“പല്ലില്ലാതെ ചിരിച്ചാൽ മഹാത്മാവാകുമെങ്കിൽ ഞാനുമൊരു മഹാത്മാവാകുമെടോ “-‘റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രത്തിലെ ശശി കലിംഗ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഡയലോഗാണിത്. ചില അഭിനേതാക്കൾ അങ്ങനെയാണ് …സൗന്ദര്യം കൊണ്ടോ പ്രായം കൊണ്ടോ അല്ല, അഭിനയം കൊണ്ടങ്ങ് മനസ്സിൽ കേറിപ്പിടിക്കും. അതാണ് ഒരു കലാകാരന് പ്രേക്ഷകര്‍ കൊടുക്കുന്ന അംഗീകാരവും.ചെറിയ ഡയലോഗിലൂടെ തന്നെ.ആ കഥാപാത്രം പിന്നെയും പിന്നെയും നമുക്ക് മുന്നിലെത്തും. ചിലപ്പോൾ ട്രോളുകളിലൂടെയും…അദ്ദേഹത്തിന്‍റെ തമാശ കലർന്ന ചില സംഭാഷണങ്ങളിലാകട്ടെ സാമൂഹിക പ്രതിബദ്ധതയും കാണാം. കോഴിക്കോട് കുന്നമംഗലത്ത് ജനിച്ച ശശി കലിംഗയുടെ യഥാർത്ഥ പേര് വി ചന്ദ്രകുമാർ എന്നാണ്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹത്തോടെ’ശശി’ എന്ന് വിളിച്ചു. ഓട്ടോ മൊബൈൽ എൻജി നീയറിങ് ഡിപ്ലോമ പൂർത്തിയാക്കി ജോലി തേടി നടക്കുന്നതിനിടയിലാണ് അദ്ദേഹം നാടകത്തിൽ തികച്ചും യാദൃശ്ചികമായി ചെന്നെത്തുന്നത്.
നാടകവുമായി പുലബന്ധം പോലുമില്ല, ഒരു നടനാവണമെന്ന ആഗ്രഹമില്ല നാടകം കാണാറുമില്ല, എന്നിട്ടും മികച്ച അഭിനേതാവായി മാറി മലയാളികളുടെ ഹൃദയത്തിൽ ചിരി കൊണ്ട് ഹാസ്യം സൃഷ്ട്ടിച്ചു ഈ കലാകാരൻ. അക്കാലത്ത് അദേഹത്തിന്‍റെ അമ്മാവൻ വിക്രമൻ നായർ കോഴിക്കോട്ടു 1982ൽ തുടങ്ങിയ പ്രശസ്തമായ ‘സ്റ്റേജ് ഇന്ത്യ’എന്ന നാടക കമ്പനിയുടെ ഉടമസ്ഥനായിരുന്നു. താമസിയാതെ അദ്ദേഹം ശശിയെ നാടക ട്രൂപ്പിലേക്ക് ചേർത്തു. നല്ല ഉയരവും ഒത്ത ശരീരവുമുള്ള ശശി പെട്ടെന്ന് തന്നെ ആകർഷിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ ഉയരം വെച്ച് തന്നെ കഥാപാത്രങ്ങളും ലഭിച്ചു കൊണ്ടിരുന്നു. പിന്നീട് നാടക ചരിത്രത്തിൽ ഇരുപത്തിയഞ്ചു വർഷത്തോളം അദ്ദേഹം നിറഞ്ഞു നിന്നു. മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹം നാടക കലയുടെ നിലനില്പിനെക്കുറിച്ചും നാടക കലാകാരന്‍റെ ജീവിതത്തെക്കുറിച്ചുമെല്ലാം സ്വന്തം അനുഭവത്തിലൂടെയും മനസ്സിലാക്കിയിരുന്നു.
സിനിമയിലെത്തും മുൻപേ നാടകമായിരുന്നു ശശിയുടെ തട്ടകം. വീട്ടിലെ വിളിപ്പേരായ ‘ശശി’ക്കൊപ്പമാണ് ‘കലിംഗ ‘എന്ന പേര് ചേർക്കുന്നത്. അതിനു മുന്നേ അദ്ദേഹം ശശി എന്ന പേരിൽ നാടകത്തിൽ അറിയപ്പെട്ടു.പല നാടക ട്രൂപ്പുകളിലെയും വേദികളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘സാക്ഷാത്കാരം, സ്ഥിതി എന്നി നാടകങ്ങളിലൂടെ കുറെ നാടകങ്ങളിൽ അഭിനയിച്ചെങ്കിലും പി എം താജിന്‍റെ ‘അഗ്രഹാര’ത്തിലൂ ടെയാണ് ഒരു മികച്ച നാടക നടൻ എന്ന പേരിൽ ശശി പേരെടുക്കുന്നത്. ഈ നാടകം തൊള്ളായിരത്തിലേറെ വേദികളിൽ കളിച്ചു കൊണ്ട് നാടക ചരിത്രത്തിൽ ശ്രദ്ധേയമായി. പിന്നീട് പി എം താജിന്‍റെ നിരവധി നാടകങ്ങളിലൂടെ ശശി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ‘അമ്പലക്കാള’യിലെ വനപാലകൻ, ‘ജപമാല’യിലെ രമണൻ, ‘ഗുരു’വിലെ ഉണ്ണുണ്ണി, ‘ക്ഷത്രിയനി’ലെ അഗ്നിവർണ്ണൻ, ‘എഴുത്തച്ഛ’നിലെ എടമന നമ്പൂരി, ചിലപ്പതികാര’ത്തിലെ വാരണവർ, ‘കൃഷ്ണ ഗാഥ’യിലെ ശങ്കിടി നമ്പിടി, ‘ബൊമ്മക്കൊലു’വിലെ ബാലൻ നായർ, ‘ഭാഗ്യ ദേവതയിലെ’മാധവൻ, സ്വർഗ്ഗവാതിലിലെ മന്ത്രവാദി, ‘അപൂർവ നക്ഷത്രത്തിലെ ലൂക്കോസ് എന്നി നാടക ങ്ങളും ശശി അവതരിപ്പിച്ച കഥാപാത്രങ്ങളും ശ്രദ്ധേയമായി. സ്വതസിദ്ധമായ അഭിനയ ശൈലിയായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.
ഏത് വേഷത്തിലും വെള്ളിത്തിരയിലെത്താൻ അദ്ദേഹം മടിച്ചിരുന്നില്ല. കയ്യിൽ കിട്ടുന്നത് ഏത് കഥാപാത്രം ആണെങ്കിലും ഭംഗിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്ന യഥാർത്ഥ കലാകാരന്‍റെ നിർബന്ധ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. നാടകങ്ങളിലെ അഭിനയത്തിന്‍റെ നാളുകളിൽ ഓരോ കഥാപാത്രങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. ‘സ്യമന്തക’ത്തിലെ ഭ്രാന്തനും ‘ക്ഷുഭിതരുടെ ആശ’കളിലെ രാഷ്ട്രീയക്കാരനും ‘അഭിവന്ദ്യ’നിലെ ഊരുമൂപ്പനും പാഴുർ പടിപ്പുരയിലെ വേഷങ്ങൾ, ‘കുഞ്ചൻ നമ്പ്യാരി’ലെ മാർത്താണ്ഡ വർമ്മ, ‘വൈദ്യ ഗ്രാമ’ത്തിലെ മിത്രൻ തിരുമുല്പാട്, ‘അദ്ദേഹത്തിന്‍റെ മകനി’ലെ വിഷഹാരി, ‘ചരിത്രത്തിൽ ഇല്ലാത്തവരി’ലെ പട്ടാളക്കാരൻ തുടങ്ങിയ നാടകങ്ങളും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകാഭിനയത്തിൽ മാത്രമല്ല, അന്ന് ‘സ്വപ്ന മുദ്ര ‘എന്ന നാടകത്തിന്‍റെ സംവിധായകനായി വേഷമണിഞ്ഞെങ്കിലും ആ ജോലി തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിയുകയും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
സിനിമയിൽ അഭിനയിക്കുക എന്ന അതിയായ ആഗ്രഹം വച്ചു പുലർത്തിയ അഭിനേതാവായിരുന്നില്ല ശശി കലിംഗ. എന്നാൽ അദ്ദേഹത്തിന് അങ്ങനെ ഒരു നിയോഗം കാലം കാത്ത് വെച്ചിരുന്നു. നാടകക്കാരനായ ശശിയെ ശശി ‘കലിംഗ’ ആക്കിയത് ചലച്ചിത്ര മേഖലയിലേക്കുള്ള അരങ്ങേറ്റമാണ്. 1998ൽ ‘തകരച്ചെണ്ട ‘എന്ന ചിത്രത്തിൽ ‘പളനിച്ചാമി’ എന്നകഥാപാത്രമായി അഭിനയിച്ചു എങ്കിലും തുടർന്നു സിനിമകൾ അദ്ദേ ഹത്തെ തേടിയെത്തിയില്ല. വീണ്ടും നാടകത്തിൽ പഴയതു പോലെ സ ജീവമാകുകയും ചെയ്തു. തികച്ചും യാദൃശ്ചികമായാണ് 2009ൽ രഞ്ജിത്തിന്‍റെ മമ്മൂട്ടി നായകനായ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ ‘എന്ന സിനിമയിൽ ഡി വൈ എസ് പി മോഹൻദാസ് മണലത്തായി അഭിനയിക്കുന്നത്. കോഴിക്കോട് വെച്ചായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. അന്ന് സിനിമയിൽ ആ നാട്ടിലെ ഭൂരിപക്ഷം പേരും കഥാപാത്രങ്ങളായി. കുറെ പേര് ഓരോ നാടക ട്രൂപ്പിൽ നിന്ന് വന്നവർ.’ശശി’ എന്ന പേര് പലർക്കും ഉണ്ടായിരുന്നത് കൊണ്ട് ശശിയുടെ പേരിന്‍റെ കൂടെ ‘കലിംഗ’ എന്ന് എളുപ്പം മനസ്സിലാക്കുവാൻ ചേർക്കുകയും ചെയ്തു. കലിംഗ അന്ന് കെ ടി മുഹമ്മദിന്‍റെ അറിയപ്പെടുന്നൊരു നാടക ട്രൂപ്പ് ആയിരുന്നു.ശശി ആ ട്രൂപ്പിൽ അഭിനയിച്ചിട്ടുമില്ല.എന്നാൽ പിന്നീട് ആ പേര് തിരുത്തേണ്ട എന്ന് തീരുമാനിക്കുകയും ശശി ‘ശശി കലിംഗ’ ആവുകയും ചെയ്തു. അങ്ങനെ അതൊരു ഭാഗ്യമുള്ള പേരായി മലയാള സിനിമയിൽ ചാർത്തപ്പെട്ടു.
“ഊണിനു എത്രയാള്ണ്ട്ന്ന് പറയണം ട്ടോ “..2010 ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രമായ ‘പ്രാഞ്ചിയേട്ട’നിലെ ശശി കലിംഗയുടെ ‘ഇയ്യപ്പൻ’ എന്ന കഥാപാത്രത്തിന്‍റെ ഡയലോഗാണിത്. പിന്നീട് 2010 ൽ അമൽ നീരദിന്‍റെ അൻവറിലും 2011 ൽ വി കെ പ്രകാശിന്‍റെ ത്രീ കിങ്സിലും ശശി കലിംഗ വേഷമിട്ടു. ഏത് വേഷത്തിലും ശശി കലിംഗ അഭിനയിക്കുമായിരുന്നു. 2013ലെ ‘ഹണീബി’ എന്ന ചിത്രത്തിൽ ചുവരിൽ തൂക്കിയിട്ട ഫോട്ടോ യിലും ഇടുക്കി ഗോൾഡിൽ ഒരു മൃതദേഹമായും അദ്ദേഹം അഭിനയിച്ചു.ആമേനിലെ “കുറച്ച് മീനാ തങ്കമ്മ ച്ചീ വരാല്, കുടമ്പുളിയിട്ടു വെച്ചാൽ മതി “എന്ന ഡയലോഗും അമർ അക്ബർ അന്തോണിയിലെ “ഈ നിലവറയിലെ കാവൽക്കാരനാ ” എന്ന ഡയലോഗും പ്രേക്ഷകരെ ചിരിപ്പിച്ചു. പല്ലില്ലാതെ മോണ കാണിച്ചു ചിരി ക്കുമ്പോൾ തന്നെ ശശി കലിംഗയുടെ ഹാസ്യം പാതി ജയിക്കുന്നു എന്ന നഗ്ന സത്യം വേറെ.തുടർന്നു 2011 ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ഉറുമി’യിലെ അസിം മരയ്ക്കാർ, 2010ൽ ജി എൻ കൃഷ്ണ കുമാർ സംവിധാനം ചെയ്ത ‘കോളേജ് ഡെയ്സി’ലെ മോഹൻ, 2011 ൽ കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’യിലെ ചാന്ദ് പോഷ്, 2011 ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്‍റെ മകൻ അബു’വി ലെ കബീർ, 2011ൽ രഞ്ജിത്ത് സംവി ധാനം ചെയ്ത ‘ഇന്ത്യൻ റുപ്പി’യിലെ നമ്പ്യാർ, 2011 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സ്നേഹ വീടി’ ലെ കൃഷ്ണൻ മാരാർ, ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ടി’ലെ നീലാണ്ടൻ, ‘നമ്പർ 66 മധുര ബസ്സി’ലെ സ്വാമി,’സ്പിരിറ്റി’ ലെ ഗംഗാധരൻ, ‘ഫ്രൈഡേ’യിലെ പപ്പൻ,’ഭൂപടത്തിൽ ഇല്ലാത്ത ഒരിട’ത്തിലെ കുമാരൻ, ‘ഡോക്ടർ ഇന്നസെന്‍റാണ്’എന്ന ചിത്രത്തിലെ പെട്ടിക്കടക്കാരൻ ,’മദിരാശി’യിലെ ഒളിമ്പ്യൻ മാത്തൻ, ‘മാറ്റിനി’യിലെ ഗോപി….. അങ്ങനെ പോകുന്നു ശശി കലിംഗ എന്ന നടൻ ചലച്ചിത്രാഭിനയത്തിൽ അണിഞ്ഞ കഥാപാത്രങ്ങളുടെ പട്ടിക.
പ്രായമല്ല കലയ്ക്കുള്ള മാനദണ്ഡം. കലയോടുള്ള അഭിനിവേശവും പ്രതിപത്തിയും മമതയും അർപ്പണ മനോഭാവവുമാണ് ആവശ്യമെന്ന് തെളിയിച്ച അഭിനേതാവ് കൂടിയാണ് ശശി കലിംഗ. കോവിഡ് 19 ലോകമാകെ വിറപ്പിച്ച കെട്ട കാലത്താണ് ശശി കലിംഗ ജീവിതത്തോടും അഭിനയത്തോടും എന്നന്നേക്കുമായി വിടപറയുന്നത്. പ്രിയപ്പെട്ടവരായി അദ്ദേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന മനുഷ്യർക്ക് ആ വേർപാടിൽ ദൂരെ നിന്ന് യാത്രാമൊഴി ചൊല്ലാൻ മാത്രമേ കഴിഞ്ഞുള്ളു. അവസാനമായി ഒരു നോക്ക് കാണാൻ മരണ വീട്ടിലെത്തിയ നടൻ വിനോദ് കോവൂർ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ശശി കലിംഗയെപ്പറ്റിയുള്ള ഓർമകൾ കുറിച്ചു ;”പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്‍റെ വീട്ടിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ എന്ന നടൻ മരിച്ചു കിടക്കുന്നു. എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആ രോരും ഇല്ലാതെ കിടക്കുന്നു..ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടിൽ വന്നില്ലായിരുന്നെങ്കിൽ ശശിയേട്ടന്‍റെ സഹപ്രവർത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ.നിർഭാഗ്യവാനാണ് ശശിയേട്ടൻ”….അതെ 2020ലെ കോവിഡ് 19എന്ന മഹാമാരി പെയ്തിറങ്ങുന്ന കെട്ട കാലത്ത് പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ വിട പറഞ്ഞു പോയ അനേകം ഹതഭാഗ്യരുടെ കൂട്ടത്തിൽ ശശി കലിംഗയും…
സസ്റ്റേജ് ഇന്ത്യ എന്ന നാടക ട്രൂപ്പിൽ രണ്ട് പതിറ്റാണ്ടോളം നാടകങ്ങളിൽ സജീവമായി നിന്ന് പിന്നീട് മലയാള സിനിമയിലെത്തി ഒടുവിൽ ഹോളിവുഡ് പ്രശസ്ത സംവിധായകൻ സ്റ്റീഫൻസ്പിൽ ബർഗും ടോം ക്രൂസും ചേർന്നുള്ള സിനിമയിൽ യൂദാസായി അഭിനയിക്കുകയും ചെയ്ത നടൻ. ആദ്യ നാടകത്തിനു 1975ൽ ഇരുപത് രൂപ പ്രതിഫലം വാങ്ങി തുടങ്ങി വെച്ച നാടക കലാ ജീവിതം… 1998 ൽ ആദ്യ സിനിമയിൽ അഭിനയിച്ചതിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി തുടങ്ങി വെച്ച ചലച്ചിത്ര ജീവി തം.. ഏത് റോളും മടി കൂടാതെ കൈകാര്യം ചെയ്യുന്ന ഈ അഭിനേതാവ് അഞ്ഞൂറോളം നാടകങ്ങളിലും പിന്നീട് നൂറിലധികം മലയാള സിനിമകളിലും പാരമ്പരകളിലും അഭിനയിച്ചു. ഇതിൽ ഏഷ്യാനെറ്റിലെ മുൻഷി ‘എന്ന പരമ്പരയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.കോഴിക്കോടൻ ഗ്രാമീണ ജീവിതത്തിന്‍റെ സവിശേഷതകൾ ശശി കലിംഗ എന്ന കലാകാരന്‍റെ വ്യത്യസ്തതയായിരുന്നു. വളരെ ഉയരമുള്ള അതിനൊത്ത ശരീരമുള്ള ആ മനുഷ്യനെ അതിനൊത്ത റോളുകൾ നൽകാനും ശ്രദ്ധിച്ചു. കഥാപാത്രങ്ങളെയും ആ കഥാപാത്രത്തിന്‍റെ എല്ലാ പ്രത്യേകതകളെയും തിരിച്ചറിയാൻ തന്‍റെ അഭിനയത്തിലേക്ക് ആ കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹം ശ്രമിച്ചിരുന്നു. കൃത്യനിഷ്ഠത, ആത്മാർത്ഥത, സരസവും ഊഷ്മളവുമായ പെരുമാറ്റത്തിലൂടെ സൗഹൃദ ബന്ധങ്ങളെ ചേർത്ത് നിർത്തൽ, അതെ, ശശി കലിംഗ പൂർണമായും ഒരു മനുഷ്യനായിരുന്നു. ഒരു നടന്‍റെ ഭാവമില്ലാതെ തനി കോഴിക്കോട്ടുകാരൻ. മോണ കാട്ടിയുള്ള ചിരിയിലൂടെ വിരിയിക്കുന്ന ഹാസ്യം വെള്ളിത്തിരയിൽ ഇനിയില്ല…’പല്ലില്ലാതെ ചിരിക്കുന്നവരെല്ലാം മഹാന്മാരല്ല’ എന്ന ഡയലോഗിലൂടെ സാമൂഹിക വിമര്‍ശനങ്ങളുടെ അമ്പെയ്യുന്ന ചിരി… അദ്ദേഹം ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ നമ്മളോട് വീണ്ടും വീണ്ടും എണ്ണമില്ലാതെ ചിരിക്കുന്നു… നമ്മളെ ചിരിപ്പിക്കുന്നു…