Friday, November 15, 2024

‘ഒരു നൂറുജന്മം പിറവിയെടുത്താലും…’ സംഗീതത്തിലെ അമൃതവര്‍ഷിണിരാഗത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആയിരങ്ങൾ

സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കുമെന്ന് പറയുന്നുണ്ട്. ലോകത്തിൽ വെച്ച് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്‍റെത് എന്ന് എ ആർ റഹ്മാനും പറയുന്നു.

ഗുരു വേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്‍റെ  കീഴിൽ ഒരു വർഷവും പള്ളുരുത്തി രാമൻകുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്ന് വർഷവും സംഗീതാഭ്യാസം ചെയ്തു. തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം 1960- ൽ ഒന്നാം റാങ്കോടുകൂടി ഗാനഭൂഷണം പരീക്ഷയിൽ പാസായതിനുശേഷം സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ ചേര്‍ന്നു. അരനൂറ്റാണ്ടിലേറെ സംഗീതത്തിൽ വിരാജിച്ച അദ്ദേഹം ആസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയൊഴികെ അനേകം ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്. കർണ്ണാടക സംഗീതത്തിലും കഴിവ് തെളിയിച്ചു. കർണ്ണാടക സംഗീതത്തിലെ കിരീടം വെക്കാത്ത രാജാവായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ അദ്ദേഹത്തിന്‍റെ  മരണകാലം (1974) വരെ ശാസ്ത്രീയ സംഗീതത്തിൽ യേശുദാസ് ശിഷ്യത്വം തുടർന്നു.

യേശുദാസ്- ജാനകി മലയാളത്തിലെ ഹിറ്റ് യുഗ്മ ഗാനങ്ങൾ ;

ഇളം മഞ്ഞിൻ കുളിരുള്ള പാട്ടുമായ്  ജാനകിയമ്മ

വാക്കുകൾ കൊണ്ടെത്ര വർണ്ണിച്ചാലും മതിവരാത്ത പ്രിയപ്പെട്ട തെന്നിന്ത്യൻ ഗായികയാണ് എസ് ജാനകി. ആന്ധ്രയിൽ ജനിച്ച് മലയാളത്തിന്‍റെ പ്രിയങ്കരിയായി മാറിയ എസ് ജാനകി എന്ന അനശ്വര ഗാ യികയെ വിവരിക്കാൻ വാക്കുകൾ തികയാതെ വരും. ഭാഷയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ച് സം ഗീതം കടന്നു ചെല്ലുന്ന അതിമനോഹരവും അമൂർത്തവുമായ ദൃശ്യവും ശ്രവ്യവുമായ അനുഭവമാണത്, അവരുടെ സുന്ദരമായ ആലാപനം. ജാനകിയെന്ന സംഗീതത്തിന്‍റെ സുവർണ്ണകാലത്തെ വസന്തം നമ്മൾ അനുഭവിച്ചു. ആ വസന്തകാലത്തെ ഇന്നും നാം അറിയുകയും തേടുകയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് കാലത്തിന്‍റെ കാവ്യനീതി.

വിവിധ ഇന്ത്യൻ ഭാഷകളിലായി നാല്പതിനായിരത്തോളം പാട്ടുകളാണ് എസ് ജാനകി പാടിയിട്ടുള്ളത്. കുഞ്ഞുന്നാളിലേ സംഗീതത്തോട് വാസനയുള്ള ജാനകിക്കു അമ്മാവനായ ഡോ: ചന്ദ്രശേഖരാണ് സംഗീതത്തിലേക്ക് മുന്നോട്ടുള്ള വഴി തെളിച്ചത്. പൈതിസ്വാമിയുടെ കീഴിൽ പത്താം വയസ്സിൽ കുറച്ചുകാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പിന്നീട് മദ്രാസിൽ വെച്ച് സംഗീതം പഠിക്കുകയും അവിടെ എ വി എം സ്റ്റുഡിയോയിൽ ജോലി കിട്ടുകയും ചെയ്തു. അക്കാലത്തു ആകാശവാണി ദേശീയതലത്തിൽ നടത്തിയ ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജാനകി തെന്നിന്ത്യൻ ചലച്ചിത്ര ഗാനമേഖലയിൽ സുവർണകാലത്തിന്‍റെ  ആരംഭം കുറിക്കുകയായിരുന്നു.

1957- ൽ പത്തൊൻപതാം വയസ്സിലാണ് തമിഴ് സിനിമയിൽ പാട്ട് പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ചത്. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ ടി. ചലപ്പതിറാവു ഈണം പകർന്ന ഗാനമായിരുന്നു അത്. എന്നാൽ ഈ ഗാനം പുറത്തിറങ്ങുന്നതിന് മുന്നേ അതേ വർഷം ‘മഗ്ദലനമറിയം’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി പാടിയ പാട്ട് ആദ്യം പുറത്തു വന്നു. 1200- ഓളം മലയാള സിനിമകൾക്ക് വേണ്ടി പാട്ട് പാടിയിട്ടുണ്ട് ഈ ഗായിക. പാട്ട് പാടാനുള്ള കഴിവിനെക്കുറിച്ച് ഗായിക പറയുന്നതിങ്ങനെ; “നമ്മളല്ല പാടുന്നത്, നമ്മുടെയുള്ളിലിരുന്ന് ഈശ്വരൻ പാടുന്നതാണത്.”

കേട്ടാൽ ഇമ്പമാർന്ന, മറക്കാന്‍ കഴിയാത്ത പലപ്പോഴായി ചുണ്ടില്‍ മൂളിപ്പാട്ടുമായി കടന്നുവരുന്ന ഒരു പാട് യുഗ്മഗാനങ്ങൾ യേശുദാസും ജാനകിയും ചേർന്നു പാടിയിട്ടുണ്ട്. മലയാളത്തിന്‍റെ  ഈ ദത്തുപുത്രി ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളതും ദേവഗായകന്‍  യേശുദാസിന്‍റെ കൂടെയാണ്. സംഗീതത്തിൽ കാലം ചേർത്ത് വെച്ച അനുഗ്രഹീത സ്വരസംഗമമായിരുന്നു ജാനകിയും യേശുദാസും. 1982- ൽ ഇറങ്ങിയ ‘അരഞ്ഞാണം’ എന്ന ചിത്രത്തിലെ ‘നീലമേഘ മാലകൾ’ എന്ന യുഗ്മഗാനം ആലപിച്ചത് യേശുദാസും ജാനകിയുമാണ്. പി ഭാസ്കരൻ രചിച്ച് കെ ജെ ജോയ് ഈണമിട്ട ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് സുമലതയും ശങ്കറുമാണ്. 1996- ൽ ഇറങ്ങിയ ഏപ്രിൽ 19-തിലെ ‘ശരപ്പൊളിമാല ചാർത്തി’ എന്ന യുഗ്മഗാനം ആസ്വാദകരുടെ ഇഷ്ടം നേടി. എസ് രമേശൻ നായരുടെ വരികൾക്ക് ഈണം പകർന്നത് രവീന്ദ്രൻ  മാഷാണ്. ഈ ചിത്രത്തിലെ തന്നെ ‘മഴപെയ്താൽ’, ‘ദേവികേ നിൻ മെയ്യിൽ’ എന്നീ ഗാനങ്ങൾ ആലപിച്ചതും യേശുദാസും ജാനകിയും ചേർന്നാണ്.

1982- ൽ ഇറങ്ങിയ ‘എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സ്വാമികൾ ചിട്ടപ്പെടുത്തി ബിച്ചുതിരുമല എഴുതിയ ‘നനഞ്ഞു നേരിയ പട്ടുറുമാല്‍’ എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റ് ജാനകി- യേശുദാസ് കൂട്ടുകെട്ടിലെ യുഗ്മഗാനങ്ങളിലൊന്നാണ്.’മാനസു ലോലു’, ‘ആഷാഢ മേഘങ്ങൾ’ എന്നീ യുഗ്മഗാനങ്ങളും ഈ ചിത്രത്തിലലേതാണ്. ആദ്യത്തെ കണ്മണിയിലെ ‘അകലെയകലെ നീലാകാശം’, മനസ്വിനിയിലെ ‘പാതിരാവായില്ല’, ജീവിതസമരത്തിലെ ‘ചിന്നും വെൺതാരത്തിൽ’, അങ്ങാടിയിലെ ‘കണ്ണും കണ്ണും’, യൗവനത്തിലെ ‘സ്വർണ പൂഞ്ചോല,’ ക ന്യാകുമാരിയിലെ ‘ചന്ദ്രപ്പളുങ്ക് മണിമാല’, വീണ്ടും പ്രഭാതത്തിലെ ‘ആലോലനീല വിലോചനങ്ങൾ’, മുത്തശ്ശിയിലെ ‘പ്രേമ കൗമുദി’, തുലാവർഷത്തിലെ ‘യമുനേ നീയൊരു’, അസ്തമയത്തിലെ ‘രതിലയം’, ഉത്സവത്തിലെ ‘ആദ്യസമാഗമ’, കാര്യം നിസ്സാരത്തിലെ ‘താളം ശ്രുതിലയതാളം’, അശ്വതിയിലെ ‘പേരാറിൻ തീരത്തോ’, അനുഭവത്തിലെ ‘സൗരമയൂഖം’, അതിരാത്രത്തിലെ ‘കനികൾ’, കോളേജ് ഗേളിലെ ‘അഞ്ജനമിഴികൾ’, നിന്നിഷ്ടം എന്നിഷ്‌ടത്തിലെ ‘ഇളം മഞ്ഞിൻ’, ആരാധനയിലെ ‘ആരാരോ ആരിരാരോ’, തുടങ്ങിയവ  യേശുദാസ് ജാനകി കൂട്ടുകെട്ടിൽ പിറന്ന അനേകം യുഗ്മഗാനങ്ങളിലെ ശ്രദ്ധേയമായ സൂപ്പർ ഹിറ്റ് പാട്ടുകളാണ്.

മലയാളത്തിൽ യേശുദാസിനൊപ്പം നിരവധി യുഗ്മഗാനങ്ങൾ  സമ്മാനിച്ച ജാനകിയമ്മ കൊച്ചു കുട്ടികളുടെ ശബ്ദത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ‘തൂശി കണ്ട പുന’ എന്ന തമിഴ് ചിത്രത്തിലും, ‘കോക്കമാന്തി കോനനിറച്ചി’ തുടങ്ങിയവ ചുരുക്കം ചിലതാണ്. തെന്നിന്ത്യൻ ചിത്രങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും  ജാനകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണ, മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ് നാടിന്‍റെ അവാർഡ് 7 തവണ, മികച്ച പിന്നണി ഗായികയ്ക്കുള്ള ആന്ധ്രാ സർക്കാരിന്‍റെ അവാർഡ് 10 തവണ, 2013- ൽ പത്മഭൂഷൺ ലഭിച്ചെങ്കിലും നിരസിച്ചു.

മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോ റിയത്തിൽ 2017- ൽ വെച്ച് ആയിരക്കണക്കിന് ജനഹൃദയങ്ങളെ സാക്ഷിയാക്കിക്കൊണ്ട് സിനിമകളിൽ നിന്നും പൊതുവേദികളിൽ നിന്നും പാടുന്നത് അവസാനിപ്പിച്ചു. ‘എസ് ജാനകി: ആലാപനത്തിൽ തേനും വയ മ്പും’ ജാനകിയമ്മയുടെ സംഗീത ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ്. മലയാള സിനിമാപ്പാട്ടിന്‍റെ ഒരു യുഗത്തിന്‍റെ പേരാണ് എസ് ജാനകി എന്ന് കാലം അടയാളപ്പെടുത്തുന്നു.

യേശുദാസ് -ചിത്ര മലയാളത്തിലെ ഹിറ്റ് പാട്ടുകൾ;

കെ എസ് ചിത്ര: മധുര സംഗീതത്തിലെ പെൺ സ്വരം

തേനിമ്പമുള്ള കിളിനാദം, ഉറച്ച സ്ത്രീ ശബ്ദം, തുറന്ന ശബ്ദം, എന്നിങ്ങനെയെല്ലാം കെ എസ് ചിത്ര എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായികയുടെ ശബ്ദത്തിൽ ആസ്വാദകർ പ്രത്യേകതകൾ കണ്ടെത്തി. അനിഷേധ്യമായിരുന്നു ആ ഗായികയുടെ കണ്ഠത്തിൽ നിന്നൂറിവരുന്ന നാദധാരയുടെ  ഒഴുക്കുകൾ. അതുവരെ ചലച്ചിത്ര ഗാനലോകത്ത് നിറഞ്ഞു നിന്ന ജാനകി, സുശീല, മാധുരി, പി ലീല എന്നീ മുൻനിര ഗായികമാരുടെ  മധ്യത്തിലേക്കാണ് പിന്നണിഗായികയായി കെ എസ് ചിത്ര കടന്നു വരുന്നത്. ആ വരവിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നില്ല ചിത്രയ്ക്ക്. മലയാളത്തിൽ മാത്രമല്ല ഇതര ഇന്ത്യൻ ഭാഷകളിലും അവർ തന്‍റെ ശബ്ദം കൊണ്ടും അനുഗ്രഹീതമായ സ്ഥാനം കൊണ്ടും നിരവധി സൂപ്പർ ഹിറ്റ് പാട്ടുകൾ സമ്മാനിച്ചു.

സംഗീതജ്ഞനായ പിതാവ് കൃഷ്ണൻ നായരാണ് കെ എസ് ചിത്രയുടെ ആദ്യ ഗുരു. സംഗീതജ്ഞയായ ഡോ: കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടിക് സംഗീതം അഭ്യസിച്ചു.1979- ൽ ഇറങ്ങിയ ‘അട്ടഹാസം’ എന്ന ചിത്രത്തിൽ എം ജി രാധാകൃഷ്ണൻ ഈണമിട്ട ‘ചെല്ലം ചെല്ലം’ എന്ന ഗാനമാണ് ചിത്ര ആദ്യമായി പാടിയത്. പത്മരാജന്‍റെ  ‘നവംബറിന്‍റെ നഷ്ടം’ എന്ന ചിത്രത്തിൽ എം ജി രാധാകൃഷ്ണൻ സംഗീതസംവിധാനം ചെയ്ത് അരുന്ധതിയും ചിത്രയും ഒന്നിച്ചു പാടിയ രണ്ടാമത്തെ പാട്ടാണ് ആദ്യം പുറത്തിറങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, കന്നഡ, ആസാമീസ്, തെലുങ്ക്, തുളു, ഒറിയ എന്നീ ഭാഷകളിൽ നിരവധി പാട്ടുകൾ പാടി. ഇരുപതിനായിരത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി ആലപിച്ചു.

മലയാള സിനിമയിൽ ഒട്ടേറെ യുഗ്മഗാനങ്ങൾ ചിത്രയും യേശുദാസും ചേർന്നു ആലപിച്ചിട്ടുണ്ട്. മിക്കതും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഗാനങ്ങൾ. സംഗീതം കൊണ്ടും നാദ സൗന്ദര്യം കൊണ്ടും യുഗ്മഗാനങ്ങൾ വേറിട്ടു നിൽക്കുന്നു. ആൺ- പെൺ ശബ്ദ സമന്വയത്തിന്‍റെ  ഭംഗിയില്‍ പിറക്കുന്ന ഗാനങ്ങള്‍  പ്രണയവും വാത്സല്യവും സൗഹൃദവും പോലെ നിറമുള്ളതാണ്. ആഘോഷങ്ങളിലും ആനന്ദങ്ങളിലും ദുഃഖങ്ങളിലും ഒറ്റപ്പെടലിന്‍റെയുമെല്ലാം പശ്ചാത്തലമായി  സൃഷ്ടിക്കപ്പെടുന്ന ആൺ- പെൺ യുഗ്മ ഗാനങ്ങളിലൂടെ അനിർവചനീയമായൊരു ലോകം നമുക്ക് വേണ്ടി നിർമ്മിക്കപ്പെടുന്നു.

മലയാളത്തിൽ അനേകം യുഗ്മ ഗാനങ്ങൾ ആലപിച്ച ചിത്രയുടെയും യേശുദാസിന്‍റെയും സൂപ്പർ ഹിറ്റ്‌ ഗാനമാണ് ‘സുകൃത’ത്തിലെ ‘കടലിന്നഗാധമാം നീലിമയിൽ’ എന്ന് തുടങ്ങുന്ന പാട്ട്. നിസ്വാർത്ഥവും വിശുദ്ധവുമായ പ്രണയത്തിന്‍റെ  ആത്മബന്ധം സൂക്ഷ്മതയോടെ പാട്ടിൽ വരച്ചിടുന്നു. 1994- ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത ‘സുകൃതം’ എന്ന സിനിമയിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് ബോംബെ രവിയും വരികൾ ഒ എൻ വി യുടേതുമാണ്. ദുർഗ്ഗയുടെയും (ശാന്തി കൃഷ്ണ), രവി ശങ്കറിന്‍റെയും (മമ്മൂട്ടി) അപൂർണ്ണവും മൌനവുമായ  പ്രണയത്തിന്‍റെ, എന്നാൽ പരസ്പര പ്രണയം കൊണ്ട് വീർപ്പുമുട്ടുന്ന രണ്ട് ഹൃദയങ്ങളുടെ സംവാദമാണ് ഈ  പാട്ടിലെ ഓരോ വരികളും.

പ്രക്ഷുബ്ധവും ശാന്തവുമാകുന്ന ഒ രു കടല് പോലെയാണ് മനുഷ്യ മനസ്സുകൾ. അതിന്‍റെ അഗാധമായ അടിത്തട്ടിലെവിടെയോ നിനക്കായ്‌ കരുതിവെച്ച, നിനക്ക് നൽകാൻ കഴിയാതെ പോയൊരു മാണിക്യമുണ്ട്. സഖീ, അത് നീയെടുത്തു കൊള്ളൂ…നിനക്കുള്ളതാണത്. ആർക്കും നൽകാത്തത്. എന്ന് നായകൻ മൗനം കൊണ്ടും സ്പർശം കൊണ്ടും നോട്ടം കൊണ്ടും നായികയെ അറിയിക്കുന്നു. നായിക ആ മാണിക്യം കണ്ടെടുക്കുകയാണ്. നായകന്‍റെ ഹൃദയത്തിൽ അതിഗൂഢമായി സൂക്ഷിച്ചു വെച്ച പത്മരാഗത്തോളം പരിശുദ്ധമായ, വിലപിരിയാത്ത അരുമയാർന്ന ആ അനുരാഗത്തിന്‍റെ  ഊഷ്മളതയെ നായിക തന്‍റെ  ഹൃദയത്തിലേക്കും ചേർത്ത് വെക്കുന്നു. ‘നർത്തനമാടുവാൻ മോഹമാ ണെങ്കിലീ ഹൃത്തടം വേദിയാക്കൂ’ എന്ന് നായകൻ നായികയോട് മൗനമായി ആവശ്യപ്പെടുന്നു. നിന്‍റെ എല്ലാ സുഖ- ദുഃഖങ്ങളും എന്നിലേക്ക് ഇറക്കി വെക്കൂ. നിന്‍റെ  വേദനകളും സ്വപ്നങ്ങളും എന്‍റേത് കൂടിയാകുന്നു. ഉൾക്കിടലമായ പക്വതയാർന്ന പ്രണയത്തിന്‍റെ  ഭാവസാന്ദ്രതയെ മുഴുവനായും  യേശുദാസിന്‍റെയും ചിത്രയുടെയും നാദത്തിൽ  ഉൾക്കൊണ്ടിരിക്കുന്നു. ശുദ്ധധന്യാസി രാഗത്തിലാണ് ഈ പാട്ട് ചിട്ടപ്പെടു ത്തിയിരിക്കുന്നത്. ബോംബെ രവി ഒ എൻ വി കൂട്ടുകെട്ടിൽ ‘സഹസ്ര’, ‘ബന്ധങ്ങളെ’, ‘എന്നോടുത്തുണരുന്ന’ എന്നീ മറ്റ് ഗാനങ്ങളാണ് സുകൃതത്തിലുള്ളത്.

യേശുദാസും ചിത്രയും ചേർന്നാലപിച്ച  സൂപ്പർ ഹിറ്റ് യുഗ്മ ഗാനങ്ങൾ നിരവധിയുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ‘ഗോപികാവസന്ത’വും, അമരത്തിലെ ‘അഴകേ നിന്‍ മിഴിനീര്‍മണിയില്‍’, സല്ലാപത്തിലെ ‘പൊന്നില്‍ കുളിച്ചുനിന്നു’, സർഗ്ഗത്തിലെ ‘ആന്ദോളനം ന്ദോളനം’, ഞാൻ ഏകനാണ് ചിത്രത്തിലെ ‘പ്രണയ വസന്തം’, പാഥേയത്തിലെ ‘രാസനിലാവിന്’, എന്നിവ ചുരുക്കം ചിലത് മാത്രം.  

സംഗീതത്തിൽ സ്ത്രീ ശബ്ദത്തിനു മറ്റൊരു സുവർണ്ണകാലം കുറിച്ചിട്ട കെ എസ് ചിത്രയ്ക്ക് 2005- ൽ പത്മശ്രീ ലഭിച്ചു. ആറുതവണ കേന്ദ്ര സർക്കാരിന്‍റെ  അവാർഡ് (1986-പാടറിയേൻ പഠിപ്പറിയേൻ, (തമിഴ്), 1987- ‘മഞ്ഞൾ പ്രസാദം’ (നഖക്ഷതങ്ങൾ :മലയാളം, 1989-ഇന്ദുപുഷ്പം, വൈശാലിമലയാളം,1996-മാതാമധുരൈ, മിൻസാരക്കനവ്:തമിഴ്, പായലേം മൻമൻ, വിരാസത്:ഹിന്ദി, 2004- ഒവ്വര് പൂക്കളുമേ: തമിഴ്. കൂടാതെ പതിനാറു തവണ കേരള സംസ്ഥാന സർക്കാരിന്‍റെ  അവാർഡ്, ഒന്‍പത് തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്‍റെ  അവാർഡ്, നാലുതവണ തമിഴ് സംസ്ഥാന സർക്കാരിന്‍റെ  അവാർഡ്, മൂന്ന് തവണ കർണാടക സംസ്ഥാന സർക്കാരിന്‍റെ  അവാർഡ് എന്നിവ ലഭിച്ചു. കേരളത്തിന്‍റെ വാനമ്പാടി, ഫീമെയിൽ യേശുദാസ്, ചി ന്ന കുയിൽ, ‘പിയ ബസന്തി’, ‘കന്നഡ കോകില’ എന്നിങ്ങനെ പല പേരുകളിലും ഈ ഗായികയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നു.

യേശുദാസ് -സുജാത മലയാളത്തിലെ ഹിറ്റ് യുഗ്മ ഗാനങ്ങൾ ;

സുജാത: സംഗീതത്തിലെ അമൃത സ്വരമാധുരി  

“കണ്ണെഴുതി പൊട്ടും തൊട്ട് “എന്ന പാട്ടും പാടിക്കൊണ്ട് മനോ ഹരമായ ശബ്ദവുമായി സിനിമയിലേക്ക് കട ന്നു വന്ന പാട്ടുകാരി.പ്രണയത്തിന്‍റെ ഏറ്റവും സുന്ദരവും ഭാവാത്മകവുമായ നേര്‍ത്ത സ്വരമായിരുന്നു സുജാ തയുടേത് .1975ൽ ഇറങ്ങിയ ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചിത്രത്തിൽ ഒ എൻ വി യുടെ രചനയിൽ എം കെ അർ ജുനൻ മാസ്റ്റർ ഈണമിട്ട “കണ്ണെഴുതി പൊട്ടും തൊട്ട് ” എന്ന ഈ ഗാനം മലയാളികളും ഏറ്റ് പാടി.ഇതേ വർ ഷം തന്നെയിറങ്ങിയ കാമം ക്രോധം മോഹം എന്ന ചിത്രത്തിൽ സു ജാത എന്ന പാട്ടുകാരി യേശുദാസിനൊ പ്പം”സ്വപ്നം കാണും പെണ്ണെ “എന്ന ആദ്യ യുഗ്മ ഗാനം പാടി.മലയാളത്തിലെ മുൻനിര ഗായികമാരിൽ ഭാവ സാന്ദ്രതയോട് കൂടി പാട്ട് പാടാൻ ഒരു പടി മുന്നിലായിരുന്നു സുജാത.തെലുങ്കിലും കന്നഡയിലും അനേകം ഗാനമാലപിച്ചു.പത്താം വയസ്സിൽ സുജാത ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. നെയ്യാറ്റിൻകര വാസുദേവൻ, ഓച്ചിറ ബാലകൃഷ്ണൻ, കല്യാണ സുന്ദരം ഭാഗവതർ എന്നിവരായിരുന്നു ഗുരുക്കൻമാർ.

വളരെ കുഞ്ഞുന്നാളിൽ തന്നെ യേശുദാസിന്‍റെ കൂടെ വേദികളിൽ പാടാൻ ഭാഗ്യം സിദ്ധിച്ച ഗായികയാണ് സുജാത.ദാസേട്ടനെക്കുറിച്ചും ദാസേട്ടനൊപ്പമുള്ള പാട്ടനുഭവങ്ങളും സുജാത പലപ്പോഴായി ഓര്‍ത്തെടുക്കാ റുണ്ട് .ബന്ധുവീട്ടിൽ വെച്ചുള്ള ഒരു ഗാനമേളയിൽ വെച്ച് ദാസേട്ടനൊപ്പം “മഴവിൽക്കൊടി കാവടി”പാടി യ ത്,ഗുരുവായ വയലിനിസ്റ്റ് എമിൽ ഐസക് മുഖേന വീട്ടിലെത്തിയ ദാസേട്ടൻ, 1973 ൽ ഫോർട്ട്‌ കൊച്ചിയിലെ ഒരു ഗാനമേളയിൽ വെച്ച് “പുഷ്പ ഗന്ധീ സ്വപ്‍ന ഗന്ധി”പാടിയത്, “അമ്പലം ചെറുതായാലും പ്രതിഷ്ഠ വലുതാ കും” എന്ന് ഓട്ടോഗ്രാഫിൽ എഴുതി തന്ന ദാസേട്ടൻ,ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ 1975ൽ ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിന് വേണ്ടി ദാസേട്ടനൊപ്പം “സ്വപ്നം കാണും പെണ്ണെ “എന്ന പാട്ട് പാടിക്കൊണ്ട് സിനി മയിലേക്ക് തുടക്കം കുറിച്ചത്, പിന്നീടങ്ങോട്ട് ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമാകാൻ കഴിഞ്ഞു ബേബി സുജാതയ്ക്ക് .പിതൃതുല്യനായ സ്നേഹനിധിയായിരുന്നു ദാസേട്ടൻ.പ്രഭച്ചേച്ചി അമ്മയുടെ വാത്സല്യം പകർ ന്നു. ദാസേട്ടനും കുടുംബവും തമ്മിലുള്ള ആത്മബന്ധവും അദ്ദേഹം ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞ തും ആ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതും കൂടെ പാടാൻ കഴിഞ്ഞതുമാണ് തന്‍റെ ജന്മ പുണ്യമെന്ന് സുജാ ത ഓർക്കുന്നു.

യേശുദാസ് -സുജാത കൂട്ടുകെട്ടിൽ മലയാള സിനിമയില്‍ ഇമ്പമാർന്ന അനേകം യുഗ്മ ഗാനങ്ങൾ ഉണ്ടായിട്ടു ണ്ട്. ആൺ പെൺ സ്വരലയത്തിന്‍റെ ഭാവാത്മകമായ സംഗമ സൗന്ദര്യം അവർ ഒന്നിച്ചു  പാടിയ പാടിയ പാട്ടു കളിലെല്ലാം മുത്തും പവിഴവും പോലെ ചേർന്നു നിന്നു.സംഗീതവും സ്വരവും പരസ്പരാശ്രയത്വമാണെന്ന് പ റയുന്നത് പോലെ പാട്ടിൽ ആൺ പെൺ സ്വരത്തിന്‍റെ  ലയനവും ഒരു മാജിക്ക് തന്നെയാണ്.സ്വരങ്ങളുടെ ആ രോഹണവും അവരോഹണവും സമ്മിശ്രമാകുമ്പോൾ ഉണ്ടാകുന്ന സ്ത്രീ പുരുഷ ശബ്ദത്തിന്‍റെ  സൌന്ദര്യ ത്തെ സംഗീതജ്ഞർ ഒരു മായാജാലക്കാരന്‍റെ കരവിരുതോടെ പാട്ടുകൾ ആസ്വാദകർക്ക് മുന്നിലെത്തിക്കു ന്നു.

യേശുദാസും സുജാതയും ചേർന്നാലപിച്ച നാദസുന്ദരമായ യുഗ്മ ഗാനങ്ങൾ മലയാളത്തിന് സ്വന്തമായുണ്ട്. റൊമാന്‍റിക്  ഗാനപശ്ചാത്തലവും അതിന് മിഴിവേകുന്ന ഭാവ പൂർണ്ണമായ സ്വരമേളങ്ങളും പാട്ടിനെ കൂടുത ൽ സുന്ദരമാക്കുന്നു.സുജാതയുടെയും യേശുദാസിന്‍റെയും യുഗ്മ ഗാനങ്ങൾ അത്തരത്തിൽ മനോഹരങ്ങളാ ണ്.1995ൽ ഇറങ്ങിയ ‘സിന്ദൂരരേഖ’ എന്ന ചിത്രത്തിൽ ശരത് സംഗീതം ചിട്ടപ്പെടുത്തി കൈതപ്രം രചിച്ച “രാ വിൽ വീണാ നാദം “എന്ന് തുടങ്ങുന്ന ഗാനം യുഗ്മഗാനങ്ങളിൽ വെച്ച് മനോഹരമായ പാട്ടുകളിലൊന്നാണ്.  ഹംസ നാദത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.യേശുദാസിന്‍റെയും സുജാതയുടെയും സ്വരങ്ങ ളലിഞ്ഞു ഒന്നാകുന്ന മാന്ത്രികത ഓരോ യുഗ്മ ഗാനങ്ങളിലുമുണ്ട്.1991ലെ ‘ഉള്ളടക്ക’ത്തിൽ ശിവരഞ്ജിനി രാ ഗത്തിൽ ഔസേപ്പച്ചൻ ചിട്ടപ്പെടുത്തി കൈതപ്രം രചിച്ച “അന്തി വെയിൽ പൊന്നുതിരും “എന്ന ഗാനത്തിൽ അതിശയകരമായ യേശുദാസ് – സുജാത ശബ്ദ സമന്വയത്തിന്‍റെ മനോഹരമായ ഇഴുകിച്ചേരൽ കണ്ടെത്താൻ കഴിയും.”മണിക്കുയിലേ മണിക്കുയിലേ”എന്ന് തുടങ്ങുന്ന പാട്ടിൽ രണ്ടു ഗന്ധർവ്വ സ്വര സംഗീതത്തിന്‍റെ  ഒ ഴുക്ക് കേൾക്കാൻ കഴിയുന്നുണ്ട്.2002ൽ ഇറങ്ങിയ ‘വാൽക്കണ്ണാടി’ എന്ന ചിത്രത്തിലെ ഈ ഗാനം എഴുതിയത് കൈതപ്രവും സംഗീതം എം ജയചന്ദ്രനുമാണ്. 1993 ൽ പുറത്തിറങ്ങിയ ‘ചെങ്കോൽ’ എന്ന ചിത്രത്തിൽ ഏറ്റവും നിത്യ ഹരിതമായ യുഗ്മഗാനങ്ങളിലൊന്നിൽ ഇടം നേടിയൊരു പാട്ടുണ്ട്. “പാതിരാ പാൽക്കടലിൽ”എന്ന് തുടങ്ങുന്ന ഈ ഗാനം കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയത് ജോൺസണും വരികൾ കൈതപ്രത്തിന്‍റെതുമാണ്. 2009 ലിറങ്ങിയ ‘നമ്മൾ തമ്മിൽ’ എന്ന ചിത്രത്തിലെ “ജൂണിലെ”(സംഗീതം: വിദ്യാസാഗർ, രചന: ഗിരീഷ് പുത്തഞ്ചേരി) നര സിംഹത്തിലെ “ആരോടും ഒന്നും മിണ്ടാതെ “(സംഗീതം: എം ജി രാധാകൃഷ്ണൻ ), “എന്‍റെയെല്ലാമെല്ലാമല്ലേ” (മീശമാധവൻ 2002, രചന: ഗിരീഷ് പുത്തഞ്ചേരി), “ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ “(സ്വന്തം: 2002, രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ, സംഗീതം: എം ജയചന്ദ്രൻ) എന്നീ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെ യും ഹിറ്റ് യുഗ്മഗാനങ്ങളാണ്.

മൂന്ന് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്‍റെ പുരസ്‌കാരം, മൂന്ന് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ് നാട് സർക്കാരിന്‍റെ  പുരസ്‌കാരം, എന്നിവ ലഭിച്ചു. 1976- ൽ തമിഴിലെ ‘കാവി ക്കുയിൽ’ (സംഗീതം:ഇളയരാജ ),1992 ൽ ‘റോജാ’ എന്ന ചിത്രത്തിൽ എ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ “പുതുവെള്ളൈ മഴൈ” എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഏ ആർ റഹ്മാന്‍റെ സംഗീതത്തിൽ ഹിന്ദിയിലെ ‘താൾ’, ‘പുകൾ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി.പ്രണയത്തിൽ മാത്രമല്ല യുഗ്മ ഗാനങ്ങൾ പിറവിയെടുക്കുന്നത്. വാത്സല്യം, ആഘോഷം, വിരഹം, ഒറ്റപ്പെടൽ എന്നീ മനുഷ്യാവസ്ഥകളിലും യുഗ്മഗാനങ്ങളുണ്ടാകുന്നു. സ്നേഹത്തിന്‍റെ ഇത്തരം ഭിന്ന മുഖങ്ങൾ പ്രകടമാക്കുന്നു എന്നതാണ് യുഗ്മ ഗാനങ്ങളുടെ പ്രത്യേകത. മലയാള സിനിമയുടെ കാതരമായ പെണ്‍സ്വരമായിരുന്നു സുജാതയുടേത്. പ്രണയത്തിന്‍റെ  നിസ്സീമവും പവിത്രവുമായ ശബ്ദത്തെയായിരുന്നു ആസ്വാദകര്‍ സുജാതയുടെ ശബ്ദത്തിലൂടെ ക ണ്ടെത്തിയത്.

യേശുദാസ് – സുശീല മലയാളത്തിലെ ഹിറ്റ് യുഗ്മഗാനങ്ങൾ;

പി സുശീല- സംഗീതത്തിലെ ദേവഗായിക

പാട്ട് പാടിയുറക്കുന്ന നാദവുമായി മലയാള ചലച്ചിത്ര ഗാനമേഖലയിലേക്ക് കടന്നു വന്ന ആന്ധ്രാക്കാരി. ആ നാദ വീചികൾ ഇന്ത്യൻ ഭാഷകളിലെ ഒട്ടുമിക്ക പാട്ടുകളിലൂടെയും സഞ്ചരിച്ചു.സംഗീതത്തിന്‍റെ സ്ത്രീ സൗന്ദര്യ നാദത്തെ പി സുശീല എന്ന ഗായികയുടെ കണ്ഠങ്ങളിൽ നിന്നും സംഗീതജ്ഞർ കടഞ്ഞെടുക്കുകയായിരുന്നു. മലയാള സിനിമയിലെ സംഗീതജ്ഞനായ ദേവരാജൻ മാസ്റ്ററാണ്  സുശീലയുടെ ശബ്ദം കൊണ്ട് ഏറ്റ വും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നട, തുളു, സംസ്‌കൃതം, ഹിന്ദി, എന്നീ ഭാഷകളിൽ അവര്‍ പാട്ടുകൾ പാടി. ’പുല പക സുശീല’ എന്നാണ് പി സുശീലയുടെ യഥാർത്ഥ നാമം.

പിതാവായിരുന്നു പി സുശീലയുടെ സംഗീതത്തിലെ ആദ്യ ഗുരു. സംഗീതത്തിൽ ഡിപ്ലോമ നേടിയതിനു ശേഷം മദ്രാസ് മ്യുസിക് അക്കാദമിയിൽ നിന്ന് സംഗീതം അഭ്യസിച്ചു. ’മംഗരാജു’ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി പാടാൻ അവസരം ലഭിച്ചത്. എന്നാൽ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് മദ്രാസ് എ വി എം സ്റ്റേ ഷനിൽ ആർട്ടിസ്റ്റായി ജോലിനോക്കി. 1960 ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെ ഗാനാലാപന രംഗത്തേക്ക് പി സുശീല ചുവട് വെച്ചു. ‘പെറ്റ്റ തായ്’ എന്ന ചിത്രത്തിലൂടെയാണ് പിന്നെ ഗാനരംഗത്തേക്ക് അവര്‍ കടന്ന് വന്നു. 1960- തിലിറങ്ങിയ ‘സീത’ എന്ന ചിത്രത്തിൽ അഭയദേവിന്‍റെ വരികൾക്ക് ദക്ഷിണാമൂർത്തി ഈണമിട്ട “പാട്ട് പാടിയുറക്കാം ഞാൻ “എന്ന ഹിറ്റായ ആദ്യ ഗാനത്തിലൂടെ  മലയാള സിനിമയിൽ തുടക്കം കുറിച്ചു. എ സ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൂടെ സുശീല 1336 ഓളം യുഗ്മ ഗാനങ്ങളും മലയാളത്തിൽ 816 സിനിമാപ്പാട്ടുകളും പാടിയിട്ടുണ്ട്.

മലയാളത്തിൽ പി സുശീല- യേശുദാസ് കൂട്ടുകെട്ടിൽ ഒത്തിരി യുഗ്മ ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്.”അറബിക്കടലൊരു” (1964 ഭാർഗ്ഗവി നിലയം രചന: പി ഭാസ്കരൻ, സംഗീതം: എം എസ് ബാബുരാജ്),”മനസ്സ് മനസ്സിന്‍റെ കാതിൽ” (1976 ചോറ്റാനിക്കര അമ്മ, രചന: ഭരണിക്കാവ് ശിവ കുമാർ, സംഗീതം: ആർ കെ ശേഖർ),”വൃശ്ചിക രാത്രിതൻ “(1971 ആഭിജാത്യം, രചന: പി ഭാസ്കരൻ, സംഗീതം: എ ടി ഉമ്മർ),”മാലിനി നദിയിൽ”(1965 ശകുന്തള, സംഗീതം: ജി ദേവരാജൻ, രചന: വയലാർ ),”എന്തെന്തു മോഹങ്ങൾ” (രചന: വയലാർ, സംഗീതം: ജി ദേവരാജൻ), “തേൻ കിണ്ണം പൂങ്കിണ്ണം” (യക്ഷഗാനം, സംഗീതം: എം എസ് വിശ്വനാഥൻ, രചന: വയലാർ),”ആലുവാപ്പുഴയിൽ മീൻ” (കസവു തട്ടം -1967, സംഗീതം: ദേവരാജൻ, രചന: വയലാർ ),”മലയാറ്റൂർ മലഞ്ചേരുവിലേ”(ഈറ്റ 1978, സംഗീതം: ജി ദേവരാജൻ, രചന: യൂസഫലി കേച്ചേരി),”ആദം ആദം ഇതാ നിനക്കും” (ഭാര്യ, സംഗീതം: ജി ദേവരാജൻ, രചന: വയലാർ), മറക്കുമോ എന്നെ മറക്കുമോ”(1963, നിത്യ കന്യക, രചന: വയലാർ, സംഗീതം: ദേവരാജൻ ),”ഏഴിലം പാല പൂത്തു “(1973, കാട്, രചന: ശ്രീകുമാരൻ തമ്പി, സംഗീതം: വേദ് പാൽ വർമ്മ), ”ഓമനത്തിങ്കളിലോണം”(1968 തുലാഭാരം, രചന: വയലാർ, സംഗീതം: ദേവരാജൻ ), “ഇനിയെന്‍റെ  ഇണക്കിളിക്കെന്ത് വേണം” (സ്കൂൾ മാസ്റ്റർ, സംഗീതം: ദേവരാജൻ, രചന: വയലാർ) എന്നീ യുഗ്മ ഗാനങ്ങൾ യേശുദാസ് – പി സുശീല കൂട്ടുകെട്ടിലെ ഹിറ്റ് പാട്ടുകളാണ്.

ആലാപനം കൊണ്ട് വിസ്മയം സൃഷ്‌ടിച്ച പി സുശീലയെ ‘ദേവഗായിക’ എന്നാണ് പി ജയചന്ദ്രൻ വിശേഷിപ്പിച്ചിട്ടുള്ളത്. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും (1968, 1971, 1976, 1982, 1983-വര്‍ഷങ്ങളില്‍), കേരള സർക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും (1971, 1975), ഹരിവരാസനം  പുരസ്‌കാരവും(2019), ആറു ഭാഷകളിലായി 17695 ലേറെ ഗാനങ്ങൾ ആലപിച്ചതിനു 2016 ൽ ഗിന്നസ് റെക്കോർഡും, 2008 ൽ പത്മഭൂഷണും കരസ്ഥമാക്കി. മലയാളത്തിൽ 2003 ൽ ഇറങ്ങിയ ‘അമ്മക്കിളിക്കൂട് ‘എന്ന ചിത്രത്തിൽ പാടിയ “ഹൃദയ ഗീതമായി” എന്ന പാട്ടാണ് അവസാനമായി പുറത്തിറങ്ങിയത്.

യേശുദാസ് : നാദ ബ്രഹ്മത്തിന്‍റെ ഭക്തി സ്വരലയം

ഭക്തനും ഭഗവാനും തമ്മിലുള്ള ആശയവിനിമയത്തിന് ഭാഷ കൈ വന്നത് എപ്പഴാണ്? അതിനു മനവരാശിയോളം തന്നെ പഴക്കമുണ്ടെന്ന് കരുതാം. ഭഗവത് സേവയ്ക്ക് സംഗീതം അര്‍ച്ചിക്കപ്പെട്ടപ്പോഴാണ് ഭക്തിയും സംഗീതവും തമ്മിലുള്ള ആഴവും പരപ്പും മനുഷ്യന്‍ തിരിച്ചറിയുന്നത്. ഭക്തന്‍ അവന്‍റെ വികാരങ്ങളെയെല്ലാം  നൂറ്റാണ്ടുകൾക്ക് മുന്നേ പല രീതിയിൽ പ്രകടമാക്കാൻ വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. പഞ്ച ഭൂതങ്ങളെയും ശിലകളെയും വൃക്ഷത്തെയും ഭജിച്ചു. ദൈവ രൂപത്തെ ശിലകളിൽ മനുഷ്യനായി രൂപപ്പെടുത്തി. പലതരത്തിലാണ് മനുഷ്യൻ ദൈവ പ്രീതിക്കായി ആരാധിച്ചു പോന്നത്. പൂക്കളർച്ചിച്ചും, ജലധാര നടത്തിയും നൃത്തമാടിയും സംഗീതം പൊഴിച്ചും നാമം ജപിച്ചും അങ്ങനെ പല രീതിയിലും ഈശ്വരാരാധന നടത്തി.

സംഗീതത്തിന്  ശിലയുടെയും മനുഷ്യന്‍റെയും മാത്രമല്ല, ഈശ്വരന്‍റെയും മനസ്സലിയിക്കാന്‍ കഴിയും. നാരദന്‍റെ വീണയും കൃഷ്ണന്‍റെ ഓടക്കുഴലും സരസ്വതിയുടെ വീണയും ശിവന്‍റെ ഉടുക്കുമെല്ലാം ഇതിന് ഉദാഹരണം. ഈശ്വര പ്രീതിക്ക് അനുയോജ്യമായ നിവേദ്യം സംഗീതമാണെന്ന് ഭക്തർ കണക്കാക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും ഈശ്വരന്‍റയും ഭക്തരുടെയും ആത്മബന്ധം സ്ഥാപിക്കുവാന്‍ സംഗീതം കാരണമാകുന്നു. സംഗീതത്തിലൂടെ ഈശ്വര ചൈതന്യവും ഈശ്വര സാക്ഷാത്കാരവും സ്വായത്തമാക്കിയ ഒരുപാടു ഭക്തി സാന്ദ്രമായ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഭക്തമീരയും കബീര്‍ദാസും സൂര്‍ ദാസുമെല്ലാം അതിനുദാഹരണം. സംഗീതം ചെയ്യുന്നവരിലും അത് ഭക്തിയോടെ ആസ്വദിക്കുന്നവർക്കും ലഭിക്കുന്ന അമൂർത്തമായ പരമാനന്ദം അവര്‍ണ്ണനീയമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്തിയിലൂടെ ഒരനുഭൂതി നമ്മളെ വലയം ചെയ്തുവെങ്കിൽ കണ്ണൊന്നു നിറഞ്ഞെങ്കിൽ കുറച്ചു  നിമിഷത്തേക്ക് നാം ഈശ്വര സാക്ഷാത്കാരം  നേടിയെന്നർത്ഥം.

മലയാള സിനിമയിൽ യേശുദാസ് ആലപിച്ച ഒട്ടനവധി ഹൈന്ദവ-ഇസ്ലാമിക – ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ജി ദേവരാജൻ വയലാർ- യേശുദാസ് കൂട്ടുകെട്ടിൽ നിരവധി ഭക്തി ഗാനങ്ങൾ മലയാള സിനിമയിലും ഉണ്ടായിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പന്‍ ‘എന്ന ചിത്രത്തിലെ “ശബരിമലയിൽ തങ്ക സൂര്യോദയം”, 1972 ൽ പുറത്തിറങ്ങിയ ചെമ്പരത്തിയിലെ “ശരണമയ്യപ്പാ സ്വാമി “, എന്നീ ഗാനങ്ങ ൾ അനേകം യുഗങ്ങൾക്കപ്പുറത്തേക്കും ഇതേ ചൈതന്യത്തോടെ ഇന്നും യേശുദാസിന്‍റെ ഘനഗാംഭീര്യ ശബ്ദത്തില്‍ വിരാജിക്കുന്നു.

1970 ലെ ഒതേനന്‍റെ മകനിലെ “ഗുരുവായൂരമ്പല നടയില്‍ “എന്ന ഗാനത്തിൽ കൃഷ്ണ ഭഗവാനെ ഭക്തൻ  ഉറ്റതോഴനായി കാണുന്നു. ഭഗവാന്‍റെ ഓടക്കുഴൽ ചോദിക്കുന്നതും ഭഗവാന്‍റെ ലീലയിൽ അഭിരമിക്കുന്നതും അതെ ഭക്തൻ തന്നെ. “ഹരിവരാസനം” എന്ന അയ്യപ്പ സ്വാമിയുടെ ഉറക്ക് പാട്ടിൽ ഭഗവാനും  ഭക്തനും ഗാനഗന്ധര്‍വ്വന്‍റെ  നാദബ്രഹ്മത്തിൽ അലിഞ്ഞു ചേരുന്നു.”ഓംങ്കാരം ആദിമ മന്ത്രം”(കുമാര സംഭവം 1969) ആദി ഭഗവാന്‍റെ നിത്യ ചൈതന്യത്തെ ഈരേഴുപതിനാലു ലോകങ്ങളിലും വാഴ്ത്തിപ്പാടുന്ന നാരദ മഹർഷിയുടെ ഭക്തിയെ എങ്ങനെയാണ് അള ക്കാൻ സാധിക്കുക?

ദേവരാജൻ മാഷിന്‍റെയും വയലാറിന്‍റെയും കാവ്യ സംഗീതത്തിൽ വിപ്ലവം മാത്രമല്ല, ഭക്തിയുടെ പൂക്കളും പൊട്ടിവിടരുന്നത് കാണാം. “ദേവീ കന്യാകുമാരീ “ശക്തിമയം ശിവശക്തി മയം” (ദേവികന്യാകുമാരി 1977), തുടങ്ങിയവ മറ്റ് ഉദാഹരണങ്ങള്‍. കൈതപ്രം സംഗീതവും രചനയും നിർവ ഹിച്ച “വലംപിരിശംഖിൽ പുണ്യോദകം, “ദൈവമേ നിന്‍റെ ദിവ്യ കാരുണ്യം” (കാരുണ്യം 199 7), “തുടങ്ങിയ ഗാനങ്ങൾ ഇന്നും ഭക്ത ഹൃദയങ്ങളിൽ തുളുമ്പി നിൽക്കുന്നു.

കവിയും ഗാനരചയിതാവുമായ ഒ എൻ വി എന്ന മലയാളത്തിന്‍റെ പ്രിയങ്കരനായ എഴുത്തുകാരൻ അനേകം ചലച്ചിത്രങ്ങളിലൂടെ നൽകിയ പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഭക്തിയുടെയും ഭാഷയെ സംഗീതം കൊണ്ട് സമ്പന്നമാക്കപ്പെട്ട ഒട്ടേറെ ഗാനങ്ങളുണ്ട്, നമ്മുടെ ഹൃദയത്തില്‍. ഈശ്വര സാമീപ്യ മുളവാക്കുന്ന ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതം കൊണ്ട് യേശുദാസ് ആലപിച്ച ഭാവസാന്ദ്രമായ ഒട്ടേറെ ഭക്തിഗാനങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. 1972 ല്‍ ഇറങ്ങിയ ’ശ്രീ ഗുരുവായൂരപ്പന്‍’ എന്ന ചിത്രത്തിലെ”അഗ്രേ പശ്യാമി”, ഭഗവാനെ ഉള്ളുരുകി വിളിക്കുന്ന ഭക്തന്‍റെ ഭജന പ്രേക്ഷകരുടേതായി മാറുന്നു. നമ്മുടെ അഹംഭാവവും ദുഷ്ചി ന്തകളും നമ്മെ തന്ന ലഞ്ജിപ്പി ക്കുന്നു. ഈശ്വരനു മുന്നിൽ അടിയറവ് വയ്‌ക്കേണ്ടി വരുന്ന സന്ദർഭങ്ങളെ ഈ ചിത്രവും ഗാനരംഗവും അതാണ് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.” പൊൽത്തിങ്കൾക്കല പൊട്ട് തൊട്ട” (കുമാരസംഭവം 1969, സംഗീതം: ജി ദേവരാജൻ), “ദേവദൂതർ പാടി “(കാതോട് കാതോരം 1985- സംഗീതം: യൂസഫലി കേച്ചേരി)തുടങ്ങിയ ഭക്തി ഗാനങ്ങൾ ഇന്നും അനശ്വരമാണ്.

ഗാനരചയിതാവ്, കവി നോവലിസ്റ്റ്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്, എന്നിങ്ങനെ സിനിമയിൽ ശ്രീകുമാരൻ തമ്പി എന്ന ബഹുമുഖ പ്രതിഭ കൈവെക്കാത്ത മേഖലകൾ വിരളമാണ്. മൂവായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ രചിച്ച ഇദ്ദേഹം മുപ്പത് സിനിമകൾക്ക് സംവിധാനം ചെയ്തിട്ടുണ്ട്. യേശുദാസ് പാടിയ പ്രശസ്തമായ ഭക്തി ഗാനങ്ങളും ഇതില്‍ പെടുന്നു. പി സുബ്രഹ്മണ്യത്തിന്‍റെ  ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെ ഗാനം രചിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിൽ ശ്രീകുമാരൻ തമ്പി അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര ഗാനങ്ങളിൽ ഭക്തിരസം തുളുമ്പുന്ന അനേകം സിനിമ പാട്ടുകള്‍ എഴുതുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. “മനസ്സിലുണരൂ ഉഷഃസന്ധ്യയായ്” (മറുനാട്ടിൽ ഒരു മലയാളി- 1971, സംഗീതം: ദക്ഷിണാമൂർത്തി, ആലാപനം: യേശുദാസ്, എസ് ജാനകി), ഒൻപത് ദിവസങ്ങളിലെ ദേവീ പൂജയായ നവരാത്രിയെക്കുറിച്ചുള്ളതാണ് ഈ ഗാനം.

“രാമ രാമ രാമാ ലോകാഭിരാമ” (ഭക്തഹനുമാൻ 1980, സംഗീതം: ദക്ഷിണാമൂർത്തി) രാമഭക്തനായ ആഞ്ജനേയന്‍റെ ഭഗവൽസ്‌തുതിയാണ് ഈ പാട്ട്. അത് ഓരോ ഭക്തന്‍റെയും കണ്ഠങ്ങൾ യേശുദാസിനൊപ്പം ഏറ്റുപാടുന്നു. മാത്രമല്ല, കാച്ചിക്കുറുക്കിയ അർത്ഥ സംപുഷ്ടമായ വരികളിലൂടെ രാമകഥ പാടുകയാണ് ഹനുമാൻ. യേശുദാസിന്‍റെ ഭക്തി നിര്‍ഭരമായ നാദബ്രഹ്മത്തില്‍ പ്രേക്ഷകരുടെ ഹൃദയം ഹനുമാന്‍റെ ഭക്തിയെയാണ് തൊട്ടറിയുന്നത്. ഇതേ ചിത്രത്തിൽ ദക്ഷിണമൂർത്തി സ്വാമികൾ സംഗീതം ചിട്ടപ്പെടുത്തിയ “രാമജയം ശ്രീരാമ ജയം” എന്ന പാട്ടും ഹനുമാന്‍റെ മറ്റൊരു സ്തുതി ഗാനമാണ്. സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് സാഗരം വഴി ചിറകെട്ടുന്ന അനേകലക്ഷം വാനരപ്പടയുടെ നി സ്സീമമായ ഭക്തിയും ത്യാഗവും അതിൽ മിഴിവാർന്നു നിൽക്കുന്നു.

യേശുദാസ് എന്ന ഗായകന്‍റെ ഭക്തി നിർഭരമായ സ്വരം മുഴങ്ങിക്കേൾക്കുന്ന ശ്രീകുമാരൻ തമ്പി ഗാനരചനയും സംഗീതവും ചെയ്ത “തൽക്കാല ദുനിയാവ്” (ബന്ധുക്കൾ ശത്രുക്കൾ: 1993) എന്ന ഗാനത്തിൽ ഭക്തിയും തത്വചിന്തയുമുണ്ട്. “ആകാശ രൂപിണീ അന്ന പൂര്‍ണ്ണേശ്വരി” (ദിവ്യദർശനം 1973, സംഗീതം: എം എസ് വിശ്വനാഥൻ), “സത്യനായകാ മുക്തി” (ജീവിതം ഒരു ഗാനം 1979 സംഗീതം: എം എസ് വി ശ്വനാഥൻ) തുടങ്ങിയ ഭക്തി ഗാനങ്ങളും അവയിലെ തത്വചിന്തകളും മനുഷ്യ ഹൃദയങ്ങളിലെ ഞാനെന്ന ഭാവത്തെ ഒരു നിമിഷത്തേക്കെങ്കിലും ഇല്ലായ്മ ചെയ്യുന്നു. 

കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും ചലച്ചിത്ര നടനും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ പി ഭാസ്കരൻ ‘ചന്ദ്രിക’ എന്ന ചിത്രത്തിൽ പാട്ടെഴുതിക്കൊണ്ടാണ്  മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. പിന്നീട് ‘നീലക്കുയിൽ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് സജീവമായി. “മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി ഭാസ്കരനാണെ” ന്ന് കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. “ശരണമയ്യപ്പാ സ്വാമി അഭയം നിൻ “(തുറന്ന ജയിൽ 1989) എന്ന ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും ഭാസ്കരൻ മാഷ് തന്നെ. “അടി തൊഴുന്നേൻ ദേവീ “(മാമാങ്കം 1979, സംഗീതം: കെ രാഘവൻ, ആലാപനം: യേശുദാസ്, വാണിജയറാം),”അള്ളാവിൻ കാരുണ്യം” (യത്തീം 1977, സംഗീതം: ബാബുരാജ് ), “എന്നീ ഗാനങ്ങൾ മലയാളത്തിലെ നിത്യഹരിതമായ സിനിമയിലെ യേശുദാസ് പാടി അനശ്വരമാക്കിയ ഭക്തി  ഗാനങ്ങളാണ്.

ദാസേട്ടൻ ഈണമിട്ട പാട്ടുകൾ..

ഗായകൻ മാത്രമല്ല സംഗീത സംവിധായകൻ കൂടിയാണ് യേശുദാസ് എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍. നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു. സിനിമയിലെ ഭക്തി ഗാനങ്ങളിൽ വെച്ച് യൂസഫലി കേച്ചേരി രചിച്ച് ദാസേട്ടൻ ചിട്ടപ്പെടുത്തിയ 1981 ല്‍ ഇറങ്ങിയ ‘സഞ്ചാരി ‘എന്ന ചിത്രത്തിലെ “റസൂലേ നിൻ കനിവാലേ” എന്ന ഗാനം പ്രശസ്തമാണ്. പ്രവാചകന്‍റെ ചരിതം പാടുന്ന ഈ പാട്ടിൽ ഖുർ ആന്‍റെ പിറവിയെക്കുറിച്ചും പ്രകീർത്തിക്കുന്നു. സുന്ദരമായ ഭക്തി ഗാനങ്ങൾ അതിന്‍റെ എല്ലാ ഗരിമയോടും കൂടി ഇന്നും സംഗീതാസ്വാദകരുടെ ഭക്ത ഹൃദയങ്ങളിൽ വിരാജിക്കുന്നു.

ഗന്ധർവ്വ സ്വരം -ഭാരതീയ ഭാഷകളിൽ

     മലയാളത്തിന്‍റെ കയ്യൊപ്പ്

യേശുദാസ് മലയാളത്തിന്‍റെ മാത്രമല്ല ഇന്ത്യന്‍ ഭാഷയും കടന്നു അത് ലോക ഭാഷയുടെ കൂടി ശബ്ദമായി മാ റുന്നു.മലയാള ഭാഷയുടെ നാമവും ശബ്ദവും ലോകമെമ്പാടും എത്തിക്കുന്നതില്‍ യേശുദാസ് എന്ന ഗായകന്‍ വഹിച്ച പങ്ക് നിസ്സീമമാണ്. മലയാളത്തിന്‍റെ മാത്രമല്ല ഭാരതത്തിന്‍റെ കൂടിസ്വന്തം ശബ്ദമാണ് ഗാനഗന്ധർവ്വന്‍റേത്. ആസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ മലയാളത്തിന്‍റെ എല്ലാ ഭാരതീയ ഭാഷകളിലും പാ ടിയിട്ടുണ്ട്. ആ ശബ്ദ ഗാംഭീര്യത്തെ മറ്റ് ഭാഷകളിലേക്കും അനിഷേധ്യമായി ഒഴുക്കാൻ പിന്നീട് ഒരു പാട് പാട്ടു കൾ ജന്മമെടുത്തു.ബോളിവുഡ് സിനിമയുടെ സുവർണ്ണ കാലത്തിന്‍റെ  തലയെടുപ്പിലേക്കാണ് മലയാളിയായ യേശുദാസ് എന്ന ഗായകന്‍റെ രംഗ പ്രവേശം.ശബ്ദം കൊണ്ട് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹ ത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദിയിലെ അക്കാലത്തെ മുടിചൂടാമന്നന്മാരായ അനേകം അഭിനേതാക്കളുടെയും ,ഗായകരുടെയും,അങ്ങനെ ആ വലിയ താരനിരയിലേക്ക് യേശുദാസ് എന്ന അതുല്യനായ കലാകാരന്‍റെ പേരും തങ്ക ലിപികളാല്‍  എഴുതിച്ചേർക്കപ്പെട്ടു.

ഹിന്ദിയിൽ 1977 ൽ ഇറങ്ങിയ ‘ചിത് ചോർ ‘എന്ന സിനിമയിലെ “ഗോരി തേരാ ഗാവോ ബഡാ പ്യാരാ “എന്ന ഗാനമാണ് യേശുദാസിനെ ഹിന്ദിയിൽ ഏറ്റവും പ്രശസ്തനാക്കിയത്. ഈ ഗാനത്തിലൂടെ അദ്ദേഹത്തിന് ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡും ലഭിച്ചു.’ചിത് ചോറി’ലെ നായകനായ അമൂൽ പലേക്കർ “താൻ ഏറ്റവും പ്രശസ്തനായത് യേശുദാസ് എന്ന ഗായകൻ ആലപിച്ച പാട്ടിലൂടെയും ആ ശബ്ദത്തിലൂടെയുമാണെ”ന്ന് അഭിമാനത്തോടെ എവിടേയും പറഞ്ഞിട്ടുണ്ട്. സിനിമപോലെ, കഥാപാത്രങ്ങൾ പോലെ, ഗാനംപോലെ ലാളിത്യവും സൗന്ദര്യവും തുളുമ്പുന്നതായിരുന്നു ഗാനഗന്ധർവ്വന്‍റെ ശബ്ദവും.

എ ആർ രാജ് സംഗീത സംവിധാനം നിർവഹിച്ച ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സലിൽ ചൗധരി ചിട്ടപ്പെടുത്തിയ ‘ആനന്ദ് മഹൽ’ എന്ന ചിത്രത്തിലും യേശുദാസ് പാടി.”ഗോരി തെരാ ഗാവോ ബഡാ പ്യാരാ “(ചിത് ചോർ – 1976,സംഗീതവും രചനയും- രവീന്ദ്ര ജെയ്ൻ )”ചാന്ദ് ജെയ്‌സെ മുഖ് ദേ പെ”(സാവൻ കൊ ആനേ ദോ -1979, സംഗീതം: രാജ് കമൽ, വരികൾ- ഇന്ദീവർ),”അജ് സെ പെഹ്‌ ലെ അജ് സെ ജയാ “(ചിത് ചോർ -1976, സംഗീതവും രചനയും -രവീന്ദ്ര ജെയ്ൻ ),”തുജ് ഹെ ദേ ഘർ “(സാവൻ കൊ ആനേ ദോ -1979, സംഗീതം: രാജ് കമൽ, വരികൾ- ഇന്ദീവ ർ ), “ഓ ഗോറിയ റെ “(നയ്‌യ്യ- 1979, സംഗീതവും രചനയും -രവീന്ദ്ര ജെയ്ൻ ), “അജ് ഇൻ നസറോൺ കൊ “(സുനയ്യന-1976, സംഗീതവും രചനയും- രവീന്ദ്ര ജെയ്ൻ), “ജബ് ദീപ് ജലേ അനാ “(ചിത് ചോർ 1976-സംഗീതവും രചനയും- രവീന്ദ്ര ജെയ്ൻ ), “ബീട്ടി ഹുയി രാത് കി “(അയാഷ്‌ -1982, സംഗീതം: രവീന്ദ്ര ജെയ്ൻ, രചന- ആനന്ദ് ഭാക്ഷി), “കൗൺ ഹേയ് അയി സാ ജിസേ ഫൂലോൻ “(രാധ ഔർ സീതാ -1979, സംഗീതവും രചനയും– രവീന്ദ്ര ജെയ്ൻ ), “സിന്ദഗി മഹക് ജാടി ഹെയ് “(സംഗീതം:ജയ് ദേവ്, വരികൾ- ഡോ: രഹി മസും റാസ )”ചാന്ദ് അ കേലാ ജയേ സഖിരി “(സംഗീതം: ജയ് ദേവ്, വരികൾ- ഡോ: രഹിമസും റാസ), “തു ജോ മേരെ സുർ മേൻ സു ർ മിലായെ “(ആലാപനം :യേശുദാസ് & ഹേമലത, സംഗീതവും രചനയും- രവീന്ദ്ര ജെയ്ൻ ), “ലോഗോൺ കേ ഖർ മേൻ രഹ് താ ഹൂൻ “(സംഗീതം: കനു റോയ്, വരികൾ- ഗുൽ സാർ) “ബോലേ തു ബാൻസുരി കഹിൻ ബ ജിതി “(സംഗീതം: രാജ് കമൽ, വരികൾ- പൂരാൻ കുമാർ ഹോഷ് ), ” ഉൾഫുട് കി നയി മൻസിൽ കോ ചലാ “(സംഗീതം: കല്യാൺ ജി, ആനന്ദ് ജി, രചന- ഖത്തീൽ ഷി ഹായ്) തുടങ്ങിയ അനേകം ഹിറ്റ് ഹിന്ദി ഗാനങ്ങൾ ഇന്ത്യൻ ഭാഷകളിലായി ഗാനഗന്ധർവ്വൻ സമ്മാനിച്ചു കഴിഞ്ഞു.

ഹിന്ദിയിലെന്ന പോലെ തെലുങ്കിലും യേശുദാസ് എന്ന ഗായകനിലൂടെ മലയാള ഭാഷയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മലയാളത്തിന്‍റെ ഘന ഗാംഭീര്യമായ ശബ്ദം അവിടെയും മുഴങ്ങിക്കേട്ടു. അതിർവരമ്പുകളില്ലാത്ത മനുഷ്യ വികാരത്തിന്‍റെ  അടയാളപ്പെടുത്തലിനു ഭാഷ ഒരു തടസ്സമല്ല. അപരിചിതരായ മനുഷ്യർ തമ്മിൽ സ്നേഹം കൊടുക്കപ്പെട്ടുന്നത് പോലെ തന്നെയാകുന്നു സംഗീതവും കലയും.”ഇതേലെ തരതരാല ചരിതം” (ആലാപനം യേശുദാസ് & സ്വർണലത, പെഡാറികാം- 1992, സംഗീതം: രാജ്, കോഠി, വരികൾ- ഭുവനചന്ദ്ര, വസെ പള്ളി കൃഷ്ണ ), “ഗാലിവാനലോ”(ചിത്രം: സ്വയംവരം, സംഗീതം- സത്യം), “സുഖല്ലേയ് തോചാവേ”(ചിത്രം: നിരീക്ഷണ, സംഗീതം- ഇളയരാജ, വരികൾ- ആചാര്യ അത്രെയാ), “കൊണ്ട കോന പാലായിനാ” (സംഗീതം: കോഠി, വരികൾ: ഭുവന ചന്ദ്ര, ഗുരുചരൺ, സായി ശ്രീ ഹർഷ) “ലളിത പ്രിയാ കമലം “(ആലാപനം: യേശുദാസ്, ചിത്ര, സംഗീതം: ഇളയരാജ, വരികൾ- ചെമ്പെലു സിരി വെണ്ണേല സീതാ രാമ ശാസ്ത്രി), “ദേവുടെ ഇച്ചാടു വീഥി ഒക്കടി “(അ ൻടു ലേനി കഥ -1976, സംഗീതം: എം എസ് വിശ്വനാഥൻ, വരികൾ- ആചാര്യ അട്രെയ),”യേനാ വാടിയേ തീരമോ “(ആലാപനം: എസ് പി ബാലസുബ്രഹ്മണ്യം, എസ് ജാനകി, യേശുദാസ്, വാണി ജയറാം, എസ് പി ശൈലജ, സംഗീതം- ഇളയരാജ ),”നാനവ സേവ ദ്രോഹമാ” (സംഗീതം – ഇളയരാജ, വരികൾ- ശ്രീ വെണ്ണേല) എന്നീ തെലുങ്ക് സിനിമ ഗാനങ്ങൾ യേശുദാസ് ആലപിച്ച അനേകം പാട്ടുകളിൽ ചുരുക്കം ചിലത് മാത്രമാണ്.

ഹിന്ദിയിലും തെലുങ്കിലുമെന്നപോലെ കന്നടയിലും യേശുദാസ് ഒരു പാട് ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.”അനുരാഗ ദല്ലി ഗന്ധർവ ഗാന”(ചിത്രം: ഗന്ധർവ്വ, സംഗീതം: ഹംസലേഖ, രചന- ഹംസ ലേഖ ), “രാരചാരീ ഹാദുവാ “(രാമ ചാരി, സംഗീതം: ഹംസ ലേഖ, രചന ഹംസ ലേഖ), “ഹാദൂൻ ദു നാ ഹാദു വേണു “(ചിത്രം- ശ്രുതി, സംഗീതം- എസ് എ രാജ് കുമാർ, വരികൾ- ആർ എൻ ജയ ഗോപാൽ ), “നൂറു കടലാ ദാതീ “(ബലേ കേശവാ, സംഗീതം: മനോരഞ്ജൻ പ്രഭാകർ, വരികൾ- എം എൻ വ്യാസ റാവു )”ഗൗരിയാരൂപം “(ചിത്രം- മധുര മൈത്രി, സംഗീതം: ഹംസ ലേഖ, രചന- ഹംസ ലേഖ ),”ഗുഡ്ഗു മിൻ ചൂ”(ചിത്രം- പുണ്ടാ പ്രചണ്ഡ, സംഗീതം: ഹംസ ലേഖ, രചന- ഹംസ ലേഖ ),”അമ്മാ അമ്മാ അന്നോ മാതു “(ചിത്രം: ഈ ജീവനിനങ്കാങ്കി, സംഗീതം- വിജയാനന്ദ്, വരികൾ- ഉദയ ശങ്കർ), “അടെ സാഗര “(ചിത്രം: പൃഥ്വിരാജ്, സംഗീതം: സാക്‌സ് രാജ, വരികൾ: വിജയ നരസിംഹ, ഹംസ ലേഖ, വി മനോഹർ ), “നഗുമോമു “(സംഗീതം – രാജ്, കോഠി, വരികൾ- ത്യാഗ രാജ കീർത്തനം, “എല്ലിടെ ബാലിനാ ജനപഥാ “(ചിത്രം- സ്നേഹ, സംഗീതം: വി രവിചന്ദ്രൻ, വരികൾ- കെ കല്യാൺ) എന്നിവ യേശുദാസ് കന്നടയിൽ ആലപിച്ച ഗാനങ്ങളാണ്.

അമ്മ മലയാളമായ തമിഴിലും  യേശുദാസ് ഒട്ടനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴിലെ യേശുദാസ് ആലപിച്ച മിക്ക ആദ്യ കാല ഗാനങ്ങളുടെയും സംഗീതം ചിട്ടപ്പെടുത്തിയത് എം എസ് വിശ്വനാഥനാണ്. “തങ്കത്തോണിയിലെ” (ഉലകംചുറ്റും വാലിബൻ ),”ദൈവം തന്ത വീട് “(അവൾ ഒരു തുടർക്കഥ ), “വിഴിയെ കഥയെഴുത്” (ഉരി മൈ കുരൽ), “മലരേ കുറിഞ്ചി മലരേ (ഡോ:ശിവ ),”അതിശയ രാഗം” (അപൂർവ്വ രാഗം), “മനൈവി അമൈവതെല്ലാം “(മന്മഥ ലീലൈ ),”കല്യാണ തേൻ നിലാ”(സംഗീതം:ഇളയരാജ ),”അമ്മാ എൻട്രുലായ് കഥാ “(സംഗീതം: ഇളയരാജ ) “എന്തെൻ നെഞ്ചിൽ നീങ്കതാ “സംഗീതം: ഇളയരാജ, ആലാപനം യേശുദാസ്, ജാനകി), “പച്ചായ് കിലുങ്ങൽ “(സംഗീതം- എ ആർ റഹ്‌മാൻ), “പൂവേ സെംപൂവേ”(ചിത്രം: സൊല്ല തുടിക്കുത് മനസ്സും- 1987, സംഗീതം: ഇളയ രാജ), “കണ്ണേ കലയ് മാനേ “(മൂൻട്രാം പിറയ്, സംഗീതം: ഇളയ രാജ, വരികൾ: കണ്ണടെശൻ),”ആരാരിരോ പാടിയതാരോ തൂങ്ങി” (ചിത്രം: തായ്ക്കൊരു താലാട്ടു- 1986, സംഗീതം- ഇളയ രാജ )എണ്ണിയാൽ ഒടുങ്ങാത്ത അനേകം ഗാനങ്ങൾ ആലപിച്ച യേശുദാസ് എന്ന മഹാ ഗായകന്‍റെ ശബ്ദം പതിയാത്ത ഭാഷ വിരളമാണ്.

സംഗീതത്തിന്‍റെ  ആത്മാവു  യേശുദാസ് എന്ന ഗായകന്‍റെ  നാദത്തിൽ കുടിയിരിക്കുന്നതായി ആ ശബ്ദത്തിന്‍റെ  ഇമ്പം വീണ്ടും തെളിയിച്ചു കൊണ്ടിരുന്നു. ഭാഷയും സംസ്കാരവും ദേശവും കാലവും കടന്ന് ദാസേട്ടന്‍റെ ശബ്ദം അന്നും ഇന്നും എന്നും അതേ യൗവ്വനത്തോടെ നമ്മുടെ ഹൃദയങ്ങളിലിരുന്ന് പാടുന്നു.

യേശുദാസ്- വയലാർ- ദേവരാജൻ ഹിറ്റ് പാട്ടുകൾ :

സംഗീതത്തിലെ ത്രിവേണി സംഗമം

കവിയായ വയലാറില്‍ നിന്നും ചലചിത്ര ഗാനരചയിതാവെന്ന മഹാനദിയുടെ ഉറവിടം ജി ദേവരാജൻ എന്ന സംഗീതജ്ഞനിൽ നിന്നാണ്.താള നിബിഡമായ ആ മഹാനദിയുടെ സംഗീതത്തിൽ യേശുദാസെന്ന നാദബ്ര ഹ്മവും ലയിച്ചു ചേരുമ്പോൾ ഒറ്റപ്പെട്ട വനാന്തരത്തിലെ അനേകം ശബ്ദങ്ങളില്‍  നിന്നും വേറിട്ട് മുഴങ്ങിക്കേ ൾക്കുന്ന ഒരൊറ്റ പക്ഷിയുടെ സംഗീതത്തിലേക്കു മാത്രം എല്ലാ കാതുകളും  സാകൂതം ശ്രദ്ധ തിരിക്കുന്നു.

       “ആരൊരാളെൻ കുതിരയെക്കെട്ടുവാൻ

      ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

     ദ്വിഗ് വിജയത്തിനെൻ സർഗ്ഗ ശക്തിയാ-

    മിക്കുതിരയെ വിട്ടയക്കുന്നു ഞാൻ “…

വയലാറിന്‍റെ ‘അശ്വമേധം’ എന്ന കവിതയില്‍ പാടും പോലെ അദ്ദേഹത്തിന്‍റെ സംഗീത്തിന്‍റെയും കാവ്യത്തിന്‍റെയും പടക്കുതിരകൾ മലയാള ചലച്ചിത്ര ലോകത്തേക്കു കുതിച്ചോടിയ വഴികളിലെല്ലാം നൂറു മേനി കൊയ്തെടുത്തു. ചലച്ചിത്രഗാന ശാഖയിൽ  ജയവിജന്മാരെപ്പോലെ അസാമാന്യ കൂട്ടുകെട്ടായിരുന്നു  ഇവരുടേതും. മലയാള ചലചിത്ര സംഗീതത്തില്‍ ‘വയലാർ – ദേവരാജൻ കൂട്ടുകെട്ട്’ എന്ന സംജ്ഞപോലും പിൽക്കാലത്ത് പിറവിയെടുത്തു. അത് മലയാള സംഗീതത്തിലെ സുവർണ കാലഘട്ടമായി പിന്നീട് കാലം അടയാളപ്പെടുത്തി.

മുന്നൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ മാസ്റ്റർക്ക് അഞ്ചുതവണ കേരളസർക്കാരിന്‍റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി, കർണാടി ക്, നാടൻ പാട്ടിന്‍റെ ഈണം എന്നിവ ചേർത്ത് വെച്ച ശൈലിയാണ് ദേവരാജൻ മാസ്റ്ററുടെ മിക്ക സംഗീതത്തിനും. ഏറ്റവും കൂടുതൽ രാഗങ്ങളുപയോഗിച്ചു കൊണ്ട് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തി. ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ 652 പാട്ടുകളാണ് യേശുദാസ് പാടിയിട്ടുള്ളത്. 1955 ൽ ഇറങ്ങിയ ‘കാലം മാറുന്നു’ എന്ന ചിത്രത്തിൽ ഒ എൻ വി രചിച്ച “ആ മലർ പൊയ്കയിൽ” എന്ന ഗാനമാണ് ജി ദേവരാജൻ മാസ്റ്റർ മലയാളത്തിൽ ആ ദ്യമായി ചിട്ടപ്പെടുത്തിയത്.

കവി എന്നതിലുപരി ഗാനരചയിതാവ് എന്നാണ് വയലാർ രാമവർമ്മ അറിയപ്പെട്ടിരുന്നത്. 1961ൽ ‘സർഗ്ഗ സംഗീതം’എന്ന കൃതിക്ക് ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ 1948ൽ ‘പാദമുദ്രകൾ’ എന്ന പേരിൽ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.’കൊന്തയും പൂ ണൂലും’(1950),’എനിക്ക് മരണമില്ല’(1995), മുളങ്കാട് (1955),ഒരു യൂദാസ് ജനിക്കുന്നു(1955),എന്‍റെ മാറ്റൊലിക്കവിത കൾ,രാവണ പുത്രി,സർഗ്ഗ സംഗീതം, അശ്വമേധം, സത്യത്തിനെത്ര വയസ്സായി, താടക, ആയിഷ, എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് സമാഹാരങ്ങൾ.

മലയാള സിനിമയിലെ  ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന ഷീല വയലാറിനെ ഓര്‍ക്കുന്നു; ”ഒരു തലമുറയിലെ ചെറുപ്പക്കാരികൾക്കെല്ലാം സിനിമ താരങ്ങളോടായിരുന്നു പ്രിയം. അശോക് കുമാർ, ദിലീപ് കുമാർ, രാജ് ക പൂർ ഇവരൊക്കെ. പക്ഷെ ഞാൻ അന്നും ആരാധിച്ചത് വയലാറിനെയാണ്. അദ്ദേഹത്തിന്‍റെ അക്ഷരങ്ങളെയാണ്. ഇന്നും ആ ആരാധനയ്ക്ക് മങ്ങലേറ്റിട്ടില്ല” (മാതൃഭൂമി). വയലാർ രാമവർമ്മയ്ക്കും തന്‍റെ പാട്ടെഴുത്തിൽ ഷീലയുടെ സ്വാധീനത്തെക്കുറിച്ച് ഏറെ പറയുവാനുണ്ട്, “സിനിമയിൽ നായികയെ വർണ്ണിച്ചു കൊണ്ട് എഴുതേണ്ടി വരുമ്പോൾ മുൻപ് കണ്ടിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു സ്ത്രീയെ മനസ്സിൽ കണ്ടാണ് സാധാരണ എഴുതുക. പക്ഷെ എഴുതേണ്ടത് ഷീലയെക്കുറിച്ചാണെങ്കിൽ ഞാൻ ഷീലയുടെ രൂപം മാത്രമേ മനസ്സിൽ കാണാറുള്ളു. കാരണം ഷീലയ്ക്ക് സമം ഷീലമാത്രം.”(മാതൃഭൂമി).

1965 ലിറങ്ങിയ’കൂടപ്പിറപ്പ്’എന്ന ചിത്രത്തിലാണ് വയലാർ”തുമ്പീ തുമ്പീ വാ വാ” എന്ന ഗാനം ആദ്യമായി എഴുതിയത്. 250 തിലേറെ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ആയിരത്തി മുന്നൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഇ രുപത്തിയഞ്ചോളം നാടകങ്ങളിൽ നൂറ്റിഅൻപതോളം  നാടകഗാനങ്ങളും എഴുതി. 1972 ൽ  “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” എന്ന ഗാനത്തിന് കേരള സർക്കാരിന്‍റെ മികച്ച ഗാന രചയിതാവിനുള്ള കേരള സംസ്ഥാന  ചലച്ചിത്ര അവാർഡ് ലഭിച്ചു. 1972 ലും 1974 ലും നെല്ല്, അതിഥി എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണപ്പതക്കം ), 1975 ലും മികച്ച ഗാനരചയിതാവിനുള്ള അവാർഡുകൾ ലഭിച്ചു.

 വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഒട്ടനവധി ഗാനങ്ങളും ആലപിച്ചിട്ടുള്ളത് യേശുദാസ് ആണ്. ദേവരാജൻ മാസ്റ്റർ സംഗീതം ചെയ്ത 652 പാട്ടുകൾ യേശുദാസ് ആലപിച്ചു.”സാമ്യമകന്നോരുദ്യാനമേ” (ദേ വി- 1972),”കറുത്ത സൂര്യനുദിച്ചൂ”(ദേവി -1972),”ആരാധനാ വിഗ്രഹമേ”(പ്രൊഫസർ- 1972),”മുത്തുമണി പളുങ്ക് വെള്ളം “(ആരോമലുണ്ണി -1972, ആലാപനം: യേശുദാസ്, രവിചന്ദ്രൻ ),”പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം”(ആരോമലുണ്ണി 1972),”പാടാം പാടാം ആരോമൽ” (ആരോമലുണ്ണി 1972), “അഗ്നി പർവതം പുകഞ്ഞു “(അനുഭവങ്ങൾ പാളിച്ചകൾ 1971),”കായാമ്പൂ കണ്ണിൽ “(നദി- 1969),”തങ്കഭസ്മ കുറിയിട്ട” (കൂട്ടുകുടുംബം-1969),”ഞാൻ നിന്നെ” (ശരശയ്യ- 1971),”ചന്ദ്രകളഭം” (1975),”സ്വർണത്താമര “(ശകുന്തള- 1965),”തങ്കത്തളികയിൽ “(ഗായത്രി- 1973), “പാരിജാതം (തോക്കുകൾ കഥ പറയുന്നു- 1968),”വെണ്ണതോൽക്കുമുടലോടെ” (ഒരു സുന്ദരിയുടെ കഥ -1972), “വീണ പൂവേ “(ജീവിക്കാൻ മറന്നു പോയ സ്ത്രീ- 1974), “ജമന്തിപ്പൂക്കൾ” (ഓമന- 1964), “മാലിനി നദിയിൽ “(ശകുന്തള -1965-ആലാപനം- യേശുദാസ്, പി സുശീല),”കുടമുല്ലപ്പൂവിനും” (ജ്വാല -1969, ആലാപനം: യേശുദാസ്, ബി വസന്ത),”ചക്രവർത്തിനീ “(ചെമ്പരത്തി -1972),”യവനസുന്ദരി” (പേൾ വ്യൂ -1970),”സ്വർണ്ണ ചാമരം”(യക്ഷി-1968, ആലാപനം: യേശുദാസ്, പി ലീല), “അഷ്ടമുടിക്കായലിലെ “(മണവാട്ടി- 1964,യേശുദാസ്, പി ലീല ),”സുമംഗലീ നീ ഓർമിക്കുമോ”(വിവാഹിത -1970),”പ്രവാചകൻ മാരെ” (അനുഭവങ്ങൾ പാളിച്ചകൾ-1971),”പ്രളയ പയോധിയിൽ” (മഴക്കാർ- 1974),”മൃണാളിനി” (അവൾ -1967),”കാളി ദാസൻ മരിച്ചു” (താര- 1970),”മായാജാലക വാതിൽ “( വിവാഹിത -1970),”കറുത്ത പെണ്ണെ കരിങ്കുഴലീ “(അന്ന ),”ദേവലോക രഥവുമായ് “(വിവാഹിത -1970),”മനുഷ്യൻ മതങ്ങളെ “(അച്ഛനും ബാപ്പയും -1972), “ചലനം ചലനം “(വാഴ് വേ മായം -1982), തുടങ്ങിയ അനേകം ചിത്രങ്ങ ളിൽ വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ അനശ്വര ഗാനങ്ങള പിറന്നിരിക്കു ന്നു.

അർത്ഥം കൊണ്ട്, സംഗീതം കൊണ്ട്, നാദം കൊണ്ട് സമ്പന്നമായിരുന്നു വയലാർ ദേവരാജൻ യേശുദാസ് കൂട്ടുകെട്ടിലുണ്ടായ മിക്ക ഗാനങ്ങളും. അതിൽ കലയും പ്രണയവും രാഷ്ട്രീയവും തത്വചിന്തയും ഉത്സവവും ഭക്തിയും  തുളുമ്പി നിന്നു. കവിതയും സംഗീതവും സംഗമിക്കുന്ന അപൂർമായൊരു ദൃശ്യം മലയാള ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു. 1975 ഒക്ടോബർ 27 നു വയലാർ രാമവർമ്മയും 2006 മാർച്ച്‌ 15 ന് ജി ദേവരാജൻ മാസ്റ്ററും ചലച്ചിത്ര ലോകത്തോട് വിട പറഞ്ഞു. ഒ എൻ വി വയലാറിനെ സ്മരിക്കുന്നത് ഇങ്ങനെ “ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്തു നമുക്ക് മുന്നേ നടന്നു പോയ സ്നേഹധനനായ മറ്റൊരു  ഓർഫ്യൂഡ് “എന്നാണ്. അതെ, സംശുദ്ധമായ കാവ്യകലയെ ആത്മാവായി പേറി നടന്ന കവിയെ, ആ ആത്മാവിനെ ജന കോടികളുടെ ഹൃദയത്തിലേക്ക് സംഗീതം കൊണ്ട് കുടിയിരുത്തിയ ദേവരാജന്‍ മാസ്റ്ററെന്ന സംഗീത ജ്ഞാനിയെ, അതിനു തന്‍റെ  നാദം കൊണ്ട് ജീവൻ നൽകിയ ഗാന ഗന്ധർവ്വനുമെല്ലാം ഇന്നും ആസ്വാദകരിൽ നിറഞ്ഞു നിൽക്കുന്നു.

ചെമ്പൈ : സംഗീതത്തിലെ ജ്ഞാന ബുദ്ധൻ

“ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍ തന്‍റെ ശംഖം കൊടുത്തവനേ… പാഞ്ചജന്യം കൊടുത്തവനേ….” യേശു ദാസിന്‍റെ ആലാപനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭക്തി രസം മാത്രമയിരുന്നില്ല. ഭഗവല്‍കൃപയാല്‍ അനുഗ്രഹീതനായ പ്രിയ ഗുരു ചെമ്പൈ വൈദ്യനാഥ ഭാഗവതരോടുള്ള ഗുരുഭക്തി കൂടിയായിരുന്നു. സംഗീതത്തിലൂടെ ഭഗവാനെ  കണ്ഠം കൊണ്ട് പൂജ ചെയ്ത നാദോപാസകൻ. സാമൂഹികമായ അരാജകത്വങ്ങള്‍ നില നിന്നിരുന്ന അക്കാലത്തും നാനാ ജാതി മതസ്ഥരായ ആളുകളുടെ ശിഷ്യത്വം സ്വീകരിച്ച പരമ സാത്വികൻ. എഴുപതു വർഷത്തെ സംഗീത തപസ്യയിൽ അനേകം വേദികളിൽ കച്ചേരി നടത്തി. സംഗീതം കൊണ്ടുള്ള അർച്ചനയിൽ ഗുരുവായൂരപ്പൻ  ആ മഹാ ഭക്തന്‍റെ മുന്നിൽ നിരവധി പരീക്ഷണങ്ങൾ കൊണ്ട് തന്നോടോപ്പം ചേർത്ത് നിർത്തി.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന ശുക്രനക്ഷത്രം ഭാരതീയ സംഗീതത്തിന്‍റെ ഉദയത്തെ ഔന്നത്യത്തിന്‍റെ അനന്തതയിലേക്ക് ഉയർത്തിക്കൊണ്ട് വന്നു. ആ മഹാ യോഗിയിൽ നിന്നും ഇടതടവില്ലാതെ കവിഞ്ഞൊഴുകിയ നാദ ബ്രഹ്മത്തിന്‍റെ സംഗീതധാരകൾ അനേകായിരം കാതുകളിൽ,ഹൃദയങ്ങളിൽ തടം നനച്ചു. രണ്ട് തവണ ശബ്ദം നഷ്ട്ടപ്പെട്ടപ്പോഴും അത് തിരിച്ചു കിട്ടിയപ്പോഴും തന്നെ ഗുരുവായൂരപ്പൻ പരീക്ഷിച്ചതാണെന്ന് ഭക്തി നിർഭരമായ വികാര പാരവശ്യത്തോടെ അദ്ദേഹം പലപ്പോഴായി ഓര്‍ക്കുന്നു.

1896 സെപ്റ്റoബർ ഒന്നിന് പാലക്കാട്‌ ജില്ലയിലെ ‘ചെമ്പൈ’ എന്ന അഗ്രഹാരത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവായിരുന്നു അദ്ദേഹത്തിന്‍റെ ഗുരു. ചെമ്പൈയുടെ മുതുമുത്തശ്ശൻ ചക്രതാനം സുബ്ബ അയ്യർ സംഗീതജ്ഞനായ ത്യാഗ രാജ സ്വാമികളുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ആത്മീയത നിറഞ്ഞ കാഴ്ചപ്പാടും ജീവിത ശൈലിയു മായിരുന്നു ചെമ്പൈയുടേത്. അദ്ദേഹത്തിന്‍റെ ശിഷ്യ ഗണത്തിൽപ്പെട്ട യേശുദാസ്, പി ലീല, ജയവിജയന്മാർ തുടങ്ങിയവര്‍ പിന്നീട് സംഗീതലോകത്തേക്കുള്ള മികച്ച സംഭാവനയായിരുന്നു. സംഗീതത്തിലെ ജ്ഞാന ബുദ്ധനായിരുന്നു ചെമ്പൈ. ആ നൂറ്റാണ്ടിൽ ചെമ്പൈ എന്ന മഹാനാദം ലോക സംഗീതത്തിന് കേരളത്തിൽ നിന്നുള്ള അതുല്യ സംഭാവനയായിരുന്നു.

12 വയസ്സ് മുതൽ 70 വയസ്സ് വരെ അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഒരു വർഷം പോലും ഒഴിവില്ലാതെ ഭഗവാനു കച്ചേരി നടത്തി. അനേകം വേദികളിൽ ചെമ്പൈ ആലപിച്ച കീർത്തനങ്ങളും കച്ചേരികളും പ്രശസ്തമാണ്. “വാതാപി ഗണപതി”, “രഘുവര”, “മനവ്യാല”, “കരുണ ചെയ് വാനെന്തു താമസം “, “എതുട നിള ചിതെ”,”അഗ്രേ പ ശ്യാമി”,”ബൻ തുരിതി”,”എന്ത വെടുകേ”, “രമണിയം”,”പവന ഗുരു”,”ക്ഷീര സാഗര”,”എന്തരോ മഹാനു ഭാവലു”, “സായം കാലേ”, “ശിവ ശിവയേന നാഥാ”, “മുന്നുറവാണ”, “മോഹന കല്യാണി”, “രഘുവംശ സു ധാ”, “രാമാ നിന്നെ”,”ജാനകി രാമനാ” എന്നിവ പ്രധാന കീർത്തനങ്ങളാണ്.

നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കൂടുതൽ അനശ്വരനാക്കി.1951- സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി അവാർഡ് 1972- പദ്മഭൂഷൺ, 1937 ൽ മൈസൂർ രാജാവിന്‍റെ ആസ്ഥാന വിദ്വാൻ പദവി, 1971 ൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ സംഗീത കലാനിധി ബിരുദം, തഞ്ചാവൂരിൽ നിന്ന് സംഗീത സാമ്രാട്ട് എന്നീ ബഹുമതികൾ ലഭിച്ചു. 1974- ഒക്ടോബർ 16ന് സംഗീതത്തിന്‍റെ  മഹാ ഭീഷ്മ യശശ്ശരീരനായി. ഒറ്റപ്പാലം പൂഴിക്കുന്നു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഗീതോത്സവ കച്ചേരി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിൽ ഒളപ്പമണ്ണ മനയിൽ വെച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു ചെമ്പൈ. ആ ശരീരം ഗുരുവായൂരപ്പനിലേക്ക് വിലയം പ്രാപിച്ചു. പിന്നീട് ആ മഹാ തേജസ്വിയുടെ സ്മരണാർത്ഥം പാലക്കാട്‌ ഗവ: മ്യുസിക് കോളേജ് ചെമ്പൈ മെമ്മോറിയൽ ഗവ മ്യുസിക് കോളേജ് എന്ന പേരിൽ അറിയപ്പെട്ടു.

അനായാസ മരണം ചെമ്പൈ  ആഗ്രഹിച്ചിരുന്നു. ആ അത്ഭുത പുരുഷന്‍റെ മോഹം ഭഗവാൻ സാധിച്ചു കൊടുക്കുകയും ചെയ്തു. ലളിതമായ ജീവിതം കൊണ്ട് അദ്ദേഹം ശിഷ്യർക്ക് മാതൃകയായിരുന്നു. ചെമ്പൈയുടെ മര ണാന്തരം യേശുദാസ് എല്ലാ വർഷവും കച്ചേരി നടത്തിവരുന്നു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ദേവസ്വം ബോർഡ്‌ എല്ലാ വർഷവും ചെമ്പൈ സംഗീതോത്സവം നടത്താറുണ്ട്. സംഗീതത്തിന്‍റെ ആ ശ്രേഷ്ഠ ഭാവത്തെ ഇന്നും സ്മരിക്കപ്പെടുന്നത് യേശുദാസ് അടക്കമുള്ള  അദ്ദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളിലൂടെയാണ്. അതെ, ഭാരതീയ സംഗീത പാരമ്പര്യത്തിനും അതിന്‍റെ പൈതൃകത്തിനും ലഭിച്ച ഭഗവൽ പ്രസാദമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ.

യേശുദാസ് – ദക്ഷിണാമൂർത്തി ഹിറ്റ് പാട്ടുകൾ ; സംഗീതത്തിലെ ദ്രോണാചാര്യർ

മലയാള ചലച്ചിത്രത്തിലെ ഗുരുതുല്യനായ സംഗീതജ്ഞന്‍. വി. ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിലുള്ള അദ്ദേഹത്തിന്‍റെ അഗാധമായ പാണ്ഡിത്യം ആ ഗാനങ്ങളിലും തെളിഞ്ഞു നിൽക്കുന്നു. യേശുദാസും സ്വാമികളും  തമ്മിലുള്ള ഗുരു ശിഷ്യ ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. യേശുദാസിന്‍റെ  പിതാവ് അഗസ്റ്റിൻ ജോസഫും ഗാനരചയിതാവ് അഭയദേവും സ്വാമികളും തമ്മിലുള്ള അതിരറ്റ സൗഹൃദത്തെപ്പറ്റി പല അഭിമുഖങ്ങളിലും യേശുദാസ് ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. ഗുരുവുമായുള്ള ആ സൗഹൃദത്തിന്‍റെ ആഴം സ്വാമികളുടെ മരണം വരെയുണ്ടായിരുന്നു.

കർണാടക സംഗീതജ്ഞനായ ദക്ഷിണാമൂർത്തി സ്വാമികൾ 125- ഓളം സിനിമകൾക്ക് സംഗീത സംവിധാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷാ ഗാനങ്ങൾക്കാണ് അദ്ദേഹം കൂടുതലും സംഗീതം നൽകിയിട്ടുള്ളത്. ഏഴു മക്കളിൽ വെച്ച് മൂത്ത കുട്ടിയായിരുന്നു ദക്ഷിണാമൂർത്തി. കുട്ടിക്കാലത്തെ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിനു മൂന്ന് വർഷത്തോളം തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയായിരുന്നു ഗുരു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി.

മലയാള ചലച്ചിത്രത്തിൽ ‘നല്ല തങ്ക’ എന്ന ചിത്രത്തിലാണ് സ്വാമികൾ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഈ സിനിമയിലെ നായകനും സ്വാമികളുടെ ഗാനമാലപിച്ചതും യേശുദാസിന്‍റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു. ഇന്നത്തെ പ്രമുഖ സംഗീത സംവിധായകനായ എ ആർ റഹ്‌മാന്‍റെ പിതാവായ ആർ കെ ശേഖർ സ്വാമികളുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചയിതാക്കളായ ഒ എൻ വി, പി ഭാസ്കരൻ, വയലാർ, അഭയ ദേവ്, ശ്രീകുമാരൻ തമ്പി എന്നിവർ അദ്ദേഹത്തിൽ സംഗീതത്തിൽ പാട്ടുകളെഴുതി. മാത്രമല്ല, പി സുശീല, പി ലീല, ഇളയരാജ, കല്യാണി മേനോൻ എന്നീ ഗായകരുടെയും സംഗീത സംവിധായകരുടെയും ഗുരു കൂടിയായിരുന്നു ദക്ഷിണാമൂർത്തി സ്വാമികൾ.

യേശുദാസ്- ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾക്ക് സ്വത സിദ്ധമായൊരു സൗന്ദര്യമുണ്ടായിരുന്നു. നിലക്കാത്ത ആ പ്രവാഹത്തിന്‍റെ ഒഴുക്ക് ആസ്വാദരുടെ ഹൃദയങ്ങളിൽ നനച്ചു കൊണ്ടിരുന്നു. ഊഷ്മളമായ തണുപ്പിന്‍റെ അനുഭൂതി പകരുവാൻ അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പാട്ടിന്‍റെ സംഗീത  സംവിധാനം ആരെന്ന് നാം തേടിപ്പോകുമ്പോൾ സ്വാമികളുടെ അടുത്ത് നമ്മളെത്തുന്നു. ഇദ്ദേഹമോ എ ന്നോർത്തു അത്ഭുതപ്പെട്ട് നമ്മൾ ആ ഉറവിടത്തിനു മുന്നിൽ നിന്ന് കൊണ്ട് വീണ്ടും അദ്ദേഹത്തിന്‍റെ പാട്ട് കേൾക്കുന്നു. അമൂർത്തവും ശാന്തവുമായ സംഗീതത്തിന്‍റെ മഹാപ്രപഞ്ചത്തെ നാമപ്പോൾ അനുഭവിച്ചറിയുന്നു.

ദക്ഷിണാമൂർത്തി സ്വാമികളുടെയും യേശുദാസിന്‍റെയും കൂട്ടുകെട്ടിൽ മലയാളത്തിലെഒരുപാട് സിനിമക ളില്‍ നിരവധി ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. 1965 ലിറങ്ങിയ ‘കാവ്യമേള’ എന്ന ചിത്രത്തില്‍ വയലാറിന്‍റെ രചനയിൽ യേശുദാസും പി ലീലയും ചേർന്നു ആലപിച്ച “സ്വപ്നങ്ങളെ”,”വാതിൽപ്പഴുതിലൂടെൻ ” (ഒ എൻ വി- ഇടനാഴിയിൽ ഒരു കാലൊച്ച -1985), “യേശുദാസും പി ലീലയും ചേർന്നു ആലപിച്ച “ചന്ദ്രികയിലലിയുന്നു “(ശ്രീകുമാരൻ തമ്പി -ഭാര്യമാർ സൂക്ഷിക്കുക -1968),”മനോഹരി നിൻ മനോരഥത്തിൽ” (ശ്രീ കുമാരൻ തമ്പി -ലോട്ടറി ടിക്കറ്റ് -1970), “ഇന്നലെ നീയൊരു സുന്ദര “(പി ഭാസ്കരൻ -സ്ത്രീ ),”കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും ” (വിലയ്ക്ക് വാങ്ങിയ വീണ -പി ഭാസ്കരൻ -1971),”ഹൃദയ സരസ്സിലെ “(ശ്രീകുമാരൻ തമ്പി -പാടുന്ന പുഴ 1968), “അകലെ നിന്ന് ഞാൻ “(ശ്രീകുമാരൻ തമ്പി-പ്രിയ സഖി രാധ -1982), കെ ജെ യേശുദാസും എൽ ആർ ഈശ്വരിയും ചേര്‍ന്ന് ആലപിച്ച “അക്കരെ നിക്കണ ചക്കരമാവിലെ “(തിക്കുറിശ്ശി -പൂജാപുഷ്പം -1969), “അഗ്നി കി രീടമണിഞ്ഞവളെ “(ഒ എൻ വി -അധ്യാപിക-1968),”അഗ്രെ പശ്യാമി തേജോ” (ഒ എൻ വി -ശ്രീ ഗുരു വായൂരപ്പാ -1972)”അഗ്രേ പശ്യാമീ” (കൃഷ്ണ ഗുരുവായൂരപ്പാ- മേല്പത്തൂർ- 1984), “അമ്മേ നീയൊരു ദേവാലയം”(ഒ എൻ വി- മിഴികൾ സാക്ഷി – 2008)”അർച്ചന ചെയ്തീടാം “(മാവേലിക്കര ദേവമ്മ- നാവടക്കൂ പണിയെടുക്കൂ- 1985)തുടങ്ങിയവ ദക്ഷിണാമൂർത്തിസ്വാമിയുടെ സംഗീതവും യേശുദാസിന്‍റെ നാദവും  കൂടിച്ചേർന്ന ശ്രദ്ധേയമായ ഗാനങ്ങളാണ്.

സംഗീതപാരമ്പര്യത്തിലൂടെ ആലാപനം കൊണ്ട് മലയാള ചല ച്ചിത്രത്തെ സമ്പന്നമാക്കിയ യേശുദാസിന്‍റെ  പിതാവ് മുതൽ, യേശുദാസിന്‍റെ മകനും (വിജയ് യേശുദാസ്), പേരക്കുട്ടി അമേയയ്ക്കും (വിജയ്‌യുടെ മകൾ) അദ്ദേഹം സംവിധാനം ചെയ്ത പാട്ടിൽ പാടുവാൻ അവസരം നൽകിയിട്ടുണ്ട്. എത്ര ബുദ്ധിമുട്ടുള്ള പാട്ടുകൾ പോലും അനായാസേന പാടുവാൻ സാധിച്ചത് ദക്ഷിണാമൂർത്തി സ്വാമികളുടെ സാന്നിധ്യം ഉളളത് കൊണ്ട് മാത്രമാണെന്ന് യേശുദാസ് പറയുന്നു.”അദ്ദേഹമില്ലെങ്കിൽ താനില്ല”യെന്ന്  യേശുദാസ് ഓർമ്മിക്കുന്നു.

ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ദക്ഷിണാമൂർത്തി സ്വാമികളെ തേടി വന്നിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം, ജെ സി  ഡാനിയേൽ പുരസ്‌കാരം, സംഗീത സരസ്വതി പുരസ്‌കാരം, സ്വാതിതിരുനാൾ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2013 ആഗസ്ത് രണ്ടിന് സംഗീതത്തിലെ മഹാനായ ഗുരുവര്യൻ സംഗീത ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്‍റെ ഓർമ്മയ്ക്കായി ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും മൊമെന്‍റോയും കയ്യെഴുത്ത് പ്രതികളും ഒരു മ്യുസിയമായി കണ്ണൂർ മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സൂക്ഷി ക്കുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ  ഓർമ്മകൾ അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയ ഓരോ പാട്ടിലും തുളുമ്പി നിൽക്കുന്നു.

യേശുദാസ് – ഇളയരാജ ഹിറ്റ് പാട്ടുകൾ;

ഇളയരാജ: തെന്നിന്ത്യൻ സംഗീതത്തിലെ ഇളയ ദളപതി

ചലച്ചിത്ര മേഖലയിൽ തെന്നിന്ത്യൻ സംഗീതത്തിലെ മുടി ചൂടാമന്നനാണ് ഇളയരാജ. ചെന്നൈ സ്വദേശിയാണെങ്കിലും ദേശങ്ങള്‍ക്കതീതമായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം. ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമാണ് ഇളയരാജ. 1976 ൽ ഇറങ്ങിയ ‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ  സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 4500 ഓളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം ചെയ്തു ഇദ്ദേഹം 800 ഓളം ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കി. മലയാള സിനിമയിൽ ഗാനഗന്ധര്‍വ്വന്‍റെ കൂട്ടുകെട്ടിൽ ഒത്തിരി ഹിറ്റ് ഗാനങ്ങൾ ഇളയരാജ മലയാളികള്‍ക്ക്  സമ്മാനിച്ചു.

തമിഴകത്തിന്‍റെ ഗ്രാമീണ സംസ്കാരവും വിശുദ്ധിയും നിഷ്കളങ്കതയും  ജീവിതവും അവിടുത്തെ ജനതയുടെ സംഗീതവുമായി ഇഴുകി ചേർന്നു നിൽക്കുന്നു. ഗ്രാമീണ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്ന സംഗീത ത്തോടൊപ്പം പാശ്ചാത്യ സംഗീതത്തെ ഉൾക്കൊള്ളിച്ച്  ഇളയരാജ ചലച്ചിത്ര സംഗീതത്തിൽ നവീനമായൊരു ശൈലി കൊണ്ട് വന്നു.’ലൈഫ് ഓഫ് മ്യൂസിക് ‘ എന്ന പേരില്‍ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി അ ദ്ദേഹത്തിന്‍റെ സഹോദരി പാര്‍വതി ജീവചരിത്രമെഴുതിയിട്ടുണ്ട്. ‘സംഗീതത്തിലെ ഇസൈ ജ്ഞാനി’ എന്നാണ് തമിഴകം ഇളയരാജയെ വിശേഷിപ്പിക്കുന്നത്.

1970 കളിൽ സംഗീതസംവിധായകൻ സലിൽ ചൗധരിക്കൊപ്പം സഹായിയായി ജോലി ചെയ്തുതുടങ്ങിയ ഇളയരാജ  പിന്നീട് ഇതര ഭാഷകളിലും തിരക്കേറിയ സംഗീതഞ്ജനായി. മലയാളം, തമിഴ്, ഹിന്ദി, മറാത്തി എന്നീ ഭാരതീയ ഭാഷകളിലെ ചലച്ചിത്ര ഗാനങ്ങൾക്ക് വേണ്ടി അദ്ദേഹം  ഈണമിടുകയും  ആലപിക്കുകയും ചെയ്തു. യേശുദാസ്- ഇളയരാജ കൂട്ടുകെട്ടൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. “അമ്പേ വാണീ വീണാ” (സൂര്യൻ 2007, രചന: ഗിരീഷ് പുത്തഞ്ചേരി), “അമ്മയെന്ന വാക്ക് കൊണ്ട്”(പൊന്മുടിപ്പുഴയോരം 1982, രചന:ഗിരീഷ് പുത്തഞ്ചേരി),”അരികേ അരികേ” (ദൂരം അരികെ 1980, രചന: ഒ എൻ വി),”അരുണ കിരണ ദീപം” (ഗുരു 1997,രചന: എസ് എൻ രമേശൻ നായർ,ആലാപനം:യേശുദാസ്,രാധികാ തിലക്)”അരുതേ അരുതേ തീമാരീ”(കല്ല് കൊണ്ടൊരു പെണ്ണ് 1998), “അൻപത്തൊൻപത് പെൺ പക്ഷീ” (ആലോലം 1982, രചന: കാവാലം നാരായണപ്പണിക്കർ, ആലാപനം: യേശുദാസ്, കല്യാണി മേനോൻ),”ആദിയുഷഃ സ്സന്ധ്യ പൂത്തതിവിടെ” (കേരളവർമ്മ പഴശ്ശിരാജ 2009, രചന:ഒ എൻ വി, ആലാപനം: യേശുദാസ്, എം ജി ശ്രീകുമാർ, വിധു പ്രതാപ്), “മണിക്കുട്ടിക്കുറുമ്പുള്ളോരമ്മിണി” (കളിയൂഞ്ഞാൽ, 1997, രചന: കൈതപ്രം),”കടൽക്കാറ്റിൻ” (ഫ്രണ്ട്സ് 1999, രചന: കൈതപ്രം), “മെല്ലെയൊന്നു പാടി” (മനസ്സിനക്കരെ 2003, രചന ഗിരീഷ് പുത്തഞ്ചേരി, ആലാപനം: യേശുദാസ്, ജ്യോത്സ്ന),”പൂങ്കാറ്റിനോടും കിളി”(പൂമുഖപ്പടിയിൽ നിന്നെയും കാത്ത് 1986, രചന:ബിച്ചു തിരുമല), “വാലിട്ടെഴുതിയ” (ഒന്നാണ് നമ്മൾ 1984, രചന: ബിച്ചു തിരുമല, ആലാപനം: യേശുദാസ്, ജാനകി ),”മാനെ മധുരക്കരിമ്പേ” (പിൻനിലാവ് 1983,രചന: യൂസഫലി കേച്ചേരി),” മെല്ലെ മെല്ലെ ചേർന്നു”(അപാരത 1992 രചന: ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ്, ചിത്ര),”പൂ കുങ്കുമപ്പൂ”(രസതന്ത്രം 2006, രചന: ഗിരീഷ് പുത്തഞ്ചേരി),”തുടങ്ങിയവ മലയാളത്തിലെ യേശുദാസ്- ഇളയരാജ കൂട്ടുകെട്ടിലെ നിത്യഹരിത ഗാനങ്ങളാണ്.

മലയാളത്തിൽ മാത്രമല്ല തമിഴിലും ഇളയരാജയുടെ സംഗീതത്തിൽ  യേശുദാസ് ആലപിച്ച ഒട്ടനവധി സൂപ്പർ ഹിറ്റ് പാട്ടുകൾ ഉണ്ടായിട്ടുണ്ട്.”രാജ രാജ സോഴൻ നാൻ” (രെട്ടൈ വാൽ കുരുവി,), “കണ്മണീ നീവര കാത്തി രുന്തേൻ “(തെൻട്രലൈ എന്നെ തൊടു,ആലാപനം:യേശുദാസ്,ഉമാരമൺ ),”നാൻ ഇരിക്കറയ് “(ചിന്നതായ്, ആ ലാപനം :യേശുദാസ്, സ്വർണ്ണലത ),”ആറടി സുവറുതാൻ”(ഇത് നമ്മ ഭൂമി,യേശുദാസ്,സ്വർണ്ണലത)”എന്തൻ നെ ഞ്ചിൽ”(കലയ്ങ്കൻ, ആലാപനം :യേശുദാസ്, ജാ നകി ), “പുതു റൂടുലതാൻ”(മീര,ആലാപനം:യേശുദാസ്,ചിത്ര), “കണ്ണാലെ കാതൽ കവിതയ് “(ആത്മ, ആലാപനം :യേശുദാ സ്, ജാനകി ), “കുങ്കുമം മഞ്ഞള്ക്ക് “(എങ്ക മുതലാ ളി,ആലാപനം :യേശുദാസ്,ജാനകി),”എന്നയ് തൊടർന്തു”(മമ്മിയാർ വീട്, ആലാപനം:യേശുദാസ്,ജാനകി ),”ഒ രു രാഗം തരാന്ത വീണയ്”(ഉന്നയി വാഴ്ത്തി പാടുഗേൻ, ആലാപനം:യേശുദാസ്, ജാനകി),”ചിന്ന ചിന്ന “(രാജ കുമാരൻ,ആലാപനം :യേശുദാസ്,ജാനകി ),”ആഗായാ ഭൂമി”(വീരമണി-ആലാപനം:യേശുദാസ്, രാധിക ).എ ന്നിവ ഇന്നും തമിഴകത്തിന്‍റെ  സൂപ്പർ ഹിറ്റ് പാട്ടുകളിൽ മുൻപിൽ തന്നെ .

തെന്നിന്ത്യൻ സംഗീതത്തിലെ ദളപതിയായ ഇളയരാജയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2012 ൽ സിംഫണി എന്ന സംഗീത പരീക്ഷണത്തിന് കേന്ദ്ര സാഹിത്യ നാടക അക്കാദമി അവാർഡ് ലഭിച്ചു. 1993 ൽ ക്ലാസ്സിക്കൽ ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് സ്വർണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കി. 1991ൽ ദളപതി എന്ന ചിത്രത്തിലെ “രാക്കമ്മ കയ്യെത്തട്ട്” എന്ന ഗാനത്തിന് ലോകത്തിലെ മിക ച്ച ഗാനങ്ങളുടെ ബിബിസി പട്ടികയിൽ നാലാം സ്ഥാനം  ലഭിച്ചു.

2010ൽ ഭാരത സർക്കാരിന്‍റെ പത്മഭൂഷൺ ലഭിച്ചു. നാലു തവണ ദേശീയ പുരസ്‌കാരം ലഭിച്ചു.1984 ൽ മികച്ച സംഗീത സംവിധായകൻ (സാഗര സംഗമം –തെലുങ്ക് ),1986ൽ (സിന്ധു ഭൈരവി -തമിഴ് ),”1989ൽ രുദ്രവീണ-തെലുങ്ക് ), മികച്ച പശ്ചാത്തല സംഗീതം 2009 ൽ പഴശ്ശിരാജാ (മലയാളം). കേരള സംസ്ഥാന അവാർഡ് മൂന്നു തവണ ലഭിച്ചു. മികച്ച പശ്ചാത്തല സംഗീതം: 1994 സമ്മോഹനം, 1998 കല്ലുകൊണ്ടൊരു പെണ്ണ്, 1995 കാലാപാനി(മികച്ച സംഗീത സംവിധായകൻ ). തെന്നി ന്ത്യൻ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും സൗന്ദര്യമാണ് ഇളയരാജ എന്ന സംഗീതജ്ഞൻ.

യേശുദാസ് – പി ജയചന്ദ്രൻ മലയാളത്തിലെ ഹിറ്റ് യുഗ്മ ഗാനങ്ങൾ

ഭാവഗീതകങ്ങളിലെ രാഗചന്ദ്രോദയം

മലയാള ചലച്ചിത്ര ഗാന ലോകത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗായകര്‍,കൂട്ടത്തില്‍ എക്കാലത്തെയും നിത്യ സുന്ദരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച ഭാവ ഗായകൻ എന്നു  വിശേഷിപ്പിക്കപ്പെടുന്ന പി ജയചന്ദ്രൻ ആസ്വാദകരുടെ ഇഷ്ട ഗായകനാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചു. ഒഴുക്കുള്ള ആലാപന ശൈലിയാണ് ജയചന്ദ്രൻ പാട്ടുകളുടെ പ്രത്യേകത. അദേഹത്തിന്‍റെ പിതാവ് രവി വർമ്മ സംഗീതജ്ഞനായിരുന്നു. സ്കൂൾ പഠന കാലങ്ങളിൽ മൃദംഗം, ചെണ്ട, കഥകളി, ചാക്യാർകൂത്ത് എന്നീ കലകളിൽ കഴിവ് തെളിയിച്ചു.

സ്കൂൾ പഠനകാലമായ 1958 ൽ അവിചാരിതമായി സമകാലികനായ യേശുദാസിനെ യുവജനോത്സവത്തില്‍  വെച്ച് കണ്ടു മുട്ടുകയും അവര്‍ ഒന്നിച്ചു വേദി പങ്കിടുകയും ചെയ്തു. ആ വർഷം തന്നെ ജയചന്ദ്രനു ലളിത ഗാനത്തിലും മൃദംഗ വായനയിലും ഒന്നാം സ്ഥാനവും, യേശുദാസിനു ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. പിന്നീടങ്ങോട്ട് ചലച്ചിത്ര ലോകത്ത് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു എന്നത് കാലത്തിന്‍റെ കാവ്യ നീതി.

പഠനം കഴിഞ്ഞു മദ്രാസിലെത്തിയ ജയചന്ദ്രനെ സഹോദരനും യേശുദാസിന്‍റെ സുഹൃത്തുമായ സുധാകരന്‍ വഴിയാണ് ചലച്ചിത്ര മേഖലയിലേക്കുള്ള  പാത തുറന്നത്. മദ്രാസിലെ ഗാനമേളയിൽ വെച്ച് പാടിയ പാട്ട് കേട്ട സംവിധായകൻ എ വി വിന്‍സെന്‍റിന്‍റെ സിനിമയിലേക്കുള്ള നിർദ്ദേശം നിർണായകമായി. ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തിൽ പി ഭാസ്കരൻ രചിച്ച് ചിദംബരനാഥ് ചിട്ടപ്പെടുത്തിയ “ഒരു മുല്ലപ്പൂമാലയുമായ്” എന്ന ഗാനമാണ് പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തി പി ഭാസ്കരൻ രചിച്ച ‘ക ളിത്തോഴൻ’ എന്ന ചിത്രത്തിലെ “മഞ്ഞലയിൽ മുങ്ങിത്തോർത്തി” എന്ന ഗാനത്തോടൊപ്പം ജയചന്ദ്രന്‍ എന്ന ഗായകനും മലയാളി മനസ്സില്‍  സൂപ്പർ ഹിറ്റായി.

ആൺ- പെൺ യുഗ്മ ഗാനങ്ങള്‍ നമ്മള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്നാൽ പാട്ടിൽ ആൺ- പെൺ യുഗ്മഗാനങ്ങൾ മാത്രമല്ല, ആൺ – ആൺ യുഗ്മ ഗാനങ്ങളും പെൺ – പെൺ യുഗ്മഗാനങ്ങളും ഉണ്ടായിട്ടുണ്ട്. ഉത്സവം, സൗഹൃദം, ഭക്തി, എന്നീ വികാരങ്ങളുടെയും സാഹചര്യങ്ങളുടെയും പിൻബലത്തിലാണ് ഈ ഗണത്തിൽ പെട്ട  ഗാനങ്ങൾ പിറന്നത്. ഇത്തരം യുഗ്മ ഗാനങ്ങൾ വിരളമെങ്കിലും സൃഷ്ടിക്കപ്പെട്ടതെല്ലാം സംഗീതത്തിന്‍റെ സൗന്ദര്യധാരയെ ഉൾക്കൊള്ളുന്ന ഗാനങ്ങളായിരുന്നു.

യേശുദാസും പി ജയചന്ദ്രനും ചേർന്നു പാടിയ ചുരുക്കം നിത്യ സുന്ദര ഗാനങ്ങള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്.1982ൽ ഇറങ്ങിയ ‘ചിരിയോ ചിരി ‘എ ന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ബിച്ചു തിരുമല എഴുതി യേശുദാസും ജയചന്ദ്രനും ചേര്‍ന്ന് പാടിയ “സമയരഥങ്ങളിൽ ” എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. “മൈക്കലാഞ്ചലോ”(1966 ജയിൽ, സംഗീതം: ജി ദേവരാജൻ, രചന: വയലാർ),”ഇവിടമാണീശ്വര” (1975 ബാബു മോൻ, രചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സംഗീതം: എം എസ് വിശ്വനാഥൻ), “പാടാം പാടാം ആരോമൽ”(ആരോമലുണ്ണി 1975, രചന: വയലാർ, സംഗീതം: ദേവരാജൻ), “തുറുപ്പു ഗുലാന്‍ ഇറക്കിവിടെൻ” (1977 തുറുപ്പു ഗുലാൻ, രചന: ശ്രീകുമാരൻ തമ്പി, സംഗീതം: വി ദക്ഷിണാമൂർത്തി),”അന്തിയിളം കള്ള്” (1979 മാണികോയ കുറുപ്പ്, രചന: പി ഭാസ്കരൻ, സംഗീതം: എം എസ് വിശ്വനാഥൻ), “ആരറിവും” (1994 സി ഐ ഡി ഉണ്ണികൃഷ്ണൻ, സംഗീതം: ജോൺസൻ, രചന: ബിച്ചു തിരുമല, ആലാപനം: യേശുദാസ്, പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ), “ഗോമേദകം കയ്യിലേന്തി “(1983 ഹിമം, സംഗീതം: ശ്യാം, രചന: ബിച്ചു തിരുമല), “പരിപ്പുവട തിരുപ്പൻ കെട്ടിയ” (ദ്വന്ദ്വയുദ്ധം 1981 രചന: പി ഭാസ്കരൻ, സംഗീതം: ജെറി അമൽദേവ് )” പൊന്നിന്‍ കട്ട ആ ണെന്നാലും” (കണ്ണപ്പനുണ്ണി 1977, രചന: പി ഭാസ്കരന്‍, സംഗീതം: കെ രാഘവന്‍ )എന്നിവ ആൺ- ആൺ യുഗ്മ ഗാനങ്ങളിലെ ഹിറ്റ്‌ പാട്ടുകളാണ്.

മലയാള സിനിമയുടെ ഭാവ ഗായകൻ തന്‍റെ അനായാസകരമായ ആലാപന ശൈലിയിലൂടെ നിരവധി പുര സ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് ഒരു തവണ, മികച്ച പി ന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡ് അഞ്ചു തവണ, മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സംസ്ഥാനഅവാർഡ് നാലു തവണ, 2001 ൽ ആദ്യ സ്വരലയ കൈരളി പുരസ്‌കാരം, എന്നീ അംഗീകാരങ്ങൾ നേടിയ ജയചന്ദ്രൻ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹരിഹരന്‍റെ നഖക്ഷതങ്ങൾ, ഒ. രാംദാസിന്‍റെ കൃഷ്ണപ്പരുന്ത്, കെ ജി ജോർജ്ജിന്‍റെ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, വി കെ പ്ര ശാന്തിന്‍റെ ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2008 ൽ എ ആർ റഹ്‌മാന്‍റെ സംഗീതത്തിലാണ് ആദ്യമായി ഹിന്ദിയിൽ പാടുന്നത്. മലയാളത്തിൽ ആയിരത്തിലധികം ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ ഇന്നും മലയാള സിനിമാ ഗാന ശാഖയിൽ പുത്തൻ തന്നെ.

യേശുദാസ് -എം ബി എസ് മലയാളത്തിലെ ഹിറ്റ് പാട്ടുകൾ :

             എം ബി എസും കാവ്യ സംഗീതവും

മലയാള സിനിമയിലൂടെ ഇന്ത്യന്‍ സിനിമയെയും ലോക സിനിമയെയും അടയാളപ്പെടുത്തിയ മഹാന്മാരായ കലകരന്‍മാരുണ്ട്.എന്നാല്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അപൂര്‍വ്വം കലാകാരന്‍മാരും നമുക്കുണ്ട്. എം ബി ശ്രീനിവാസൻ എന്ന അതുല്യനായ സംഗീതജ്ഞൻ അതിലൊരാളാണ്. അദ്ദേഹം മലയാള സംഗീതത്തിന് നൽകിയ മികച്ച ഗാനങ്ങൾ ശ്രേഷ്ഠരായ അനേകം ഗായകരെ നമുക്ക് സമ്മാനിച്ചു. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ എം ബി എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന എം ബി ശ്രീനിവാസന്‍റെ സ്വദേശം ആന്ധ്രപ്രദേശാണ്. മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ് അദ്ദേഹത്തിന്‍റെ യഥാർത്ഥ നാമം. കർണാടിക്, ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ പാണ്ഡിത്യം നേടിയ ഇദ്ദേഹം സിനിമയിലൂടെ സംഗീത ലോകത്തിലേക്ക് 1995ൽ ആദ്യ ചുവട് വെച്ചു.

ഒമ്പതോളം തമിഴ് സിനിമകളിൽ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട് എം ബി ശ്രീനിവാസന്‍. മലയാള സിനിമ ഗാനചരിത്രത്തിൽ നവീനമായൊരു തുടക്കം കുറിക്കാൻ എം ബി ശ്രീനിവാസനു കഴിഞ്ഞിട്ടുണ്ട്. അത് മറ്റൊ ന്നുമല്ല, യേശുദാസ് എന്ന ഗായകനെ പിന്നണി ഗാനരംഗത്തിലൂടെ അത്യുന്നതങ്ങളിലേക്കെത്തിച്ചത് എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ “ജാതി ഭേദം മതദ്വേഷം” എന്ന ഗാനമാണ്. പിന്നീട് എം ബി എസ് എന്ന സംഗീതജ്ഞന്‍റയും, യേശുദാസ് എന്ന നാദ ബ്രഹ്മത്തിന്‍റെയും ഉജ്ജ്വലമായ വിജയഗാഥയ്ക്ക് ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു.

കവിത നിറഞ്ഞ, അതിന്‍റെ അർത്ഥവും വ്യാപ്തിയും സമ്മിശ്രമായ മനോഹരമായൊരു ശില്പമായിരുന്നു എം ബി ശ്രീനിവാസന്‍റെ  സംഗീതം. ആ സംഗീതത്തിന്‍റെ  ലാളിത്യവും മൃദുത്വവും സിനിമയെക്കൂടി മിഴിവുറ്റതാക്കുന്നു. ഗാന രംഗത്തിനനുസൃതമായ മിതവും ഒതുക്കവുമുള്ള സംഗീതം ചിട്ടപ്പെടുത്താൻ അദ്ദേഹം കുറച്ചു മാത്രമേ വാദ്യോപകരണങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. നിശബ്ദതയെപ്പോലും തന്‍റെ സംഗീതം കൊണ്ട് അർ ത്ഥവത്താക്കാൻ അദ്ദേഹത്തിനുള്ള പാണ്ഡിത്യം നമ്മെ അതിശയിപ്പിക്കും.

1961- ൽ പുറത്തിറങ്ങിയ ‘സ്വർഗ്ഗ രാജ്യം’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്‍റെ രചനയിലും പിന്നീടിറങ്ങിയ ‘കൽപ്പടവുകൾ’ എന്ന ചിത്രത്തിലും സംഗീതം ചിട്ടപ്പെടുത്തിയെങ്കിലും മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ത് മൂന്നാമത്തെ ചിത്രമായ ‘സ്നേഹ ദീപ’മാണ്. ഇതിലെ ഗാനരചനയും ഭാസ്കരൻ മാഷ് തന്നെ. “ഒരു വട്ടം കൂടിയെൻ”, “പോക്കുവെയിൽ പൊന്നുരുകി “, “ചൈത്രം ചായം ചാലിച്ചു” (ചിത്രം- ചില്ല്, രചന: ഒ എൻ വി ), “നിറങ്ങൾ തൻ നൃത്തം” (ചിത്രം: പരസ്പരം, രചന: ഒ എൻ വി, ആലാപനം: എസ് ജാനകി ),”ഭരത മുനിയൊരു കളം വരച്ചു “, “ചെമ്പക പുഷ്പ ” (ചിത്രം- യവനിക, രചന: രചന: ഒ എൻ വി), “എന്‍റെ കടിഞ്ഞൂൽ പ്രണയ കഥയിലെ” (ചിത്രം:ഉ ൾക്കടൽ,രചന :രചന :ഒ എൻ വി )സംഗീതാസ്വാദകന് എം ബി എസിന്‍റെ കവിത തുളുമ്പുന്ന ഇത്തരം ചില ഗാനങ്ങളായിരിക്കും അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക.

എം ബി ശ്രീനിവാസൻ -യേശുദാസ് കൂട്ടുകെട്ടിൽ  പിറന്ന ഒട്ടനവധി ഗാനങ്ങൾ യുഗ്മ ഗാനങ്ങളുടെ പട്ടികയിലും പെടുന്നു.”ആരെ കാണാൻ അലയുന്നു” (ചിത്രം -കണ്ണും കരളും, 1962, ആലാപനം: യേശുദാസ്, രേണുക, രചന :വയലാർ),”മാടത്തിൻ മക്കളെ” (ചിത്രം: പുതിയ ആകാശം പുതിയ ഭൂമി, 1962,ആലാപനം: യേശുദാസ്, കെ എസ് ജോർജ്, ഉദയഭാനു, പി ലീല) 1963 ല്‍ ഇറങ്ങിയ ’കലയും കാമിനിയും’ എന്ന ചിത്രത്തിലെ “കാലത്തീ പൂമരച്ചോട്ടിൽ” (ആലാപനം: യേശുദാസ്, റാണി, എൽ ആർ ഈശ്വരി),”കഥയില്ല എനിക്ക്” (ആലാപനം: യേശുദാസ്, പി ലീല), “കണ്ടില്ലേ വമ്പ് “(ആലാപനം -യേശുദാസ്, പി ലീല),”പോയ്‌പ്പോയ കാലം  ആലാപനം – യേശുദാസ്, പി സുശീല), “ദീപമേ നീ നടത്തുക”(ചിത്രം: അൾത്താര, 1964, യേശുദാസ്, രചന: മുരളി), “കാട്ടു പൂവിൻ കല്യാണ ത്തിന് ” (ചിത്രം: പുത്രി, 1966, രചന: ഒ എൻ വി), “കടലിനെന്തു മോഹം”(ചിത്രം: കടൽ, 1968,രചന: ശ്രീകുമാരൻ തമ്പി) “ജീവിതത്തിലെ നാടകമോ” (ചിത്രം: അപരാധിനി: 1968, രചന: പി ഭാസ്കരൻ), “ഒരു മധുവിധു സ്വപ്നമല്ല” (ചിത്രം: മധുവിധു 1970 രചന: ഒ എൻ വി), “രാവ് മായും നിലാവ് മായും”(ചിത്രം: മധുവിധു, രചന :ഒ എൻ വി),”അമൃത കിരണത്തിൻ”(ചിത്രം:വിമോചന സമരം, 1971,ആലാപനം: യേശുദാസ്, ജാനകി, രചന: പി ഭാസ്കരൻ),”ചിരിച്ചപ്പോൾ” (പ്രതികാരം 1972, ആലാപനം: യേശുദാസ്, അരുണ ,രചന: ശ്രീകുമാരൻ തമ്പി),”നളന്ദ തക്ഷ ശിലാ”(വിദ്യാർത്ഥികളെ ഇതിലേ ഇതിലേ -1972, രചന: വയലാർ),”കന്മദം മണക്കും “(ഇനിയൊരു ജന്മം തരൂ -1972, രചന: വയലാർ ),”മാംസ പുഷ്പം വിരിഞ്ഞ “(ഇനിയൊരു ജന്മം തരൂ,രചന: വയലാർ),”ശബ്ദ സാഗര നന്ദിനിമാരെ” ( ഇനിയൊരു ജന്മം തരൂ”(യേശുദാസ്, ജയ, വിജയ, ജാനകി, രചന: വയലാർ), “സ്വാഗതം സ്വപ്ന സഖി “(ചിത്രം: ഇനിയൊരു ജന്മം തരൂ, രചന: വയലാർ),”ആയിരം കണ്ണുള്ള”(ചിത്രം:കന്യാകുമാരി 1974, രചന: വയലാർ, ആലാപനം: യേശുദാസ്:)”ചന്ദ്രപ്പളുങ്ക് “(രചന: വയലാർ, ആലാപനം: യേശുദാസ്, ജാനകി), “ഭഗവാന്‍റെ മുന്നിൽ ചിത്രം മറയ്ക്കാൻ “(ചിത്രം: സ്വർണ വിഗ്രഹം, ആലാപനം: യേശുദാസ്, അടൂർ ഭാസി, രചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ),”സ്വര്‍ണ വിഗ്രഹമേ “(ചിത്രം: സ്വർണ വിഗ്രഹം, ആലാപനം: യേശുദാസ്, ജാനകി, രചന: മങ്കൊമ്പ് ഗോപാല കൃഷ്ണ ൻ),”സർവ്വം ബ്രഹ്മമയം “(ചിത്രം: പ്രയാണം 1975, രചന: ബിച്ചു തിരുമല ), “ഹേമന്തിനീ “(ചിത്രം: ശിവ താണ്ഡവം 1977, രചന: പെരുമ്പുഴ ഗോപാല കൃഷ്ണൻ , “മനസ്സൊരു മാന്ത്രിക കുതിരയായ്”(ചിത്രം:മേള 1980, രചന: മുല്ലനേഴി), “താഴിക ചൂടിയ” (ചിത്രം: വേനൽ 1981, രചന: കാവാലം നാരായണപ്പണിക്കർ ),”എന്നീ ചിത്രങ്ങളിൽ എം ബി ശ്രീനിവാസൻ എന്ന സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ മിക്കതും നിത്യഹരിതമാണ്.

ആദ്യ കാല മലയാള സിനിമകളിൽ കവികളായ ഗാന രചയിതാക്കളുടെ പാട്ടിൽ നിറഞ്ഞു നിൽക്കുന്ന അർ ത്ഥവും വൈകാരികതയും അതിലേ ആത്മാവും തന്‍റെ  സംഗീതത്തിൽ കൊണ്ട് വരാൻ എം ബി എസ് വിജ യിച്ചിട്ടുണ്ട്. അതിനു ജീവൻ നൽകാൻ ഗാന ഗന്ധർവ്വന്‍റെ ശബ്ദ സൗകുമാര്യം അവതരിപ്പിക്കപ്പെട്ടു. ജന ഹൃദയങ്ങൾ അതേറ്റു പാടിയപ്പോൾ മലയാള ചലച്ചിത്ര ലോകവും സംഗീതവും ഏറെ കാതം മുന്നിലോട്ട്  സഞ്ച രിച്ചു കഴിഞ്ഞിരുന്നു. 1988 മാർച്ച്‌ ഒൻപതിന് എം ബി എസ് എന്ന എം ബി ശ്രീനിവാസൻ ചലച്ചിത്ര സംഗീത ലോകത്തോട് വിട പറഞ്ഞു എങ്കിലും എം ബി എസ് എന്ന സംഗീതഞ്ജന്‍ ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ ഇഷ്ടപാട്ടുകളുടെ സ്രഷ്ട്ടാവായി നിറഞ്ഞു നില്ക്കുന്നു.

യേശുദാസ്-എം എസ് വിശ്വനാഥൻ ഹിറ്റ് പാട്ടുകൾ;

എം എസ് വി: സംഗീതത്തിലെ കാഥികൻ

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രഗത്ഭനായ സംഗീതജ്ഞനാണ് എം എസ് വിശ്വനാഥന്‍. സംഗീതത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച കലാകാരൻ. അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിച്ച ഗായകൻ. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെയും എഴുപതുകളുടെയും ചലച്ചിത്ര വർഷങ്ങളിൽ സംഗീതത്തിൽ തന്‍റേതായ ആഖ്യാന ശൈലി സ്വീകരിച്ച എം എസ് വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന എം എസ് വിശ്വനാഥൻ എന്ന സംഗീത സാമ്രാട്ടിന്‍റെ ജനനം പാലക്കാട്‌ ജില്ലയിലാണ്.

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി എം എസ് വിശ്വനാഥൻ  ആയിരത്തിലേറെ പാട്ടുകൾക്ക് സംഗീതം നൽകി. അക്കാലത്ത് തമിഴിലെ പ്രശസ്ത സംഗീതജ്ഞനായിരുന്ന ടി കെ രാമമൂർത്തിക്കൊപ്പം ആദ്യ കാലത്ത് സഹായിയായി പ്രവർത്തിച്ചു. പിന്നീട് 1952 ലിറങ്ങിയ ‘പണം’ എന്ന ചിത്രത്തിൽ സംഗീത സംവിധായകനായി തുടക്കം കുറിച്ചു. സിനിമയിലും സംഗീതത്തിൽ സജീവമായതോടു കൂടി ഒട്ടേറെ പുതുമുഖ കലാപ്രതിഭകളെ അദ്ദേഹം മുഖ്യധാരയിലേക്ക് കൊണ്ട് വന്നു. കണ്ണദാസനാണ് ഇവരുടെ ഗാനങ്ങൾ മിക്കതും എഴുതിയിരിക്കുന്നത്. ലളിതമായ സംഗീതം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ എം എസ് വിയെ തമിഴകം “മെല്ലി സൈ മന്നർ ” (ലളിത സംഗീതത്തിന്‍റെ രാജാവ്) എന്ന് വിളിച്ചു. വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങളാണ് എം എസ് വിയുടെ മുഖമുദ്ര.

മലയാള ചലച്ചിത്ര സംഗീതത്തിനും മികച്ച ഗാനങ്ങൾ എം എഎസ് വിയുടെ അതുല്യമായ സംഭാവനകളാണ്. കാഥികന്‍റെ ശൈലിയിലുള്ള മിക്ക ഗാനങ്ങളിലും അന്തർലീനമായിക്കിടക്കുന്ന അർത്ഥതലങ്ങളിലേക്ക് ആസ്വാദകരെ തന്‍റെ സംഗീതത്തെ കൊണ്ട് പോകാൻ എം എസ് വിക്ക് കഴിഞ്ഞിട്ടുണ്ട്.”വിശ്വസംഗീതത്തിൽ എം എസ് വിക്ക് തുല്യം എം എസ് വി തന്നെ “എന്നാണ് ഗായകൻ ജയചന്ദ്രൻ വിശേഷിപ്പിച്ചത്. (വിശ്വസം ഗീതം -രവി മേനോൻ).

മലയാളത്തിൽ എം എസ് വി  ചിട്ടപ്പെടുത്തിയതും ആലപിച്ചതുമായ ഗാനങ്ങളെല്ലാം പ്രശസ്തമാണ്. 1971ല്‍ ഇറങ്ങിയ ‘ലങ്കാദഹനം’ എന്ന ചിത്രത്തിലെ “ഈശ്വരനൊരിക്കൽ വിരുന്നിനു പോയി “,”സ്വർഗ്ഗ നന്ദിനീ”, “ശക്തി നായകാമുക്തി “(ജീവിതം ഒരു ഗാനം 1979, രചന :ശ്രീ കുമാരൻ തമ്പി),”ജനിച്ചതാർക്ക് വേണ്ടി” (സിംഹാസനം 1979, രചന :ശ്രീകുമാരൻ തമ്പി), “സ്വർഗ്ഗമെന്ന കാനനത്തിൽ” (ചന്ദ്രകാന്തം 1974, രചന:ശ്രീ കുമാരൻ തമ്പി), “വീണ പൂവേ” ജീവിക്കാൻ മറന്നു പോയ സ്ത്രീ 1974, രചന: വയലാർ ),”നാടൻ പാട്ടിന്‍റെ” (ബാബുമോൻ 1975, രചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ ),”അക്കരപ്പച്ച തേടി” (രാജയോഗം 1976, രചന: മങ്കൊമ്പ് ഗോപാല കൃഷ്ണൻ),”അടുത്താൽ അടി പണിയും” (അജയനും വിജയനും 1976 രചന: ശ്രീകുമാരൻ തമ്പി ), “അനുരാഗമെന്നാലൊരു” (ഉല്ലാസയാത്ര 1975 ശ്രീകുമാരൻ തമ്പി ),”അനുരാഗ സുരഭില (പഞ്ചമി 1976, രചന: യൂസഫലി കേച്ചേരി),”അന്തിയിളം കള്ള്” (മാണികോയ കുറു പ്പ്, ആലാപനം: യേശുദാസ്, പി ജയചന്ദ്രൻ ), അമ്പലത്തുളസിയുടെ “(സ്വർഗ്ഗ ദേവത 1980,രചന: മങ്കൊമ്പ് ഗോപാല കൃഷ്ണൻ),”അമ്പലവിളക്കുകാലണഞ്ഞു”(ദിവ്യദർശനം 1973, രചന: ശ്രീ കുമാരൻ തമ്പി ),”അമ്മേ ഭഗവതി “(അമ്മേ ഭഗവതി 1986, രചന: ശ്രീ കുമാരൻ തമ്പി), “അരയന്നപ്പിടയുടെ”( രതി മന്മഥൻ 1977,രചന :പാപ്പനം കോട് ലക്ഷ്മണൻ ),”മരച്ചീനി വിളയുന്ന “(ജീവിതം ഒരു ഗാനം  1979,രചന: ശ്രീ കുമാരൻ തമ്പി ), “ആദ്യ ചുംബന “(മാണി കോയ കുറുപ്പ് 1979, രചന: പി ഭാസ്കരൻ ),”എന്‍റെ രാജ കൊട്ടാരത്തിന്” (വേനലിൽ ഒരു മഴ 1979, രചന: ശ്രീകുമാരൻ തമ്പി),”പൂജക്കൊരുങ്ങി നിൽക്കും”(വേനലിൽ മഴ 1979, രചന: ശ്രീകുമാരൻ തമ്പി ),”അലകളിലെ” (അതിരാത്രം 1984, രചന: കാവാലം നാരായണപ്പണിക്കർ), “കനികൾ” (അതിരാത്രം1984, ആലാപനം- യേശുദാസ്, എസ് ജാനകി, രചന: കാവാലം നാരായണപ്പണിക്കർ), തുടങ്ങിയ ഗാനങ്ങൾ എം എസ് വി യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ഗാനങ്ങളാണ്.

തമിഴകത്തിന്‍റെ ഗാനവീഥികളിലേക്ക് ചുവട് വെച്ച യേശുദാസിന്‍റെ ആദ്യകാല ഹിറ്റ്‌ തമിഴ് പാട്ടുകൾ ചിട്ട പ്പെടുത്തിയതും എം എസ് വിശ്വനാഥനായിരുന്നു.അങ്ങനെ മലയാളത്തിലും തമിഴിലുമായി യേശുദാസിന്‍റെ ശബ്ദ സൗകുമാര്യം എം എസ് വിയുടെ ഈണത്തിലും പകർന്നു.”തങ്കത്തോണിയിലേ” (ഉലകം ചുറ്റും വാലിബൻ),”മലരേ കുറിഞ്ചി മലരേ” (ഡോ: ശിവ ), “മനൈവി അമൈ വതെല്ലാം “(മന്മഥ ലീലൈ ), “വിഴിയെ കഥയെഴുത് “(ഉരി മൈ കുരൽ), “ദൈവം  തന്ത വീട് “(അവൾ ഒരു തുടർക്കഥ), “അതിശയ രാഗം”(അപൂർവ്വ രാഗം) എന്നീ പാട്ടുകൾ ഇന്നും തമിഴകത്തിന്‍റെ ചുണ്ടുകളിൽ മൂളുന്നുണ്ട്.

സംഗീത സംവിധായകൻ മാത്രമല്ല,നല്ലൊരു ഗായകൻ കൂടിയാണ് എം എസ് വിശ്വനാഥൻ. അദ്ദേഹത്തിന്‍റെ ആലാപനത്തിനും  സംഗീതത്തിനും പ്രഗത്ഭനായൊരു കാഥികന്‍റെ അവതരണ പാടവമുണ്ട്. മലയാള സിനിമ യിൽ അദ്ദേഹം ആലപിച്ച മിക്ക ഹിറ്റ് ഗാനങ്ങളും ഈ രീതിയെ പിന്തുടരുന്നു. ഉയർന്ന ശബ്ദതലത്തിലുള്ള അദ്ദേഹത്തിന്‍റെ കാഥിക സ്വഭാവമുള്ള  ആലാപന രീതി  അത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത വ്യത്യസ്ത തലമായിരുന്നു.”ഹൃദയ വാഹിനീ “(ചന്ദ്രകാന്തം 1974, രചന: ശ്രീകുമാരൻ തമ്പി ), “കണ്ണുനീർ തുള്ളിയെ”(പ ണി തീരാത്ത വീട് 1973, രചന: വയലാർ ),”എന്നിവ ഉദാഹരണങ്ങൾ.”ബന്ധങ്ങളൊക്കെയും വ്യർത്ഥം “(അമ്മേ അനുപമേ 1977, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ), “നടന്നു നീങ്ങിയ കാലം”(കുഞ്ഞനന്തന്‍റെ കട 2013, സംഗീതം: എം ജയചന്ദ്രൻ )എന്നീ ഗാനങ്ങളും മലയാള സിനിമയ്ക്കുള്ള എം എസ് വിയുടെ സംഭാവനകളാണ്. 2004 ൽ രഞ്ജിത് സംവിധാനം ചെയ്ത ‘ബ്ലാക്’ എന്ന ചിത്രത്തിൽ എം എസ് വി അഭിനയിച്ചിട്ടുണ്ട്. 

കുപ്പത്തൊട്ടിയിലെ മാണിക്യമായിരുന്നു എം എസ് വിശ്വനാഥൻ. ബാല്യകാലത്തെ ദരിദ്ര പൂർണ്ണമായ ജീവിതം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിപ്പിച്ചു. സിനിമാശാലയിൽ ഭക്ഷണം വിറ്റ് നടന്ന കുട്ടി പിന്നീട് ചലച്ചിത്ര ലോകമറിയപ്പെടുന്ന സംഗീതജ്ഞനായി മാറി. തെന്നിന്ത്യൻ സംഗീതത്തിൽ ലാളിത്യം നിറച്ചു വെച്ച് ആസ്വാദരുടെ കയ്യടി നേടിയ എം എസ് വി തമിഴ് നാടിന്‍റെ ഔദ്യോഗിക ഗാനമായ “കടുലതയുടെ”(തമിഴ് തായ് വാഴ്ത്ത് )സംഗീതം ചിട്ടപ്പെടുത്തി. ജയലളിത അദ്ദേഹത്തെ “സംഗീത സാമ്രാട്ട് “(തിരൈ ഇശൈ ചക്രവർത്തി)എന്ന് വിശേഷിപ്പിച്ചു. ആത്മാംശം തുളുമ്പുന്ന സൗന്ദര്യധാരയായിരുന്നു എം എസ് വി സംഗീതത്തിന്‍റെ പൂർണത. പട്ടിണിയുടെയും വിശപ്പിന്‍റെയും ഒറ്റയപ്പെടലിന്‍റെയും തീവ്രാനുഭവങ്ങളിൽ നിന്ന് അനാഥമായ ബാല്യ കൗമാരത്തിന്‍റെ ജീവിത ക്ലേശങ്ങളോടുള്ള സമരവും സമരസപ്പെടലും വിമോചനവുമായിരുന്നു അദ്ദേഹത്തിനു സംഗീതം. 2015 ജൂലൈ 14 ന് എം എസ് വി എന്ന സംഗീത മാന്ത്രികൻ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിൽ നിന്നും വിട വാങ്ങി.

എസ് പി ബി : ‘താരാപഥ’ത്തിലെ അമരക്കാരൻ

മലയാള സിനിമ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു വെച്ച എസ് പി ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി എ ന്ന അനശ്വര ഗായകന്‍ തെന്നിന്ത്യന്‍ ചലചിത്ര സംഗീത ലോകത്ത് അമരക്കാരിലൊരാളായിരുന്നു. ഏറ്റവും അടുപ്പം കാത്തു സൂക്ഷിച്ചവര്‍ക്കു അദ്ദേഹം പ്രിയപ്പെട്ട ‘ബാലു’ ആയിരുന്നു. ഗായകന്‍ മാത്രമല്ല, നടൻ, സംഗീത സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യം ആന്ധ്രയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുളളത് തമിഴിലാണ്. തെലുങ്ക്, കന്നഡ,മലയാളം എന്നീ ഭാഷകളിലും ഗാനമാലപിച്ചു.പിതാവായ എസ് പി സമ്പാമൂർത്തിയായിരുന്നു ആദ്യ ഗുരു.യേശുദാസിനേക്കാൾ ഏറ്റവും കൂടുതൽ പാട്ടുകൾ പാടുകയും അവാർഡുകൾ വാങ്ങുകയും ചെ യ്ത എസ് പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയമായി സംഗീതം പഠിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ  കണ്ഠത്തിൽ ഊറിക്കൂടിയ സംഗീതത്തിന്‍റെ അമൃത കുംഭത്തെ കണ്ടെത്താൻപിന്നേയും കാലങ്ങള്‍ തന്നെ അനി വാര്യമായിരുന്നു. പിന്നീട് സംഗീതത്തിന്‍റെ  ആത്മാവ് കുടികൊള്ളുന്ന ആ നാദ ചൈതന്യത്തെ ആസ്വാദക ലോകമൊന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ഐവി ശശിയുടെ സംവിധാനത്തില്‍ ജിയോ മൂവീസ് 1981 ല്‍ നിര്‍മ്മിച്ച് രതീഷും സീമയും റാണി പദ്മിനിയും ജോസ് പ്രകാശും ബാലന്‍ കെ നായരും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘തുഷാരം‘ എന്ന ചിത്രത്തിലെ “മ ഞ്ഞേ വാ “ എന്നു തുടങ്ങുന്ന പാട്ട് മലയാളത്തിലെ ഹിറ്റ് ഗാനമായിരുന്നു. യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ജാനകിയമ്മയും ചേര്‍ന്ന് പാടിയ പാട്ടിന്‍റെ വരികള്‍ യൂസഫലി കേച്ചേരിയും സംഗീതം ശ്യാമും ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ”സാരഥി രേ പ്യാര്‍ ജാവാ ഹൈ…” എന്നീ ഹിന്ദി വരികളിലൂടെയാണ് “മ ഞ്ഞേ വാ “ എന്ന പാട്ടു ആരംഭിക്കുന്നത്. ഈ വരികള്‍ ആലപിച്ചത് എസ് പി ബിയും.

“സ്വര്‍ണ്ണ മീനിന്‍റെ ചേലൊത്ത കണ്ണാണെ…” 1979 ല്‍ പുറത്തിറങ്ങിയ ബേബീ സംവിധാനം ചെയ്ത ‘സര്‍പ്പം‘ എ ന്ന ചിത്രത്തില്‍ യേശുദാസും എസ് പി ബി യും ജാനകിയും വാണിജയറാമും ചേര്‍ന്ന് പാടിയ ഈ പാട്ട് മലയാ ള ചലചിത്ര ഗാനങ്ങളില്‍ ശ്രദ്ധേയമായി. പ്രേം നസീറും ജയനും സീമായും വിധുബാലയും ജഗതി ശ്രീകുമാറും കവിയൂര്‍ പൊന്നമ്മയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബിച്ചു തിരുമലയുടെ സംഗീതത്തില്‍ കെ ജെ ജോയ് ആണ് പാട്ടിന് ഈണമിട്ടത്. മണിരത്നം സംവിധാനം നിർവഹിച്ച’ ദളപതി’ (1991) എന്ന ചിത്രത്തിൽ “കാട്ടു കുയിലേ” എന്ന് തുടങ്ങുന്ന ഗാനം യേശുദാസും എസ് പി ബിയും  ഒരുമിച്ചു പാടി. എം എ നിഷാദ് സംവിധാനം ചെയ്ത “കിണർ” എന്ന ചിത്രത്തിലാണ് പിന്നീട് ഇരുവരും ഒന്നിച്ചു പാടിയിട്ടുള്ളത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത മലയാളവും തമിഴും ഇടകലർന്നിട്ടുള്ള ഈ ഗാനത്തിൽ മലയാള വരികൾ യേശുദാസും തമിഴ് വരികൾ എസ് പി ബാലസുബ്രഹ്മണ്യവും ചേർന്നു ആലപിച്ചു. ഹരിനാരായണൻ, പളനി ഭാരതി എന്നിവരാണ് ഈ ഗാനത്തിന്‍റെ രചയിതാക്കൾ. അനേകം വേദികൾ ഒരുമിച്ച് പങ്കിട്ട യേശുദാസും എസ് പിയും ചേര്‍ന്ന് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്.

എസ് പി ബി ആലപിച്ച പ്രസ്തമായ മലയാള ഗാനങ്ങൾ ഇന്നും കൂടുതൽ ഇമ്പമോടെ കേൾക്കാനും ആസ്വദിക്കാനും സംഗീത പ്രേമികൾക്ക് അന്നും ഇന്നും കഴിഞ്ഞിട്ടുണ്ട്. “ഈ കടലും മറുകടലും “(കടൽപ്പാലം -1969, രചന: വയലാർ, സംഗീതം- ജി ദേവരാജൻ ), “ഓർമകളിൽ ഒരു സന്ധ്യ “(ശുദ്ധികലശം-1979, രചന: ശ്രീകുമാരൻ തമ്പി, സംഗീതം- ശ്യാം) “നീല സാഗരതീരം” (യോഗമുള്ളവൾ -1971, രചന: ആർ കെ ശേഖർ, സംഗീതം – ശ്രീകുമാരൻ തമ്പി), “പടർന്നു പടർന്നു” (യോഗമുള്ളവൾ-1971, രചന: ആർ കെ ശേഖർ, സംഗീതം- ശ്രീകുമാരൻ തമ്പി), “താരാപഥം ചേതോഹരം “(അനശ്വരം 1991, രചന: പി കെ ഗോപി, സംഗീതം- ഇളയരാജ ), “കാക്കാല ക്കണ്ണമ്മാ” (ഒരു യാത്രാമൊഴി -1997, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം- ഇളയരാജ ) “ഓ പ്രിയേ പ്രിയേ “(ഗീതാഞ്ജലി, രചന: അന്തിക്കാട് മണി, സംഗീതം- ഇളയരാജ )”പാൽനിലാവിലെ പവനിതൾ “(ബട്ടർ ഫ്ലൈസ്- 1993, രചന: കെ ജയകുമാർ, സംഗീതം- രവീന്ദ്രൻ ), “മാട്ടുപ്പൊങ്കൽ മാസം” (ഫ്രാന്‍റം-2002, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം- ദേവ )തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാള ചലച്ചിത്ര സംഗീതത്തെ  സമ്പന്നമാക്കുന്നു.

ഗായകൻ മാത്രമല്ല സംഗീത സംവിധായകൻ കൂടിയാണ് എസ് പി ബാലസുബ്രഹ്മണ്യം. 1984 ൽ ഇറങ്ങിയ’ മയൂരി’ എന്ന ചിത്രത്തിലെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എസ് പി ബിയാണ്. “ഇനിയെൻ പ്രിയ നർത്തനങ്ങളെ “(പി സുശീല ), “ഈ പാദം ഓം കാര ബ്രഹ്മ പാദം “(പി സുശീല ),”കൈ ലാസത്തിൽ താണ്ഡവമാടും”(വാണി ജയറാം), “ഗൗരി ശങ്കര ഗൃഹം “(വാണി ജയറാം ), “മൗനം ഗാനം “(യേശു ദാസ്, പി സുശീല ), “വെണ്ണിലാവത്തുമായ് “(പി സുശീല )തുടങ്ങിയവ എസ് പി ബി ചിട്ടപ്പെടുത്തിയ ശ്രദ്ധേയ മായ ഗാനങ്ങളാണ്. 2003 ൽ ജോസഫ് പുന്നൂസ് സംവിധാനം ചെയ്ത “മാജിക് മാജിക് “എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചു. മലയാള സിനിമയിലും മറ്റു ഭാഷാ ചിത്രങ്ങളിലുമായി എസ് പി ബി 40000 ത്തോളം ഗാനങ്ങ ൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണി ഗാനങ്ങൾ ആലപിച്ചു എന്ന നിലയിൽ അദ്ദേഹത്തി ന്‍റെ പേര് ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു. പത്മശ്രീ, പത്മഭൂഷൺ, എന്നീ പുരസ്‌ കാരങ്ങൾ, ആറു ദേശീയ അവാർഡുകൾ,എന്നിവ ലഭിച്ചു.

സംഗീതത്തിന്‍റെ അമരത്തേക്ക് നടന്നു കയറിയ എസ് പി ബാലസുബ്രഹ്മണ്യം എന്ന സംഗീതജ്ഞൻ മലയാളത്തിന്‍റെ യും സ്വന്തം തന്നെ. സംഗീതക്കടലിന്‍റെ ആഴങ്ങളിൽ നിന്ന് മുത്തും പവിഴവും വേർതിരിച്ചെടുത്ത് ആ നാദ സൗന്ദര്യം കൊണ്ട് കോർത്തെടുക്കുമ്പോഴാണ് ഓരോരോ ഭാഷക്കാരനും എസ് പി ബി നമ്മുടെയും   സ്വന്തമെന്ന് തോന്നുന്നത്. അതെ; എസ് പി ബി മലയാളത്തിനും സ്വന്തമാണ്, നമ്മുടെ സംഗീതത്തിനും.

അംഗീകാരങ്ങളുടെ രാജസിംഹാസനം

മലയാളമടക്കം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം 30000- ഗാനങ്ങൾ ആലപിച്ചു. ആസ്വാദരെ വിസ്മയം കൊള്ളിച്ച ഗാനഗന്ധർവ്വനെത്തേടി വന്ന അംഗീകാരങ്ങൾ അനേകമായിരുന്നു. പത്മവിഭൂഷൺ (2017), പത്മഭൂഷൺ (2002), പത്മശ്രീ (1973), 1992 ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം, ഏഴ് പ്രാവശ്യം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, 25 തവണ കേരള സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, 6 തവണ ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, 8 തവണ തമിഴ് നാട് സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, ഒരു പ്രാവശ്യം പശ്ചിമ ബംഗാൾ സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, കേരള സർക്കാരിന്‍റെ സ്വാതി തിരുനാൾ പുരസ്‌കാരം, ഡി. ലിറ്റ് കേരള സര്‍വ്വകലാശാല  (2003) രാഘവേന്ദ്ര, ശൃംഗേരി, ഉഡുപ്പി എന്നീ മഠങ്ങളിലെ ആസ്ഥാന വിദ്വാൻ സ്ഥാനം എന്നിവയാണ് പുരസ്‌കാരങ്ങൾ.

spot_img

Hot Topics

Related Articles

Also Read

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

0
നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

0
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.

ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’

0
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.