Friday, November 15, 2024

‘ഇട്ടിക്കോര’യിലെയും ‘സുഗന്ധി’യിലെയും ടി ഡി മാന്ത്രികത ‘ഭ്രമയുഗ’ത്തിലും; നിഗൂഢ ദൃശ്യവിരുന്നൊരുക്കുവാൻ രാഹുൽ സദാശിവൻ

മാന്ത്രികതയുടെ ഭീതിദമായ ഭ്രമയുഗം ഫെബ്രുവരി 15- ന് തിയ്യേറ്ററുകളിൽ പിറവിയെടുക്കാൻ ഒരുങ്ങുന്നു. ഭ്രമയുഗത്തിന് വേണ്ടി സംഭാഷണമെഴുതിയത് മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ  ടി ഡി രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ പ്രസിദ്ധ നോവൽ ഫ്രാൻസിസ് ഇട്ടിക്കോരയുടെ രണ്ടാംഭാഗമായ ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ എന്ന നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. ‘സുഗന്ധി’യുടെയും ‘ഇട്ടിക്കോര’യുടെയും അഗാധതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയപ്പോൾ വായനക്കാർക്ക് ലഭിച്ച അതേ ഭ്രമാത്മകമായൊരു ഇരുണ്ടകാലമായിരിക്കും തിയ്യേറ്ററുകളിൽ പ്രേക്ഷകരെ കാത്തിരിക്കുക. ടി ഡി രാമകൃഷ്ണന്റെ നോവലുകളിലെ തീവ്രതയും സർഗ്ഗവൈഭവവും ഭ്രമയുഗത്തിൽ അദ്ദേഹമെഴുതിയ സംഭാഷണത്തിലുമുണ്ടാകുമെന്ന് തീർച്ച.

തീക്ഷണവും വന്യവുമായ ബ്ലാക് ആൻഡ് വൈറ്റ് നിഗൂഢതയാണ് പ്രേക്ഷകർക്ക് വേണ്ടി സംവിധായകൻ രാഹുൽ സദാശിവൻ ഭ്രമയുഗത്തിൽ ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്റെ പോസ്റ്ററുകളിലിലൂടെയും ട്രയിലറിലൂടെയും വൻ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഇത് ഭ്രമയുഗാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം’- മമ്മൂട്ടി പറയുന്ന ഈ ഡയലോഗിലൂടെയാണ് ട്രയിലർ അവസാനിക്കുന്നത്. പലേരിമാണിക്യത്തിലും വിധേയനിലും പുഴുവിലും മുന്നറിയിപ്പിലും നമ്മൾ കണ്ട മമ്മൂട്ടിയെന്ന അഭിനേതാവിനുള്ളിലെ  വില്ലനിസത്തെ തികച്ചും മറ്റൊരു വ്യത്യസ്തമായ രീതിയിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ ഭ്രമയുഗത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് രാഹുൽ സദാശിവൻ.

ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം എത്താനിനി ഒരു ദിനം മാത്രം. ഭ്രമയുഗത്തിന്റെ തിയ്യേറ്റർ അനുഭവത്തെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. ‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം ഇത്തരമൊരു സിനിമയുടെ ആശയവും കഥാപാത്രവും മനസിൽ മമ്മൂട്ടിക്കായി നീക്കിവെച്ചിരിക്കുകയായിരുന്നു രാഹുൽ സദാശിവൻ.

ഭ്രമയുഗം എന്ന സിനിമയുടെ രൂപീകരണം ആദ്യമായി മനസിൽ തെളിഞ്ഞുവന്നത് ബ്ലാക് ആൻഡ് വൈറ്റിലായതിനാൽ ചിത്രം പൂർണമായും ഷൂട്ട് ചെയ്തതും അങ്ങനെ തന്നെ. അതിനായി മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമുള്ള നിരവധി ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടു. നാനൂറു വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സിനിമയായതിനാൽ അക്കാലത്തെ തിയ്യേറ്ററിലിരിക്കുന്ന പുതിയകാലത്തിനുമുന്നിൽ എങ്ങനെ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സിനിമ റിലീസാവുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുന്നേ കുഞ്ചമൻ കുടുംബാംഗം സിനിമയിലൂടെ തങ്ങൾ സമൂഹത്തിൽ  തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ചു പരാതി നല്കിയപ്പോൾ മമ്മൂട്ടിയുടെ കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തിന്റെ പേര് കുടമാൺ പോറ്റി എന്നാക്കി മാറ്റിയിരുന്നു.

തികച്ചും സ്വതന്ത്രവും സാങ്കൽപ്പികവുമാണ് തങ്ങളുടെ ഭ്രമയുഗമെന്ന് അടയാളപ്പെടുത്തുകയാണ് രാഹുൽ സദാശിവൻ. സൂപ്പർ ഡയലോഗുകൾ എഴുതുന്നതിൽ ടി ഡി  രാമകൃഷ്ണനോളം  മികച്ച സീനിയറായി മറ്റൊരാളില്ലെന്ന് പറയുന്നു സംവിധായകൻ. സിനിമയിലേക്കായുള്ള തന്റെ ഡാറ്റാ ശേഖരണത്തിനും അതിന്റെ കൃത്യതയ്ക്കും വേണ്ടി അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ  ചെയ്യുമ്പോൾ ഇന്നത്തെക്കാലത്ത് കിട്ടേണ്ട പ്രേക്ഷക സ്വീകാര്യതയെക്കുറിച്ച് നന്നായി പഠിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് രാഹുൽ സദാശിവൻ മുന്നിട്ടിറങ്ങിയത് തന്നെ.

ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറായി ഭ്രമയുഗം വരുമ്പോൾ പോസ്റ്ററിലും ട്രയിലറിലും അനുഭവപ്പെടുന്ന ഭീകരത സിനിമയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ തെറ്റി. അത്തരം മുൻധാരണകൾ മാറ്റി നിർത്തി വേണം സിനിമ കാണുവാനെന്നു സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. ഹൊററിന്റെ പല സബ് ജേണറുകളിൽ നിന്ന് വേറെ രീതിയിൽ ക്രാഫ്റ്റ് ചെയ്തൊരു മൂവിയാണ് ഭ്രമയുഗമെന്ന് സംവിധായകൻ അടയാളപ്പെടുത്തുന്നു.

പതിവ് സിനിമ സാമ്പ്രദായിക രീതിയിലുള്ള പോസ്റ്ററുകളിൽ  നിന്നും ടീസറുകളിൽ നിന്നും വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചതോടെ വേറിട്ടൊരു ഹൈപ് കിട്ടിയിരിക്കുകയാണ് ഭ്രമയുഗത്തിന്. കറപുരണ്ട പല്ലുകളും കഴുത്തിലെ നിരവധി മാലകളും രോമാവൃതമായ മുഖവും ശരീരവും വന്യമായ നോട്ടവും ചിരിയും കൊണ്ട് മറ്റൊരു പുതിയ വില്ലൻ മമ്മൂട്ടി പ്രേക്ഷകരെ അമ്പരപ്പിച്ചു. കൊടുമൺ പോറ്റിയെന്ന വില്ലനായി മമ്മൂട്ടി ബിഗ് സ്ക്രീനിൽ നിറഞ്ഞാടുന്ന മുഹൂർത്തതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അസ്സൽ  നെഗറ്റീവ് വൈബ് തിയ്യേറ്ററിൽ വെച്ച് ഭ്രമയുഗത്തിനുള്ളിൽപ്പെട്ട്  അനുഭവിക്കാൻ  ഓരോ പ്രേക്ഷകർക്കും കഴിയുമെന്ന ഉറപ്പ് നല്കുകയാണ് അണിയറ പ്രവർത്തകർ.

ഓപ്പണിങ് കളക്ഷൻ 3.0 കൊടി രൂപ ചിത്രത്തിന് ലഭിക്കുമെന്നാണ് ഓർമാക്സ് മീഡിയ പ്രവചിച്ചിരിക്കുന്നത്. വെള്ളിത്തിരയിൽ മമ്മൂട്ടി കൊടുമൺ പോറ്റിയായി നിറഞ്ഞു നിൽക്കുമ്പോൾ  പാണനായി എത്തുന്ന അർജുൻ അശോകും ജോലിക്കാരനായി എത്തുന്ന സിദ്ധാർഥ് ഭരതനും മികച്ച അഭിനയത്തിന് കയ്യടികൾ നേടുമെന്നതിന് സംശയമില്ല.

അർജുൻ അശോകൻ, അമാൽഡ ലിസ്, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം ക്രിസ്റ്റോ സേവ്യർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

spot_img

Hot Topics

Related Articles

Also Read

‘പൊറാട്ട് നാടകം; മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി. നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്

0
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

0
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.