കനത്ത നിശബ്ദതയില്‍ അപ്രതീക്ഷിതമായി കാതുകളിലേക്ക് ഊളിയിട്ടു വന്നു വീഴുന്ന മഴയുടെ സംഗീതം പോലെ ആസ്വദിക്കപ്പെടുന്നുണ്ട്, സ്വര്‍ണ്ണലതയെന്ന മലയാള ചലച്ചിത്ര പിന്നണി ഗായികയുടെ മാറ്റുരയ്ക്കുന്തോറും തന്നിത്തങ്കമാകുന്ന സംഗീതത്തെ. അതില്‍ അനാവരണം ചെയ്ത അവരുടെ നാദബ്രഹ്മത്തെ. ‘ഏഴരക്കൂട്ടം’ എന്ന ചിത്രത്തിലെ ‘ഇല്ലിക്കാടും മാലേയമണിയും’ എന്ന പാട്ടിലുണ്ട് സ്വര്‍ണ്ണലതയെന്ന പാട്ടുകാരിയുടെ സ്വത്വം. മെലഡിയും അടിച്ചുപൊളിപ്പാട്ടുകളും അവര്‍ തന്‍റെ ശബ്ദം കൊണ്ട് അനായാസേനെ കൈകാര്യം ചെയ്തു. എന്നാല്‍ സ്വര്‍ണ്ണലതയുടെ അഴകാര്‍ന്ന നാദമൊഴുക്കുന്ന ശബ്ദം കൂടുതല്‍ ജനപ്രിയമായത് ‘ഇന്‍റിപെന്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ‘നന്ദലാല ഹേ നന്ദലാലാ’ എന്ന പാട്ടിലൂടെയാണ്. സ്വര്‍ണ്ണലത ശ്രദ്ധിക്കപ്പെടുന്നത് അവരുടെ വേറിട്ട ശബ്ദവും പാടുന്ന പാട്ടുകളുടെ പ്രത്യേകതയും ആലാപന ശൈലിയിലുള്ള സവിശേഷതകളുമാണ്. മലയാളികളുടെ ഈ സ്വന്തം ഗായിക നമ്മുടെയെല്ലാം സംഗീതത്തില്‍ നിന്നും അവരുടെ ജീവിതത്തില്‍ നിന്നും വിടപറഞ്ഞിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു.
ഇരുപത്തിമൂന്നു വര്‍ഷം സിനിമയിലും നമ്മുടെ ഹൃദയങ്ങളിലുമായി പാടിത്തിമിര്‍ത്ത സ്വര്‍ണ്ണലത വിവിധ ഭാഷകളിലായി ആലപിച്ചിരിക്കുന്നത് ഏഴായിരത്തോളം ഗാനങ്ങളാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉറുദുവിലും കന്നഡയിലും ഒറിയയിലും ബംഗാളിയിലും സ്വര്‍ണ്ണലതയുടെ ശബ്ദം പത്തരമാറ്റായി. മൂന്നാം വയസ്സില്‍ സംഗീത പാഠങ്ങള്‍ അഭ്യസിച്ച സ്വര്‍ണ്ണലത ചലച്ചിത്ര മേഖലയിലെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുമ്പോള്‍ പ്രായം പതിനാല്. സംഗീത പാരമ്പര്യമുണ്ടായിരുന്ന സ്വര്‍ണ്ണലതയുടെ അച്ഛന്‍ കെ സി ചെറുകുട്ടി പ്രശസ്ത ഹാര്‍മോണിസ്റ്റായിരുന്നു. വെറുതെ പാടിപ്പോകുകയല്ല, പ്രശസ്തയായ ചലച്ചിത്ര പിന്നണി ഗായികയാവുക നല്ല പാട്ടുകള്‍ക്ക് തന്‍റെ ശബ്ദവുമൊരു ഭാഗമാകുക എന്ന കൃത്യമായ ലക്ഷ്യവും ചിട്ടയും അര്‍പ്പണ ബോധവും സ്വര്‍ണ്ണലതയ്ക്കുണ്ടായിരുന്നു . പ്രഗല്‍ഭ സംഗീതജ്ഞനായ എം എസ് വിശ്വനാഥന്‍ ചിട്ടപ്പെടുത്തിയ പാട്ടിലൂടെയായിരുന്നു സ്വര്‍ണ്ണലത അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അവരുടെ ശബ്ദത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന പാണ്ഡിത്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് നിരവധി പ്രശസ്ത സംഗീത സംവിധായകര്‍ എത്തിക്കൊണ്ടിരുന്നു. ഇളയരാജ, എ ആര്‍ റഹ്മാന്‍, ഹാരിസ്, ജയരാജ്, വിദ്യാസാഗര്‍, ദേവ, ശങ്കര് എഹ്സാല്‍ ലോയ്, അനുമാലിക്, മണി ശര്‍മ തുടങ്ങി നിരവധിപേരുടെ പാട്ടുകള്‍ സ്വര്‍ണ്ണലയുടെ ശബ്ദത്തില്‍ ശ്രദ്ധേയവും സൂപ്പര്‍ ഹിറ്റുമായി.
തമിഴകം ഏറ്റവും നന്നായി ആസ്വദിച്ചിട്ടുണ്ട് ഈ ഗാന സൌന്ദര്യത്തെ. 1994 ‘കറുത്തമ്മ’ എന്ന ചിത്രത്തിലെ “പോറാളെ പൊന്നുത്തായെ” എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡും 1991,1994, 2000 എന്നീ വര്‍ഷങ്ങളില്‍ തമിഴ് സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും 1994 കലൈമണി പുരസ്കാരവും 1995 ല്‍ ആന്ധ്ര ഗവണ്‍മെന്‍റ് നന്തി പുരസ്കാരവും നല്‍കിക്കൊണ്ട് സ്വര്‍ണ്ണലതയിലെ സംഗീത പ്രതിഭയെ ആദരിച്ചു. മലയാളത്തില്‍ ആപ്പോഴെല്ലാം സ്വര്‍ണ്ണലതയെന്ന ഗായിക പരിചയമായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. തമിഴിലും മറ്റ് ഭാഷകളിലുമായി പാടിത്തിമിര്‍ത്ത ഈ മലയാളി പിന്നീട് മലയാള സിനിമയിലേക്കും പാട്ടുകള്‍ക്കായി ക്ഷണിക്കപ്പെട്ടു തുടങ്ങി. അതോടെ മലയാളികള്‍ക്കും സ്വര്‍ണ്ണലത പ്രിയങ്കരിയായി, പകിട്ടാര്‍ന്ന അവരുടെ ഓരോ പാട്ടുകളും. മലയാളത്തില്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമിട്ട കണ്ണൂര്‍ രാജന്‍ ‘ആയിരം ചിറകുള്ള മോഹം’ എന്ന ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ പാട്ട് പാടിക്കൊണ്ടാണ് സ്വര്‍ണ്ണലത ആദ്യ ചുവടുവെക്കുന്നത്.
കണ്ണൂര്‍ രാജനൊപ്പമുള്ള ആദ്യ സംരംഭത്തിന് ശേഷം മലയാള സിനിമ കൂടുതല്‍ ആ ശബ്ദത്തെ തേടി വന്നു. അങ്ങനെ മലയാളത്തിലെ ഹിറ്റ് പാട്ടുകള്‍ക്കും ആ നാദ മാധുരി വളരെ വേഗം തന്നെ ഇണങ്ങിച്ചേര്‍ന്നു. ‘മിന്നാമിനുങ്ങിനും മിന്നുകെട്ട്’ എന്ന ചിത്രത്തിലെ “മഞ്ഞില്‍ പൂത്ത സന്ധ്യേ” എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ ചൂണ്ടുകളില്‍ ഈണമായി തുളുമ്പി നിന്നു . ‘വര്‍ണ്ണപ്പകിട്ടി’ല്‍ എത്തിയപ്പോള്‍ സ്വര്‍ണ്ണലത കൂടുതല്‍ ജനപ്രിയമായി. ഈ ചിത്രത്തിലെ എം ജി ശ്രീകുമാറിനൊപ്പം ആലപിച്ച “മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞെ മാമണിക്കൊട്ടാരം” എന്ന പാട്ട് ഇന്നും പുതുമയാര്‍ന്നു കൊണ്ട് കുളിര് പകര്‍ന്നു നല്‍കുകയാണ്. അത് നല്‍കുന്ന നിത്യ പ്രണയ സൌന്ദര്യം സ്വര്‍ണ്ണലതയുടെ ശബ്ദത്തിലൂടെ മലയാളികള്‍ ആസ്വദിച്ച് കൊണ്ടിരുന്നു.‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലെത്തിയപ്പോള്‍ മെലഡിയും അടിച്ചുപൊളിയും ചേര്‍ന്നോരു സ്വര്‍ണ്ണലതയുടെ ശബ്ദത്തെ പ്രേക്ഷകര്‍ വേറിട്ടറിഞ്ഞു. “അവ്വാ അവ്വ അവ്വ അവ്വ മഴപ്പക്ഷി പാടുന്നു അവ്വ അവ്വ…”, എന്ന പാട്ടിനൊപ്പം താളമിട്ട് ചുവടു വെച്ച് പാടാത്ത മലയാളികള്‍ വിരളമായിരിക്കും. ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലെ “കടമിഴിയില്‍ കമലദളം കവിളിണയില്‍ സിന്ദൂരം”, എന്ന പാട്ടു കൂടി പുറത്തിറങ്ങി ഹിറ്റായപ്പോള്‍ മലയാള സിനിമയ്ക്കും ആസ്വാദകര്‍ക്കും സ്വര്‍ണ്ണലത ഒഴിച്ചുകൂടാനാവാത്ത ശബ്ദത്തിനും വ്യക്തിത്വത്തിനും ഉടമയായിത്തീര്‍ന്നിരുന്നു.
“മണിമുകിലേ നീ മറയരുതേ …” കുബേരന്‍ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഈ ഗാനം സ്വര്‍ണ്ണലതയുടെ കരിയറില്‍ വേറിട്ട് നിന്നു. ‘വണ്‍ മാന്‍ ഷോ’ എന്ന ചിത്രത്തിലെ “കാശിത്തുമ്പ…”, ’ഒരു അഭിഭാഷകന്‍റെ കേസ് ഡയറി ‘എന്ന ചിത്രത്തിലെ “സംഗമം എപ്പോള്‍…”, ‘കര്‍മ്മ’യിലെ “എല്ലാം ഇന്ദ്രജാലം…”, “ജും ജും രാവില്‍…”, തുടങ്ങി സ്വര്‍ണ്ണലത തൊട്ടതെല്ലാം പൊന്നാക്കിയ എത്രയെത്ര ഗാനങ്ങള്‍ മലയാളത്തിലും മറ്റ് ഭാഷകളിലുമായി പിറന്നിരിക്കുന്നു. അപൂര്‍ണ്ണമായിരുന്നു, സ്വര്‍ണ്ണലതയുടെ ജീവിതം പോലെ തന്നെയായിരുന്നു അവരുടെ സംഗീതവും. പാട്ടിന്‍റെ മഹാനാദത്തെ കണ്oത്തില്‍ പേറിക്കൊണ്ട് മലയാള നാട്ടിലേക്കു നമ്മുടെ മനസ്സിലേക്ക് ചേക്കേറി പറയാതെ പറന്നു പോയ ദേശാടനക്കിളി. സ്വര്‍ണ്ണലതയുടെ ശബ്ദം കൊണ്ട് കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങള്‍ ഇന്നും ഹരമാണ്. തനിക്ക് മുന്നേ പാട്ടിലൂടെ സഞ്ചരിച്ച പാട്ടുകാരുടെ അനുകരണമല്ല, സ്വര്‍ണ്ണലത തിരഞ്ഞെടുത്തത് തന്‍റേതായ പാതയായിരുന്നു. ‘മോഹം’ എന്ന ആല്‍ബത്തില്‍ അവസാനമായി പാടിയതോടു കൂടി സ്വര്‍ണ്ണലതയുടെ നാദം രോഗത്തോടൊപ്പം നിശബ്ദമാകാന്‍ തുടങ്ങിയിരുന്നു. തമിഴിലെ ‘ദളപതി’ എന്ന ചിത്രത്തിലെ “റാക്കമ്മാ കയ്യെത്തൊട്ട്…”, കാതലനി’ലെ മുക്കാലാ മുക്കാബലാ…”, ‘ബോംബൈ’ലെ “കുച്ച് കുച്ച് റാക്കമ്മാ…”, “ജെന്‍റില്‍മാന്‍ ‘ ‘ഉസ്സാംപട്ടി പെണ്‍കുട്ടി…”, തുടങ്ങി ഏത് ശൈലിയിലുള്ള പാട്ടുകളും അനായാസേനെ സ്വര്‍ണ്ണലതയുടെ ശബ്ദത്തിന് വഴങ്ങുമായിരുന്നു. “കുടജാദ്രിയില്‍ കുടചൂടുമാ കോടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീ പ്രണയം…”, പാട്ട് പോലെ ഇന്നും പ്രണയാര്‍ദ്രവും രാഗസാന്ദ്രവുമാണ് സ്വര്‍ണ്ണലതയുടെ പാട്ടിലൂടെ എന്നുമൊഴുകുമ്പോള്‍ ….