Friday, November 15, 2024

ഇളം മഞ്ഞിൽ നോവുപോലൊരു  കുയിൽ പാട്ടുകാരൻ 

“ഒരു കലാകാരന്‍റെ നിലനില്പിനടിസ്ഥാനം ഭാഗ്യ നിർഭാഗ്യങ്ങളാണെന്ന വിശ്വാസം ചലച്ചിത്ര രംഗത്ത് പ്രബലമാണ്. ഉന്നത ബന്ധങ്ങൾ വഴിയുള്ള സ്വാധീനമാണ് മറ്റൊന്ന്. കഴിവിന് മൂന്നാം സ്ഥാനം മാത്രമേ ഉള്ളൂ. കഴിവുള്ളവൻ ഉന്നതങ്ങളിൽ പിടിപാടില്ലാതെ പിന്തള്ളപ്പെടുമ്പോൾ ഭാഗ്യക്കേടെന്നാകും അതിനുള്ള ഭൂരിപക്ഷത്തിന്‍റെ മറുപടി. അങ്ങനെയെങ്കിൽ എന്‍റെ ഗുരുനാഥൻ കണ്ണൂർ രാജനെ ‘പ്രതിഭാധനനായ ഭാഗ്യഹീനൻ’ എന്ന് വിശേഷിപ്പിക്കേണ്ടി വരുമെന്ന് കണ്ണൂർ രാജന്‍റെ കൂടെ നാടകരംഗത്തും ചലച്ചിത്ര രംഗത്തും കൊച്ചിൻ സംഘമിത്രയുടെ കൂടെയും പ്രവർത്തിച്ച എസ് രാജേന്ദ്ര ബാബു ഒരഭിമുഖത്തിൽ പറയുന്നുണ്ട്. നിസ്സഹായനായ ഒരു യഥാർത്ഥ കലാകാരന്‍റെ ആത്മവ്യഥകൾ കണ്ണൂർ രാജന്‍റെ ജീവിതത്തെ വലയം ചെയ്ത് കൊണ്ടിരുന്നു.

ജന്മനാടിന്‍റെ പേരിൽ അറിയപ്പെടുന്ന, അല്ലെങ്കിൽ വ്യക്തിയുടെ  പേരിൽ ജന്മനാട് പ്രസിദ്ധമാകുന്ന ഒരു പാട് കലാകാരൻമാർ നമുക്കുണ്ട്. കണ്ണൂർ രാജൻ അങ്ങനെയുള്ളവരുടെ കൂട്ടത്തിലെ  അപൂർവ്വം പേരിലൊരാൾ ആണ്. 1937ൽ ജനുവരി 7ന് കണ്ണൂർ ജില്ലയിലെ എടക്കാടിൽ ജനിച്ച രാജന്‍റെ ബാല്യകാലം കൊടിയ ദാരിദ്ര്യത്തിന്‍റെ നടുക്കടലിലായിരുന്നു. അക്കാലത്തെ കണ്ണ് നനയിക്കുന്ന തന്‍റെ പല ജീവിതാനുഭവങ്ങളും അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ ഹൃദയഭേദകമായി പങ്കു വെച്ചു. അന്നേ സംഗീതത്തോട് കമ്പമുണ്ടായിരുന്ന രാജന്‍റെ ജന്മവാസന തിരിച്ചറിഞ്ഞത് പാട്ടുകാരനായ എ കെ സുകുമാരൻ ആണ്. അന്ന് കണ്ണൂരിലെ ‘യുണൈറ്റഡ് ക്ലബ്‌’ എന്ന കൂട്ടായ്മയിൽ രാജൻ സജീവമായിരുന്നു. അങ്ങനെ പതിനാലാം വയസ്സിൽ രാജൻ കണ്മനത്ത് രാഘവൻ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചു. തുടർന്നു നിരവധി നാടക ട്രൂപ്പുകളിലും ഗാനമേളകളിലും രാജൻ സജീവമായി പങ്കെടുത്തു.

പ്രശസ്ത സംഗീത സംവിധായകൻ കെ രാഘവൻ മാഷെ പരിചയപ്പെടുന്നതോടു കൂടിയാണ് കണ്ണൂർ രാജന്‍റെ  ജീവിതത്തിനു പുതിയൊരു വഴിത്തിരിവാകുന്നത്. കോഴിക്കോട് ആകാശവാണിയിൽ പാടാനെത്തിയ കണ്ണൂർ രാജനും രാഘവൻ മാഷും പുതിയ തീരുമാനങ്ങളോടെ ആയിരിക്കണം അന്ന് പിരിഞ്ഞത്. പിന്നീട് അരവിന്ദൻ സംവിധാനം ചെയ്യുന്ന’ഉത്തരായനം’ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്ന രാഘവൻ മാഷ് സഹസംഗീത സംവിധായകനായി ജോലി ചെയ്യാൻ രാജനെ കൂടെ നിർത്തി. അങ്ങനെ ആദ്യമായി രാഘവൻ മാഷിന്‍റെ കൂടെ വെള്ളിത്തിരയുടെ സ്‌ക്രീനിൽ കണ്ണൂർ രാജൻ എന്ന തെളിഞ്ഞത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ സംഗീത സംവിധാന രംഗത്ത് മറ്റാർക്കും കിട്ടാതിരുന്ന അംഗീകാരമായിരുന്നു. 

1974ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ സുന്ദരി’എന്ന ചിത്രത്തിലൂടെയാണ്  കണ്ണൂർ രാജൻ ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട് വെച്ചത്. അതും മഹാനായ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ വരികൾക്ക് ഈണമിട്ട് കൊണ്ട്. “ആദിപരാശക്തി അമൃതവർഷിണി…”, (യശോദ പാലയാട് ),”ഹണിമൂൺ നമുക്ക് ഹണി മൂൺ…”(കെ പി ബ്രഹ്മാനന്ദൻ, പ്രേമലത ),”മാൻപേട ഞാനൊരു മാൻപേട…” (യശോദ പാലയാട്),”ഉന്മാദം എന്തൊരു ഉന്മാദം…”, (യശോദ പാലയാട് ), എന്നി പാട്ടുകൾക്ക് ഈണം പകരാൻ കണ്ണൂർ രാജന് ഭാഗ്യമുണ്ടായി. ‘അഭിനന്ദനം’ എന്ന ചിത്രത്തിലൂടെയാണ് കണ്ണൂർ രാജൻ എന്ന സംഗീത സംവിധായകൻ മലയാള ചലച്ചിത്രത്തിനു കൂടുതൽ ശ്രദ്ധേയനായത്. യേശുദാസും ലതികയും ചേർന്നു പാടിയ “പുഷ്പതൽപ്പത്തിൽ…”, യേശുദാസ് പാടിയ “എന്തിനെന്നെ വിളിച്ചു നീ…”, തുടങ്ങിയ ഗാനങ്ങൾ മലയാളത്തിനു പ്രിയങ്കരമായി. സുന്ദരമായ ഗസലുകൾ പോലെ മനോഹരമായിരുന്നു ഈ രണ്ട് ഗാനങ്ങളും. മലയാള ചലച്ചിത്ര ഗാനങ്ങൾ കൂടുതലും കർണാടിക് സംഗീതത്തോട് അടുത്ത് നിൽക്കുമ്പോൾ കണ്ണൂർ രാജന്‍റെ പാട്ടുകൾ ഹിന്ദുസ്ഥാനി സംഗീതത്തോട് ആഭിമുഖ്യം പുലർത്തി. എം എസ് ബാബുരാജിന് ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗാനങ്ങൾ ചെയ്തതും കണ്ണൂർ രാജനായിരുന്നു. ‘അഭിനന്ദന’ത്തിലെ ഗാനങ്ങൾ അതിനു ഉദാഹരണങ്ങളാണ്.

“ദേവീ ക്ഷേത്ര നടയിൽ…”1977ൽ  ഇറങ്ങിയ ‘പല്ലവി’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഈ ഗാനം കണ്ണൂർ രാജനെ കൂടുതൽ ശ്രദ്ധേയനാക്കി. ഈ ഒരൊറ്റ പാട്ടിലൂടെ യേശുദാസ് അദ്ദേഹത്തെ ഒരു നല്ല സംഗീതജ്ഞനായി അംഗീകരിച്ചു. പാട്ട് പാടിക്കഴിഞ്ഞ  യേശുദാസ് എല്ലാവരോടും പറഞ്ഞു, “അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ പാട്ട് ഞാൻ പാടിയിട്ടില്ല. ഇദ്ദേഹത്തെ പോലെയുള്ള പ്രതിഭകളെ നാം കണ്ടില്ലെന്ന് നടിക്കരുത്. എത്ര കാലമായി ഒരവസരത്തിനായി ഇദ്ദേഹം കോടമ്പാക്കത്ത് അലയുന്നു. നിങ്ങളെല്ലാം ഇദ്ദേഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം…’, യേശുദാസിന്‍റെ ഈ വാക്കുകകളും പാട്ടും കണ്ണൂർ രാജനും അന്ന് ചൂടുള്ള ചർച്ചയായി. യേശുദാസ് പാടിയ “കിനാവിന്‍റെ കടവിലെ…”, “കണ്ണാലെ പാരെ” (ജയചന്ദ്രൻ ) എന്നി പാട്ടുകളും ശ്രദ്ധേയമായി. 1984 ൽ ഇറങ്ങിയ ‘അപ്പുണ്ണി’ എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച “തൂമഞ്ഞിൻ തുള്ളി” എന്ന ഗാനം അതിന്‍റെ  ലളിതസംഗീതം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. വാണിജയറാം പാടിയ “കിന്നാരം തരിവളയുടെ…”, കണ്ണൂർ രാജൻ ഈണമിട്ട ചിത്രത്തിലെ മറ്റൊരു ഗാനമാണ്. ‘കാര്യം നിസ്സാരം’ എന്ന ചിത്രത്തിൽ കോന്നിയൂര് ഭാസ് എഴുതി യേശുദാസ് ആലപിച്ച “കണ്മണി പെണ്മണിയെ “എന്ന താരാട്ട് പാട്ട് ഏറ്റവും ഹൃദ്യമായിരുന്നു. ചിത്രത്തിലെ “താളം ശ്രുതിലയ താളം ” (ജാനകി, യേശുദാസ് ),”കൊഞ്ചി നിന്ന പഞ്ചമിയോ “(ജാനകി ) എന്നി ഗാനങ്ങൾക്കും കണ്ണൂർ രാജൻ സംഗീതം നൽകി. 

“ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…”, ആർക്കും എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന് സംഗീതം ഒരുക്കിയ കണ്ണൂർ രാജൻ ഭൂരിപക്ഷം ആസ്വാദകർക്കും പരിചിതനല്ല. പാട്ടുകൾ ഹിറ്റാകുമ്പോഴും അദ്ദേഹം അണിയറയിൽ തന്നെ മാറ്റി നിർത്തപ്പെട്ടൂ. അദ്ദേഹത്തിന്‍റെ  സംഗീത മികവ് ഒരു പുരസ്‌കാരത്തിലൂടെയോ വാക്കുകളിലൂടെയോ അംഗീകരിക്കപ്പെട്ടില്ല. നിർബന്ധപൂർവ്വമെന്ന പോലെ ആ വ്യക്തിത്വം ഒളിഞ്ഞു നിന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി യേശുദാസും ചിത്രയും ചേർന്നു ആലപിച്ച ഈ ഗാനം ഒരു നോവായി നമ്മിൽ പടർന്നു. സംഗീതത്തിന്‍റെ ഏറ്റവും വലിയ മാന്ത്രികതയും അതാണ്. സംഗീതം കൊള്ളേണ്ട മർമം മനുഷ്യമസ്സിൽ എവിടെയാണെന്ന് കൃത്യമായി അറിഞ്ഞ സംഗീതജ്ഞനാണ് കണ്ണൂർ രാജനെന്നു  ചിത്രത്തിലെ ഒറ്റപ്പാട്ടിലൂടെ തന്നെ തെളിയിച്ചു. ചിത്ര പാടിയ “നാദങ്ങളായി നീ വരൂ …”, എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

“പാടം പൂത്ത കാലം പാടാൻ വന്നു നീയും…’, ഗ്രാമാന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന വരികളിലെ പോലെ   കണ്ണൂർ രാജന്‍റെ സംഗീതാത്മകതയ്ക്കുമുണ്ട് ആ ഭംഗി.  അവഗണിക്കപ്പെടുന്തോറും പത്തരമാറ്റുള്ള പാട്ടുകൾ അദ്ദേഹം നമുക്ക് തിരിച്ചു തന്നു. ഷിബു ചക്രവർത്തി എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും എം ജി ശ്രീകുമാറും ആണ്. മോഹൻലാൽ രഞ്ജിനി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം സിനിമയ്ക്ക് വേണ്ടി പ്രമുഖ ഗായകർ പാടാൻ എത്തുമ്പോളുള്ള ടെൻഷൻ അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കു വെക്കുകയുണ്ടായി. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി. എന്നിട്ടും കണ്ണൂർ രാജൻ കൂടുതൽ  പിറകോട്ടു വലിക്കപ്പെട്ടു. എം ജി ശ്രീകുമാറും സുജാതയും ചേർന്നു പാടിയ “ദൂരെ കിഴക്കുദിക്കും…’, ത്യാഗരാജ കീർത്തനത്തിൽ എം ജി ശ്രീകുമാറും നെയ്യാറ്റിങ്കര വാസുദേവനും പാടിയ “നഗുമോ മു ഗനെലേനി…”, എം ജി ശ്രീകുമാർ പാടിയ “ഈറൻ മേഘം…”, മുത്തുസ്വാമി ദീക്ഷിതരുടെ”സ്വാമിനാഥ പരിപാല…”, സുജാത പാടിയ “കാടുമീ നാടുമെല്ലാം….’, തുടങ്ങിയ എല്ലാ പാട്ടുകളും ജനപ്രിയമായി.  

“നിമിഷം സുവർണ നിമിഷം…”, ഒ എൻ വി യുടെ വരികൾക്ക് ശബ്ദം നൽകിയത് ചിത്രയാണ്. 1985 ൽ പുറത്തിറങ്ങിയ എന്‍റെ അമ്മു നിന്‍റെ തുളസി അവരുടെ ചക്കി എന്ന സിനിമയിലെ പാട്ട്. ബാലഗോപാലൻ തമ്പിയും ചിത്രയും ചേർന്നു പാടിയ “മാനം പൂ മാനം…”, ബാലചന്ദ്രൻ മേനോൻ പാടിയ “കൊച്ചു  ചക്കരച്ചി…’, പ്രിയദർശൻ സംവിധാനം ചെയ്ത ‘അക്കരെ നിന്നുമൊരു മാരൻ’ എന്ന ചിത്രത്തിലെ “കണ്ണാ നീ ഭൂമിയിൽ” പാരലൽ കോളേജ് എന്ന ചിത്രത്തിൽ ചിത്ര പാടിയ “തേവർ വിരുന്നുമായ്…”, യേശുദാസ് ആലപിച്ച സാഗര നീലിമ…’, ‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി യേശുദാസും ചിത്രയും ചേർന്നു പാടിയ “തങ്കത്തേരിൽ…”, യേശുദാസ് പാടിയ “പുലർകാല ചന്ദ്രിക…”, “ചിത്ര ആലപിച്ച കണ്മണി നിൻ…”, ചൂണ്ടക്കാരിയിൽ യേശുദാസും സാവിത്രിയും ചേർന്നു പാടിയ “അസ്തമയ സൂര്യന് ദുഃഖമുണ്ട്…’, ബീന  എന്ന ചിത്രത്തിൽ സുശീലയും വാണിജയറാമും പാടിയ “ഒരു സ്വപ്നത്തിൻ പവിഴ ദ്വീപിൽ…’, യേശുദാസ് പാടിയ “നീയൊരു വസന്തം എന്‍റെ…’, എന്നി ഗാനങ്ങൾ കണ്ണൂർ രാജൻ എന്ന സംഗീതജ്ഞന്‍റെ  കഴിവിന് ഉദാഹരണങ്ങളാണ്.

മാനസികമായി വേദന എന്നും കണ്ണൂർ രാജന്‍റെ സംഗീതത്തിന് കൂട്ടായിരുന്നു. അത് വ്യക്തി ജീവിതത്തിന്‍റെയും ഭാഗമായിരുന്നു.1976 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വാർത്ത അദ്ദേഹത്തിനുള്ളിലെ  കലാകാരനെ പാടെ തകർത്തു കളഞ്ഞിരുന്നു. താൻ സംഗീതം നൽകിയ പാട്ടിനു മികച്ച സംഗീതജ്ഞനുള്ള അവാർഡ് കെ ടി ഉമ്മറിന് ലഭിച്ചു. കൊച്ചിൻ സംഘമിത്രയുടെ ‘ദണ്ഡകാരണ്യം’എന്ന നാടകത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ചു കണ്ണൂർ രാജൻ ഈണമിട്ട “തുഷാര ബിന്ദുക്കളെ…’, എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. നാടകത്തിൽ പാടിയിരുന്നത് ലതികയും. പാട്ട് കേട്ട് ഇഷ്ടപ്പെട്ട സംവിധായകൻ ഐ വി ശശി തന്‍റെ അടുത്ത പടമായ ‘ആലിംഗനം’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താൻ തരുമോ എന്ന് ചോദിച്ചു. സമ്മതിച്ചെങ്കിലും നിർമാതാവ് കണ്ണൂർ രാജൻ ചിത്രത്തിൽ സംഗീതജ്ഞനായി വേണ്ട പകരം കെ ടി ഉമ്മർ മതി. കാരണം മുൻപ് ചെയ്ത ചിത്രത്തിന് കെ ടി ഉമ്മർ സംഗീതം ചെയ്തത് പ്രതിഫലം വാങ്ങാതെയാണ്. കണ്ണൂർ രാജനെ  ഒഴിവാക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ ആ പാട്ട് തരുമോ എന്ന് സംവിധായകൻ ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെ കണ്ണൂർ രാജൻ സംവിധാനം നൽകിയ പാട്ടിൽ കെ ടി ഉമ്മറിന്‍റെ പേര് വീണു. ലതികയ്ക്ക് പകരം ജാനകി ആ ഗാനം ആലപിച്ചു. തന്‍റെ സംഗീതത്തിന് തനിക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് മറ്റൊരാൾക്ക്‌ ലഭിച്ചപ്പോൾ കുഞ്ഞു നഷ്ട്ടപ്പെട്ട വേദനയോടെന്ന പോലെ അദ്ദേഹം കരഞ്ഞത് ഇന്നും എസ് രാജേന്ദ്ര ബാബു ഓർക്കുന്നു.

അനുഭവത്തിന്‍റെയും അനുഭൂതികളുടെയും ആഴം കണ്ണൂർ രാജന്‍റെ സംഗീതത്തിലുണ്ട്. ശ്രുതിയും ലയവും ഒട്ടും ചോരാതെ മെലഡികളുടെ സൗമ്യ രൂപത്തെ അദ്ദേഹം പുറത്തെടുത്തു. ’അപ്പുണ്ണി’യിലെ “തൂമഞ്ഞിൻ തുള്ളി” എന്ന ഗാനം അതിനുദാഹരണമാണ്. ചിത്രം എന്ന സിനിമയിൽ ആ സംഗീതത്തിന്‍റെ ലയനം വ്യത്യസ്ത പാട്ടുകളിൽ നാം കണ്ടു കഴിഞ്ഞു. വരികളെ അർത്ഥഗർഭമായ കയറ്റങ്ങളും ഇറക്കങ്ങളും അദ്ദേഹത്തിന്‍റെ സംഗീതത്തിൽ എളുപ്പം വഴങ്ങി. അത്തരം ഗാനങ്ങൾ അദ്ദേഹത്തിന്‍റെ സംഗീതത്തിൽ സുലഭമായിരുന്നു. ഓരോരോ ആശയങ്ങളെയും അതത് രീതിയിൽ ഒതുക്കിയൊതുക്കി പറയാൻ പ്രത്യേക വാസനയായിരുന്നു.

ഗസലിന്‍റെ സുന്ദരമായ സംഗീതധാര അദ്ദേഹത്തിൽ ഒഴുകി നടന്നു. അത് പാട്ടിനു മാറ്റ് കൂട്ടി. അസാധ്യം എന്ന് കരുതുന്നതിനെയെല്ലാം സാധ്യമാക്കുന്ന സംഗീതമായിരുന്നു അദ്ദേഹത്തിന്‍റെ തപസ്യ. അതിനു ഇരുത്തം വന്നത് ജീവിതത്തിന്‍റെ കയ്പ്പുറ്റിയ തിക്താനുഭവങ്ങളും. സിനിമ തിയ്യേറ്ററിൽ പാട്ട് കേട്ട് വളർന്ന തനിക്ക് സംഗീതത്തിലെ ആദ്യ ഗുരു സിനിമ തിയ്യേറ്റർ ആണെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പങ്കു വെച്ചു. നിരവധി ആൽബം പാട്ടുകൾ ഇറക്കുന്നതിൽ സജീവമായിരുന്ന ഇദ്ദേഹം ‘കൊക്കരക്കോ’എന്ന സിനിമ യ്ക്കുള്ള തിരക്കിനിടയിൽ 1995 ഏപ്രിൽ 7ന് ഹൃദയ സ്തംഭനത്തെ തുടർന്നു ഒന്നും പറയാതെ യാത്ര പറഞ്ഞു. “ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…” വേദികളിൽ നിന്നും പിന്തള്ളപ്പെട്ട ആ കുയിൽ കണ്ണൂർ രാജനായിരുന്നു. ആ നോവ് കുയിലിന്‍റെ പാട്ടിലും തന്‍റെ സംഗീതത്തിലും ആരാധക ഹൃദയത്തിലും അദ്ദേഹം പടർത്തി.

spot_img

Hot Topics

Related Articles

Also Read

‘പ്രാവി’നെ അഭിനന്ദിച്ച് മുന്‍ എം എല്‍ എ ഷാനിമോള്‍ ഉസ്മാന്‍

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’നെ പ്രശംസിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍.

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി

0
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.

പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ

0
ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.