മലയാളികള്‍ക്ക് ആരാണ് ഇന്ദ്രന്‍സ്? സിനിമ അനുശാസിക്കുന്ന ബാഹ്യരൂപങ്ങളോട് ലവലേശം സാദൃശ്യം പോലുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. അഭിനേതാക്കളുടെ രൂപഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് നിര്‍ണ്ണയിച്ചു വെച്ചിരിക്കുന്ന സിനിമലോകത്തിന്‍റെ പാരമ്പര്യ സംവിധാനത്തെ അപ്പാടെ പൊളിച്ചെഴുതിയ അപൂര്‍വം കലാകാരന്മാരില്‍ ഒരാള്‍. ഏത് കഥാപാത്രത്തെയും അദ്ദേഹം തന്‍റെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഉള്‍ക്കൊണ്ടു, അതായി ജീവിച്ചു. അഭിനയ ജീവിതത്തിന്‍റെ വലിയ കാലഘട്ടങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ചു. ഇന്ദ്രന്‍സ് എന്ന നടന്‍ തമാശക്കാരനായി വെള്ളിത്തിരയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
സിനിമയുടെ പുതുകാലത്ത് ഇന്ദ്രന്‍സ് തന്‍റെ അഭിനയ ജീവിതത്തില്‍ നടത്തിയ കുതിച്ചു ചാട്ടം മാറിയ കാലത്തിന്‍റെയും മലയാളികളുടെ കാഴ്ചപ്പാടിന്‍റെയും പ്രത്യക്ഷ രൂപമായിരുന്നു. മാറ്റങ്ങളുടെ കാഹളം വളരെ പതുക്കെയായിരുന്നു കലകളില്‍ വെച്ച് സിനിമയില്‍ സംഭവിച്ചത്. പുതിയ ചെറുപ്പക്കാരുടെ കടന്നു വരവും അവരുടെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സിനിമയില്‍ പരീക്ഷിക്കപ്പെട്ടു. കാലത്തിനനുസരിച്ച് മലയാളികളുടെ ആസ്വാദന രീതികള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അതിനോടൊപ്പം തന്നെ സിനിമയും സിനിമാക്കാരും വളര്‍ന്ന് വന്നു.
മലയാള സിനിമയുമായി നാലുപതിറ്റാണ്ടിന്‍റെ ഇഴയടുപ്പമുണ്ട് ഇന്ദ്രന്‍സ് എന്ന കലാകാരന്. ആദ്യമായി സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ച കലാകാരനല്ല ഇന്ദ്രന്‍സ്. 1981- ല്‍ ‘ചൂതാട്ടം’ എന്ന സിനിമയ്ക്കു വസ്ത്രാലങ്കാരം ചെയ്യാനായി ചിത്രത്തിന്‍റെ നിര്‍മാതാവ് ടി എം എന്‍ ചാക്കോയുടെ ക്ഷണപ്രകാരം എത്തുകയും പിന്നീട് ആ സിനിമയിലെ ചെറിയ കഥാപാത്രത്തെയും അഭിനയിച്ചു ഇന്ദ്രന്‍സ്.
അഭിനയത്തില്‍ കഴിവ് തെളിയിച്ചതോട് കൂടി ആ ശരീരഭാഷയ്ക്കും പ്രത്യേക ശൈലിയിലുള്ള സംഭാഷണരീതിക്കുമുതകുന്ന കഥാപാത്രങ്ങള്‍ സിനിമകളില്‍ ഇന്ദ്രന്‍സിനായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്നു. അത്തരം രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഒരു സ്ഥാനം നേടിയെടുക്കുവാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞു. തൊണ്ണൂറുകളില്‍ ഇന്ദ്രന്‍സിനെ നിരവധി സിനിമകളും ഹാസ്യകഥാപാത്രങ്ങളും തേടിയെത്തി. ആദ്യകാല സിനിമകളില്‍ ‘നടന്‍ ഇന്ദ്രന്‍സ്’ എന്നു സ്ക്രീനില്‍ തെളിഞ്ഞിരുന്നില്ല. പിന്നീട് തൊണ്ണൂറുകളില്‍ ഇറങ്ങിയ സിനിമകളില്‍ ഇന്ദ്രന്‍സിന്‍റെ അഭിനയ പാടവത്തെ ഉള്‍ക്കൊണ്ടുകൊണ്ട് വെള്ളിത്തിരയില്‍ ‘നടന്‍ ഇന്ദ്രന്‍സ്’ എന്നു പ്രത്യക്ഷപ്പെട്ടു തുടങ്ങി.
(വിത്തിന്‍ സെക്കന്‍ഡ് മൂവിയില്‍ നിന്ന് )
രാജസേനന്‍ സംവിധാനം ചെയ്തു 1993- ല്‍ പുറത്തിറങ്ങിയ ‘മേലെപ്പറമ്പില്‍ ആണ്‍വീട്‘ എന്ന ഹിറ്റ് ചിത്രത്തിലെ ഇന്ദ്രന്‍സ് കൈകാര്യം ചെയ്ത കല്യാണ ബ്രോക്കറായുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു പൂര്‍ണ കൊമേഡിയന്‍ അഭിനേതാവായി ഇന്ദ്രന്‍സ് തൊണ്ണൂറുകള്‍ക്ക് ശേഷം മാറിക്കഴിഞ്ഞിരുന്നു. ആ ശരീര ഭാഷയെയെയും ശൈലിയെയും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 1999- ല്‍ രാജസേനന്‍റെ തന്നെ മറ്റൊരു ചിത്രമായ ‘സി ഐ ഡി ഉണ്ണികൃഷണന്‍ ബി എ ബി എഡ്’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.
തമാശ പറഞ്ഞും അഭിനയിച്ചും ചിരിപ്പിച്ചു കൊണ്ട് ഇന്ദ്രന്‍സ് മലയാള സിനിമയില്‍ നിലനിന്നു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു, കഥാപാത്രങ്ങളെല്ലാം ഓര്‍മ്മിപ്പിക്കുന്നതും. തമാശകളിലൂടെ നിറഞ്ഞു നിന്ന ഇന്ദ്രന്‍സ് പിന്നീട് പല വില്ലന്‍ വേഷങ്ങളിലും അപൂര്‍വം പ്രത്യക്ഷപ്പെട്ടുതുടങ്ങി. 2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രവും 2022- ല്‍ പുറത്തിറങ്ങിയ ‘മാലിക്കും’ ഉദാഹരണം. ഇതിനോടകം തന്നെ ഇന്ദ്രന്‍സ് എന്ന നടന്‍റെ അഭിനയകല മലയാള സിനിമയില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത അവിഭാജ്യഘടകമായി തീര്‍ന്നിരുന്നു.
(‘മാലിക്കി’ല്‍ നിന്ന്)
കഥാവശേഷനിലെ ‘കള്ളന്‍’ കഥാപാത്രവും രഹസ്യ പോലീസിലെ ‘വില്ലന്‍’ കഥാപാത്രവും പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു. മാധവ് രാംദാസ് 2014- ല്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി, ജയസൂര്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘അപ്പോത്തിക്കിരി’യിലെ ഇന്ദ്രന്‍സിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു അദ്ദേഹം അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരമര്‍ശത്തിന് അര്‍ഹനായി. കൊമേഡിയന്‍ അഭിനേതാവില്‍ നിന്നും മികച്ച സ്വഭാവനടനായി ഇന്ദ്രന്‍സ് അംഗീകരിക്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും സിനിമയില്‍ അടിമുടി മാറ്റങ്ങളുടെ കാലം ആരംഭിച്ചു തുടങ്ങിയിരുന്നു.
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍ ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു. പകരം വയ്ക്കാനില്ലാത്ത ആ അതുല്യ പ്രതിഭയെത്തേടി നിരവധി പുരസ്കാരങ്ങള്‍ അംഗീകാരങ്ങള്‍ എത്തിക്കൊണ്ടേയിരുന്നു. ‘മഞ്ഞവെയില്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനു 2019- ല്‍ സിങ്കപ്പൂര്‍ സൌത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരവും ഷാന്‍ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ചു മികച്ച കലാകാരനായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2020- ല്‍ പുറത്തിറങ്ങിയ മിഥുന്‍മാനുവല്‍ തോമസ് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ സിനിമ ‘അഞ്ചാം പാതിരാ’യിലെ ‘റിപ്പര്‍ രവി’ എന്ന വില്ലന്‍ കഥാപാത്രമായെത്തിയ ഇന്ദ്രന്‍സ് പ്രേക്ഷകരെ ഞെട്ടിച്ചു.
പിന്നീട് റോജിന്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘@ഹോം’ എന്ന ചിത്രത്തിലെ ‘ഒലിവര്‍ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിലൂടെയുള്ള മിന്നും പ്രകടനം മലയാളികളെയും മലയാള സിനിമയെയും കൂടുതല്‍ വിസ്മയിപ്പിച്ചു. 2022- ല്‍ പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത ‘നാരദ‘യിലെ ജഡ്ജിയായി എത്തുന്ന കഥാപാത്രവും മികച്ച പ്രകടനമായിരുന്നു. പുതിയ കാലത്തിറങ്ങുന്ന നല്ല സിനിമകള്‍ എന്നു പറയാവുന്ന ചിത്രങ്ങളില്‍ ഇന്ദ്രന്‍സുണ്ട്. പഴയപോലെ കൊമേഡിയന്‍ കഥാപാത്രമായി വെള്ളിത്തിരയില്‍ അദ്ദേഹത്തെ കാണുവാന്‍ കഴിയില്ല. കഥ കൊണ്ടും കഥാപാത്ര മൂല്യം കൊണ്ടും സംവിധാന മികവ് കൊണ്ടും അണിയറ പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടും ഇന്നും മലയാളത്തില്‍ നല്ല സിനിമകള്‍ പിറക്കുന്നുണ്ട്. അവര്‍ നല്ല അഭിനേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇന്ദ്രന്‍സ് എന്ന നല്ല നടനെക്കാത്തു മികച്ച കഥാപാത്രങ്ങളും പ്രേക്ഷകരും മലയാളത്തിലുണ്ട്.