മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും ശ്രദ്ധേയമായ സിനിമകൾക്ക് തിരക്കഥകളും രചിച്ചു. അദ്ദേഹം ആറു കഥകളും മുപ്പത്തിരണ്ടു സിനിമകള്‍ക്ക് സംഭാഷണവും നാലു സിനിമയ്ക്കു തിരക്കഥയും എഴുതിയിട്ടുള്ളതാണ് . മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ (ബാഹുബലി ഉള്‍പ്പെടെ) മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
കവിതകളിലൂടെയും നാടകഗാനരചയിലൂടെയും സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സിനിമകളെയും വാനോളം ഉയർത്തി. പ്രശസ്തരായ സംഗീത സംവിധായകന്മാർ ദേവരാജൻ മാഷിന്റെയും ബാബുരാജിന്റെയും എ ആർ റഹ്മാന്റെയും ബോംബൈ രവിയുടെയും അർജുനൻ മാഷിന്റെയും രവീന്ദ്ര ജെയ്നിന്റെയും കെ വി മഹാദേവന്റെയും സംഗീതത്തിനു വരികൾ ചിട്ടപ്പെടുത്തി.
‘അലകള്‍ ‘എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പാട്ടുകളെഴുതിയതെങ്കിലും വെളിച്ചം കണ്ടത് ‘വിമോചന സമരം‘ എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ പാട്ടുകളായിരുന്നു. അതിലെ എം എസ് വിശ്വനാഥിന്‍റെ ഈണത്തില്‍ ജാനകിയും പി ലീലയും ആലപിച്ച “പ്രപഞ്ചഹൃദയ വിപഞ്ചികയിലുണരും”എന്ന ഗാനം ശ്രദ്ധേയമായി. “ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു…”, “പ്രപഞ്ചഹൃദയ വിപഞ്ചികയിലുണരും”, “നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ നാട്ടിന്‍ പുറമൊരു യുവതി…”, “ഇവിടമാണീശ്വര സന്നിധാനം“, “ശ്രീകോവില്‍ ചുവരുകളിടിഞ്ഞു വീണു…”, “ആഷാഢമാസം ആത്മാവില്‍ മോഹം”, “തൃപ്പയാറപ്പാ ശ്രീരാമാ “, “തൊഴുകൈ കൂപ്പിയുണരും”(ബോയിങ് ബോയിങ് ),”ഈ പാദം ഓംകാര ബ്രഹ്മ പാദം“(മയൂരി),”ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍”,”തുമ്പപ്പൂക്കാറ്റില്‍”, “നാദങ്ങളായി നീ വരൂ “,(നിന്നിഷ്ടം എന്നിഷ്ട്ടം),”കുയില്‍ പാടും”(കേളി കൊട്ട് ), ”ചെല്ല ചെല്ല ആശ” (റോജ), ”അമ്മേ നീ ഒന്നു കൂടി “(ചിരഞ്ജീവി), ”ഭഗവതിക്കാവില്‍ വെച്ചോ“,”ഈ പുഴയും കുളിര്‍കാറ്റും”(മയൂഖം), തുടങ്ങിയവ ശ്രദ്ധേയമായ പാട്ടുകളാണ്.