മലയാളികള്‍ക്ക് ഇഷ്ടമേറിയ ജനപ്രിയ ഗായകനാണ് ജി വേണുഗോപാല്‍. എന്നാല്‍ മലയാള സിനിമ ആ കഴിവുറ്റ ഗായകനെ വേണ്ടുവിധം ഉപയോഗിച്ചോ എന്ന കാര്യത്തില്‍ സംശയമാണ്. ഗായകനാകുവാനുള്ള മോഹത്താല്‍ സിനിമയില്‍ പാട്ട് പാടാനെത്തിയ ആദ്യകാലങ്ങളില്‍ തികഞ്ഞ അവഗണ നേരിടുക മാത്രമല്ല, അദ്ദേഹം ആലപിച്ച ഗാനങ്ങളുടെ ക്രെഡിറ്റ് മറ്റ് ഗായകരുടെതായിത്തീരുകയും ചെയ്തിട്ടുണ്ട് . എന്നാല്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സത്യം സംഗീതപ്രേമികള്‍ തിരിച്ചറിഞ്ഞു. ജി വേണുഗോപാല്‍ എന്ന ഗായകനെ നെഞ്ചിലേറ്റി. മലയാളികള്‍ ഒന്നടങ്കം അദ്ദേഹത്തെ ‘മലയാളത്തിന്‍റെ മാണിക്യക്കുയില്‍’ എന്നു വിശേഷിപ്പിച്ചു.
പ്രത്യേകതകൊണ്ട് മനോഹരമായ ശബ്ദമാണ് വേണുഗോപാലിന്‍റേത്. പാട്ടിലെ കാവ്യാര്‍ത്ഥത്തെ ഉള്‍ക്കൊണ്ട് ഭാവാത്മകതയോടെ പാടുവാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് പ്രശംസനീയം. അത് കൊണ്ട് തന്നെ അദ്ദേഹം പാടുന്ന പാട്ടുകള്‍ കാതുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് നമ്മള്‍ ആസ്വദിക്കുക. വളരെ പെട്ടെന്നു മികച്ച ഗായകനായി എത്തിയതല്ല ജി വേണുഗോപാല്‍. നിരവധി ത്യാഗങ്ങളിലൂടെ അനുഭവങ്ങളിലൂടെ അദ്ദേഹം സ്വയം നേടിയെടുത്ത പദവിയാണത്.
സിനിമയിലേക്ക് ചുവടു വെച്ച ആദ്യകാലങ്ങളില്‍ ജി വേണുഗോപാല്‍ നേരിട്ടത് തിരിച്ചടികളാണ്. 1984- ല്‍ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലെ ഗാനത്തിലെ ഹിന്ദിയില്‍ ഉണ്ടായിരുന്ന കുറച്ചു വരികള്‍ പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്. പക്ഷേ, ഒരു ചലച്ചിത്ര പിന്നണി ഗായകനായി അദ്ദേഹത്തെ ചേര്‍ത്ത് നിര്‍ത്തുവാന്‍ സിനിമാലോകം പിന്നേയും അമാന്തിച്ചു. 1985- ൽ പുറത്തിറങ്ങിയ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന ചിത്രത്തിലെ “അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്” എന്ന ഗാനം ആലപിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാല്‍ ഒരേയൊരു പാട്ട് കൊണ്ട് അത് വരെയുണ്ടായിരുന്ന എല്ലാ പ്രതിസന്ധികളെയും ഇല്ലാതാക്കിക്കളഞ്ഞു , 1986- ല്‍ പുറത്തിറങ്ങിയ ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലെ “പൊന്നും തിങ്കള്‍ പോറ്റും മാനെ” എന്ന ഗാനം. മോഹന്‍ സിതാര എന്ന സംഗീതസംവിധായകനെ മലയാള സിനിമയ്ക്കു ലഭിച്ചതും ഈ പാട്ടിലൂടെ തന്നെ. ഈ ഒറ്റപ്പാട്ടിലൂടെ ജി വേണുഗോപാല്‍ എന്ന ഗായകനെ മലയാളക്കര നെഞ്ചിലേറ്റി. പിന്നീട് പാടിയ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഏതോ വാര്‍മുകിലിന്‍, ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, തുടങ്ങിയവ ആളുകള്‍ നെഞ്ചേറ്റി.
പിന്നീട് 1993 മുതല്‍ 1999 വരെയുള്ള കാലയളവില്‍ സിനിമയില്‍ നിന്നും ജി വേണുഗോപാല്‍ എന്ന ഗായകന്‍ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആറുവര്‍ഷങ്ങളോളം സംഗീതജീവിതത്തില്‍ ഒരെത്തും പിടിയുമില്ലാതെ കുഴങ്ങി നിന്ന കാലങ്ങൾ. ട്രെന്‍ഡ്സ് അഡ്വര്‍ടൈസിങ്ങായ വി കെ പ്രകാശ് ആയിരുന്നു ജി വേണുഗോപാലിന് പുനരധിവാസത്തിലൂടെ പാടാൻ അവസരം നല്കുന്നത്.
പുനരധിവാസം എന്ന ചിത്രത്തിലൂടെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ” പാടുന്നു വിഷുപ്പക്ഷികള്‍ മെല്ലെ “ എന്ന കാവ്യാത്മകായ ഈ വരികള്‍ പാടുകമാത്രമല്ല, ഒരു പാട്ടിന് അതിമനോഹരമായ ഈണവും ചിട്ടപ്പെടുത്തി വേണുഗോപാല്‍. ശുഭപന്തുവരാളിരാഗത്താല്‍ മനസ്സിനെ നിര്‍മലമാക്കുകയും ഹംസനാദത്തിലൂടോഴുകി കുളിരനുഭവിക്കുകയും കാപ്പിരാഗത്തിന്‍റെ ഒടുക്കം ഒരു മഴ പെയ്തു തോര്‍ന്ന ശാന്തതയും ഏകാന്തയുടെ സുഖവും ഈ ഗാനം നമുക്ക് പകര്‍ന്നു തന്നു. സംഗീതജഞരായ ലൂയി ബാങ്ക്സിന്‍റെ ആദ്യ ചുവടുവയ്പ്പും ഇവിടെ നിന്നാരംഭിച്ചു. പുനരധിവാസത്തിലെ പാട്ടുകള്‍ മുഴുവന്‍ പാടുവാനുള്ള അവസരം മുഴുവനും ജി വേണു ഗോപാലിന് ലഭിച്ചതിലൂടെ അദ്ദേഹത്തിന്റെ സംഗീതജീവിതത്തിനും ഗാനാസ്വാദനത്തിനും പുതിയ മാറ്റത്തിന് നാന്ദി കുറിക്കുകയായിരുന്നു.
മുഖ്യധാരയില്‍ നിന്നും വീണ്ടും തഴയപ്പെടാന്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വി കെ പ്രകാശ് എന്ന സംവിധായകന്‍ ജി വേണുഗോപാലിനെ ചേര്‍ത്ത് നിര്‍ത്തി. പിന്നീട് വി കെ പ്രകാശ് എന്ന സംവിധായകന്‍റെ നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് വേണുഗോപാലിന്‍റെ ശബ്ദമുണ്ടായിരുന്നു. ‘ചന്ദനമണിവാതില്‍ പാതി ചാരി ‘ഇന്നും പ്രതിഭാധനനായ ഗായകന്‍ ജി വേണുഗോപാല്‍ പാട്ടിന്‍റെ വഴിയില്‍ തന്‍റെ ശബ്ദ സൌകുമാര്യവുമായി സജീവമാണ്.