കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും. റിലീസിന്‍റെ രണ്ടാം ദിനത്തില്‍ കണ്ണൂര്‍ സ്ക്വാഡ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വന്‍ സ്വീകാര്യതയാണ് കണ്ണൂര്‍ സ്ക്വാഡിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ മാത്രമായി ആയിരത്തോളംഷോ ആണ് ഒരു ദിവസം മാത്രമായി ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഹൈപ്പ് മാനിച്ച് ചിത്രം വിദേശ രാജ്യങ്ങളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തുന്നതായിരിക്കുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറിയിച്ചു.
നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.