പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദി റൈസ്, ഹേമമാലിനി, ഗുരുദക്ഷിണ, നീഹാരിക റൈസാദ, ജിവാൻസ, അജുമൽന ആസാദ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിൽ ആദ്രിക എന്ന കഥാപാത്രമായി എത്തുന്നത് ബോളിവുഡ് താരം നീഹാരിക റൈസാദയാണ്. സൂര്യവൻഷി, വാറിയർ സവിത്രി, ഐ ബി 71, ടോട്ടൽ ധമാൻ തുടങ്ങിയ ചിത്രങ്ങളിൽ നീഹാരിക ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ ‘പിയ ബസന്ദി’ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ഐറിഷ് താരം ഡോണോവൻ വോഡ്ഹൌസ് ആണ് വില്ലനായി എത്തുന്നത്. ഛായാഗ്രഹകനും നിർമ്മാതാവുമാണ് ഡോണോവൻ വോഡ്ഹൌസ്. സംവിധായകനായ അഭിജിത്ത് ആദിത്യയുടേതാണ് ആദ്രികയുടെ കഥയും തിരക്കഥയും. ഒരു സർവൈവൽ ചിത്രം കൂടിയാണ് ആദ്രിക. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദി ഗാരേജ് ഹൌസ് പ്രൊഡക്ഷൻ, യു കെ യോടൊപ്പം മാർഗരറ്റ് എസ് എ എന്നിവർ ചേർന്നാണ് ആദ്രിക നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജയകുമാർ തങ്കവേൽ, എഡിറ്റിങ് മെഹറലി പൊയ് ലുങ്ങൽ ഇസ്മയിൽ.