പാടുമ്പോള്‍ ഗ്രാമീണ സൌന്ദര്യവുമായി അദ്ദേഹം സംഗീതം കൊണ്ട് അര്‍ച്ചന നടത്തുന്നു. സല്ലാപത്തിലെ ‘ചന്ദനച്ചോലയില്‍’, കുടുംബസമേതത്തിലെ ‘നീലരാവിലിന്നു നിന്‍റെ’, തൂവല്‍ക്കൊട്ടാരത്തി ലെ ‘സിന്ദൂരം പെയ്തിറങ്ങി’, ചിന്താവിഷ്ടയായ ശ്യാമളയിലെ ‘ആരോടും മിണ്ടാതെ’, ഞാന്‍ ഗന്ധര്‍വനിലെ ‘ദേവി ആത്മരാഗമേകാന്‍’, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ‘പവിഴം പോല്‍’, ‘ആകാശമാകെ’, അറിഞ്ഞോ അറിയാതെയോ എന്ന ചിത്രത്തിലെ ‘സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ’, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തിലെ ‘പൂവേണം പൂപ്പട വേണം’, ‘മെല്ലെമെല്ലെ മുഖപടം’, ഇസബെല്ലയിലെ ‘ഇസബെല്ലാ’, വരവേപ്പിലെ ‘ദൂരെദൂരെ സാഗരം’, അര്‍ത്ഥത്തിലെ ‘ശ്യാമാംബരം നീളെ’, സവിധത്തിലെ ‘ബ്രഃഹ്മകമലം’, ഇരട്ടക്കുട്ടികളുടെ അച്ഛനിലെ ‘എത്രനേരമായി ഞാന്‍…’ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനശ്വരഗാ നങ്ങളുടെ പാട്ടിന്‍റെ തമ്പുരാന്‍ ഈണമിട്ട ഗാനങ്ങള്‍ അനിഷേധ്യമായി എന്നും ഒഴുകി. പാട്ടിന്‍റെ വഴിയില്‍ അവസാനികുന്നില്ല മരണത്തെ പോലും അതിജീവിക്കുന്ന ജോണ്‍സണ്‍ മാഷിന്‍റെ സംഗീതം.  

spot_img

Hot Topics

Related Articles

Also Read

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി

0
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയിലെ ആദ്യ ടെക്നൊ മ്യുസീഷ്യൻ

0
കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ  ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു.

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.