കഥയിൽ കാമ്പുള്ള കാതലാണ് കാതൽ ദി കോർ. ഇന്ത്യൻ സിനിമയെ സമീപകാലത്ത് ത്രില്ലടിപ്പിക്കുകയും വിമർശനാത്മകമായി ഒരു വിഭാഗം ജനത സമീപിക്കുകയും ചെയ്ത മലയാളത്തിലെ ഹിറ്റ് സിനിമ. ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. പോൾസൺ സ്കറിയ- ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തെ സാമൂഹിക വിഷയമായി മാത്രമല്ല , കുടുംബ ചിത്രമായും കാണേണ്ടതുണ്ട്.
ഒരു കുടുംബ കഥയിൽ നടക്കുന്ന അവർത്തനങ്ങളുടെ സ്ഥായിഭാവമല്ല കാതലിൽ. പതിവ് നടത്തവഴികളിൽ നിന്നുമത് ദിശ മാറി കാലത്തിനൊപ്പം ബഹുദൂരം മുന്നേ സഞ്ചരിക്കുന്നു. മാത്യു എന്ന രാഷ്ട്രീയക്കാരന്റെ, ഓമനയുടെ മാത്യു എന്ന ഭർത്താവിന്റെ, ഒരു മകളുടെ പിതാവിന്റെ കഥയാണിത്. പാലായിലെ തീക്കോയിൽ എന്ന സ്ഥലത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി ജയിക്കുന്ന മാത്യുവിന്റെ ജീവിതത്തിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളാണ് സിനിമയുടെ കാതൽ. സമൂഹം വില്ലനായും നായകനായും കടന്നുവരുന്ന സന്ദർഭം.
ഒരു വീടിനുള്ളിൽ കഴിയുന്ന നാലുപേർ, നാലുവ്യത്യസ്ത ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്ന ഭൂമിയാണവരുടെ കൊച്ചുവീട്. ഒറ്റപ്പെടലിന്റെ തീവ്രതയും പേറി ജീവിതംമുന്നോട്ട് നയിക്കുന്ന മനുഷ്യർ. വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്കും സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്ന കാര്യത്തെ സംവിധായകൻ അടിവരയിട്ട് പറയുന്നുണ്ട്. കാതലിൽ മാത്യു എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി അഭിനയകലയിൽ വർഷങ്ങളോളം തഴക്കം വന്ന കാതലുള്ള വൻവൃക്ഷം തന്നെയാണ്. തന്റെ എഴുപതുകളിലും ആ കലാകാരൻ ബിഗ്സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്നു. ആരവങ്ങളും ആർപ്പൂവിളികളും കരാഘോഷങ്ങളും സ്വീകരിക്കുന്നു. ഒരുസിനിമയിൽ നിന്നു അടുത്ത സിനിമയിലേക്ക് അടുത്ത കഥാപാത്രത്തിലേക്ക് തന്റെ താരശരീരവുമായി പരകായ പ്രവേശം ചെയ്യുന്നു.
കാതൽ ദി കോർ എന്ന ചിത്രത്തിൽ പറയുന്ന ആശയം നിറയേ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മനസ്സിലായിട്ട് പോലും മമ്മൂട്ടി അഭിനയിക്കാമെന്ന് ഏറ്റു എങ്കിൽ അദ്ദേഹത്തിന് സിനിമയോടുള്ള കടപ്പാട്, കഥാപാത്രത്തോടുള്ള നീതി, സമൂഹത്തോടുള്ള പ്രതിബദ്ധത, അഭിനയത്തോടുള്ള പാഷൻ എത്രയളവിൽ ഉണ്ടെന്ന് തിരിച്ചറിയാം. കൂടുതൽ സംസാരിക്കുകയോ ആളുകളുമായി ഇടപഴകുകയോ ചെയ്യാത്ത മാത്യു എന്ന കഥാപാത്രത്തെ ഗംഭീരമാക്കി സംവിധായകന്റെയും പ്രേക്ഷകരുടെയും കയ്യിൽ വെച്ചു കൊടുത്തിരിക്കുകയാണ് മമ്മൂട്ടി. ‘നൻപകൽ നേരം മയക്ക’ത്തിലെ ജെയിംസും, കണ്ണൂർ സ്ക്വാഡിലെ ജോർജ്ജും തന്ന വിസ്മയംമാറും മുന്നേയാണ് പ്രേക്ഷകരിലേക്ക് കാതലിലൂടെ മാത്യു ആയി മമ്മൂട്ടി എത്തുന്നത്.
ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓരോരൊ വീട്ടമ്മമാരെ ഓമനയിലൂടെ കാണാൻ സാധിക്കും. വിവാഹത്തിന് മുൻപ് സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിറകെ ജീവിച്ച ഓമന, വിവാഹത്തിന് ശേഷം സ്വപ്നങ്ങളും ആഗ്രഹങ്ങളും വീട്ടിലെ ചവറ്റുകൂട്ടയിലേക്ക് തള്ളി തന്നിലേക്ക് മാത്രമോതുങ്ങി സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഓമന, സന്തോഷങ്ങളെല്ലാം പണയപ്പെടുത്തിയ ഓമന, .. മലയാളസിനിമയിൽ യഥാർത്ഥ സ്ത്രീജീവിതത്തെ അടയാളപ്പടുത്തിയ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജ്യോതിക.
സുധി കോഴിക്കോട് തങ്കച്ചൻ എന്ന കഥാപാത്രത്തിലൂടെ കയ്യടികൾ നേടി. തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ പൊള്ളുന്ന നോവായി തങ്കച്ചനും അവശേഷിക്കുന്നു. മാത്യുവിന്റെ ചാച്ചനായി എത്തിയ ആർ എസ് പണിക്കറും അച്ഛൻ കഥാപാത്രമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിന്നു ചാന്ദ്നിയുടെയും മുത്തുമണിയുടെയും കലാഭവൻ ഹനീഫിന്റെയും ജോജു മുണ്ടക്കയത്തിന്റെയും കഥാപാത്രങ്ങൾ ഏതോ കാലത്ത് നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയവരല്ലേ എന്നു ഒരുനിമിഷം ചിന്തിച്ചേക്കാം.
കാതൽ സിനിമ പ്രമേയം കൊണ്ടും കഥാപാത്രങ്ങളെക്കൊണ്ടും മാത്രമല്ല വിസ്മയിപ്പിക്കുന്നത്. കാതലിൽ നിന്നും വ്യത്യസ്തമായി ബഹുദൂരം സഞ്ചരിച്ച നെയ്മർ, ആർ ഡി എക്സ് എന്നീ സിനിമകളുടെ തിരക്കഥകൃത്തുക്കൾ തന്നെയാണ് കാതലിനും തിരക്കഥ ഒരുക്കിയത് എന്നാണ് അത്ഭുതപ്പെടുത്തുക. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ വിവാദത്തിനും നിരൂപണത്തിനും വഴിതുറന്നിട്ട അതേ വിപ്ലവാത്മകശൈലി തന്നെയാണ് സമൂഹത്തിലേക്ക് ധൈര്യപൂർവം ജിയോ ബേബി പാത തുറന്നിട്ടുകൊടുത്തത്.