മലയാള നടന വിസ്മയത്തിന്‍റെ നഷ്ടമായിരുന്നു ശോഭ എന്ന തെന്നിന്ത്യൻ ചലച്ചിത്ര നടി. ശോഭ തന്‍റെ ജീവിതം കൊണ്ടും മരണം കൊണ്ടും ചലച്ചിത്ര ലോകത്ത് മെയ് ദിനത്തിന്‍റെ ഓർമ്മ പുതുക്കുന്നു. ജീവിതത്തിലെയും തൊഴിലിടത്തിലെയും കൂടിക്കുഴഞ്ഞ അസ്വാരസ്യമായ ദാമ്പത്യത്തിനൊടുവിൽ തന്‍റെ ജീവിതത്തിന് ക്ഷണികമായ ആയുസ്സ് നല്‍കിക്കൊണ്ട് 1980 മെയ് ഒന്നിന് സ്വയം അന്ത്യം കുറിച്ചു. പതിനേഴാം വയസ്സിൽ ജ്വലിച്ചു കൊണ്ടിരിക്കെ അവിശ്വസനീയമാം വിധം അണഞ്ഞു പോയൊരു നാളം. ആരെയും അസൂയപ്പെടുത്തും വിധം അഭിനയകലയുടെ പ്രകടനം കൊണ്ട് പതിനേഴാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങിയ അതുല്യ പ്രഗത്ഭ. പ്രശസ്തിയുടെ മിന്നിത്തിളങ്ങുന്ന താരാകാശത്തേക്കുയർന്ന ശോഭയുടെ ജീവിതം പക്ഷെ ക്ഷണികവും പരാജയവുമായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേ ന്ദ്രയ്‌ക്കൊപ്പമുള്ള ദാമ്പത്യ ജീവിതമവർക്ക് വൻ പരാജയം നൽകി.
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തേക്ക് ബാലനടിയായി അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ തന്‍റെതായ ഇടം കണ്ടെത്തിയ ശോഭയെ ‘ബേബി മഹാലക്ഷ്മി’എന്നാണ് വിളിച്ചിരുന്നത്. യഥാർത്ഥ നാമം മഹാലക്ഷ്മി എന്നായിരുന്നു. നടിയായി സിനിമയിൽ ചുവടുറപ്പിച്ചതിനു ശേഷമാണു ‘ശോഭ’ എന്ന നാമകരണം നടത്തിയത്. അച്ഛൻ കെ പി പത്മനാഭ മേനോൻ ബിസിനസുകാരനും അമ്മ പ്രേമ അഭിനേത്രിയുമായിരുന്നു. ’നീലക്കുയിൽ’എന്ന ചിത്രത്തിലെ സഹനടിയായി ശോഭയുടെ അമ്മ പ്രേമ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ ‘തട്ടുങ്കൾ തുറക്കപ്പെടും’ എന്ന ജെ പി ചന്ദ്രഭാനു സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൽ ബാലതാരമായി ശോഭ അരങ്ങേറ്റം കുറിച്ചു. ഇതോടൊപ്പം ‘ഉദ്യോഗസ്ഥ’ എന്ന മലയാള സിനിമയിലും ശോഭ ബാലതാരമായി അഭിനയിച്ചു.’ഉത്രാടരാത്രി’ എന്ന മലയാള സിനിമയിലാണ് ശോഭ ആദ്യമായി നായികയുടെ വേഷമണിയുന്നത്. കന്നടയിൽ ‘കോകില’ എന്ന ചിത്രത്തിലും തമിഴിൽ ‘അടിമകൾ’ എന്ന മലയാള സിനിമയുടെ റീമേക്കായ ‘നിഴൽ നിജമാകിറത്’ എന്ന ചിത്രത്തിലും ശോഭ ആദ്യമായി നായികാവേഷമണിഞ്ഞു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും താരമായിരുന്നു ശോഭ.
ചേരിപ്രദേശത്ത് താമസിക്കുന്ന ദുരിത ജീവിതങ്ങളുടെ കഥ പറയുന്ന ‘പശി’എന്ന തമിഴ് ചിത്രത്തിലെ മികച്ച നടിക്കുള്ള അഭിനയത്തിന് ദേശീയ പുരസ്‌കാരം പതിനേഴാം വയസ്സിൽ സ്വന്തമാക്കിയ ശോഭ ശാരദയ്ക്ക് ശേഷം ഉർവശിപ്പട്ടവും കരസ്ഥമാക്കി. ശാരദയ്ക്ക് ശേഷം ഉർവ്വശിപ്പട്ടം നേടിയ മലയാളി നടി കൂടിയാണ് ശോഭ. കൂടാതെ 1971ൽ ‘കരകാണാക്കടൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു. ’സിന്ദൂരച്ചെപ്പി’ലെ അമലു (1971), ’മകനെ നിനക്കു വേണ്ടി’ എന്ന ചിത്രത്തിലെ സോഫിയ (1971),’അമൃത വാഹിനി’യിലെ റാണി (1976), ‘ഗാന്ധർവ ക്ഷേത്ര’ത്തിലെ ലക്ഷ്മി (1972),’ഉദയ’ത്തിലെ ഗീത (1973), ‘അയലത്തെ സുന്ദരി’യിലെ ശോഭ (1974),’ഓർമകൾ മരിക്കുമോ’യിലെ അമ്മിണി /പാർവതി (1977), ’നൈറ്റ് ഡ്യൂട്ടി’യിലെ അമ്മിണി(1974), ‘ശാലിനി എന്‍റെ കൂട്ടുകാരി’യിലെ ശാലിനി (1980), ’അയോദ്ധ്യ’യിലെ ശാന്തി (1975), ’ഭദ്രദീപ’ത്തിലെ രേഖ (1973), ‘ഉദ്യോഗസ്ഥ’യിലെ ബിന്ദുമോൾ (ബാലതാരം 1967),’ഉൾക്കടലി’ലെ റീന (1978), ജീവിതയാത്ര(1965), കരുണ(1966), പെൺമക്കൾ (1966), പരീക്ഷ (1967),കടൽ (1968), അധ്യാപിക (1968), അപരാധിനി (1968),കുരുതിക്കളം (1969), എന്നിവയാണ് ശോഭ അഭിനയിച്ച പ്രധാന മലയാള സിനിമകൾ.
മലയാള സിനിമയുടെയും സംസ്കാരത്തിന്‍റെയും ചിന്തകളുടെയും ഫലമായി നിലനിന്നു പോയിരുന്ന നായികാ സങ്കൽപ്പത്തെമറികടക്കാൻ ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മെലിഞ്ഞ ശരീരവുമായി നിറഞ്ഞ ചിരിയോടെ ചമയങ്ങളേറെയില്ലാതെ അവർ വെള്ളിത്തിരയുടെ അഭ്രപാളികൾക്കിടയിൽ നിന്ന് മുൻനിര നായികാസ്ഥാനം നേടിയപ്പോൾ അഭിനയ സൗന്ദര്യത്തിന്‍റെ ആ താരറാണിയെ ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. പതിനേഴാം വയസ്സിലെ ആ താരോദയം ഏവർക്കും അത്ഭുതവും കൗതുകവുമായിരുന്നു. സൗന്ദര്യത്തിന്‍റെ ലേബലിലല്ലാതെ അഭിനയകലയുടെ സൗന്ദര്യത്തിൽ ആരാധകർ ശോഭയെ നെഞ്ചിലേറ്റി.’ശാലിനി എന്‍റെ കൂട്ടുകാരി’എന്ന ചിത്രത്തിലെ കലാലയ ലോകം ക്യാമ്പസിനെ കൂടുതൽ ആഴത്തിൽ പ്രണയിക്കാൻ പഠിപ്പിച്ചു. ശാലിനിയിലൂടെയും അമ്മുവിലൂടെയും സൗഹൃദത്തിന്‍റെ വലിയൊരു ലോകം തന്നെ നമുക്ക് മുന്നില്‍ തുറന്നു വന്നു. ശാലിനിയിലൂടെയും ജയദേവനിലൂടെയും പ്രണയത്തിന്‍റെ പുതിയൊരു പാഠം പഠിപ്പിച്ചു കൊടുത്തു. ശാലിനിയിലൂടെയും പ്രഭയിലൂടെയും സാഹോദര്യത്തിന്‍റെ പുതിയൊരു സൌഹൃദ ഭാവം നമ്മള്‍ കണ്ടു. ഈ സിനിമയിലൂടെയാണ് ശോഭ പ്രേക്ഷകരിലേക്ക് കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നത്.
അവാർഡിന്‍റെയും അംഗീകാരത്തിന്‍റെയും നിറവിൽ ജ്വലിച്ചു നിൽക്കുമ്പോഴായിരുന്നു സംവിധായകൻ ബാലുമഹേന്ദ്രയുമായുള്ള ശോഭയുടെ വിവാഹം നടക്കുന്നത്. ശോഭയുടെ പ്രണയത്തെ താൻ തിരുത്താൻ പോയില്ലെന്ന് പിന്നീട് ബാലുമഹേന്ദ്ര ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വിവാഹബന്ധത്തിന്‍റെ താളപ്പിഴകളിൽ മനംനൊന്ത് അതുല്യയായ ആ കലാകാരി സ്വയം ജീവനൊടുക്കി എന്നു സിനിമാ ചരിത്രം രേഖ പ്പെടുത്തിയെങ്കിലും അതിലെ ദുരൂഹതയ്ക്ക് പിന്നിൽ ഇന്നും നിഗൂഢമായ സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നു ആരാധക സമൂഹം വിശ്വസിക്കുന്നു. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ശോഭയുടെ മരണത്തെ മുൻ നിർത്തി കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചിത്രമാണ്. മലയാള സിനിമാ ചരിത്രത്തില്‍ മെയ് ദിനത്തിന്‍റെ ഓര്‍മ്മകളുമായി ഓടിയെത്തുന്നത് ശോഭ കൂടിയാണ്. മരണത്തെ പോലും തോല്‍പ്പിച്ചു കളയുന്ന പുഞ്ചിരിയോടെ….