ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഓരോ ഘട്ടം കഴിയുന്തോറും സിനിമയുടെ ട്രയിലറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഒളിമ്പിക് താരം വിജേന്ദർ സിങ്, തമിഴ് നടൻ വിജയ് സേതുപതി, കാർത്തി എന്നിവരും ട്രയിലർ റിലീസ് ചെയ്തു.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് നിർമാണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും സംഭാഷണം രതീഷ് രവിയുമാണ് നിർവഹിച്ചിരിക്കുന്നത്. നസ്ലിൻ ,ഗണപതി, ലുക്ക്മാൻ അവറാൻ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദ നിഷാന്ത്, സന്ദീപ് പ്രദീപ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. ഏപ്രിൽ 10- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.