Friday, November 15, 2024

ആനപ്പാറ അച്ചാമ്മയിൽ നിന്ന് സുഹറാബിയിലേക്കുള്ള ദൂരം

സ്ത്രീയുടെ തെറിവിളിക്കും  പുരുഷന്‍റെ തെറിവിളിക്കും രണ്ടർത്ഥങ്ങളാണ് സമൂഹം കല്പിച്ചു വെച്ചിരിക്കുന്നത്. തെറിപ്പദങ്ങൾ സ്ത്രീയുടെ നാവിനു അനുവദനീയമല്ലെന്ന് കല്പിച്ച സമൂഹത്തിനു ബദലായി വളർന്നു വന്ന സിനിമയും സാഹിത്യവും  ഈ സാമ്പ്രദായിക രീതിയെ വൻതോതിൽ മാറ്റി മറിക്കുകയുണ്ടായി. തെറിയെ തിരിച്ചു തെറി കൊണ്ട് നേരിട്ടു പ്രതികരിക്കുന്നവളെ ചരക്കെന്നും സംസ്കാര ശൂന്യയെന്നും ചന്തപ്പെണ്ണെന്നും അവരോധിച്ചു സമൂഹം അവളെ മറ്റൊരു കോണിലേക്ക് മാറ്റി നിർത്തപ്പെടുമ്പോൾ ഇതേ തെറി വിളിക്കുന്ന പുരുഷന് സമൂഹത്തില്‍ നിന്ന് കിട്ടുന്ന പ്രിവിലേജ്‌ വ്യത്യസ്തമാണ്. ‘അവനൊരു ആൺകുട്ടി’യാണെന്ന പൗരുഷത്വത്തിന്‍റെ അംഗീകരിക്കലായി സമൂഹം ഒളിഞ്ഞും തെളിഞ്ഞും ഇതിനെ  ആഘോഷിക്കുന്നു. എതിർ വശത്തെ പെണ്ണും ഇത് പോലെ ഒളിഞ്ഞും തെളിഞ്ഞും ആഘോഷിക്കപ്പെടുന്നുണ്ട്. അത് മേൽപ്പറഞ്ഞ അലങ്കാരങ്ങളിലൂടെയാണെന്ന് മാത്രം! ഇവിടെയാണ്‌ സിനിമയുടെയും സാഹിത്യത്തിന്‍റെയും പ്രസക്തി. വർഗ്ഗാധികാരത്തിന്‍റെ  മേൽക്കോയ്മയെ ചോദ്യം ചെയ്യാൻ തെറിയെങ്കിൽ തെറി തന്നെ  ആവശ്യം എന്ന് സമൂഹം തിരിച്ചറിഞ്ഞ കാലത്താണ് മലയാള സിനിമ ഫിലോമിനയെ കണ്ടെത്തുന്നത്! സുകുമാരിയെയും കൊളപ്പുള്ളി ലീലയെയും മോളി കണ്ണമ്മാലി എന്ന ചാളമേരിയേയും കെ പി എസ് സി ലളിതയെയും അടൂ ർ പങ്കജത്തെയും അടൂർ ഭവാനിയെയും ആസ്വദിക്കുന്നത്.

”ആരട, നാറീ നീ?..” 1990 ൽ തുളസിദാസ് സംവിധാനം ചെയ്ത ‘കൗതുക വാർത്തകൾ ‘ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഡയലോഗ് ആണിത്. ഫിലോമിനയും മാമുക്കോയയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ തന്‍റെ  കൊച്ചു മകളെ ശല്യം ചെയ്യുന്ന പൂവാലന് കൊടുക്കുന്ന മറുപടി  ഇന്നും നമ്മെ ചിരിപ്പിച്ചു കൊല്ലുന്നു. തെറിവിളിയിൽ  പ്രായം ഒരു ഘടകമാണെന്ന സമൂഹത്തിന്‍റെ നിയമാവലിയെ  ഒളിഞ്ഞു നിന്നെങ്കിലും സിനിമ ന്യായീകരിക്കുന്നുണ്ട്. എങ്കിലും കല മാറ്റത്തിന്‍റെ കാഹളം മുഴക്കുമ്പോൾ സമൂഹത്തിൽ അതിന്‍റെ അനുരണനങ്ങൾ ഉണ്ടാകുന്നു. തെറിപ്പദങ്ങൾ, വാചകങ്ങൾ അക്ഷരങ്ങളായി ആൺപെൺ ഭേദമില്ലാതെ സാഹിത്യത്തിൽ പ്രതിഫലിച്ചപ്പോൾ സിനിമയിലത് ശബ്ദത്തിന്‍റെത് കൂടിയായി. ഫിലോമിനയ്ക്ക് മാത്രമായി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. അടിയുറച്ച വ്യക്തിത്വവും നിലപാടുമുള്ള ചെറുതും വലുതുമായ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്ക്  ജീവൻ നൽകിയ ഫിലോമിന പ്രേക്ഷകരുടെ അമ്മയും മുത്തശ്ശിയും അമ്മായിയും കാരണവത്തിയും അയൽക്കാരിയുമായി.

നാടകമായിരുന്നു ഫിലോമിനയുടെ തട്ടകം. അഭിനയകലയുടെ ഊടും പാവും അവർ നാടക വേദിയിൽ നിന്നും അഭ്യസിച്ചു കഴിഞ്ഞിരുന്നു. നാടക വേദികളിൽ പ്രശസ്തനായ പി ജെ ആന്‍റണിയുടെ നാടകങ്ങളിലൂടെയായിരുന്നു ഫിലോമിന അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. എം കൃഷ്ണൻ നായരുടെ 1964ൽ ഇറങ്ങിയ ‘കുട്ടിക്കുപ്പായം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഫിലോമിനയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈനിറയെ ഒത്തിരിയൊത്തിരി കഥാപാത്രങ്ങൾ വന്നു നിറഞ്ഞു. അവർക്കായി സിനിമകളിൽ കഥാപാത്രങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കപ്പെട്ടു. എഴുന്നൂറ്റി അൻപത് ചിത്രങ്ങളോളം കഥാപാത്രങ്ങളിൽ അവർ വ്യത്യസ്ത വേഷങ്ങൾ പകർന്നാടി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹാസ്യാഭിനയമാണ്. ഒരു വ്യക്തിയെ മാത്രം  ചിരിപ്പിക്കാനുള്ള കഴിവ് അല്ല അഭിനേതാക്കൾക്ക് ഉണ്ടാവേണ്ടത്. ഒരേ സമയം ഒരേ അഭിനയത്തിലൂടെ ഒരേ കഥാപാത്രത്തിലൂടെ അനേകം ആളുകളെ ഒന്നിച്ച് ചിരിപ്പിക്കുക എത്ര ശ്രമകരമാണ്! അത് പരാജയപ്പെടുന്നിടത്താണ് ശ്രീനിവാസന്‍റെ ‘തളത്തില്‍ ദിനേശൻ’ എന്ന പരാജിതനായ തമാശക്കാരൻ കഥാപാത്രത്തെ ഓർത്തു പോകുന്നത്! എന്നാൽ ഫിലോമിന അഭിനേത്രികളിൽ  ഒരു അപാര കൊമേഡിയൻ ജനുസ്സായിരുന്നു. പകരക്കാരില്ലാതെയവർ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടു വെള്ളിത്തിരയെ തൂത്തുവാരി.

ഫിലോമിന എന്ന നടിയെ അവരുടെ അഭിനയ മികവിനെ ആളുകൾ കൂടുതലറിയുന്നത് അവരുടെ മരണ ശേഷമാണ്. എത്ര ഭംഗിയായാണ് അവർ തന്‍റെ സ്വാഭാവിക അഭിനയത്തിലൂടെ കഥാപാത്രങ്ങൾക്ക് തന്മയത്വം നൽകുന്നത്. അതാതു കഥാപാത്രങ്ങൾക്ക് വേണ്ട ശരീര ഭാഷ, അതിനൊത്ത ശബ്ദവും ഫിലോമിനക്ക് മാത്രമുള്ള സവിശേഷതയായിരുന്നു. ‘പനിനീര് തെളിയാനേ ‘… എന്ന ഡയലോഗ് കേൾക്കുമ്പോഴെല്ലാം ഗൗരവം മറന്നു പോലും ആളുകൾ മനസ്സ് തുറന്നു ചിരിക്കുന്നു. തന്‍റേടിയും തറവാടിന്‍റെ  കാരണവത്തിയും അഞ്ഞൂറാനോട് പകയുമായി തോക്ക് സൂക്ഷിച്ചു നടക്കുന്ന ആനപ്പാറ അച്ചാമ്മ തന്‍റെ ആൺമക്കളെ നിലക്ക് നിർത്തുകയും പേരമകളെ വാത്സല്യം കൊണ്ടു മൂടുകയും അവളെക്കൊണ്ട് അഞ്ഞൂറാനോട് പകരം വീട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഫിലോമിനയും എൻ എൻ പിള്ളയും നായിക നായകന്മാരായി മത്സരിച്ചഭിനയിച്ച ലാൽ സിദ്ധിഖ് കൂട്ടുകെട്ടിൽ 1991 ല്‍ പുറത്തിറങ്ങിയ ‘ഗോഡ് ഫാദർ’ എന്ന സൂപ്പർ ഹിറ്റ് കൊമേഡിയൻ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷന്‍  വാരിക്കൂട്ടി. അത് വരെ അഭിനയിച്ച എല്ലാ  കഥാപാത്രങ്ങളേയും നിഷ്പ്രഭമാക്കി, ആനപ്പാറ അച്ചാമ്മ. ഒരു കുടുംബം ഭരിക്കുന്ന കാരണവത്തിയുടെയും മറ്റൊരു കുടുംബം ഭരിക്കുന്ന കാരണവരുടെയും കുടിപ്പകയെ കൊച്ചുമക്കല്‍ പ്രണയം കൊണ്ടു തകർക്കുമ്പോൾ സിനിമയുടെ ക്ലൈമാക്സിൽ അച്ചാമ്മയുടെയും അഞ്ഞൂറാന്‍റെയും മക്കൾ സ്നേഹവും പ്രേക്ഷകർ ആസ്വദിക്കുന്നു.

ഫിലോമിനയുടെ കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കൊമേഡിയൻ കാലത്തിലൂടെയാണ് ഓരോ തലമുറ പോലും കടന്ന് പോകുന്നത്. അഭിനയകലയുടെ അഗ്രഗാമിയെ അവരുടെ മരണമടഞ്ഞ പതിനാലു വർഷങ്ങൾക്ക് ശേഷവും ഓർക്കപ്പെടുന്നു. ഓരോ കഥാപാത്രങ്ങളും ഇന്നും ആസ്വദിക്കപ്പെടുന്നു.’ഗോഡ് ഫാദറി’ലെ അച്ചാമ്മയിൽ നിന്ന് സിദ്ധിഖ്- ലാലിന്‍റെ 1992 ൽ പുറത്തിറങ്ങിയ മറ്റൊരു  ചിത്രമായ ‘വിയറ്റ്നാം കോളനിയിലേക്ക് പോകുമ്പോൾ മകനാൽ ഉപേക്ഷിക്കപ്പെട്ട സുഹറബായ് എന്ന നിഷ്‌കളങ്കയായ അമ്മയെ കാണാം. വാശിയും വൈരാഗ്യവും കൊണ്ടു നിർമ്മിക്കപ്പെട്ട ആനപ്പാറ അച്ചാമ്മയെ മറന്നു പ്രേക്ഷകർ ഫിലോമിനയുടെ സുഹ്റബായി എന്ന കഥാപാത്രത്തെ ഉള്ളു തൊട്ടു ‘അമ്മ’ വിളിച്ചു. ഫിലോമിന താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ വെച്ച് ഏറ്റവും സ്നേഹിച്ചത് ആനപ്പാറ അച്ചാമ്മയെയും സുഹ്‌റബായിയെയും ആയിരുന്നു. കുശുമ്പിയായ അമ്മായിയമ്മയിൽ നിന്ന് വില്ലത്തിയായ അച്ചാമ്മയിൽ നിന്ന് കലഹിക്കുന്ന അമ്മയിൽ നിന്ന് പോരിന് വിളിക്കുന്ന പൊങ്ങച്ചക്കാരിയായ അയൽക്കാരിയിൽ നിന്ന് സാധുവായ സുഹ്റബായി എന്ന അമ്മയെ പ്രേക്ഷകർ നെഞ്ചോരം ചേർത്തു പിടിച്ചു.

വെള്ളിത്തിരയിലേക്ക് നെഗറ്റിവ് ക്യാരക്റ്ററായി ഫിലോമിന കുശുമ്പിയായും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചും എത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ അവർ സൗമ്യയായ സ്ത്രീയും മക്കളുടെ സ്നേഹവതിയായ അമ്മയുമായിരുന്നു. അഭിനയത്തിൽ അനുകരണം ഫിലോമിനയ്ക്കുണ്ടായിരുന്നില്ല. ജന്മസിദ്ധവും  സ്വതസിദ്ധവുമായ ആ അഭിനയ ചാരുതി അവർക്ക് മാത്രം സ്വന്തമായിരുന്നു. അമ്മയായും അമ്മായിയമ്മയായും അയൽക്കാരിയായും വേലക്കാരിയായും അവർ വെള്ളിത്തിരയില്‍ മിന്നും  പ്രകടനം കാഴ്ചവച്ചു. ഫിലോമിന മലയാള സിനിമയുടെ അഭിമാനത്തിന്‍റെ സ്വകാര്യ അഹങ്കാരമായിത്തീർന്നു. കിരീടത്തിലെ മുത്തശ്ശി,വെങ്കലത്തിലെ അച്ഛമ്മ, സസ്നേഹത്തിലെ അമ്മായിയമ്മ, തുടങ്ങിയവ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. മന്ത്രമോതിരം, പൂക്കാലം വരവായി, മാലയോഗം, മഹായാനം, വൃദ്ധന്മാരെ സൂക്ഷിക്കുക, ചെങ്കോൽ, പാവക്കൂത്ത്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, തനിയാവർത്തനം, കുടുംബ പുരാണം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ചെമ്മീൻ, ഇൻ ഹരിഹർ  നഗർ, ഗോഡ് ഫാദർ, മൂക്കില്ലാരാജ്യത്ത്, തുടങ്ങിയ നിരവധി ചിത്രങ്ങളിലെ വലുപ്പച്ചെറുപ്പമില്ലാതെ ഓരോ കഥാപാത്രവും  അവർ അനശ്വരമാക്കി. “ഫിലോമിനയും സുകുമാരിയും ശങ്കരാടിയും. ഇവരെപ്പോലെയുള്ള മുതിർന്ന താരങ്ങൾ വിട പറഞ്ഞതോടെ ഞങ്ങൾക്ക് കോമഡിയെഴുതാൻ ധൈര്യമില്ലാതെയായി.  ഇന്നത്തെ സംവിധായകർ അതിനു മുതി രുകയുമില്ല”.  എന്ന് സംവിധായകൻ സിദ്ധിഖ് ഓർക്കുന്നു.

ഫിലോമിന കഥാപാത്രമായി വരുന്നെങ്കിൽ പ്രേക്ഷകർക്ക് അതൊരു കൗതുകമായിരുന്നു. ചിരിപ്പിക്കാനായി അവർ പൊട്ടിക്കുന്ന നുറുങ്ങു തമാശകൾ ആബാലവൃദ്ധം ജനങ്ങൾ ആസ്വദിച്ചു. അത് കൊണ്ടു തന്നെ ഭരതന്‍റെയും സത്യൻ അന്തിക്കാടിന്‍റെയും പത്മരാജന്‍റെയും മിക്ക ചിത്രങ്ങളിലും ഫിലോമിനക്കായി  ഒരു കഥാപാത്രം കാത്തിരിക്കുമായിരുന്നു. അഭിനേത്രി മാത്രമല്ല, പൂക്കാലം വരവായി (മുത്തണി മുന്തിരി), അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് (കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണെ), തുടങ്ങിയ ചിത്രങ്ങളിൽ  അവർ പാട്ടുകൾ പാടി. നസീർ, സത്യൻ, തുടങ്ങിയ നടന്മാരുടെ നിരവധി കഥാപാത്രങ്ങളിൽ അമ്മയായി അരങ്ങേറ്റം കുറിച്ച ഫിലോമിന ടെലിവിഷനിലും നാല്പത്തിയഞ്ചു വർഷത്തോളം നിറസാന്നിധ്യമായിരുന്നു. ഓളവും തീരവും, കുട്ടിക്കുപ്പായം, ചട്ട, തനിയാവർത്തനം, തുറക്കാത്ത വാതിൽ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ ത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. തന്‍റെ എൺപതാം വയസ്സിൽ 2006 ജനുവരിയിൽ ജീവിതത്തോട് വിടപറഞ്ഞ ഫിലോമിന പതിനാറു വർഷങ്ങൾക്കിപ്പുറവും നമുക്കിടയിൽ ജീവിക്കുന്നു.നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സമകാലിക രാഷ്ട്രീയത്തിന്‍റെ  ഓരോരോ മീം കാണുമ്പോഴും ഫിലോമിനയെ ഓർക്കുന്നു. ട്രോളുകളിലൂടെ അവർ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നു. മരണത്തിനെപ്പോലും അതിജീവിക്കുന്ന എത്ര ഉദാത്തമായ കലയാണ് ഫിലോമിനയുടേത് !

spot_img

Hot Topics

Related Articles

Also Read

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’  അണിയറയിൽ ഒരുങ്ങുന്നു

0
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.

‘നടികർ’ ചിത്രത്തിൽ തിളങ്ങാൻ ടൊവിനോ തോമസ്

0
ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം ഇനി നടികർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഉടൻ. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

യാഥാർത്ഥ്യത്തിന്റെ ‘നേര്’- കയ്യടികൾ നേടി മോഹൻലാലും അനശ്വരയും സിദ്ദിഖും

0
ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.