“കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി…” രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ‘നീലക്കടമ്പി’ലെ ദൈവികത്വം നിറഞ്ഞ ഈ ഒറ്റ ഗാനം മതി കെ ജയകുമാർ എന്ന ഗാനരചയിതാവിനെ പ്രതിഭാധനനായ ഐ എ എസ് ഉദ്യോഗസ്ഥനെ ഓർക്കാൻ. തിരക്കുള്ള ഉത്തരവാദിത്തപ്പെട്ട ഔദ്യോഗിക പദവികളിലിരുന്ന് സ്ഥാനം അലങ്കരിക്കുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോഴും ആ കലാകാരൻ ജോലിയൊഴിഞ്ഞുള്ള ശൂന്യവേളകളിലിരുന്നു പാട്ടെഴുതി. ആ പാട്ടുകളാകട്ടെ മലയാള സിനിമയുടെ അമരത്തേക്ക് ചിറകടിച്ചുയരുകയും മലയാളികളുടെ സംഗീതത്തിലപ്പാടെ ലയിച്ചു ചേരുകയും ചെയ്തു. പിന്നീടങ്ങോട്ട് ‘പാവക്കൂത്ത്’ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയത് പോലെ, “സാരംഗി മാറിലണിയും ഏത് അപൂർവരാഗ’മായി എന്ന പാട്ടുപോലെ നമ്മുടെ കാതുകളിലാണ് അദേഹത്തിന്‍റെ ഓരോ പാട്ടും നിറഞ്ഞു നിൽക്കുന്നത്. കവിയായും ഗാനരചയിതാവായും വിവർത്തകനായും ചിത്രകാരനായും തിരക്കഥാകൃത്തായും വിളങ്ങിയ കെ ജയകുമാർ ഐ എ എസിന്‍റെ ജീവിതം കലകൾ കൊണ്ടും സംഗീതം കൊണ്ടും സമ്പന്നമായിരുന്നു.
കുട്ടിക്കാലത്തെ എഴുത്തിനോട് കമ്പം പുലർത്തിയിരുന്നു, കെ ജയകുമാര്‍. തന്‍റെ അച്ഛന്‍റെ സിനിമകളിൽ നിരവധി പാട്ടുകൾ എഴുതിയിരുന്ന വയലാറും അദ്ദേഹത്തിന്‍റെ പാട്ടുകളുമായിരുന്നു കെ ജയകുമാറിന്‍റെ എഴുത്തിന്റെ ആദ്യ അടിത്തറ. വയലാറിന്‍റെ പാട്ടുകളുടെ വിജയം അദേഹത്തിന്‍റെ വരികളുടെ പല്ലവിയിൽ തന്നെ ആരംഭിക്കുന്നു എന്ന അറിവ് അദ്ദേഹത്തിനു പകർന്നു നൽകിയതും പിതാവായിരുന്നു. എന്നാൽ തന്‍റെ മക്കൾ സിനിമയിൽ വരാൻ പാടില്ലെന്ന് അദ്ദേഹം ആഗ്രഹിച്ചെങ്കിലും മക്കൾ മൂന്ന് പേരും സിനിമയിൽ തന്നെ എത്തിച്ചേർന്നു. ജയകുമാറിന്‍റെ അനുജന്മാരായ കെ ശ്രീകുമാറും കെ ഹരികുമാറും ഇന്ന് ശ്രദ്ധേയരായ ചലച്ചിത്ര സംവിധായകരാണ്. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാറിനു ഐ എ എസ് പദവി ലഭിക്കുന്നത് 1978 ലാണ്. അസിസ്റ്റന്‍റ് കളക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടറായും വിനോദ സഞ്ചാരവകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, മഹാത്മാഗാന്ധി സർവകലശാല വൈസ് ചാൻസിലർ എന്നി പദവികളിലും സേവനമനുഷ്ഠിച്ചു. 2012 ൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ചുമതലയേറ്റ അദ്ദേഹം സ്ഥാപനത്തിന്‍റെ വൈസ് ചാൻസിലറായി സേവനമനുഷ്ഠിക്കുന്നു. ഇരുപതോളം കൃതികൾ അദ്ദേഹം രചിച്ചു. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ, എന്നിങ്ങനെ അഞ്ചു കവിതസമാഹാരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പുറത്തിറക്കി. ടാഗോറിന്‍റെ ഗീതാഞ്ജലി, ഖലീൽ ജിബ്രാന്‍റെ പ്രവാചക കൃതികളുമെല്ലാം അദ്ദേഹം പരിഭാഷപ്പെടുത്തി. കൂടാതെ ‘വർണ്ണച്ചിറകുകൾ’എന്ന പേരിൽ കുട്ടികളുടെ സിനിമ സംവിധാനം ചെയ്തു.
എൺപതോളം മലയാള സിനിമകൾക്ക് വേണ്ടി ഒട്ടനവധി ഹിറ്റ് ഗാനങ്ങളും പിറന്നത് അദ്ദേഹം ഐ എ എസ് പദവിയിൽ ഇരിക്കുമ്പോളായിരുന്നു. പിതാവ് എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് പ്രമുഖ നടി ഉർവശി ശാരദ നിർമ്മിച്ച ‘ഭദ്രദീപം’ എന്ന ചിത്രത്തിൽ സംഗീത ചക്രവർത്തി എം എസ് ബാബുരാജിന്‍റെ സംഗീതത്തിൽ ‘മന്ദാരമണമുള്ള കാറ്റേ ‘എന്ന ആദ്യ ഗാനമെഴുതിക്കൊണ്ട് ചലച്ചിത്ര ഗാന രചനാലോകത്തേക്ക് ജയകുമാർ ചുവട് വെച്ചു.”കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി…” 1985 ൽ പൂർത്തിയാക്കിയെങ്കിലും’ നീലക്കടമ്പ് ‘എന്ന ചിത്രം പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ ദേവിയെ ഉപാസിച്ചു ജയകുമാർ എഴുതിയ ഈ പാട്ട് മലയാള സിനിമയിലെ മികച്ച ഭക്തിഗാനങ്ങളിലൊന്നായി സ്വീകരിക്കപ്പെട്ടു. മൂകാംബികദേവിയുടെ അദൃശ്യമായ സാമീപ്യം ഈ ഗാനത്തിലുണ്ട്. രേവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ രവീന്ദ്രൻ മാഷിന്‍റെ ഈ സംഗീതം ഭക്തിമയമായ അന്തരീക്ഷവും നമുക്ക് പ്രദാനം ചെയ്യുന്നു. ചിത്രത്തിലെ ജയകുമാർ എഴുതിയ മറ്റു ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. യേശുദാസും ചിത്രയും ചേർന്നു ആലപിച്ച “ദീപം കയ്യിൽ സന്ധ്യാ ദീപം…” ദേശരാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസും ചിത്രയും ചേർന്നു പാടിയ”നീലക്കുറിഞ്ഞികൾ പൂക്കുന്ന..” നീലക്കടമ്പുകളിൽ നീലക്കൺ..” തുടങ്ങിയ ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഹിറ്റ് പട്ടികയിൽ ഉൾപ്പെടുന്നു.
1991ൽ ഇറങ്ങിയ ‘കിഴക്കുണരും പക്ഷി’ എന്ന ചിത്രത്തിലും ജയകുമാറും രവീന്ദ്രൻ മാഷും വീണ്ടും ഒന്നിച്ചു. ആ സംഗീത സാംഗമത്തിന്‍റെ ലക്ഷ്യം “കുടജാദ്രിയിൽ…” എന്ന ഭക്തിഗാനം പോലെ ഒരു മഹത്തായ ഗാന സൃഷ്ടിക്കു വേണ്ടി. എന്നാൽ ‘കുടജാദ്രി’യിൽ എന്ന ഗാനത്തിൽ നിന്നും വ്യത്യസ്തമായതും എന്നാല്‍ അതിനോടൊപ്പം കിടപിടിക്കുന്ന പാട്ടെഴുതാൻ തന്‍റെ എഴുത്തിനെ സ്വതന്ത്ര്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ എഴുതിയതിന് ശേഷം മാത്രം രവീന്ദ്രൻ മാഷ് ആ ഹിറ്റ് പാട്ടിനു സംഗീതം കൊണ്ട് ആത്മാവ് നൽകി. ശുദ്ധധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടാണ് ഇന്നും നിത്യഹരിതമായ “സൗപർണ്ണികാമൃത…” എന്ന ഭക്തി നിർഭരമായ ഗാനം. “ആകാശ ഗംഗാ തീരത്തിനപ്പുറം…” മലയാള സിനിമ പ്രേമികൾ ആസ്വദിച്ച മറ്റൊരു ഗാനം.1986 ൽ ഇറങ്ങിയ ‘കുഞ്ഞാറ്റക്കിളികൾ’ എന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് എ ജെ ജോസഫും പാടിയിരിക്കുന്നത് ചിത്രയുമാണ്. യേശുദാസ് പാടിയ “പ്രഭാതം വിടർന്നു പരാഗം”, ജാനകി പാടിയ “ഈ പൊന്നു പൂത്ത കാടുകൾ…”തുടങ്ങിയവയാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ. 2000ത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘മഴ’ മലയാളത്തിലെ മികച്ച നൊസ്റ്റാൾജിക് റൊമാന്‍റിക് ചിത്രമായിരുന്നു. കവിത തുളുമ്പുന്ന ജയകുമാറിന്‍റെ പാട്ടിലെ വരികളെ സുന്ദരമായി അണിയിച്ചൊരുക്കി മലയാളത്തിന്‍റെ പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്. അദ്ദേഹം കവിതയുടെ ആത്മാവിനെ സംഗീതം കൊണ്ട് തൊട്ടുണർത്തി. അമൃതവർഷിണി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസും ചിത്രയും ചേർന്നു പാടിയ “ആഷാഢം പാടുമ്പോൾ…” മോഹനരാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച “ഇത്രമേൽ മണമുള്ള…”, എന്നി ഗാനങ്ങൾ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നമ്മൾ ഇന്നും ആസ്വദിക്കുന്നു.
ചലച്ചിത്രഗാന മേഖലയിൽ കെ ജയകുമാർ എന്ന ഗാനരചയിതാവിനു സ്വന്തമായൊരു സ്ഥാനം ലഭിക്കുന്നത് 1989ൽ പുറത്തിറങ്ങിയ ഒരു ‘വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഒന്നിനോടൊന്ന് മെച്ചമായിരുന്നു. കഥാസന്ദർഭത്തിനും കഥാപാത്ര മെയ് വഴക്കത്തിനും മാനസിക വൈകാരികതകൾക്കും ഉചിതമായ രീതിയിൽ വരികൾ പിറന്നു. സിന്ധുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ “ഇന്ദുലേഖ കൺതുറന്നു…”, ചിത്ര പാടിയ “കളരിവിളക്ക് തെളിഞ്ഞതാണോ…”, ആശാലതയും ചിത്രയും ചേർന്നു പാടിയ “ഉണ്ണി ഗണപതി തമ്പുരാനെ…”, “ചന്ദനലേപ സുഗന്ധം…”, തുടങ്ങിയ ഗാനങ്ങൾ ചിത്രത്തിന്‍റെ മാറ്റ് കൂട്ടി. ‘അകലങ്ങളി’ൽ എന്ന ചിത്രത്തിലെ “ഇല്ലിലംപൂ ഇത്തിരിപൂ”(എം രാജ,ലതിക), “രാഗോദായം മിഴിയിൽ ” (ഉണ്ണിമേനോൻ, ലതിക ), ‘മലരും കിളിയും’ എന്ന ചിത്രത്തിലെ “എൻ ജീവനിൽ..”, (യേശുദാസ്, വാണി ജയറാം ),”കണ്ടു ഞാൻ കണ്ടു..”,(കൃഷ്ണ ചന്ദ്രൻ, ചിത്ര), 1995ൽ ഇറങ്ങിയ ‘തക്ഷശില’യിലെ “അനുരാഗം ഇഴവാകും…”, (ചിത്ര ), “തൂമഞ്ഞ് പരാഗം “(എം ജി ശ്രീകുമാർ ), ‘ഇനിയും കുരുക്ഷേത്രം’ എന്ന ചിത്രത്തിലെ “എത്ര നിലാത്തിരി “(യേശുദാസ് ),”മരതകകൂട്ടിൽ “(യേശുദാസ്, ലതിക),”മെയ് ദിനത്തിലെ “എത്ര നാൾ “(യേശുദാസ്, ചിത്ര),’രണ്ടാം വരവ്’ എന്ന ചിത്രത്തിലെ “എൻ നീലാകാശം”(യേശുദാസ്, പി സുശീല ), ‘പക്ഷെ’ എന്ന ചിത്രത്തിലെ “സൂര്യാംശു ഓരോ വയൽ…”,(യേശുദാസ്, ഗംഗ ),’കാഴ്ചക്കപ്പുറം’ എന്ന ചിത്രത്തിലെ “ചിത്തിരവള്ളി” (ജി വേണുഗോപാൽ, ചിത്ര), “നാട്ടാരുടെ “(കല്ലറ ഗോപൻ ), “പുതിയ ലോകവും “(കല്ലറ ഗോപൻ, വേണു ഗോപാൽ ),’പാവക്കൂത്തി’ലെ “കാമിനി മുല്ലകൾ “(ചിത്ര), “സാരംഗി മാറിലണിയും “,(ഉണ്ണി മേനോൻ, രഞ്ജിനി മേനോൻ ), “രാക്കിളിപ്പാട്ടിലെ “ശാരികേ നിന്നെ കാണാൻ “(ചിത്ര, സുജാത),’മകരമഞ്ഞി’ ലെ “കാണുവാനേറെ വൈകി “(സുജാത, ഹരിഹരൻ ),’ഒരു പക്കാ നാടൻ പ്രേമം’ എന്ന് ചിത്രത്തിലെ “ആരും നമിക്കുന്ന “(അഫ്സൽ ), “ചന്ദന മഴയുടെ “(വിനീത് ശ്രീനിവാസൻ, ശിഖ )തുടങ്ങി നിരവധി പാട്ടുകളുടെ ശേഖ രം കെ ജയകുമാർ എന്ന ഗാനരചയിതാവിന്‍റെ സ്വന്തമായുണ്ട്.
മലയാള ചലച്ചിത്ര ഗാനരരചയിതാക്കളുടെ പട്ടികയിൽ ജയകുമാർ എന്ന പേര് സുപ്രധാന കണ്ണി ചേർക്കപ്പെട്ടു. അച്ഛന്‍റെ പാത പിന്തുടർന്നു, മക്കൾ മൂവരും. ഉപമകളുടെ വര്‍ണനകളുടെയും കൽപനകളുടെയും ലളിതസുന്ദര പദങ്ങളുടെയയും ഒതുക്കമെല്ലാം ജയകുമാറിന്‍റെ വരികളുടെ പ്രത്യേകതയാണ്.”ചന്ദനലേപ സുഗന്ധം” എന്ന ഒരു ‘വടക്കൻ വീരഗാഥ’യിലെ പാട്ടിൽ നായികയുടെ സൗന്ദര്യത്തെ വർണ്ണിക്കുകയാണ്. ചോദ്യങ്ങൾ കൊണ്ടുള്ള ഉപമകളും നായകന്‍റെ സന്ദേഹവും എത്ര മധുരമായി അദ്ദേഹം എഴുതി വെച്ചിരിക്കുന്നു. ബോംബെ രവിയുടെ ദേവസംഗീതം കൂടി കൂട്ട് വരുമ്പോൾ പാട്ടിനു സൗന്ദര്യം പൂർണമാകുന്നു. ഇനിയുമുണ്ട്, ജയകുമാർ എന്ന ഗാനരചയിതാവിന്‍റെ തൂലികയിൽ നിന്ന് ഇത്രയും സുന്ദരമായ വരികൾ പിറക്കാനുള്ള കാലങ്ങൾ ! വീണ്ടും വീണ്ടും ആസ്വദിക്കുവാൻ കൊതിക്കുന്ന മലയാളികളുടെ മനസ്സിലേക്ക് കുടമുല്ലപ്പൂവിന്‍റെയും ചന്ദനത്തിന്‍റെയും സുഗന്ധമുള്ള പാട്ടുകളെ നുകരാൻ കാത്തിരിക്കുകയാണ് സംഗീത പ്രേമികൾ…