ഇത്തവണ 53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി എം ജയചന്ദ്രന്‍. അദ്ദേഹത്തിന്‍റെ സംഗീതജീവിതത്തിലെ കരിയറില്‍ അപൂര്‍വ്വ നേട്ടമാണിത്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍. രണ്ടു പതിറ്റാണ്ടായി അവാര്‍ഡുകള്‍ വാങ്ങുന്നതിലൂടെ ‘അവാര്‍ഡ് മേക്കര്‍’ പദവി വീണ്ടും തന്നില്‍ ഉറപ്പിച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ആലാപനം തുടങ്ങി 25 തവണ മികച്ച ഗായകനുള്ള പുരസ്കാരം നേടി.
‘മയില്‍പ്പീലി ഇളകുന്നു കണ്ണാ…’ പത്തൊന്‍പതാംനൂറ്റാണ്ട് എന്ന ചിത്രത്തിലെ ഈ ഗാനത്തിലൂടെയാണ് ഇത്തവണ എം ജയചന്ദ്രന്‍ പുരസ്കാരം നേടിയിരിക്കുന്നത്. മാത്രമല്ല, ഈ ഗാനം ആലപിച്ച മൃദുല വാര്യര്‍ക്കാണ് ഇത്തവണത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചതും. ‘കളിമണ്ണ്’ എന്ന ചിത്രത്തില്‍ എം ജയചന്ദ്രന്‍ തന്നെ ഈണമിട്ട ‘ലാലീ…ലാലീരേ…’ എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള പ്രത്യേക ജൂറിപരാമര്‍ശം മൃദുലവാര്യര്‍ക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കലെ വെള്ളരിപ്രാവ്’ എന്ന പാട്ടിലൂടെയാണ് സംഗീതസംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്കാരം ജയചന്ദ്രനെ തേടി എത്തിയത്. 2003- മുതല്‍ ജയചന്ദ്രനു ലഭിച്ചത് 11 പുരസ്കാരങ്ങളാണ്. ഇനിയും മികച്ച പാട്ടുകളുടെ പിറവിക്കായി കാത്തിരിക്കുകയാണ് മലയാളികളും.