1948- ൽ ഡേവിഡ് വത്സലൻ തുടക്കം കുറിച്ച ബ്രദേഴ്സ് മ്യൂസിക് ക്ലബ് എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക്. നവംബർ 18- ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് തളി ജൂബിലി ഹാളിൽ വെച്ച് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് മുഖ്യപ്രഭാഷണം നടത്തുക.
എഴുപതുകളിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കലാപ്രേമികളെ ചേർത്ത് നിർത്തിക്കൊണ്ട് വിപുലമായിത്തീർന്ന ബ്രദേഴ്സ് മ്യൂസിക് ക്ലബിൽ ആദ്യകാലത്ത് സംഗീതവുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങൾ അവരുടെ സാന്നിദ്ധ്യമറിയിച്ചിരുന്നു. 1972- ൽ ബോളിവൂഡിലെ അതുല്യ ഗായകൻ കിഷോർ കുമാർ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിന് വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ട്.
തുടക്കത്തിൽ നാടകങ്ങൾ മാത്രമാണ് അവതരിപ്പിച്ചു വന്നിരുന്നത്. അന്ന് നടകരചയിതാവായ കെ ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചു. ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന നടൻ കെ പി ഉമ്മർ ആയിരുന്നു ഈ നാടകത്തിൽ നായകനായി എത്തിയത്. നാടകത്തിലുപരി സംഗീതത്തിനും പ്രാധാന്യം കൊടുത്തതോടെ ക്ലബ്ബ് കൂടുതലൽ വിശാലമായിത്തീരുകയായിരുന്നു.
കേരളത്തിലുള്ള പ്രശസ്ത സംഗീതജ്ഞരായ എം എസ് ബാബുരാജ്, രാഘവൻ മാസ്റ്റർ, കോഴിക്കോട് അബ്ദുൽഖാദർ, ദക്ഷിണാമൂർത്തി സ്വാമികൾ, ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, ആറ്റ്ലി, പൂതേരി രഘുകുമാർ, ജെ പി രഘു തുടങ്ങിയവർ ക്ലബ്ബിൽ ഗാനമേളകൾ നടത്തുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ഉണ്ടായി.
ക്ലബ്ബിന്റെ തുടക്കത്തിൽ കോഴിക്കോടുള്ള ഗായകർ പ്രേമൻ മാസ്റ്റർ, പി രാജഗോപാൽ, എ കെ രമേശ്, റാൽഫ് മെറാൻഡ്സ് , പ്രഭാകർ റാവു, വാദ്യകലാകാരന്മാരായ ചോട്ടുഭായ് എന്ന ഗോകുൽ ദാസ്, രാമനാട്ടുകര രവി, ജെ പി രഘു, കുമാർ ദാസ്, ഖാലിദ്, തുടങ്ങിയവരായിരുന്നു മെബർമാർ . സി എം വാടിയിൽ(വയലിൻ), കോഴിക്കോട് അബൂബക്കർ (തബല) തുടങ്ങിയവർ ക്ലബ്ബിന്റെ തുടക്കത്തിൽ മികച്ച രീതിയിൽ സഹകരിക്കുകയുണ്ടായി.
ഡേവിഡ് ഐസക് മ്യൂസിക് ഡയറക്ടർ കൂടിയായിരുന്ന ക്ലബ്ബിന്റെ തുടക്കത്തിന് നേതൃത്വം നല്കിയത് ശ്രീധരൻ ആയിരുന്നു. യങ് ചലഞ്ചേഴ്സ് ക്ലബ്ബിലെ ഫുഡ്ബാൾ കളിക്കാരൻ കൂടിയായിരുന്നു ശ്രീധരൻ. പിന്നീട് 1967- മുതൽ 1975 വരെ ജെ പി രഘുവും അതിനു ശേഷം എസ് എസ് ദേവദാസും മ്യൂസിക് ഡയറക്ടർമാരായി ചുമതല ഏറ്റു. റാൽഫ് മെറാൻഡസ് (വോക്കൽ) തുടങ്ങിവെച്ച കാൻബറാസ് എന്ന പാശ്ചാത്യ സംഗീത വിഭാഗം ഇപ്പോൾ നിലവിലുണ്ട്. തുടക്കത്തിൽ മാറിയോ പിന്റോ (ലീഡ്), എമിൽ ഐസക് (റിഥം), സുനിൽ ഗോപാൽ (ബെസ്സ്), ജോബോയ് (ഡ്രംസ്), കുമാർദാസ് (പെർകഷൻ), എന്നിവരായിരുന്നു മുൻ ബാൻഡ് അംഗങ്ങൾ.
അവരുടെ പിൻഗാമികളായ വി എം പ്രേംനാഥ് (ലീഡ്), ദേവദാസ് പി ജെന്ററി (ബെസ്സ്), ഡെന്നിസ് തെക്കൻ (ഡ്രംസ്), സി സന്തോഷ് (പെർകഷൻ), തുടങ്ങിയവരാണ് ഇപ്പോൾ കാൻബാസിനെ നയിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷം മൂന്നു ദിവസങ്ങളിലായി സാമൂതിരി ഹൈസ്കൂളിൽ വെച്ചായിരുന്നു അരങ്ങേറിയത്. പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത് പ്രശസ്ത സംഗീത സംവിധായകനായ എം ബി ശ്രീനിവാസൻ ആയിരുന്നു. യേശുദാസും എസ് ജാനകിയും ജയചന്ദ്രനും ബേബി സുജാതയും പങ്കെടുത്ത ഗംഭീര പരിപാടിയിൽ കാൻബറാസിന്റെ പാശ്ചാത്യ സംഗീതവും ഉണ്ടായിരുന്നു.
അഡ്വക്കേറ്റ് ടി എം വേലായുധൻ, (പ്രസിഡന്റ്), കട്ടയാട്ട് വേണുഗോപാൽ, ഫ്രാൻസിസ് ജോസഫ് ഡിസൂസ,( വൈസ് പ്രസിഡന്റുമാർ), ഇ അനേഷ് കുമാർ (സെക്രട്ടറി), നാരായണൻ പി, സന്തോഷ് സി( ജോയിന്റ് സെക്രട്ടറിമാർ), ബാലു വാസുദേവ് (ട്രഷറർ) തുടങ്ങിയവരാണ് ഇപ്പോൾ നിലവിലുള്ള ഭാരവാഹികൾ.