സംഗീത സംവിധായകൻ ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഗായികയും സംഗീത സംവിധായികയുമായിരുന്നു ഭവതരിണി. കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് ഫ്രണ്ട്സ് (തമിഴ് ), താരരൈ ഭരണി, മര്യാദൈ, അലക്സാണ്ടർ, തേടി നേൻ വന്തത്, പാ, ഗോവ, അനേകൻ തുടങ്ങി സിനിമകളിൽ പാടിയിട്ടുണ്ട്.
2000- ൽ ഭാരതി എന്ന ചിത്രത്തിലെ ‘മയിൽ പോലെ പൊണ്ണൂ ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’, പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ശ്രദ്ധേയ ഗാനങ്ങൾ ആണ് മലയാളത്തിൽ ഭവതരണി പാടിയിട്ടുള്ളത്. ശോഭനയെ നായികയാക്കിക്കൊണ്ട് രേവതി സംവിധാനം ചെയ്ത സംവിധാനം ചെയ്ത ഫിൽ മിലേംഗേ, അമൃതം, മായാനദി തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും സംഗീതം ചെയ്തു. പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവൻ ശങ്കർരാജ, കാർത്തിക് രാജ എന്നിവരാണ് സഹോദരങ്ങൾ. ഭർത്താവ് പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജ് ആണ്.