മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍… സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ സങ്കല്പങ്ങളെയും ആശയങ്ങളെയും സിനിമയിലൂടെ കൊണ്ട് വരാൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ട്. പ്രകൃതിയെയും മനുഷ്യ ജീവിതത്തിലെ മാനസികമായ മിക്ക സന്ദർഭങ്ങളെയും കൂട്ടിയിണക്കി പ്രേക്ഷകർക്ക് മുന്നിൽ സ്‌ക്രീനിൽ ചലിക്കുന്ന ചിത്രങ്ങൾ കൊണ്ട് ഇന്ദ്രജാലം കാട്ടിയിട്ടുണ്ട് ഈ സംവിധായകൻ. 1981- ലെ ‘വേനൽ’ ആണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
മഴയുടെ അഭൗമമായ സൗന്ദര്യത്തെ കലയിലേക്ക് ആവാഹിച്ചു ലെനിൻ രാജേന്ദ്രൻ. മഴയുടെ തീവ്രതയ്ക്കനുസൃതമായ രംഗങ്ങളും സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്‍റെ അത്തരം സിനിമകളിൽ. കനത്തും ചാറിയും വരുന്ന അദ്ദേഹത്തിന്‍റെ ഓരോ മഴഭാവങ്ങളിലും സർഗ്ഗാത്മകതയുടെ സുന്ദരമായൊരു ഭാഷയുണ്ട്. ‘മഴ’യിലും ‘സ്വാതിതിരുനാളി’ലും മഴ പ്രേക്ഷക രോട് സംവദിക്കുന്നു. 1992- ഇൽ ഇറങ്ങിയ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്‍റെ വികൃതികൾ’ എം മുകുന്ദന്‍റെ നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ്. ഫ്രഞ്ചു അധിനിവേശ മാഹിയുടെ ചരിത്ര വും അവിടുത്തെ ജീവിതവുമാണ് ചിത്രത്തിലെ പശ്ചാത്തലം.
മാഹിയിൽ ജനിച്ചു വളർന്ന അൽഫോൻസ് എന്ന പുരോഹിതന്‍റെ ജീവിതകഥയാണ് ഈ ചിത്രത്തിൽ. ഒരു പുരോഹിതൻ മാത്രമല്ല, ഫ്രഞ്ചുകാർക്കിടയിലെ വേദികളിലും കുട്ടികൾക്കിടയിലും തന്‍റെ മാന്ത്രിക ദണ്ഡ് കൊണ്ട് അത്ഭുതങ്ങള്‍ കാണിച്ച് കൗതുകവും ആനന്ദവും പകരുന്ന മായാജാലക്കാരൻ കൂടിയാണയാൾ. കോളനിവൽക്കരണത്തിന്‍റെ ഇരയായ മാഹിയും അവിടുത്തെ ജനങ്ങളും ചരിത്രത്തിന്‍റെ ഓരോ അടയാ ളപ്പെടുത്തലുകളാണ്. ചരിത്ര സ്മരണകളെ വഹിച്ചൊഴുകുന്ന മയ്യഴിപ്പുഴ അൽഫോൻസച്ചനെപ്പോലെയുള്ളവരുടെ ദുരന്ത ജീവിതങ്ങളേയും അയവിറയ്ക്കുന്നു.1954 തുടങ്ങിയ ഫ്രഞ്ച് കൊളോണിയൽ വാഴ്ചയുടെ 230 വർഷങ്ങൾക്ക് ശേഷം മാഹി വിട്ട് ഫ്രാൻസിലേക്ക് പോകുന്ന അവസാനത്തെ കപ്പൽ നോക്കിക്കൊണ്ട് അതിൽ കേറി നമുക്കും ഫ്രാൻസിൽ ചെന്നു സുഖമായി ജീവിക്കാമെന്ന് പറയുന്ന അൽഫോൻസച്ചായന്‍റെ ഭാര്യയും മദാമ്മയുമായ മാഗി ആ സമൃദ്ധഭൂമിയിലേക്ക് എത്തിപ്പെടാനാവാതെ താളം തെറ്റിയ ജീവിതവുമായി മാഹിയിൽ തന്നെ കഴിയുന്നു. സ്വന്തം ദേശം വിട്ട് പോകാൻ അൽഫോൻസച്ചായന് കഴിയുമായിരുന്നില്ല. അൽഫോൻസിന്‍റെ മാത്രമല്ല, ഫ്രഞ്ച്കാർ പോയതിൽ പിന്നെ നാട്ടിലെ പലർക്കും നിത്യ നിവൃത്തിക്ക് വകയില്ലാതായി. കാലത്തിനും മാറ്റത്തിനുമൊപ്പം മാഹി അൽഫോൻസിനേക്കാൾ മുന്നേ സഞ്ചരിച്ചു. പക്ഷെ അയാൾ അതൊന്നും അറിഞ്ഞതേയില്ല.പഴയ മായാജാലക്കാരനായി അയാൾ അവിടെ തുടർന്നു. പട്ടിണിയുടെയും ഏകാന്തതയുടെയും മദ്യത്തിന്‍റെയും ദുരന്ത ജീവിതത്തിനു ഇരയായി മാറുകയായിരുന്നു ആ പുരോഹിതൻ.
ഫ്രഞ്ച് കൊളോണിയൽ അധിനിവേശ ഇന്ത്യയുടെ ചരിത്രാവശിഷ്ട്ടങ്ങൾ മലബാറിലെ മാഹി പട്ടണത്തിൽ കാണാം. ഒരുപാട് കഥകളുടെ അലയൊലികൾ തീരങ്ങളോട് പറയുന്ന മയ്യഴിപ്പുഴയെ കാണാം. എം മുകുന്ദൻ എന്ന എഴുത്തുകാരന്‍റെ സർഗ്ഗവാസനകൾക്ക് വെള്ളവും വെളിച്ചവും വളവും നൽകിയ സമൃദ്ധമായ ഊഷര ഭൂമി. മാഹി ചരിത്രം കൊണ്ടും ആ ചരിത്രത്തിലൂന്നിയ സംസ്കാരം കൊണ്ടും അതിൽ ജീവിച്ചു വളർന്നൊരു എഴുത്തുകാരന്‍റെ ജന്മം കൊണ്ടും സമ്പന്നമായിരുന്നു.’ദൈവത്തിന്‍റെ വികൃതികൾ’ എന്ന നോവൽ ജനിക്കുന്നത് അത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ്.
കഥയും ചരിത്രവും കൂടിക്കുഴഞ്ഞൊരു മനോഹരമായ സാഹിത്യത്തെ സൃഷ്ടിയെ അതിന്‍റെ ആത്മാവ് നഷ്ട്ടപ്പെടുത്താതെ ചലച്ചിത്രമാക്കിയെടുക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ അഭിനയം കൊണ്ട് മികച്ച കഥാപാ ത്രങ്ങളെ സമ്മാനിച്ച താരനിരകളായിരുന്നു ‘ദൈവത്തിന്‍റെ വികൃതികളിലും. രഘുവരൻ (അൽഫോൻസ് ), ശ്രീവിദ്യ (മാഗി ), മാളവിക അവിനാശ്(എൽസി ), തിലകൻ (കുമാരൻ വൈദ്യർ), റിസബാവ(മൈക്കിൾ), വിനീത്, സുധീഷ് (കുമാരൻ വൈദ്യരുടെ മക്കൾ) എന്നിവരാണ് അഭിനേതാക്കൾ. 1992- ൽ ഈ ചിത്രത്തിന് മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച നടി, മികച്ച തിരക്കഥ, മികച്ച വസ്ത്രാലങ്കാരം എന്നീ അംഗീകാരങ്ങളും ലഭിച്ചു.
1993ൽ ഇന്ത്യൻ പനോരമയിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.”ഇരുളിൻ മഹാനിദ്രയിൽ” (ആലാപനം / രചന: വി മധുസൂദനൻ നായർ, സംഗീതം: മോഹൻ സിതാര),”ഞാനീ രാത്രിയെ “(ആലാപനം: ഉഷാഉതുപ്പ്, രചന: ഒ എൻ വി, സംഗീതം: വൈദ്യനാഥൻ), “ഇനിയൊരു ഗാനം നിനക്കായ് “(ആലാപനം: യേശുദാസ്, രചന: എൻ വി, സംഗീതം: മോഹൻ സിതാര), “ദൂരത്തൊരു തീരത്തിൽ”(ആലാപനം: ബാലഗോപാലൻ തമ്പി, സംഗീതം: മോഹൻ സിതാര), നന്ത്യാർ വിളക്ക് “(ആലാപനം: ഉഷാഉതുപ്പ്) എന്നിവയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ. ദൈവത്തിന്‍റെ വികൃതികൾ കൂടാതെ കലാമൂല്യമുള്ള സിനിമകൾ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്തിട്ടുണ്ട്. മീനമാസത്തിലെ സൂര്യൻ (1985), മഴ (2001), അന്യർ (2003), വേനൽ (1981), ചില്ല് (1982),സ്വാതി തിരുനാൾ (1987), വചനം (1989), പ്രേംനസീറിനെ കാണ്മാനില്ല (1983), മഴക്കാലമേഘം(1985), പുരാവൃത്തം (1988), രാത്രിമഴ (2007), മകര മഞ്ഞ് (2010)കുലം, എന്നിവയാണ് ചിത്രങ്ങൾ. 2019- ജനുവരി 14 നു മലയാളത്തിനു കലാമൂല്യമുളള സിനിമകൾ സമ്മാനിച്ച ആ ചലച്ചിത്രകാരൻ വിട പറഞ്ഞു.