‘മനോരഥങ്ങൾ’ എന്ന ആന്ത്രോളജി സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണിത്. മനോരഥങ്ങളുടെ സക്സസ് ഗ്രാന്റ് സെലിബ്രേഷനോടന്ബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘എം ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. നാൽപ്പത്തി ഏഴ് വർഷത്തെ സിനിമ ജീവിതത്തിൽ മനോഹരമായി കഥാപാത്രങ്ങളായിരുന്നു അതെല്ലാം. അമൃതം ഗമയ മുതൽ ഓളവും തീരവും വരേയുള്ള ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. ഓളവും തീരവും ഒരുപാട് കാരണങ്ങൾ കൊണ്ട് എനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് പി.എന്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അത്. പിതൃതുല്യനുനും ഗുരു തുല്യനുമായ വ്യക്തിയാണ് മധു സർ. എം ടി സാറിന്റെ കഥാപാത്രം മധു സാറാണ് അന്ന് ചെയ്തത്. പ്രിയനുമായി വളരെയധികം വർഷത്തെ പരിചയമാണുള്ളത്. പ്രിയന്റെ ഏകദേശം നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയൻ സിനിമയിലേക്ക് വരാനുള്ള കാരണം തന്നെ എം ടി സാറിന്റെ കഥകളാണ്. പ്രിയൻ ആദ്യമായി വായിച്ചുവെന്ന് അവകാശപ്പെടുന്നത് ഓളവും തീരവും എന്ന ചിത്രത്തിന്റെ തിരക്കഥയാണ്. അന്ന് മുതൽ പ്രിയൻ മനസിൽ കൊണ്ട് നടന്ന ആഗ്രഹമാണ് സാറിന്റെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുക എന്നത്. ഒരുപാട് തവണ അതെക്കുറിച്ച് ഞങ്ങൾ എം.ടി സാറിനോട് സംസാരിച്ചിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് മാറിപ്പോയി. പ്രിയന് ഈ സിനിമ ചെയ്യാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം ഒരുപാട് കൊല്ലം സഞ്ചരിച്ച ഒരാളാണ് ഞാൻ.