പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ പ്രശസ്ത സംഗീതജ്ഞരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതത്തിലേക്ക് കൊണ്ട് വന്നതിൽ പ്രധാനിയാണ് ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ. സംഗീതസംവിധായകൻ ദേവരാജൻ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും കൂടെ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂരിൽ തുടക്കമിട്ട പ്രധാനപ്പെട്ട വോയിസ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്സ്, ട്രിച്ചൂർ വേവ്സ്, ഗിറ്റാറിസ്റ്റ് ആറ്റ്ലി ഓർക്കസ്ട്ര എന്നീ 4 ഗാനമേള ട്രൂപ്പ്കളുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
എറണാകുളം വൈപ്പിൻകരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലെ മുളം ചേരിപ്പറമ്പിൽ ഫ്രാൻസിസ് ഡിക്കൂഞ്ഞയുടെയും എമിലി റോച്ചയുടെയും അഞ്ചാമത്തെ മകനായിരുന്നു ആറ്റ്ലി ഡിക്കൂഞ്ഞ. അമ്മാവന് പറ്റിയ അമളി, എന്ന സിനിമയ്ക്കും ഏതാനും സീരിയലുകൾക്ക് വേണ്ടിയും സംഗീതം നല്കി. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ ആർട്ടിസ്റ്റായി ജോളി ചെയ്തു. സംസ്കാരം ബുധനാഴ്ച നാലിന് തൃശ്ശൂർ മിഷൻ ക്വാട്ടേഴ്സ് സേക്രഡ് ഹാർട്ട് ലത്തീൻ പള്ളിസെമിത്തേരിയിൽ വെച്ച് നടത്തും.