കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ പ്രമേയമാക്കി എട്ട് സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി സീരീസ് ആണ് ‘മനോരഥങ്ങൾ’. പ്രേക്ഷകർക്ക് മുന്നിൽ ചലച്ചിത്ര ഭാഷ്യത്തിൽ ഈ എട്ട് കഥകളും എത്തി നിൽക്കുമ്പോൾ അക്ഷരങ്ങളിലൂടെ വായിച്ചും സങ്കൽപ്പിച്ചും മെനഞ്ഞെടുത്ത കഥാപാത്രങ്ങളെയും സ്ക്രീനിൽ കാണുമ്പോൾ ഉണ്ടായേക്കാവുന്ന കൌതുകം വാസ്തവം തന്നെ.
സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ മനോരഥങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ ‘ഓളവും തീരവും’ എന്ന പ്രശസ്തമായ കഥയെ അതിന്റെ അന്തസത്ത ഒട്ടും തന്നെ ചോർന്നു പോകാതെ സംവിധായകൻ പ്രിയദർശൻ ഒപ്പിയെടുത്തിരിക്കുന്നു. പൂർണ്ണമായും ബ്ലാക് ആൻഡ് വൈറ്റിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ബാപ്പുട്ടിയായും നബീസയായി ദുർഗ്ഗ കൃഷ്ണയും ബീവാത്തുവായി സുരഭി ലക്ഷ്മിയും മികച്ച അഭിനയം കാഴ്ചവെച്ചു. സുരഭി ലക്ഷ്മിയുടെ ബീവാത്തുവിലേക്കുള്ള പരകായപ്രവേശം മറ്റ് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ അഭിനയത്തിനെക്കാൾ കൂടുതൽ തിളങ്ങി നിന്നു. വള്ളുവനാടൻ ശൈലിയിൽ മുസ്ലിം സമുദായത്തിന്റെ ഭാഷാരീതിയെ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവ് ഏറെ പ്രശംസനീയം.
ജീവിതാസക്തിയുടെയും ശരീര കാമനകളുടെയും പ്രണയത്തിന്റെയും പോരാട്ടവും പരാജയവുമാണ് ‘ഓളവും തീരവും’. നബീസയുടെയും ബീവാത്തുവിന്റെയും പിന്നീട് ബാപ്പുട്ടിയുടെയും കണ്ണീരുപ്പ് കുറുക്കിയ ജീവിതഗന്ധിയായ കഥ. നിഷ്കളങ്കരും ഗ്രാമീണരുമായ പാവപ്പെട്ട രണ്ട് സ്ത്രീകൾ. പണത്തിൽ ബീവാത്തുവിന്റെ കണ്ണ് മഞ്ഞളിച്ചു പോകുന്നതും പണക്കാരന്റെ ഭാര്യയായി മകൾ ജീവിക്കുന്നത് സ്വപ്നം കാണുകയും ചെയ്യുന്ന അവർ നബീസയുടെ ജീവിതത്തിൽ ഇടപെടുന്നതോട് കൂടി അവളുടെ ജീവിതത്തിനും അന്ത്യം സംഭവിക്കുന്നു. മനോരഥങ്ങളുടെ ആമുഖത്തിൽ കമൽഹാസൻ അടയാളപ്പെടുത്തുന്ന എം ടി എന്ന എഴുത്തുകാരന്റെ മാസ്മരികമായ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്നുണ്ട്, ഈ നിമിഷം കടന്നു പോയിട്ടുണ്ട്, മൺമറഞ്ഞു പോയിട്ടുണ്ട്, അഥവാ അത് നമ്മൾ തന്നെ ആകുന്നുണ്ട്.
വ്യത്യസ്തമായ മനുഷ്യ ജീവിതവും വികാരങ്ങളും കുത്തിക്കുറിക്കുന്ന എം ടിയുടെ കഥകളിലെ അക്ഷര ഖനികൾക്കിടയിലൂടെ സങ്കൽപ്പിച്ച കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങൾ സ്ക്രീനിൽ കണ്ടു കഴിയുമ്പോൾ ജലബിംബത്തിൽ കണ്ണാടിയിലെന്ന പോലെ നമ്മൾ നമ്മളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്, ക്രമേണ ഓളം നിലയ്ക്കുമ്പോൾ നമുക്ക് കഥാപാത്രങ്ങളുടെ മുഖച്ഛായ. ഒരു കല്ലോ അല്ലെങ്കിലൊരു മത്സ്യമോ മുങ്ങാങ്കുഴിയിടുമ്പോൾ ചിതറിപ്പോയെക്കാവുന്ന നൈമിഷികതമാത്രമായി കഥാപാത്രങ്ങളിലൂടെ ജീവിതത്തെ അപ്പാടെ വിവർത്തനം ചെയ്യുന്നു എം ടി. വൈകാരികതയുടെ വ്യത്യസ്തമായ സമ്മിശ്രമാണ് മനോരഥങ്ങളിലൂടെ എട്ട് കഥകളും അതിലെ നാനാകഥാപാത്രങ്ങളും നമുക്ക് മുന്നിലെത്തുന്നത്. നബീസുവിന്റെ മൃതദേഹം കണക്കെ ഓളങ്ങളിലൂടെ ഒഴുകി ചുവന്ന കുപ്പിവളകൾ കരയ്ക്കടിയുമ്പോൾ ബാപ്പുട്ടിയുടെയും ബീവാത്തുവിന്റെയും വിങ്ങൽ നമ്മൾ ഓരോരുത്തരുടെയുമാകുന്നു. പ്രിയദർശന്റെ സംവിധാനമികവു വീണ്ടും തെളിയിച്ച ചിത്രം കൂടിയായി മാറി, ഓളവും തീരവും.