കണ്ണൂര്‍ സ്ക്വാഡ് തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ നിശ്ചയിച്ചു വെച്ചിരുന്ന സിനിമ പ്രദര്‍ശിപ്പിക്കേണ്ടുന്ന തിയ്യേറ്ററുകളുടെ എണ്ണവും സമയവും കൂട്ടേണ്ടി വന്നു അണിയറപ്രവര്‍ത്തകര്‍ക്ക്. സിനിമയുടെ കഥ നടന്ന സംഭവങ്ങളാണ്. അത് പ്രമേയത്തിന്‍റെ മാത്രം വിജയമല്ല. ഒരുകാലത്ത് എല്ലാം നഷ്ടപ്പെട്ട് സിനിമ ഉപേക്ഷിക്കേണ്ടി വന്ന നിര്‍മാതാവ് സി ടി രാജന്‍റെ വിജയ മുദ്ര കൂടിയുണ്ട് കണ്ണൂര്‍ സ്ക്വാഡില്‍.
മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1989- ല്‍ ജോഷി സംവിധാനം ചെയ്ത മഹായാനം. എന്നാല്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ മഹായാനത്തിന് കഴിഞ്ഞില്ല. മഹായാനത്തിന്‍റെ നിര്‍മാതാവായ സി ടി രാജന് അന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കടക്കെണിയിലായ അദ്ദേഹം പിന്നീട് പൂര്‍ണമായും സിനിമ നിര്‍മാണമേഖലയെ ഉപേക്ഷിക്കുകയായിരുന്നു. അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും.
കണ്ണൂര്‍ സ്ക്വാഡിലൂടെ ജൈത്ര യാത്ര നടത്തുകയാണ് മമ്മൂട്ടിയും സി ടി രാജന്‍റെ മക്കളായ മക്കള്‍ റോബിയും റോണിയും. ജീവിതത്തിന്‍റെ ‘മഹായാന’ത്തിനു ഏറെക്കാലങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ത്രിമധുരം. ആദിമധ്യാന്തം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ട് പോകുകയാണ് ഈ ത്രില്ലര്‍ ചിത്രം. നല്ല ലക്ഷണമൊത്ത പൂര്‍ണമായൊരു പോലീസ് കഥയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഏത് വിധേനെയും കുറ്റവാളികളെ പിടിച്ച് നിയമത്തിനുമുന്നില്‍ എത്തിക്കുവാനുള്ള ഒരു വിഭാഗം പോലീസുകാരുടെ ആത്മാര്‍ഥപ്രയാതനത്തെയും അതിനു മുന്നിലുള്ള പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് വളരെ തന്ത്രപരമായി പ്രേക്ഷകര്‍ക്കിടയിലൂടെ കൊണ്ട് പോകാനും പിടിച്ചിരുത്താനും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.
എ എസ് ഐ ജോര്‍ജ്ജ് മാര്‍ട്ടിനായി എത്തിയ മമ്മൂട്ടിയുടെ കിടിലന്‍ പോലീസ് കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍ക്ക്. സംവിധായകനായ റോബിന്‍ വര്‍ഗീസ് രാജ് കലാപരമായ മൂല്യവും പൂത്തിയകാല സിനിമകളുടെ മെയ് വഴക്കവും ഒട്ടും ചോര്‍ന്ന് പോകാതെ അച്ചില്‍ വാര്‍ത്തെടുത്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. കൂടുതല്‍ വലിച്ചു നീട്ടുന്ന കഥാമുഹൂര്‍ത്തങ്ങളോ അമാനുഷികതകളോ ഒട്ടും തന്നെയില്ലാതെ പോലീസും മനുഷ്യരാണ് എന്ന സാമാന്യ തത്വത്തിലൂന്നിക്കൊണ്ട് നിര്‍മ്മിച്ചെടുത്തതാണ് കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയം അന്വേഷണത്തില്‍ നിന്നോ കഥാപാത്രങ്ങളില്‍ നിന്നോ ഒട്ടും വ്യതിചലിക്കുന്നില്ല എന്ന വസ്തുതയാണ്.
കാണികളെ പിടിച്ചിരുത്തുക, ത്രില്ലടിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൂര്‍ണ വിജയമാണ് കണ്ണൂര്‍ സ്ക്വാഡ്. സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും കഴിവ് പൂര്‍ണമായും കണ്ണൂര്‍ സ്ക്വാഡില്‍ പതിഞ്ഞിട്ടുണ്ട്. സിനിമക്ക് സ്വീകരിച്ച പ്രമേയത്തിന്‍റെ ആത്മാ൦ശം ഒട്ടും തന്നെ ചോര്‍ന്ന് പോകാതെ ഉരുക്കിയെടുത്ത തിരക്കഥ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കണ്ണൂര്‍ എസ് പി യുടെ കീഴിലുള്ള സ്പെഷ്യല്‍ ക്രൈം സ്ക്വാഡിന്‍റെ അന്വേഷണ പരമ്പര കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ അനേക സംഭവങ്ങളെ സാക്ഷ്യം വഹിക്കുന്നു. കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയകൊലയാളികളെ കണ്ടെത്തുവാനായി രൂപപ്പെടുത്തിയ നാല്‍വര്‍ സംഘങ്ങളാണ് സ്ക്വാഡില്‍ ഉള്ളത്. ചിത്രത്തിന്‍റെ കഥയും ഈ നാലുപേരില്‍ നിന്നും തുടങ്ങുന്നു.
കുറ്റവാളികളെ പിടിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംധാരണക്കാരായ പോലീസുകാരാണ് ഈ നാലുപേരും. ജീവിതത്തിലെ പല പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും ജോലിക്കു എത്തുന്നവര്‍. പല കേസുകളിലും കുറ്റവാളികള്‍ എളുപ്പം പിടിച്ച് ഹാജരാക്കിയ ശീലമുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിപരീതമായിരുന്നു ഈ കേസ്. പോരാത്തതിന് മുകളില്‍ നിന്നുള്ള സമ്മര്‍ദവും മേല്‍ഉദ്യോഗസ്ഥന്‍മാരുടെ തെറിവിളികളും. എല്ലാം സഹിച്ച് കാട്ടില്‍ കുറ്റവാളികള്‍ക്കായി ‘വേട്ട’യ്ക്കിറ ങ്ങുകയാണ് കണ്ണൂര്‍ സ്ക്വാഡ്. പ്രതികളെ പത്തുദിവസത്തിന്നകം പിടിക്കണമെന്ന ഭരണകൂടത്തിന്‍റെ കര്‍ശനമായ നിര്‍ദ്ദേശത്തെ ജയിക്കുന്നതില്‍ നിന്നാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ കഥ ആരംഭിക്കുന്നതും.
പ്രതികളെ പിടിക്കുന്നതിലൂടെ മാറിക്കിട്ടുന്നത് പോലീസ് ഭരണത്തിനു മേലെ വീണുകിടക്കുന്ന അഴിമതിക്കാരെന്ന കറകൂടിയാണ്. പത്തുദിവസനത്തിനുള്ളില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓടിയെത്തി തിരച്ചില്‍ നടത്തുകയാണ് ഈ നാല്‍വര്‍ സംഘം. ആത്മവിശ്വാസം ഉള്ളത് കൊണ്ടും മുന്നില്‍ നയിക്കുവാന്‍ എ എസ് ഐ ജോര്‍ജ്ജ് മാര്‍ട്ടിന്‍ എന്ന കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്ളത് കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നു. റോബിന്‍ വര്‍ഗീസ് രാജിന്‍റെ സംവിധാന മികവ്, അനിയന്‍ റോണിയുടെ തിരക്കഥാ പാടവം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ചാതുരി, ശബരീഷ് വര്‍മ്മയുടെയും അസീസ് നെടുമങ്ങാടിന്‍റെയും മികച്ച പ്രകടനം, സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന്‍ സുഷില്‍ ശ്യാമിന്‍റെ മാന്ത്രികത, മുഹമ്മദ് റാഹിലിന്‍റെ മികച്ച ക്യാമറ…അങ്ങനെ കണ്ണൂര്‍ സ്ക്വാഡിനെ ഗംഭീരമാക്കി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് വിട്ടുനല്കി.
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘യവനിക’യിലൂടെ മലയാള സിനിമയുടെ പോലീസ് ഭാഷ്യത്തിന് മികച്ച മാനം നല്കുവാന്‍ കഴിഞ്ഞ മമ്മൂട്ടി ആ കഴിവ് വീണ്ടും തെളിയിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡിലൂടെ. ഇനിയും മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാള സിനിമയില്‍ പിറക്കുവാനുണ്ടെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ട ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടിറങ്ങുന്നുന്നത്.