Friday, November 15, 2024

‘ചാമരം’ മുതല്‍ പ്രണയ മീനുകളുടെ കടല്‍’വരെ …

സംവിധാനവും അഭിനയവും പോലെ ചലച്ചിത്ര മേഘലയില്‍ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. മലയാളത്തിന് അഭിമാനിക്കാന്‍ കിടയറ്റ തിരക്കഥകള്‍ കൊണ്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രശസ്തനായൊരു തിരക്കഥാകൃത്തുണ്ട് , നമുക്ക്. കേവലം തിരക്കഥാകൃത്ത് എന്ന ലേബലില്‍ മാത്രമല്ല ഈ തിരക്കഥകൃത്ത് അറിയപ്പെടുന്നത്. ജോണ്‍ പോള്‍ എന്ന മലയാള സിനിമയുടെ മുടിചൂടാമന്നനായ ഈ തിരക്കഥാകൃത്ത് മലയാള സിനിമയുടെ ഒരു യുഗപരിവര്‍ത്തനത്തിന് നാമ്പിട്ടു. ‘ചാമരം’ മുതല്‍ ‘പ്രണയ മീനുകളുടെ കടല്‍’വരെ ജോണ്‍ പോളിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ ജൈത്ര യാത്രയാണ്. മലയാള സിനിമയ്ക്കു ഭരതനെന്നും പത്മരാജനെന്നും രണ്ടു യുഗങ്ങളുണ്ട്. ഇവരോടുത്തുള്ള ജോണ്‍ പോളിന്‍റെ കലയ്ക്ക് സൗഹൃദത്തിന്‍റെയും കഴിവിന്‍റെയും അറിവിന്‍റെയും അനുഭവങ്ങളുടെയും പങ്കാളിയായി. മനോഹരമായൊരു ജീവിതത്തിന്‍റെ അതിലും മനോഹരമായ കാവ്യസങ്കല്‍പ്പം പോലെയാണ് ജോണ്‍ പോള്‍ പുതുശ്ശേരി തന്‍റെ തിരക്കഥകളോട് സമീപിച്ചിരുന്നത്. അനിഷേധ്യമായ ആ കലാസാമ്രാട്ടിനെ കവച്ചുവെക്കുവാന്‍ അര്‍ക്കും സാധിച്ചില്ല. ഒരു വാഗ്മിയെപ്പോലെ അദ്ദേഹം മലയാള സിനിമയുടെ അമരത്ത് വാണു. കൈക്കുടന്ന നിറയെ ഉള്ള വാക്കുകളായിരുന്നു ജോണ്‍ പോള്‍ പുതുശ്ശേരിയുടെ സമ്പത്ത്. ആ വാക്കുകളുടെ സമ്പന്നത അദ്ദേഹം തനിക്കായിമാത്രം സൂക്ഷിച്ചു വെക്കാതെ അത് മലയാള സിനിമയ്ക്കും സാഹിത്യത്തിനും സമ്മാനിച്ചു.

കിടയറ്റ തിരക്കഥകളായിരുന്നു ജോണ്‍ പോളിന്‍റേത്. അദ്ദേഹത്തിന്‍റെ സര്‍ഗ്ഗ വൈഭവത്തെ തേടി ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ വരെയെത്തി. സിനിമയിലെത്തും മുന്നേ പത്രപ്രവര്‍ത്തകനും ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേരള ടൈംസ് എന്ന പത്രത്തില്‍ ഫിലിം ഫീച്ചര്‍ എഴുത്തുകാരന്‍ ആയിരുന്നു. മാത്രമല്ല, കേരളത്തിലെ ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു. തിരക്കഥാകൃത്ത് മാത്രമല്ല, നിര്‍മാതാവ് കൂടിയാണ് ജോണ്‍ പോള്‍. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറു പുഞ്ചിരി’ എന്ന സിനിമ ഇദ്ദേഹം നിര്‍മ്മിച്ചു. ഭരതനൊത്തും പത്മരാജനൊത്തും മോഹനൊത്തും ഐ വി ശശിക്കും സേതു മാധവനും ജോഷിക്കുമൊത്തും ജോണ്‍ പോളിന്‍റെ തിരക്കഥകള്‍ കൊണ്ട് സിനിമകള്‍ നിരവധി പിറന്നു. ഓരോ കഥയ്ക്കനുസരിച്ചുള്ള കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും പശ്ചാത്തലത്തെയുമെല്ലാം ജോണ്‍ പോള്‍ തന്‍റെ വാക്കുകള്‍ കൊണ്ട് ജീവന്‍ നല്കി. വ്യക്തിയധിഷ്ടതവും സാമൂഹികവുമായ വിഷയങ്ങളിലൂടെ ജോണ്‍ പോളിന്‍റെ കഥകളും കഥാപാത്രങ്ങളും സഞ്ചരിച്ചു. വെള്ളിത്തിരയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ വെച്ചു.

സിനിമ എന്ന ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല ജോണ്‍ പോളിന്‍റെ എഴുത്തും ജീവിതവും. ജോണ്‍ പോള്‍ സിനിമയെ അല്ല ,സിനിമ ജോണ്‍ പോളിനെയായിരുന്നു മോഹിച്ചത് .ജോണ്‍ പോളിന്‍റെ എഴുത്ത് അത്രയും വശ്യമായിരുന്നു എന്നു വേണം കരുതാന്‍. ഭരതനും പത്മരാജനും ജോണ്‍ പോളും സംഗമിക്കുന്നിടത്ത് നല്ല കാമ്പുള്ള സിനിമ പിറക്കുന്നു. ഇരുപത്തിയേഴ് കഥകളും എഴുപത്തിനാല് ചിത്രങ്ങള്‍ക്ക് സംഭാഷണവും എഴുപത്തിയൊന്ന് തിരക്കഥകളും അദ്ദേഹം എഴുതി. 1981 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘ചാമരം’ ആണ് ആദ്യ തിരക്കഥ. എണ്‍പതുകളില്‍ മലയാള സിനിമയില്‍ പുതിയൊരു ചലച്ചിത്രരീതിക്ക് ‘ചമയം’ സാക്ഷ്യം വഹിച്ചു. ചമയം പല കീഴ്വഴക്കങ്ങളുടെയും പാരമ്പര്യ സമ്പ്രദായങ്ങളുടെയും ഉടച്ചുവാര്‍ക്കല്‍ ആയിരുന്നു. മാനുഷിക വികാരങ്ങളെ അടിച്ചമര്‍ത്തുന്ന എല്ലാറ്റിനെയും ചോദ്യം ചെയ്യുക ഭരതന്‍ സിനിമകളുടെ ശൈലിയായിരുന്നു. ജോണ്‍ പോളിന്‍റെ ശക്തമായ തിരക്കഥയും അതില്‍ സ്വീകരിച്ച ഭാഷയും മലയാള സിനിമയുടെ അത് വരെയുണ്ടായിരുന്ന ഗതിയെ തന്നെ അപ്പാടെ മാറ്റി മറിച്ചു. അധ്യാപികയെ പ്രണയിക്കുന്ന വിദ്യാര്‍ഥിയായിരുന്നു ‘ചാമര’ത്തിന്‍റെ കാതല്‍. അത് സാമൂഹികമായ എല്ലാ അടിമത്തങ്ങളെയും അട്ടിമറിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ എല്ലാ ബോധവും ജോണ്‍ പോളിന്‍റെ തിരക്കഥകളുടെ ആഖ്യാനങ്ങളില്‍ ആഴത്തില്‍ നിഴലിച്ചു കാണാം. ‘ചാമര’ത്തില്‍ അശ്ലീലത കണ്ടു , ഒരു കൂട്ടം സമൂഹം. എന്നാല്‍ വളര്‍ന്ന് വന്ന മലയാള സിനിമയും പ്രേക്ഷകരും അതില്‍ ശാശ്വത പ്രണയത്തിന്‍റെ നൈര്‍മല്യമാണ് കണ്ടെത്തിയത്. പെട്ടെന്ന് ഇരുട്ടില്‍ ഒറ്റക്കയിപ്പോയവര്‍ക്ക് വെളിച്ചത്തിന്‍റെ തുരുത്ത് ആണ് പ്രണയമെന്ന പുതിയ പാഠം ‘ചാമരം’ പഠിപ്പിക്കുന്നു.

ഭരതന്‍ – ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ വീണ്ടും വീണ്ടും മലയാള സിനിമ സജീവമായിക്കൊണ്ടിരുന്നു. എണ്‍പതുകളില്‍ ഒരു നവതരംഗമായി ജോണ്‍ പോളിന്‍റെ തിരക്കഥകള്‍ മാറി. അദ്ദേഹത്തിന്‍റെ ഓരോ സിനിമയും ഓരോ പുതിയ കാഴ്ചകളായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിലര്‍ക്ക് അത് അനുഭവങ്ങളായും മറ്റ് ചിലര്‍ക്കതു മറന്നു കളഞ്ഞ ഓര്‍മ്മകളുടെ കടന്നു വരവുകളായും അവശേഷിച്ചു. ഓരോ മനുഷ്യനെയും ഓരോ രീതിയിലാണ് ജോണ്‍ പോളിന്‍റെ തിരക്കഥകള്‍ പ്രതിനിധാനം ചെയ്തത് . തിരക്കഥ എഴുതുന്നതിലോ കഥാപാത്ര സൃഷ്ടക്കോ ജോണ്‍ പോള്‍ സാങ്കേതിക പരിഞ്ജാനം നേടിയിരുന്നില്ല. ഉള്ളില്‍ ഊറിക്കൂടിയ ജന്മവാസനയ്ക്ക് ഗുരുക്കന്‍മാരുടെ അനുഗ്രഹവും വായനയും വളമായി. എന്നാല്‍ എന്നും പരന്ന വായന തനിക്കില്ലായിരുന്നു എന്നും ജോണ്‍ പോള്‍ ഓര്‍മ്മിക്കുന്നു. സൂക്ഷ്മമായ കഥാപാത്ര നിര്‍മ്മിതി ഓരോ തിരക്കഥയിലും കാണാം. ഭരതനൊത്തുള്ള ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം’, ഭരത് ഗോപിക്കൊത്തുള്ള ‘ഉല്‍സവപ്പിറ്റേന്നു’, ബാലു മഹേന്ദ്രയ്ക്കൊപ്പമുള്ള ‘യാത്ര’തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവ. ഒരു കടങ്കഥ പോലെ, പാളങ്ങള്‍, യാത്ര, രചന, വിടപറയും മുന്‍പേ, ആലോലം , അതിരാത്രം, വെള്ളത്തൂവല്‍, കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം, സന്ധ്യ മയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ആരോരുമറിയാതെ, പ്രണയ മീനുകളുടെ കടല്‍, നമ്മള്‍ തമ്മില്‍, ഒരു യാത്രാമൊഴി, അക്ഷരം, പ്രദക്ഷിണം, ആലവട്ടം, ചമയം, സമാഗമം, പണ്ട് പണ്ടൊരു രാജകുമാരി, സവിധം, സൂര്യ ഗായത്രി, ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍, ഒരുക്കം, രണ്ടാം വരവ്, പുറപ്പാട്, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം, തുടങ്ങിയവയാണ് ജോണ്‍ പോളിന്‍റെ മറ്റ് തിരക്കഥകള്‍ ….

സിനിമ ജോണ്‍ പോളിനെ സംബന്ധിച്ചിടത്തോളം ഒരു പ്രലോഭനം ആയിരുന്നില്ല. അത് കൊണ്ട് തന്നെ സിനിമയില്‍ നിന്നും പത്തു വര്‍ഷത്തോളം അകന്നു നിന്നപ്പോളും നഷ്ടബോധം അദ്ദേഹത്തെ ബാധിച്ചിരുന്നുമില്ല. 2009-ല്‍ വി ജി തമ്പിയുടെ ‘നമ്മള്‍ തമ്മില്‍ ‘എന്ന ചിത്രമിറങ്ങി പത്തു വര്‍ഷത്തിന് ശേഷം ജോണ്‍ പോള്‍ തിരക്കഥ എഴുതിയത് കമലിന്‍റെ ‘പ്രണയ മീനുകളുടെ കടല്‍ ‘എന്ന ചിത്രത്തിന് വേണ്ടിയാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി പേര്‍ സിനിമയുമായി സമീപിച്ചിരുന്നു എങ്കിലും അദ്ദേഹം എഴുത്തും വായനയുമായി സമ്പര്‍ക്കത്തിലായി. സിനിമ തനിക്കൊരിക്കലും ശൂന്യമായ ഇടവേളകള്‍ സമ്മാനിച്ചില്ല, പകരം എഴുത്തിന്‍റെയും വായനയുടെയും സമ്പന്നമായൊരു ലോകം തനിക്ക് മുന്നില്‍ എപ്പോഴും തുറന്നിരുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു ; “ഒരു പാട് ഗവേഷണങ്ങള്‍ക്കും ഇതര വിഷയങ്ങള്‍ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചു. ഈ കാലയളവില്‍ പലരും തിരക്കഥാ ചര്‍ച്ചകള്‍ക്കായി വരുമായിരുന്നു. സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാന്‍ കണ്ടിട്ടില്ല. ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപത്തിയേഴ് വയസ്സില്‍ ഒരു വാടക വീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ എനിക്കില്ല “…. എന്ന് അദ്ദേഹം നല്കിയ ഒരഭിമുഖത്തില്‍ പറയുന്നു.

മലയാള സിനിമയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല, ജോണ്‍ പോള്‍. അദ്ദേഹം വിദ്യാര്‍ഥികളുടെ ഗുരുവും നവാഗത സിനിമാക്കാരുടെ വഴികാട്ടിയും കൂടിയായിരുന്നു.’താന്‍ സിനിമയില്‍ നിന്നല്ല സാംസ്കാരിക ജീവിതം തുടങ്ങിയതെന്നും എഴുത്തിന്‍റെ വഴിയിലെങ്ങോ ചെന്നുപെട്ട ഇടമാണ് സിനിമ ‘എന്ന് കൂടി അദ്ദേ ഹം ഓര്‍മ്മപ്പെടുത്തുന്നു. സിനിമകളില്‍ ആദ്യകാലങ്ങളില്‍ കണ്ടിരുന്ന സഹവര്‍ത്തിത്വമോ സ്നേഹമോ സഹകരണ മനോഭാവമോ ഇന്ന് കാണാന്‍ കഴിയില്ലെന്ന് ജോണ്‍ പോള്‍ ഓര്‍ക്കുന്നു .സ്വസ്തി, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ , കാലത്തിനു മുന്‍പേ നടന്നവര്‍, എന്‍റെ ഭരതന്‍ തിരക്കഥകള്‍, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്‍റണി എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോള്‍, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ ലഭിച്ചു. 1980 കളില്‍ സംവിധായകന്‍ മോഹനന്‍റെ കൂട്ടുകെട്ടില്‍ ശാലിനി എന്‍റെ കൂട്ടുകാരി, ആലോലം , വിട പറയും മുന്‍പേ, രചന തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി ആത്മസുഹൃത്തുക്കളായിരുന്നു ഇരുവരും.

സിനിമയ്ക്കുള്ളില്‍ നിന്നു കൊണ്ട് മാത്രമല്ല, സിനിമയ്ക്കു പുറത്തു നിന്ന് കൊണ്ടും ചലച്ചിത്ര നിരൂപണം നടത്താന്‍ ജോണ്‍ പോളിന് കഴിഞ്ഞിട്ടുണ്ട്. എണ്‍പതുകളില്‍ മാത്രമല്ല, മുഖ്യധാരാ സിനിമയുടെ പുതുകാലത്തും സാമൂഹികമായും വ്യക്തിപരമായും സിനിമ സാംസ്കാരിക ജീവിതത്തിന്‍റെ കെട്ടുപാടുകളുടെ ഇടയില്‍ പുനര്‍വായിക്കപ്പെടുന്നു. അന്നുമാത്രമല്ല, ഇന്നും നിരൂപക ശ്രദ്ധ പിടിച്ച് വാങ്ങുകയാണ് ജോണ്‍ പോള്‍ തിരക്കഥയില്‍ പിറന്ന സിനിമകള്‍. കാലമെത്ര കഴിഞ്ഞാലും സാമൂഹിക അപചയത്തിനെതിരെ ഇന്നും സംസാരിക്കുന്നു, ജോണ്‍ പോളിന്‍റെ തിരക്കഥയില്‍ പിറന്ന ശ്രദ്ധേയമായ ഓരോ സിനിമകളും. പ്രെമേയ സ്വീകാര്യത കൊണ്ട് ഇന്നും ആ ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു നിത്യ ഹരിതമാണ്. “കീഴ്വഴക്കങ്ങളുടെ പേരില്‍ ‘അരുതു’ എന്ന് പറഞ്ഞു വഴി മുടക്കുന്നവര്‍, പ്രേക്ഷകരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നതെങ്കിലും പ്രേക്ഷകര്‍ അവരെക്കാള്‍ വലിയവരാണ് എന്ന പാഠം കൂടി പഠിപ്പിച്ചുതന്ന ഒരു സിനിമയായിരുന്നു അത്”…. എന്ന് ജോണ്‍ പോള്‍ നല്കിയ ഒരു അഭിമുഖത്തില്‍ പറയുന്നു … തന്‍റെ എഴുപതാം വയസ്സിലും അദ്ദേഹം മലയാള സിനിമയുടെ യശ്ശസ്സായ ഒരു വാക്കായി അമരത്തിരി ക്കുന്നു…….

spot_img

Hot Topics

Related Articles

Also Read

പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി

0
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

‘ജമീലാന്റെ പൂവൻകോഴി’  ടീസർ പുറത്ത്

0
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ ഒക്ടോബറിൽ തിയ്യേറുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്.  ഇത്ത പ്രൊഡക്ഷൻസിന്റെ...

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

0
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

0
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു