നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്. കോഴിക്കോട് ആയിരുന്നു ജനനം. ബാല്യത്തിൽ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച വിജയലക്ഷ്മി സ്കൂൾ പഠനകാലത്ത് തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു.
പന്ത്രണ്ടാമത്തെ വയസ്സിൽ കോഴിക്കോട് ടൌൺ ഹാളിൽ അവതരിപ്പിച്ച ‘തോട്ടക്കാരൻ’ എന്ന നാടകത്തിലെ വൃദ്ധ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു നാടകത്തിൽ അരങ്ങേറ്റം. പിന്നീട് ശ്രദ്ധേയവും പ്രശസ്തവുമായ നിരവധി നാടകങ്ങളിൽ കഥാപാത്രങ്ങളായി വേഷമിട്ടു. 1957- ലാണ് നാടക- സിനിമ അഭിനേതാവായിരുന്ന നിലമ്പൂർ ബാലനെ വിവാഹം കഴിക്കുന്നത്. പിന്നീട് നിരവധി നാടകങ്ങളിൽ ഇവർ ഒന്നിച്ചു അഭിനയിച്ചു. ഇരുവരും കളിത്തറ എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. നിർമാല്യം, ബന്ധനം, കഥയ്ക്ക് പിന്നിൽ, പോക്കുവെയിൽ, ഒരേതൂവൽ പക്ഷികൾ, വഴിയമ്പലം, അന്യരുടെ ഭൂമി, സൂര്യകാന്തി, തീർഥാടനം, അമ്മക്കിളിക്കൂട്, കയ്യൊപ്പ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് നിലമ്പൂർ ബാലൻ. മക്കൾ: വിജയകുമാർ, ആശ, സന്തോഷ്, സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ വാതക ശ്മശാനത്തിൽ വെച്ച് നടക്കും.