മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ തളം കെട്ടിയ കുടുംബാന്തരീക്ഷം, ഉടഞ്ഞു പോകുന്ന വ്യക്തി ബന്ധങ്ങൾ, തുടങ്ങി അരാജകത്വ പൂർണ്ണമായ സർവ്വ വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചു കൊണ്ടാണ് ആദ്യകാല മലയാള സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.1980ൽ ഇറങ്ങിയ കെ എസ് സേതുമാധവൻ സംവിധാനം ചെയ്തു എം എസ് റോസമ്മ ജോർജ് നിർമ്മിച്ച ‘ഓപ്പോൾ’ എന്ന സിനിമ 1975ൽ എം ടി വാസുദേവൻ നായർ എഴുതിയ ചെറുകഥയെ മുൻ നിർത്തിയായിരുന്നു. എം ടി തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെ തിരക്കഥയും.
മലയാള ഭാഷയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും കെ എസ് സേതുമാധവൻ ചലച്ചിത്ര സംവിധാനം ചെയ്തു. സംവിധായകൻ കെ രാമനാഥിന്‍റെ സഹായിയായിട്ടാണ് ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചത്. 1960- ൽ വീരവിജയ എന്ന ‘സിംഹള’ ചിത്രത്തിലൂടെയാണ് ആദ്യ സ്വതന്ത്ര്യ സംവിധായകനായി രംഗപ്ര വേശം ചെയ്തത്. 2009- ൽ കെ എസ് സേതുമാധവന് സമഗ്ര സംഭാവനകളെ മുൻനിർത്തി ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചു. എഴുപതുകളിലെയും എൺപതുകളിലെയും സാമൂഹ്യാവസ്ഥയെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട് അന്നത്തെ എല്ലാ കലകളും.
‘ഓപ്പോൾ’ എന്ന കഥയിൽ സ്ത്രീ ദുഃഖത്തിന്‍റെയും അവളുടെ ജീവിത ചുറ്റുപാടുകളെയും ‘അപ്പു’ എന്ന കുട്ടിയുടെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് സിനിമയിൽ. അപ്പു, ഓപ്പോൾ, വല്ല്യമ്മ തുടങ്ങിയ കേന്ദ്രകഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. അപ്പുവിന്‍റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് ഒപ്പോളാണ്. സ്വന്തം കുഞ്ഞിനെയെന്ന പോലെ അവൾ അപ്പുവിനെ സ്നേഹിക്കുകയും വളർത്തിക്കൊണ്ട് വരികയും ചെയ്തു. അത് കൊണ്ട് തന്നെ എന്നും കുറ്റപ്പെടുത്തി സംസാരിക്കുന്ന വല്ല്യമ്മയോടുള്ള അപ്പുവിന്‍റെ ഇഷ്ടക്കേടും ഓപ്പോളിനോടുള്ള സ്നേഹവും സിനിമയിൽ കാണാം. കുട്ടിശ്ശങ്കരൻ എന്ന കൂട്ടുകാരനിൽ നിന്നാണ് ഓപ്പോൾ തന്‍റെ അമ്മയാണെന്ന് അപ്പു ആദ്യമായി കേൾക്കുന്നത്. അതിലെ വാസ്തവം എത്രത്തോളമെന്ന അന്വേഷണമല്ല, മറിച്ച് അതിനെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ചിന്തയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. കഥ അവസാനിക്കുമ്പോഴേക്കും ഓപ്പോൾ അപ്പുവിന്‍റെ ജീ വിതത്തിൽ നിന്നും അകലുന്നു. ഒരു ദിവസം സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തുന്ന അപ്പു ഓപ്പോൾ കല്യാണം കഴിച്ചു പോയെന്ന് അറിയുകയും ഇനിയൊരിക്കലും അവരെ കാണാൻ കഴിയില്ലെന്നും അവന്‍ മനസ്സിലാക്കുന്നു.
സ്വപ്നങ്ങളിൽ ജീവിക്കുകയും ആ സ്വപ്നങ്ങളെ ഉപേക്ഷിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെയും കുട്ടിയുടെയും കഥയാണ് ‘ഓപ്പോളി’ൽ പറഞ്ഞു വെക്കുന്നത്. അതിൽ ഒരു കാലത്തെ സമൂഹത്തിന്‍റെ സ്ത്രീ ജീവിതം, കുട്ടികളുടെ അനാഥത്വം, കുടുംബത്തിന്‍റെ ഒറ്റപ്പെടൽ, ദാരിദ്ര്യം, സാമൂഹിക സാമ്പത്തിക സാമുദായിക അരാജകത്വം എന്നീ അവസ്ഥകളെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. ബാലൻ കെ നായർ, മേനക, ശങ്കരാടി, മാസ്റ്റർ അരവിന്ദ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
കഥാമൂല്യമുള്ള ചിത്രമായിരുന്നു കെ എസ് സേതുമാധവന്‍റെ ഓപ്പോൾ. എം ടിയുടെ കഥയിലും തിരക്കഥയിലും സിനിമ അതിന്‍റെ സത്ത ചോർന്നു പോകാതെ പ്രേക്ഷകരിൽ ഇടം നേടി. എം ബി ശ്രീനിവാസന്‍റെ സംഗീത സംവിധാനത്തിൽ പി ഭാസ്കരൻ രചിച്ച “ചാറ്റൽ മഴയും പൊൻവെയിലും” (ആലാപനം: ലതാദേവി,മാലതി), “ഏറ്റുമാനൂരമ്പലത്തിൽ” (ആലാപനം:എസ് ജാനകി ),”പൊട്ടിക്കാൻ ചെന്നപ്പോൾ”(യേശുദാസ് ) എന്നീ ഗാനങ്ങൾ ആലാപനത്തിന്‍റെയും സംഗീതത്തിന്‍റെയും വരികളുടെയും അനായാസകരമായ ഒഴുക്ക് കൊണ്ട് പാട്ടുകൾ ശ്രദ്ധയാകർഷിച്ചു. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് മധുഅമ്പാട്ടും, ചിത്ര സംയോജനം ടി ആർ ശ്രീനിവാസലു, സ്റ്റുഡിയോ ജെ എം ജെ ആർട്സ്, വിതരണം ഏയ്ഞ്ചൽ ഫിലിംസും ആണ് ചെയ്തിരിക്കുന്നത്.
നിരവധി അംഗീകാരങ്ങളാണ് ‘ഓപ്പോളി’നെ തേടി വന്നത്. പല മൂല്യങ്ങൾ കൊണ്ടും ഈ ചിത്രം ഇതര സിനിമകളിൽ നിന്നും വേറിട്ടു നിന്നു.1980- ൽ ‘ഓപ്പോളി’നു മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം, മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം (ബാലൻ കെ നായർ ), മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം (മാസ്റ്റർ അരവിന്ദ് ) എന്നീ അംഗീകാരങ്ങൾ 1980- ൽ ഈ ചിത്രം നേടിയെടുത്തു. മികച്ച സിനിമകൾക്കുള്ള അവാർഡ് മാത്രമല്ല, മികച്ച സംവിധായകൻ എന്ന നിലയിലും കേരള സർക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട് കെ എസ് സേതു മാധവൻ. അദ്ദേഹത്തിന് മികച്ച സംവിധായകൻ എന്ന പേരിൽ കിട്ടിയ സിനിമകളെല്ലാം മലയാള ചലച്ചിത്ര ലോകത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
അരനാഴിക നേരം (1970), കരകാണാക്കടൽ (1971), പണിതീരാത്ത വീട് (1972), ചട്ടക്കാരി (1974), ഓപ്പോൾ (1980), എന്നീ ചിത്രങ്ങൾ ഇന്നും പല സവിശേഷതകൾ കൊണ്ടും ഗവേ ഷണം ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഓടയിൽ നിന്ന് (1965), അടിമകൾ (1963), കരകാണാക്കടൽ (1971), പണിതീരാത്ത വീട് (1972), ഓപ്പോൾ (മികച്ച രണ്ടാമത്തെ ചിത്രം 1980), മറുപക്കം (1990), മറുപക്കം (മികച്ച തിരക്കഥ 1990), നമ്മവർ (മികച്ച തമിഴ് ചിത്രം 1994), സ്ത്രീ (മികച്ച തെ ലുങ്ക് ചിത്രം 1995)എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. നാടൻ പെണ്ണ് (1967), ഭാര്യമാർ സൂക്ഷിക്കുക(1968), തോക്കുകൾ കഥ പറയുന്നു 1968), യക്ഷി(1968), കടൽപ്പാലം(1969), കൂട്ടുകുടുംബം (1969), വാഴ്‌വേമായം (1970), അനുഭവങ്ങൾ പാളിച്ചകൾ(1971), ഇൻക്വിലാബ് സിന്ദാബാദ് (1971), ഒരു പെണ്ണിന്‍റെ കഥ(1971), ചുക്ക് (1973), കന്യാകുമാരി (1974) അവിടത്തെ പോലെ ഇവിടെയും (1985) എന്നിവ കെ എസ് സേതുമാധവന്‍റെ സംവിധാനത്തിൽ പിറന്ന മറ്റു ചിത്രങ്ങളാണ്. ‘ഓപ്പോള്‍ ‘ വ്യക്തിയിലൂന്നിയ ചരിത്രത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്. ഓരോ കാലത്തെ വ്യക്തിയിലും കഥാസന്ദര്‍ഭങ്ങള്‍ ചാക്രികമായിക്കൊ ണ്ടിരിക്കുന്നു.