രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കുഞ്ചമൻ പോറ്റി ഇനി കൊടുമൺ പോറ്റിയായി എത്തും. കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബം കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് പിൻവലിച്ച് പ്രദർശനാനൂമതി തടയണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കുഞ്ചമൺ കുടുംബാഗം പി എം ഗോപിയാണ് കോടതിയെ സമീപിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ഹൊറർ സിനിമ ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തും. ബ്ലാക് ആൻഡ് വൈറ്റ് നിറത്തിലാണ് ടീസർ റിലീസായത്. അർജുൻ അശോകൻ, അമാൽഡ ലിസ്, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് സംഭാഷണം എഴുതിയത്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം ക്രിസ്റ്റോ സേവ്യർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായി ചിത്രീകരണം പൂർത്തിയാക്കി.