അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു. കുട്ടിക്കാലം മുതൽക്കെ കവിതകൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത് 1958 ൽ തൃശ്ശൂരിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ളീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ്. ദാസ് കോട്ടപ്പുറം സംഗീതം നല്കിയ ‘രക്തത്തിരകൾ നീന്തിവരും’ എന്ന ആ ഗാനം ആലപിച്ചത് കെ എസ് ജോർജ്ജ്, സുലോചന എന്നിവരാണ്. കൂടാതെ അമച്വർ നാടകങ്ങള്ക്കും ബാലെകൾക്കും വേണ്ടി പാട്ടെഴുതി. ധൂർത്ത്പുത്രി, കുടുംബവിളക്ക് തുടങ്ങിയ അമച്വർ നാടകങ്ങൾക്ക് വേണ്ടി എഴുതിയപാട്ടുകൾ ഹിറ്റായതോടെ സിനിമയിലേക്ക് ചുവട് വെച്ചു.
എംകെ അർജുനൻ മാഷ്, കോട്ടയം ജോയി, എൽ പി ആർ വർമ്മ, തുടങ്ങിയവരുടെ കൂടെയും പാട്ടുകൾ എഴുതി. ആദ്യമായി പാദസരം എന്ന സിനിമയ്ക്ക് വേണ്ടി പാട്ടുകൾ എഴുതി. ടി ജി രവിയാണ് സിനിമയിലേക്ക് അദ്ദേഹത്തെ കൊണ്ട് വരുന്നത്. പിന്നീട് ദേവരാജൻ മാഷുടെ സംഗീതത്തിൽ കാറ്റ് വന്നു നിന്റെ കാമുകൻ വന്നു, കാളീ ചക്രത്തിലെ അമൃതകിരണം പുൽകും, ചോര ചുവന്ന ചോരയിലെ, അമൃതഗീതത്തിലെ മാരിവില്ലിൻ, ചാകരയിലെ സുഹാസിനി സുഭാഷിണി, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങിയ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. ചിങ്ങനിലാവ്, മനസ്സിലെ ശാരിക തുടങ്ങിയ ആൽബങ്ങൾക്കു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ: എൻ രാജലക്ഷ്മി, മക്കൾ: നയന,സുഹാസ്, രാധിക.