Friday, November 15, 2024

ക്രൈം നമ്പർ 89-നിശബ്ദത എന്ന രാഷ്ട്രീയ മുറ

എല്ലാ കലകളിലുമെന്ന പോലെ മാറ്റങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വേദിയൊരുങ്ങുന്ന കലയാണ് മലയാള സിനിമാ ചലച്ചിത്ര മേഖല. ചലച്ചിത്ര ലോകം മാറ്റങ്ങളുടെയും ബഹുസ്വരതയുടെയും  ലോകമാണ്. അത് നിരന്തരമായി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. കെട്ടു കാഴ്ച്ചകളുടെ ഘോഷയാത്രകളല്ല ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്നതും സമ്പന്നമാക്കുന്നതും. വ്യക്തമായ നിലപാടുകളുണ്ട്, പ്രമേയവും ആശയങ്ങളുമുണ്ട് ഇന്നത്തെ സിനിമകള്‍ക്ക്. ചെറിയൊരു സംഭവ പശ്ചാത്തലവും തുടർന്നു അരങ്ങേറുന്ന സംഭവവികാസങ്ങളും ചേര്‍ന്ന് വളരെ ചെറിയ ഷോട്ടുകൾ  കൊണ്ട്  വലിയൊരാശയം സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് നൽകാൻ ഇന്നത്തെ നവ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ആശയം പെട്ടെന്നുൾക്കൊള്ളാൻ കഴിയാത്ത ‘ബുദ്ധിജീവി സിനിമകൾ’ എന്ന് വിളിക്കുന്ന ഗണത്തിൽ പെട്ടവയാണവ.

മലയാള സിനിമയുടെ നവനിർമിതി പുതുമുഖ സംവിധായകരുടെ ചലച്ചിത്രങ്ങളിൽ കാണാം. പി പി സുദേവൻ സംവിധാനം ചെയ്ത ’ ക്രൈം നമ്പർ 89’ എന്ന ചിത്രത്തിൽ നവ സിനിമയുടെ ഘടന ചേർക്കപ്പെട്ടിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെയാണ് സുദേവൻ സിനിമകൾ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ചെയ്ത നാല് ഹ്രസ്വ ചിത്രങ്ങളും മികച്ച അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഹ്രസ്വചിത്രങ്ങൾക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ മികച്ച ഹ്രസ്വചിത്രത്തിനും മികച്ച അഭിനേതാക്കൾക്കുമുള്ള പുരസ്‌കാരം സുദേവന്‍റെ ചിത്രങ്ങൾക്കായിരുന്നു ലഭിച്ചത്. പെയ്സ് പ്രൊഡക്ഷൻസ് എന്ന ജനകീയ കൂട്ടായ്മയുടെ സ ഹായത്തോടെയാണ് സുദേവന്‍റെ  സിനിമകൾ ഇറങ്ങിയിട്ടുള്ളത്.

നഗരത്തിലെ ഒരു രാത്രി ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. പഴക്കം വന്ന ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന തിലുള്ള ബുദ്ധിമുട്ട് ആദ്യ ഷോട്ടിൽ തന്നെ കാണാം. കുറച്ചു ഓടിക്കൊണ്ടിരുന്നാലും അത് എപ്പോൾ വേണമെങ്കിലും ബ്രേക്ക് ഡൌൺ ആകുമെന്നവസ്ഥ. തിരക്കേറിയ നഗരത്തിലൂടെ മിന്നായം പോലെ ഓടി മറയുന്ന വാഹന സഞ്ചയം. ഡ്രൈവറും യാത്രക്കാരനുമടങ്ങുന്ന  രണ്ടു പേരാണ് അതിലുള്ളത്. വഴിക്കു വെച്ച് വണ്ടി ഓടിച്ചിരുന്ന ആളെ ഒരാൾ ഫോണിൽ വിളിക്കുകയും അതിനു ശേഷം അസ്വസ്ഥമായ അയാളുടെ മുഖം സ്ക്രീനില്‍ കാണിക്കുകയും ചെയ്യുന്നു. തിരികെ വന്നു അയാള്‍ കൂടെ യാത്ര ചെയ്യുന്ന ചെറുപ്പക്കാരനോട് സ്വകാര്യമായി എന്തോ പറയുകയും കൂട്ടത്തിലുള്ള ആരോ തങ്ങളെ ഒറ്റിക്കൊടുത്തെന്നും വേറെ വഴിയിലൂടെ പോകണമെന്നും അയാളിൽ നിന്ന് മറുപടി വരുന്നു. ഇവിടെ  നിന്നാണ് ക്രൈം നമ്പർ 89 എന്ന സിനിമ ആരംഭിക്കുന്നത്. ഹൈവേയിൽ നിന്നും ഗതിമാറി സഞ്ചരിക്കുന്ന ജീപ്പ് ഒരു ഗ്രാമപാതയിലേക്ക് കയറുകയും പെട്ടെന്ന് ജീപ്പ് ബ്രെക്ക് ഡൌൺ ആകുകയും ചെയ്യുന്നു. നേരം പുലർന്നപ്പോൾ അയാൾ തൊട്ടടുത്തുള്ള മെക്കാനിക്കിനെ അന്വേഷിച്ചു ഒരു സ്കൂട്ടിയിൽ പുറപ്പെടുന്നു. പെട്ടെന്ന് ആള്‍ താമസമില്ലാത്ത സ്ഥലത്തു നിന്നും ഇതെങ്ങനെ സ്കൂട്ടി ഇവരുടെ കയ്യിലെത്തിയെന്ന് പ്രേക്ഷകർ ചിന്തിക്കും. ഓരോ സീനിലും ഓരോ ട്വിസ്റ്റ് ആണ് സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇതിനിടയിൽ തന്‍റെ വിവാഹം ക്ഷണിക്കാൻ പോകുന്ന  ചെറുപ്പക്കാരൻ സുഹൃത്തിന്‍റെ  സ്കൂട്ടി വാങ്ങുകയും ജീപ്പ് കിടക്കുന്ന വഴിയേ  ആ ചെറുപ്പക്കാരൻ സ്കൂട്ടിയുമായി വരികയും അയാളെ ബലമായി പിടിച്ചു മാറ്റി ഇവർ സ്കൂട്ടി സ്വന്തമാക്കുകയും ചെയ്യുന്നു. 

പണം കൂടുതൽ തരാമെന്ന് പറഞ്ഞപ്പോൾ മെക്കാനിക്ക് കൂടെ പോകാന്‍ സമ്മതിക്കുന്നു. പരുക്കനും അലസനുമാണ് മെക്കാനിക്ക് എന്ന് ഒറ്റനോട്ടത്തിൽ അയാളുടെ പെരുമാറ്റത്തിലൂടെ മനസ്സിലാക്കാം. എന്നാൽ എൻജിന് കാര്യമായ തകരാർ ഉണ്ടെന്നും അത് പരിഹരിക്കണമെങ്കിൽ വേറെ ഉപകരണം ആവശ്യമാണെന്നും പറഞ്ഞു കടയിലേക്കത് വാങ്ങാൻ മെക്കാനിക്ക് പറഞ്ഞയക്കുന്നു. ഇടക്ക് വെച്ച് ജീപ്പിലെ ചെറുപ്പക്കാരൻ മെക്കാനിക്കിനോട് ക്ഷുഭിതമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു. മെക്കാനിക്കിന് സ്കൂട്ടിയുടെ പൊളിഞ്ഞ ഗ്ലാസ്‌ കഷ്ണങ്ങൾ കിട്ടുന്നു. അയാൾക്ക് ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങുകയും  അയാൾ ജീപ്പിൽ നിന്ന് ഒരു മരപ്പെട്ടി താഴേക്ക് വലിച്ചിടുകയും അതിൽ നിന്ന് തക്കാളിപ്പഴങ്ങളും വടിവാളുകളും ചിതറി വീഴുകയും ചെയ്യുന്നു . ചെറുപ്പക്കാരൻ മെക്കാനിക്കിനെ ശാരീരികമായി ഉപദ്രവിക്കുകയും വ്യാജ നമ്പർ പതിച്ച ജീപ്പാണതെന്ന് മെക്കാനിക്ക് മനസ്സിലാക്കുകയും ചെയ്യുന്നു. തിരികെയെത്തുന്ന ഡ്രൈവർ മെക്കാനിക്കിനെ ഉപദ്രവിക്കുന്നതിൽ നിന്ന് ചെറുപ്പക്കാരനെ തടയുന്നു. ജീപ്പ് നന്നാക്കാന്‍ അയാൾ മെക്കാനിക്കിനോട് പലവട്ടം അപേക്ഷിക്കുന്നുണ്ടെങ്കിലും എന്നാൽ തനിക്ക് തെറ്റിന് കൂട്ട് നിൽക്കാൻ കഴിയില്ലെന്ന് അയാള്‍ ആവർത്തിക്കുന്നു. അതിനിടയിൽ കെട്ടിയിട്ട നിലയിലയില്‍ അവശനായ  വിവാഹം ക്ഷണിക്കാൻ പോയ ചെറുപ്പക്കാരനെ പുറത്തേക്ക് കൊണ്ട് വരുന്നു. മെക്കാനിക്ക് ജീപ്പ് നന്നാക്കില്ലെന്ന് മനസ്സിലാക്കിയ രണ്ടു പേരും സ്കൂട്ടി എടുത്തു സ്ഥലം വിടുന്നു. മെക്കാനിക്ക് നാട്ടിലെ പോലീസിൽ പരാതിപ്പെടാനുറച്ചു തിരിച്ചു പോകുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ജീപ്പിൽ നിന്ന് ഒരു ഗ്രാമീണൻ തക്കാളിപ്പഴങ്ങളും  ഒരു വടിവാളുമെടുത്ത് സ്ഥലം വിടുന്നു. 

Sudevan

ഒറ്റക്കാഴ്ചയിൽ ഇതെന്ത് സിനിമയെന്ന് പ്രേക്ഷകർ അന്തം വിട്ട് പോകും തരത്തിലുള്ള കഥയാണ് ചിത്രത്തിൽ സംവിധായകന്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നഗരത്തിൽ നിന്ന് അപരിചിതമായ ഗ്രാമത്തിന്‍റെ ഉൾനാടുകളിലേക്ക് വണ്ടികയറുന്ന സിനിമ. അതിൽ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമുണ്ട്, അധികാരത്തിന്‍റെയും വിധേയത്വത്തിന്‍റെയും കീഴടക്കലും കീഴ്പ്പെടലുമുണ്ട്, ഞാൻ എന്ന വ്യക്തിഗതമായ സ്വാർത്ഥതയ്ക്കുള്ളിൽ വികലമായ ലോകത്തേക്കു ചുരുങ്ങി  ജീവിക്കുന്ന മനുഷ്യന്‍റെ ചിത്രമുണ്ട്. നീതിയിലും ന്യായത്തിലും വിശ്വസിക്കുകയും അനുഭവങ്ങള്‍ കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന  അപൂർവ്വ മനുഷ്യരുടെ  കാഴ്ചയുമുണ്ട് ഈ ചിത്രത്തിൽ.

നഗരത്തിന്‍റെയും റബ്ബർതോട്ടത്തിനിടയിലെ ചെമ്മൺ പാതയുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിൽ ഏറ്റവും മനോഹരമായിരിക്കുന്നത് രാത്രി നഗരത്തില്‍  ഹൈവേയിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളുടെ ഹൈലൈറ്റുകളിൽ മിന്നിമറയുന്ന വിഭിന്ന വർണ്ണപ്പകിട്ടുകളാണ്. ജീപ്പിനുള്ളിൽ നിന്ന് വടിവാളുകൾ മെക്കാനിക്ക് കാണുന്നതും അതിൽ കോപാകുലനായി അക്രമോൽസുകതയോടെ മെക്കാനിക്കിനെ ശാരീരികമായുപദ്രവിക്കുന്നതോട് കൂടി സിനിമയ്ക്ക് മറ്റൊരർത്ഥം കൂടി കൈവരികയാണ്. രാഷ്ട്രീയപരമായ കുറ്റകൃത്യത്തിന്‍റെ അന്തരീക്ഷം അവിടെ രൂപപ്പെടുന്നു. പക്ഷെ ചിത്രത്തിൽ കാഴ്ചയിലൂടെ അതിന്‍റെ മൗനം പ്രേക്ഷകനെയും അനാവരണം ചെയ്യുന്നു.

ഹിംസാത്മകമായ രാഷ്ട്രീയത്തിന്‍റെ രക്തച്ചൊരിച്ചിലുകളെ  സാക്ഷ്യം വഹിക്കുന്നത് ജീപ്പിലൊളിപ്പിച്ചു വെച്ച വടിവാളുകളാണ്. ചിത്രത്തിൽ  ഏറ്റവും അത്ഭുതപ്പെടുത്തുന്നത് മെക്കാനികക്കായ സാധരണക്കാരന്‍റെ ധൈര്യവും പ്രതിസന്ധി ഘട്ടത്തിലെ അതിജീവനവും അയാളെടുക്കുന്ന നിലപാടുമാണ്. ഇവിടെ മെക്കാനിക്ക് പ്രേക്ഷകനെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൌരനെയും ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും  അനുസരിക്കുന്ന വിശ്വാസിയായി മാറുകയാണ്. പലപ്പോഴും മിക്ക സന്ദര്‍ഭങ്ങളിലും നിശബ്ദത ഏറ്റവും നല്ല ആയുധവും രാഷ്ട്രീയവുമാണ്. എല്ലാറ്റിലും രാഷ്ട്രീയമുണ്ട്. അത് വാക്കുകളിലല്ല പ്രവൃത്തിയിലൂടെയാണ് പ്രകടമാക്കേണ്ടതെന്ന് മെക്കാനിക്ക് നമുക്ക് മുന്നില്‍ ഉദാഹരിക്കുന്നു.

മെക്കാനിക്കിന്‍റെ മൗനം പൊതുജനത്തിന്‍റെ, നീതിയെയും ന്യായത്തെയും ബഹുമാനിക്കുന്ന സാധാരണക്കാരന്‍റെ കൂടി രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ്. സിനിമയുടെ സീനുകളിലൊന്നിൽ ആദ്യമായി കാണുന്ന മെക്കാനിക്കിന്‍റെ പരുക്കൻ പെരുമാറ്റവും അലസമായ വേഷവും പ്രേക്ഷകരിൽ നെഗറ്റിവ് കഥാപാത്രമായി തോന്നിക്കുമെങ്കിലും ക്രമേണെ അയാളൊരു നായക കഥാപാത്രമായി മാറുകയാണ് . ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ഓരോ രാഷ്ട്രീയമുണ്ട്. വടിവാളുമായി ജീപ്പിലൊളിച്ചു കടത്തുകയും മറ്റൊ രാളെ കീഴ്പ്പെടുത്തിയാണെങ്കിലും സ്വന്തം കാര്യം നടത്താൻ വണ്ടി മോഷ്ടിക്കുന്ന  രണ്ടുപേരുടെ ക്രിമിനൽ രാഷ്ട്രീയം, വടിവാൾ  കണ്ടെത്തുന്ന മെക്കാനിക്ക് തെറ്റിന് ഭാഗവാക്കാകില്ലെന്ന് ആണയിടുന്ന നേരിന്‍റെ രാഷ്ട്രീയം, സ്വന്തം ആത്മരക്ഷയ്ക്കായി തെറ്റിന് നേരെ ഒന്ന് കണ്ണടയ്ക്കാമെന്ന് ഉപദേശിക്കുന്ന വിവാഹം ക്ഷണിക്കാൻ പോയ യുവാവിന്‍റെ രാഷ്ട്രീയം, ശാരീരികമായി അക്രമിക്കപ്പെട്ടു അവശനിലയില്‍ മെക്കാനിക്കിനെയും യുവാവിനെയും കണ്ടിട്ടും  യുവാവിന്‍റെ ഹെയർസ്റ്റയിലിനെക്കുറിച്ച് ചോദിക്കുന്ന കൗമാരക്കാരന്‍റെ / പുതിയ തലമുറയുടെ രാഷ്ട്രീയം, സിനിമയുടെ അവസാനം ജീപ്പിൽ നിന്ന് ഒരു വടിവാളും തക്കാളിപ്പഴങ്ങളും കടത്തിക്കൊണ്ട് പോകുന്ന വൃദ്ധഗ്രാമീണന്‍റെ  രാഷ്ട്രീയം… അങ്ങനെ അത്ഭുതാവഹമായ കഥാപാത്ര സൃഷ്ടിയിലൂടെ കുറ്റകൃത്യങ്ങളിൽ പ്രതികരിക്കുന്ന സമൂഹത്തിന്‍റെ വ്യത്യസ്ത ശബ്ദങ്ങളാണ് സിനിമയിൽ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.

സുദേവന്‍റെ കഥാപാത്രങ്ങള്‍ക്കൊന്നും പേരുണ്ടായിരുന്നില്ല. പേരില്ലാത്ത കഥാപാത്രങ്ങളെ അവരുടെ വ്യ ക്തിത്വങ്ങളിലൂടെയാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അടയാളപ്പെടുത്തുന്നത്. വർണ്ണശബളമായ നാഗരികതയുടെയും നിഷ്കളങ്കമായ നാട്ടിൻ പുറങ്ങളുടെയും മറവിൽ തഴച്ചു വളരുന്ന അക്രമ രാഷ്ട്രീയത്തിന്‍റെ കാവലാളുകളെ നിശിതമായി വിമർശിക്കുന്ന ചിത്രമാണ് സുദേവന്‍റെ ‘ക്രൈം നമ്പർ 89’. ആശയങ്ങളുടെ സംഘട്ടനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ആയുധങ്ങൾ ഏറ്റെടുക്കുന്നതിനെ ചിത്രം ചോദ്യം ചെയ്യുന്നു. നിരായുധനായ മെക്കാനിക്ക് ആശയപരമായി സ്വന്തം രാഷ്ട്രീയ നിലപാടിൽ നിൽക്കുന്ന വ്യക്തിയാണ്. പോലീസിൽ പരാതി കൊടുക്കണമെന്ന് മെക്കാനിക്ക് പറയുന്നുണ്ടെങ്കിലും എല്ലാ സാധാരണക്കാരനെയും പോലെ അയാള്‍ നീതിയിലും സത്യത്തിലും അത്രയ്ക്കങ്ങു കണ്ണടച്ചു വിശ്വസിക്കുന്നില്ല. നീതിയും നിയമവും പണമുള്ളവന്‍റെ കയ്യിലെ കളിപ്പാവയാണെന്ന് അയാളും ചിന്തിക്കുന്നു.

എന്നാൽ ആശയങ്ങളെ, എതിർ ശബ്ദങ്ങളെ വെട്ടിമാറ്റുന്ന അക്രമ രാഷ്ട്രീയത്തിന്‍റെ പ്രതിനിധികളാണ് ജീപ്പിൽ ഒളിച്ചു വന്ന രണ്ടു പേർ.ആത്മരക്ഷയെക്കാൾ വലുതാണ് നീതിയുടെ സംരക്ഷണമെന്ന് മെക്കാനിക്ക് / ഉത്തമ പൗരൻ വിശ്വസിക്കുന്നു. തന്‍റെ വിവാഹം ക്ഷണിക്കാൻ പോകുന്ന ചെറുപ്പക്കാരൻ ഭീഷണിമൂലം, പ്രലോഭനം കൊണ്ട്, ജീവിത ദുരിതം കൊണ്ട് അങ്ങനെ പല കഷ്ടപ്പാടുകളും കാരണം തെറ്റുകളിലേക്ക് വഴു തിവീഴുന്ന പിന്നെ ഒരിക്കലും അതിൽ നിന്നും രക്ഷ നേടാനാവാത്ത മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. നേരിട്ട് ഒന്നും പറയാതെ പരോക്ഷമായി സമകാലിക രാഷ്ട്രീയാവസ്ഥയെ വിമർശിക്കുന്ന ചിത്രമാണിത്.

spot_img

Hot Topics

Related Articles

Also Read

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

0
“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്”

‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം

0
തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്....

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.