സംവിധായകൻ രാമുകാര്യാട്ടിനെ ഓർക്കുമ്പോൾ ബുൾഗാൻ താടിവെച്ച മുഖവും നീലക്കുയിൽ എന്ന അദ്ദേഹത്തിന്‍റെ കന്നി ചിത്രവും അതിലെ ഗ്രാമീണ ചൈതന്യമുള്ള ഒത്തിരി മനോഹരമായ പാട്ടുകളും തകഴിയെയും ചെമ്മീൻ നോവലിനെയും കറുത്തമ്മയെയും പരീക്കുട്ടിയെയും പളനിയെയും ചെമ്പൻ കുഞ്ഞിനേയും ഓർക്കും. നോവലിന്‍റെ ആത്മാവിനോട് ഇത്രയും ആത്മാർത്ഥത പുലർത്താൻ രാമുകാര്യാട്ടിന്‍റെ കഴിവ് മലയാള സിനിമയുടെ അംഗീകാരങ്ങളിലേക്കുള്ള ജൈത്ര യാത്രയായിരുന്നു.
‘ചെമ്മീൻ ‘എന്ന ഒറ്റ സിനിമ മതി രാമുകാര്യാട്ട് എന്ന സംവിധായകനെ ഓർമ്മിക്കുവാൻ. ‘ചെമ്മീൻ’ മലയാളത്തിന്‍റെ സ്വന്തം നോവലിസ്റ്റ് തകഴിയുടെ യശസ്സ് ഒന്നുകൂടി ഉയർത്തുകയും ചെയ്തു. കടലിന്‍റെ മക്കളുടെ കഥ…അവരുടെ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും വസ്തുനിഷ്ഠമായ ഒന്നാണത്. എത്ര നിഷ്കളങ്കമായ സ്നേഹപ്പൂക്കളുടെ അടരുകളാണ് അവിടെ വിടരുന്നത്…എത്ര പെട്ടന്നാണ് അവയെല്ലാം തലതല്ലി കൊഴിഞ്ഞു പോകുന്നതും.
നാടക പ്രവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും സംവിധായകനും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്നു രാമുകാര്യാട്ട്. മലയാള സിനിമയ്ക്കു ഊടും പാവും നൽകിക്കൊണ്ട് മികച്ച ഭാവി നൽകിയ കലാകാരൻ. അദ്ദേഹത്തിന്‍റെ ചിത്രങ്ങളെല്ലാം വാണിജ്യ തല്പരതയോടെ നിർമ്മിക്കപ്പെട്ടെങ്കിലും അതിൽ കലാമൂല്യമുണ്ടെന്ന് പറയാതെ വയ്യ. രാമുകാര്യാട്ടും പി ഭാസ്കരനും ഒന്നിച്ചെടുത്ത കന്നിചിത്രമായിരുന്നു 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ. മലയാളത്തിലെ ആദ്യ സംവിധായക കൂട്ടുകെട്ടിൽ പരീക്ഷിക്കപ്പെട്ട ചിത്രം കൂടിയാണിത്.
പിൽക്കാലത്ത് മലയാള സിനിമയുടെ പ്രമുഖരായി മാറിയ മിക്ക കലാകാരന്മാരുടെയും കന്നിചിത്രമായിരുന്നു നീലക്കുയിൽ. മാത്രമല്ല, പുതിയ സാങ്കേതികതയും ആശയങ്ങളും ചിന്തകളും കൊണ്ടു നീലക്കുയിൽ കൂടുതൽ നവീകരിക്കപ്പെട്ടു. കേരളീയമായ ഗ്രാമീണ പശ്ചാത്തലത്തിന്‍റെ നാട്ടുതനിമയെ അപ്പാടെ പകർത്താൻ രാമുകാര്യാട്ടിനു കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ നിഷ്കളങ്കയായ നീലി എന്ന ദളിത് പെൺകുട്ടിയുടെ ജീവിത കഥപറയുന്ന സിനിമയാണ് നീലക്കുയില്‍. ചിത്രത്തിൽ അൻപതുകളിലെ സാമൂഹിക കേരളീയ പരിസരത്തിന്‍റെ വസ്തുനിഷ്ഠമായ ജീവിതത്തെ അദ്ദേഹം കാൻവാസിലെന്ന പോലെ സ്‌ക്രീനിൽ വരച്ചിടുന്നു. പ്രശസ്ത സാഹിത്യകാരൻ ഉറൂബ് തന്‍റെ കഥയെ മുൻനിർത്തി അദ്ദേഹം തന്നെ രചിച്ച തിരക്കഥയിൽ രാമുകാര്യാട്ടിന്‍റെ നീലക്കുയിൽ പിറക്കുന്നതോടെ സിനിമയുടെ പുത്തൻ വഴിത്തിരിവിന് തുടക്കമായി. അതിന്‍റെ വ്യാപ്തി കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം മലയാള സിനിമ കേളികേട്ടു.
നീലക്കുയിൽ എന്ന മലയാള സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കും വരും കാലത്തേക്കുള്ള കരുതൽ കൂടിയായിരുന്നു. പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായ വിൻസെന്‍റിന്‍റെയും നിർമാതാവായ ടി കെ പരീക്കുട്ടിയുടെ ചന്ദ്രതാരാപ്രൊഡക്ഷന്‍സിന്‍റെയും പി ഭാസ്കരൻ മാഷിന്‍റെയും കെ രാഘവന്‍ മാഷിന്‍റെയും ഭാഗ്യം കുറിച്ചതും നീലക്കുയിൽ തന്നെ. 1953- ൽ രാമുകാര്യാട്ട് ‘തിരമാല’ എന്ന ചിത്രത്തിനു വേണ്ടി പ്രവർത്തിച്ച ശേഷമാണ് നീലക്കുയിലിന്‍റെ സംരഭത്തിലേക്ക് കടന്നത്. 1954- ൽ ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കിയതോടെ ഇന്ത്യൻ സിനിമയിൽ മലയാള സിനിമ പ്രധാന സ്ഥാനം നേടി.
സത്യൻ ശ്രീധരൻനായരായും മിസ് കുമാരി നീലിയായും പ്രേമ നളിനിയായും പി. ഭാസ്കരൻ ശങ്കരൻനാ യരായും മാസ്റ്റർ വിപിൻ മോഹനായും കെ. ബാലകൃഷ്ണമേനോൻ മൊയ്തുവായും അമ്മിണിയമ്മ ലക്ഷ്മിയമ്മയായും മണവാളൻ ജോസഫ് നാണുനായരായും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. മികച്ച അഭിനയത്തിലൂടെ അവര്‍ സിനിമാലോകത്തെ കയ്യിലെടുത്തു.
(ചിത്രം: നീലക്കുയില്‍)
നീലക്കുയിൽ എന്ന ചിത്രം ഓർക്കപ്പെടാൻ അതിലെ പാട്ടുകൾ തന്നെ ധാരാളമായിരുന്നു. പി. ഭാസ്കരൻ മാഷ് ഗാനരചന നിർവ്വഹിക്കുകയും സംഗീതം കെ. രാഘവൻ മാഷും ചിട്ടപ്പെടുത്തുകയും ചെയ്തു.രാഘവൻ മാഷിന്‍റെ സംഗീതം നാടൻ പാട്ടിന്‍റെ ഈണം കൊണ്ടു സമ്പന്നമായിരുന്നു. അദ്ദേഹത്തിന്‍റെ സംഗീതവും മലയാള സിനിമയിൽ പരീക്ഷിക്കപ്പെട്ടത് ‘നീലക്കുയിലി’ലൂടെ ആയിരുന്നു. ഹിന്ദി ഗാനങ്ങളെ അനുകരിച്ചു കൊണ്ടുള്ള മലയാള സിനിമയുടെ സംഗീത പാരമ്പര്യത്തെ മാറ്റി എഴുതിയത് ‘നീലക്കുയിൽ’ ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ്. ഉണരുണരൂ (ശാന്ത പി. നായർ), എല്ലാരും ചൊല്ലണ് (ജാനമ്മ ഡേവിഡ്), എങ്ങനെ നീ മറക്കും (കോഴിക്കോട് അബ്ദുൽഖാദർ), കടലാസു വഞ്ചിയേറി (കോഴിക്കോട് പുഷ്പ), കായലരികത്ത് (കെ. രാഘവൻ), കുയിലിനെത്തേടി (ജാനമ്മ ഡേവിഡ്), ജിഞ്ചക്കം താരോ (കെ. രാഘവൻ), മാനെന്നും വിളിക്കില്ല (മെഹബൂബ്), മിന്നും പൊന്നിൻ കിരീടം(ശാന്ത പി. നായർ) എന്നീ പാട്ടുകളും നീലക്കുയിൽ എന്ന ചിത്രത്തെ അടയാളപെടുത്തുന്നു. ലളിത പദങ്ങൾ കൊണ്ടുo അതിന്‍റെ ആലാപന സൗകുമാര്യം കൊണ്ടു൦ ഗ്രാമീണമായ അന്തരീക്ഷം പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
കൈലിയും ബ്ലൗസുമിട്ട് കഴുത്തിൽ കറുത്ത ചരട് കെട്ടി കടപ്പുറമാകെ, യുവാക്കളുടെ ഹൃദയമാകെ സൗന്ദര്യവും പ്രണയവും വാരിവിതറിയ തകഴിയുടെ കറുത്തമ്മയ്ക്ക് സ്ക്രീനില്‍ ഷീലയുടെ മുഖമാണ്. ‘കൊച്ചു മുതലാളീ’ എന്ന കറുത്തമ്മയുടെ പ്രണയാർദ്രവും വികാരനിര്‍ഭരവുമായ ആ വിളി ആർക്കു മറക്കാൻ കഴിയും? ഷീല മലയാള സിനിമയെ അടക്കിവാണ യുഗത്തിലാണ് ചെമ്മീനിന്‍റെ പിറവി. അത് സാമൂഹിക പരിവര്‍ത്തനത്തിന്‍റെ മാറ്റങ്ങളുടെ മാറ്റൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന നവോത്ഥാന കാലഘട്ടം കൂടിയായിരുന്നു.
1950- കൾ സിനിമയുടെ നവീനമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. കല സുഖഭോഗങ്ങളെക്കുറിച്ചുള്ള വാഴ്ത്തിപ്പാട്ടുകള്‍ ഉപേക്ഷിച്ചു. സമൂഹത്തിന്‍റെ പ്രതിരോധാഗ്നിയിലേക്ക് മലയാള സിനിമയും ജ്വാല പകർന്നു. സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യവും പ്രോജ്ജ്വലമായ സാമൂഹികവും സാംസ്കാരികവുമായ മാറ്റത്തിന്‍റെ കാലം പുതിയൊരു സൂര്യനെ കണി കണ്ടുണർന്നു. തകഴിയുടെയും കുമാരനാശാന്‍റെയും കേശവദേവിന്‍റെയും ബഷീറിന്‍റെയുമെല്ലാം എഴുത്തുകളിൽ ജീർണ്ണസമൂഹത്തിന്‍റെ മാമൂലുകളെ പൊളിച്ചെഴുതി. ഈ കാലഘട്ടത്തിലാണ് സിനിമയും മാറ്റത്തിന്‍റെ കാഹളം മുഴക്കുന്നത്.
വായിച്ചറിഞ്ഞ കറുത്തമ്മയുടെയും പളനിയുടെയും പരീക്കുട്ടിയുടെയും ചെമ്പൻ കുഞ്ഞിന്‍റെയും അരൂപിയായ കഥാപാത്രങ്ങൾക്ക് ഉടലും ജീവനും ജീവിതവും ആത്മാവും പകർന്നു അഭിനയം കൊണ്ടു വിസ്മയിപ്പിച്ചവരെ ഇന്നും ആസ്വദിക്കുന്നു. പരീക്കുട്ടിയും കറുത്തമ്മയും പളനിയും കേറി വരാത്ത ചർച്ചകൾ, വേദികൾ ശുഷ്കമാണ്, ഈ പുതിയ കാലത്തും. മലയാള സിനിമയിൽ മികച്ച ചിത്രത്തിനുള്ള കേന്ദ്രസർക്കാരിന്‍റെ ആദ്യത്തെ വെള്ളിമെഡൽ സ്വന്തമാക്കിയ ചിത്രം എന്ന സവിശേഷത ‘ചെമ്മീനി’നു സ്വന്തം.
രാമുകാര്യാട്ടിന്‍റെ മാസ്റ്റർ പീസ് ചിത്രമായ ‘ചെമ്മീൻ’ അദ്ദേഹത്തെ വിശ്വവിഖ്യാത ചലച്ചിത്രകാരൻ എന്ന ഖ്യാതി നേടിക്കൊടുത്തു. ഇന്ത്യൻ- അറബി സാഹിത്യകാരനായ മുഹിയുദ്ധീൻ ആലുവായ് ചെമ്മീൻ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തതോടു കൂടി മലയാള സിനിമയും സാഹി ത്യവും കൂടുതൽ വിശ്വപ്രസിദ്ധി നേടി. ബാബു ഇസ്മായിൽ സേട്ടുവിന്‍റെ നിർമാണത്തിൽ എസ്. എൽ. പുരം സദാനന്ദനാണ് തകഴി ശിവശങ്കരപ്പി ള്ളയുടെ വിശ്വവിഖ്യാത മലയാള നോവൽ ചെമ്മീനിനെ ആസ്പദമാക്കി തിരക്കഥ രചിച്ചിരിക്കുന്നത്.
ഹിന്ദിയിൽ തിളങ്ങി നിന്നിരുന്ന പിൽക്കാലത്തു മലയാള സിനിമയ്ക്ക് ഇമ്പമാർന്ന ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച സലിൽ ചൗധരിയെ നമുക്ക് പരിചയപ്പെടുത്തിയതും രാമുകാര്യാട്ട് ആണ്. വയലാറിന്‍റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളെ ഈണമിട്ടതും സലിൽ ചൗധരി. ‘പെണ്ണാളേ പെണ്ണാളേ’, ‘പുത്തൻ വലക്കാരേ’, ‘മാനസമൈനേ വരൂ’, ‘കടലിനക്കരെപ്പോണോരേ’, തുടങ്ങിയ ഗാനങ്ങളിൽ കടൽ ജീവിത ത്തിന്‍റെയും കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിന്‍റെയും പളനിയുടെ ജീവത്യാഗത്തിന്‍റെയും ചെമ്പൻ കുഞ്ഞിന്‍റെ സ്വാർത്ഥതയുടെയും ഉപ്പ് രസം നിറഞ്ഞിരിക്കുന്നു. ഷീല എന്ന അഭിനേത്രി മലയാളികൾക്ക് ഓര്‍മയില്‍ കറുത്തമ്മയാണ്.
മന്നാഡേയുടെ ശബ്ദത്തിൽ ‘മാനസ മൈനേ വരൂ’ എന്നഗാനം വിരഹകാമുകനായ പരീക്കുട്ടിയുടെ സ്മരണപോലെ കടൽ ഏറ്റ് പാടുന്നു. മധുവിന്‍റെ കണ്ണുകളിൽ പരീക്കുട്ടിയുടെ അഗാധ സ്നേഹം കടൽ പോലെ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. അരയത്തിപ്പെണ്ണിന്‍റെ പാതിവ്രത്യ ബല ത്തിൽ കടലിനക്കരെ തോണിയുമായി കാറ്റിനെയും മഴയെയും വെല്ലുവിളിച്ചു മീൻ പിടിക്കാൻ പോകുന്ന അവളുടെ അരയൻ പളനിയുടെ (സത്യൻ ) ജീവത്യാഗം, പരീക്കുട്ടിയുടെ സ്നേഹത്തെ കാണാതെ പളനിയുടെ പണത്തെ കണ്ടു മകളെ വിവാഹം ചെയ്തു കൊടുക്കുന്ന ചെമ്പൻ കുഞ്ഞ് (കൊട്ടാരക്കര ശ്രീധരൻ നായർ ), തുടങ്ങിയ പ്രധാന കഥാപാത്രങ്ങൾ ഭൂമിയിൽ കടലുള്ളിടത്തോളം കാലം ഓർക്കപ്പെടുന്നു.
രാമുകാര്യാ ട്ടിന്‍റെ ചെമ്മീൻ അടക്കമുള്ള സിനിമകൾ സാമ്പത്തിക നേട്ടം മുൻനിർത്തി നിർമിച്ചതാണെങ്കിലും ചെമ്മീനിൽ ഉപയോഗിക്കപ്പെട്ട അന്നത്തെ സാങ്കേതിക മികവും കലാപരതയും പ്രശംസനീയമായിരുന്നു. കൂടാതെ കാൻഷിക്കാഗോ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചപ്പോൾ ചെമ്മീനിനെ തേടി നിരവധി അംഗീകാരങ്ങളെത്തി. മലയാള സിനിമയ്ക്ക് അന്ന് അന്യമായിരുന്ന സാങ്കേതിക മികവ് ചെമീനിനെ ഒന്നുകൂടി അനശ്വരമാക്കി.
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമത്തിന്‍റെ സൗന്ദര്യം രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ കഥാപാത്രങ്ങളായി. അവരുടെ ജീവിത ശൈലികൾ അദ്ദേ ഹത്തിന്‍റെ സിനിമകളിൽ പശ്ചാത്തലമായി. രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളിൽ സാഹിത്യകൃതികൾ ആശ്രയമായിരുന്നു. തോപ്പിൽ ഭാസിയുടെ നാടകത്തിൽ നിന്നും ‘മുടിയനായ പുത്രൻ’ എസ്. കെ പൊറ്റെക്കാട്ടിന്‍റെ നോവലിൽ നിന്നും മൂട് പടം, കാലടി ഗോപിയുടെ ഏഴു രാത്രികൾ, പി. വത്സലയുടെ നെല്ല്, കെ സുരേന്ദ്രന്‍റെ മായ, പെരുമ്പടവം ശ്രീധരന്‍റെ അഭയം, തുടങ്ങിയ നോവലുകളുടെ ദൃശ്യാനുഭൂതി രാമുകാര്യാട്ടു വെള്ളിത്തിരയിലൂടെ പ്രേക്ഷകർക്ക് പകർന്നു നൽകി.
ജീവിതത്തിന്‍റെ അവസാന നാളുകൾ വരെ അദ്ദേഹം തന്‍റെ കലയുമായി പ്രവർത്തനത്തിൽ ആയിരുന്നു. കുട്ടികൾക്കായി നിർമ്മിച്ച ‘അമ്മുവിന്‍റെ ആട്ടിൻകുട്ടി’, പുതുമുഖങ്ങളെ മുൻനിർത്തി നിർമിച്ച മലങ്കാറ്റ്, ദ്വീപ്, തുടങ്ങിയ ചിത്രങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടു. രാമുകാര്യാട്ടിന്‍റെ സിനിമകൾ ഓർക്കപ്പെടുന്നത്തിൽ നിത്യ ഹരിതമായ ഗാനങ്ങളും കൂടിയാണ്.. ‘തളിരിട്ട കിനാക്കൾ തൻ ‘… ലതാമങ്കേഷ്കർ പാടിയ ‘കദളി ചെങ്കദളി ‘, ‘തലത് മഹമൂദ് പാടിയ ‘കടലേ നീല ക്കടലേ ‘, ‘….ഒരിക്കലും അവസാനിക്കാത്ത സർ ഗ്ഗ പ്രക്രിയയുടെ ഒടെ തമ്പുരാനായിരുന്നു രാമു കാര്യാട്ട്. …