“പൗർണ്ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു…” കേട്ടാലും മതിവരാത്ത മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിത്യഹരിതമായ പാട്ടാണിത്. അതെ, സംഗീതത്തിന്‍റെ മൃദുലമായ സ്പർശനമായിരുന്നു അർജുനൻ മാഷിന്‍റെ ഓരോ ഈണവും നമുക്ക് പകർന്നു നൽകിയത്. കാതരമായ ഭാവമുണ്ടതിന്. കസ്തൂരിമണം ചാലിച്ചെഴുതിയ നനുത്ത ഗന്ധവുമുണ്ടതിന്. അർജുനൻ മാഷ് എന്നാൽ ശ്രീകുമാരൻ തമ്പി എന്നാണ്. ശ്രീകുമാരൻ തമ്പി എന്നാൽ അർജുനൻ മാഷും. യാദൃച്ഛികമായി പരിചയപ്പെട്ട നാൾ മുതൽ തുടങ്ങിയ അഗാധമായ സൗഹൃദമാണ് അതിന്‍റെ ഉൾക്കാമ്പ്. ശ്രീകുമാരൻ തമ്പി അർജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന എത്രയൊ ഹിറ്റ് ഗാനങ്ങൾ നമ്മൾ ഓരോ ദിനവും കേൾക്കുന്നു. സംഗീതത്തിന്‍റെ എല്ലാ സുഖ- ദു:ഖങ്ങളും അനുഭവിച്ചാണ് അർജുനൻ മാസ്റ്റർ ജീവിതത്തില്‍ നിന്നും സംഗീത ജീവിതത്തില്‍ നിന്നും യാത്രയായതെന്ന് ശ്രീകുമാരൻ തമ്പി ഓർമ്മിക്കുന്നു. “അർജുനനും ഞാനും തമ്മിൽ ചേരുമ്പോൾ രണ്ടായിരുന്നില്ല, ഒന്നായിരുന്നു. അതിൽ നിന്ന് അർജുനൻ പിരിഞ്ഞിരിക്കുന്നു. നാളെ ഞാനും മരിക്കും പക്ഷെ, അർജുനന്‍റെ വിയോഗം സഹിക്കാവുന്നതല്ല…” ശ്രീകുമാരൻ തമ്പിയുടെ ഓർമ്മകൾ നിറയെ അർജുനന്‍ മാഷിന്‍റെ സ്മരണകളാണ്.
തന്‍റെ സംഗീതത്തെക്കുറിച്ചുള്ള അറിവിന്‍റെ ആവനാഴിയിൽ സൂക്ഷിച്ച അമൂല്യമായ അസ്ത്രങ്ങളെയെല്ലാം എം കെ അർജുനൻ മാസ്റ്റർ മലയാള ചലച്ചിത്ര ലോകത്തിനു സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഭൂതകാലം നമുക്കെല്ലാം പാഠമാണ്. വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും വിദ്യാഭ്യാസമില്ലായ്മയുടെയും കെട്ട കാലത്തോട് ദുഃഖം മാത്രം തന്ന ജീവിതത്തോട് സംഗീതം കൊണ്ട് പൊരുതി ജയിച്ചൊരു പോരാളി. അച്ഛനെ കണ്ട ഓർമ്മയില്ലാത്ത ബാല്യം. രണ്ടാം ക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തുകയും അന്നന്നത്തെ അന്നത്തിനായി പലഹാരങ്ങളുണ്ടാക്കി വിറ്റ് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് വിശപ്പ് പാതിയടക്കി. കൂലിപ്പണി ചെയ്തു വീടുകളിൽ ജോലിക്ക് നിന്നും മറ്റും ജീവിക്കാൻ ശ്രമിച്ചെങ്കിലും ദാരിദ്ര്യം അതിന്‍റെ എല്ലാ സീമകളെയും ലംഘിച്ചപ്പോൾ അർജുനൻ മാഷിന്‍റെ അമ്മ നിറകണ്ണുകളോടെ അദ്ദേഹത്തെയും ജ്യേഷ്ഠനെയും ആശ്രമത്തിലേക്ക് പറഞ്ഞയച്ചു. ആ അനാഥാലയത്തിൽ ഏഴു വർഷത്തോളം താമസിച്ച അർജുനൻ മാസ്റ്റർ ഭജന കേട്ട് സംഗീതത്തോട് അടുപ്പം പ്രകടിപ്പിക്കുകയും ആശ്രമത്തിലെ ഗുരു സംഗീതം പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു. ഏഴു വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ദാരിദ്ര്യത്തിന് ശമനമുണ്ടായിരുന്നില്ല. വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ ജീവിതത്തെ കരയ്ക്കടുപ്പിക്കാൻ അർജുനൻ മാസ്റ്റർ ചില സംഗീതക്കച്ചേരികളിൽ പങ്കെടുത്തും കൂലി എടുത്തും പ്രയത്നിച്ചു കൊണ്ടിരുന്നു.
കടുത്ത ദാരിദ്ര്യത്തിനും കുടുംബ പ്രാരാബ്ദത്തിനുമിടയിൽ സംഗീതം പഠിക്കണമെന്ന് അദ്ദേഹത്തിന്‍റെ ആഗ്രഹം മനസ്സിൽ മാത്രം ഒതുങ്ങി. എങ്കിലും അവസരം ഒത്തുവരുമ്പോഴെല്ലാം അദ്ദേഹം ഗുരുക്കൻമാരുടെ പക്കൽ നിന്ന് ഹാർമോണിയവും കീബോർഡും തബലയും വായ്പാട്ടും അഭ്യസിച്ചു. ഹാർമോണിയം പഠിച്ചതോടെ ചില നാടക ട്രൂപ്പുകളിൽ അദ്ദേഹത്തെ ക്ഷണിച്ചു തുടങ്ങി. കോഴിക്കോട് കലാകൗമുദി നാടക ട്രൂപ്പിൽ അവസരം ലഭിച്ചതോട് കൂടി അർജുനൻ മാസ്റ്ററുടെ ജീവിതത്തിൽ പതുക്കെ പ്രകാശം പരക്കാൻ തുടങ്ങി. “തമ്മിലടിച്ച തമ്പുരാക്കൾ “എന്ന ഗാനത്തിന് അർജുനൻ മാഷ് നൽകിയ ഈണം ശ്രദ്ധിക്കപ്പെട്ടു. നാടക രംഗത്ത് സജീവമായതോട് കൂടി ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുകയും പിന്നീട് ഒരു നീണ്ട വർഷങ്ങളോളം ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾക്ക് ഹാർമോണിയം വായിക്കുകയും ചെയ്തു.
ദേവരാജൻ മാസ്റ്റർ ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ ഹിറ്റ് ഗാനങ്ങൾ പിറന്ന സമയമായിരുന്നു അത്. അതിനിടയിൽ ഇരുവരും തമ്മിൽ സ്വരച്ചേർച്ച ഭoഗം വരികയും പിന്നീട് ശ്രീകുമാരൻ തമ്പിയും അർജുനൻ മാസ്റ്ററും തമ്മിൽ പരിചയപ്പെടുകയുമുണ്ടായി. മാസ്റ്റർ മലയാള സിനിമയിലാദ്യമായി ‘കറുത്ത പൗർണ്ണമി’ എന്ന ചിത്രത്തിന് വേണ്ടിയാണ് പാട്ടെഴുതിയത്. പി ഭാസ്കരൻ മാഷിന്‍റെ”ഹൃദയമുരുകി നീ കരയില്ലെങ്കിൽ” എന്ന ഗാനം അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തി. ശ്രീകുമാരൻ തമ്പിയും അർജുനൻ മാഷും തമ്മിലുള്ള ബന്ധത്തിൽ നിന്നും അങ്ങനെ ഒട്ടനവധി ഹിറ്റ് മലയാള ചലച്ചിത്ര ഗാനങ്ങൾ നമുക്ക് സ്വന്തമായി. എങ്ങനെയാണ് മലയാളത്തിനു അർജുനൻ മാഷ് എന്ന സംഗീതത്തെ സ്വന്തമായത്? അതിലും ജീവിതത്തിന്‍റെയും വ്യക്തികളുടെയും സാഹചര്യങ്ങളുടെയും കൈകളുണ്ട്. ജീവിതത്തെ സ്പർശിക്കുന്ന തരത്തിൽ ഈണം പകരാൻ എളുപ്പത്തിൽ അദ്ദേഹത്തിന് സാധിക്കുന്നത് ഒരു കാലത്തെ തന്‍റെ ഭൂതകാലം തന്നെയായിരിക്കാം.1972 ൽ പുറത്തിറങ്ങിയ ‘പുഷ്പാഞ്ജലി’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ “ദുഃഖമേ നിനക്ക് പുലർകാല വന്ദനം” എന്ന് തുടങ്ങുന്ന വരികൾ തികച്ചും ദാർശനികപരമായ ദർശനത്തെ ഉൾക്കൊള്ളുന്നു. ഈണം പകർന്ന അർജുനൻ മാഷിന് അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. യേശുദാസാണ് മിക്ക ഗാനങ്ങളും ആലപിച്ചതെങ്കിലും മാനസികമായി അദ്ദേഹം ഏറെ അടുപ്പത്തിൽ ഗായകൻ പി ജയചന്ദ്രനോടാണ്. 1974 ൽ പുറത്തിറങ്ങിയ ‘പൂന്തേനരുവി’ എന്ന ചിത്രത്തിലെ “നന്ത്യാർ വട്ടപ്പൂ ചിരിച്ചു” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന് നൽകിയ ഈണവും ജയചന്ദ്രന്‍റെ സ്വരത്തിൽ ഹിറ്റായി.
പ്രണയത്തിന്‍റെയും അതിൽ നിന്നുണ്ടാകുന്ന സുഖത്തിന്‍റെയും വേദനയുടെയും ഇടകലർന്ന കാല്പനിക ഭാവത്തെ തൊട്ടുണർത്താൻ അർജുനൻ മാഷുടെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. അത്തരം ഗാനങ്ങൾ ജനപ്രിയമാകുകയും ചെയ്തു.1975 ൽ പുറത്തിറങ്ങിയ ‘പിക് നിക്’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ “ചന്ദ്രക്കല മാനത്തു ചന്ദന നദി താഴത്ത്” എന്ന് തുടങ്ങുന്ന പാട്ടിനു പ്രണയത്തിന്‍റെ നിലാവും രാത്രിയുടെ ഇരുട്ടും ഘനീഭവിച്ചു നിൽക്കുന്നു. ഈ ചിത്രത്തിലെ യേശുദാസും വാണി ജയറാമും ചേർന്നു പാടിയ “വാൽക്കണ്ണെഴുതി വന പുഷ്പം ചൂടി “എന്ന യുഗ്മ ഗാനവും സൂപ്പർ ഹിറ്റാണ്.1986 ൽ പുറത്തിറങ്ങിയ ‘മിഴിനീർപ്പൂക്കൾ’ എന്ന ചിത്രത്തിൽ ആർ കെ ദാമോദർ രചിച്ച “ചന്ദ്രകിരണത്തിൻ” എന്ന പാട്ടിലാകെ യൗവനത്തിന്‍റെ തീഷ്ണമായ പ്രണയഭാവങ്ങൾ തുളുമ്പി നിൽക്കുന്നുണ്ട്. പ്രണയത്തിന്‍റെ അമൂർത്തമായ വൈകാരികതയെ മൂർത്തമാക്കുന്ന മാന്ത്രികത അർജുനൻ മാസ്റ്റർക്ക് സ്വന്തമായിരുന്നു എന്ന് വേണം കരുതാൻ.
രാഗങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുള്ള സംഗീതജ്ഞനാണ് അർജുനൻ മാസ്റ്റർ. ശ്രീകുമാരൻ തമ്പി ആദ്യമേ അത് തിരിച്ചറിയുകയും ചെയ്തു. കെ പി ബ്രഹ്മാനന്ദൻ 1971 ലിറങ്ങിയ ‘സി ഐ ഡി നസീർ’ എന്ന ചിത്രത്തിൽ ആലപിച്ച “നീലനിശീഥിനീ നിൻ മണി മേടയിൽ” എന്ന് തുടങ്ങുന്ന ഗാനം നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ്. ശ്രീകുമാരൻ തമ്പിയുടെ കാവ്യാത്മകമായ രചന. അതിനു ഈണം കൊണ്ട് ആത്മാവ് പകർന്നു നൽകാൻ അർജുനൻ മാഷിന് മാത്രം കഴിയുന്ന വരമാണെന്ന് ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയും. ഈ ചിത്രത്തിൽ തന്നെ ശ്രീകുമാരൻ തമ്പി രചിച്ചു യേശുദാസ് ആലപിച്ച “പാടാത്ത വീണയും പാടും” എന്ന ഗാനം കല്ലിനെ പോലും അലിയിക്കുവാനുള്ള കെൽപ്പോടെ ഇന്നും ഓരോ ഹൃദയവും ഈ ഗാനം ആസ്വദിക്കുന്നു. വയലാറിന്‍റെ തളിർ വലയൊ താമര വലയൊ” എന്ന് തുടങ്ങുന്ന പാട്ട് ഇന്നും സൂപ്പർ ഹിറ്റാണ്. 1975 ലിറങ്ങിയ ‘ചീനവല’എന്ന ചിത്രത്തിൽ വയലാറിന്‍റെ ഈ ഗാനം കൂടാതെ “പൂന്തുറയിലരയന്‍റെ പൊന്നരയത്തി ” എന്ന് തുടങ്ങുന്ന പാട്ടും അർജുനൻ മാസ്റ്ററുടെ ഹിറ്റുകളിലൊന്നാണ്. “മല്ലീ സായകാ നിന്മനസ്സൊരു…” എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഗാനങ്ങളിൽ ചിലതിൽ ‘സൂര്യവംശ’ത്തിലെ (1975) ഈ പാട്ടുമുണ്ട്. വയലാറിന്‍റെ രചന എന്ന് കാണുമ്പോൾ തന്നെ സംഗീതം ദേവരാജൻ എന്ന് നമ്മൾ കണ്ണടച്ച് പറഞ്ഞു പോകും. എന്നാൽ അത് ദേവരാജൻ മാസ്റ്ററുടെതല്ല, മറിച്ച് ശിഷ്യനായ അർജുനൻ മാസ്റ്ററുടേതാണ്. അത് കൊണ്ട് തന്നെ അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ ഗുരുവായ ദേവരാജൻ ടച്ച് നമുക്ക് അനുഭവിക്കാനും കഴിയും.
അർജുനൻ മാസ്റ്ററുടെ ഈണങ്ങളിൽ പിറന്ന ഗാനങ്ങളിൽ പലരും പ്രത്യേകം പരാമർശിക്കുന്നതു “ചെമ്പക തൈകൾ പൂത്ത” എന്ന് തുടങ്ങുന്ന ഗാനമാണ്. ‘കാത്തിരുന്ന നിമിഷം’ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ചു യേശുദാസ് ആലപിച്ച ഗാനം ഹിറ്റായി മാറി. പി ജയചന്ദ്രനും ജാനകിയും ചേർന്നു പാടിയ “യദു കുല രതിദേവനെവിടെ “എന്ന യുഗ്മ ഗാനം ഇന്നും സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ.1969 ൽ ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച ഗാനം.1975 ൽ ‘പിക്നിക്’എന്ന ചിത്രത്തിന് വേണ്ടി അർജുനൻ മാഷ് ശ്രീകുമാരൻ തമ്പി കൂട്ടു കെട്ടിൽ പിറന്ന അനശ്വരമായൊരു യുഗ്മ ഗാനം മലയാളത്തിനു സ്വന്തമായുണ്ട്. “വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി” എന്ന ഗാനത്തെ കൂടുതൽ മനോഹരമാക്കി യേശുദാസിന്‍റെയും വാണിജറാമിന്‍റെയും നാദവിസ്മയം. 1973 ലെ ‘പത്മവ്യൂഹം’ എന്ന ചിത്രത്തിലെ “കുയിലിന്‍റെ മണിനാദം കേട്ടു”, സി ഐ ഡി നസീറിലെ (1971) ബ്രഹ്മാനന്ദൻ ആലപിച്ച “നീലനിശീഥിനീ”, ഈ ചിത്രത്തിൽ തന്നെ പി ജയചന്ദ്രൻ ആലപിച്ച “നിൻ മണിയറയിലെ” തുടങ്ങിയ ഗാനങ്ങൾ പ്രണയത്തിന്‍റെ പൂർണ്ണ ഭാവത്തെ പ്രതിഫലിപ്പിക്കുന്നു.”പാലരുവികരയിൽ “(പത്മവ്യൂഹം),”മല്ലികപ്പൂവിൻ മധുരഗന്ധം” (ഹണിമൂണ്‍), “ചെട്ടികുളങ്ങര ഭരണി നാളിൽ” (സിന്ധു ) തുടങ്ങിയ നൂറ്റി അൻപതോളം മലയാള ചലച്ചിത്രങ്ങൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയ എം കെ അർജുനൻ മാസ്റ്റർ തന്‍റെ കഴിവ് കൊണ്ടൊന്നു മാത്രം സംഗീത ലോകത്തേക്ക് എത്തപ്പെട്ട യഥാർത്ഥ കലാകാരനായിരുന്നു.
രണ്ടായിരത്തി ഇരുപത് ഏപ്രിൽ ആറിന് അനുഗ്രഹീത സംഗീതജ്ഞൻ നമ്മെ വിട്ട് പോയപ്പോൾ പാട്ടിന്‍റെ ഒരു യുഗം കൂടി അവിടെ അവസാനിക്കുകയായിരുന്നു. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും മലയാള സംഗീതത്തിൽ നിറഞ്ഞു നിന്ന സാത്വികനായ സംഗീത കുലപതി. ഒന്നിനോടും മോഹമില്ലാതെ സംഗീതത്തിൽ മാത്രം അഭിരമിച്ച ഋഷിതുല്യനായ കലാകാരനെ തുടർന്നുള്ള കാലം മറന്നിരുന്നു എന്നത് നഗ്നസത്യം. വൈകി വന്ന അംഗീകാരങ്ങളോട് പരിഭവിക്കാതെ, ചോദ്യം ചെയ്യാതെ അദ്ദേഹമത് സസന്തോഷം സ്വീകരിച്ചു. മരണത്തിനു തൊട്ട് മുൻപുള്ള ദിവസങ്ങളിലും അദ്ദേഹം സംഗീതത്തിന്‍റെ ദേവലോകത്തായിരുന്നു ജീവിച്ചത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രൻ അർജുനൻ മാസ്റ്ററെ ഓർക്കുന്നു.”നഷ്ടമായത് മലയാളത്തിലെ അവസാന കംപോസറെ ആണ്…”