ചുണ്ടിലെരിയുന്ന പൈപ്പും കയ്യിലൊരു തോക്കുമായി അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയുടെ പ്രതിനായകനായി പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വില്ലൻ. ജോസ് പ്രകാശ് എന്ന നടനെ ഓർക്കുമ്പോൾ ചുണ്ടിലെരിയുന്ന പൈപ്പും റിവോൾവറും മനസ്സിലേക്ക് ഓടിയെത്തും. കഥാപാത്രം ആവശ്യപ്പെടുന്ന വില്ലനിസത്തിന്‍റെ റോൾ പൂർണ്ണത കൈവരിക്കുന്നത് അപ്പോഴാണെന്ന് പലപ്പോഴും തോന്നിയി ട്ടുണ്ട്. സ്‌ക്രീനിൽ വില്ലനാണെങ്കിൽ ജീവിതത്തിൽ നായകനാണ് ജോസ് പ്രകാശ്. ജീവിത പ്രതിസന്ധികളുടെ തിരിച്ചടികളിൽ പതറാതെ അദ്ദേഹം ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോയി.
2012 മാർച്ച് 24നു ക്രൂരമായ രോഗ പീഡകളിൽ നിന്നും എന്നന്നേക്കുമായി മുക്തി നേടിയ ആ ജീവിതവും രോഗത്തിനെതിരെയുള്ള അവസാനകാല പോരാട്ടവും വരും കാലത്തിന് ഒരു സന്ദേശമായിരുന്നു. ചലച്ചിത്ര പിന്നണി ഗായകനാകാൻ ആഗ്രഹിച്ചു കൊണ്ട് വെള്ളിത്തിരയിലേക്ക് കടന്നു വന്നപ്പോൾ നായകനും വില്ലനും സഹനടനുമായി ആ താരം മിന്നി നിന്നു. വില്ലനിസത്തിന്‍റെ പൗരുഷമായിരുന്നു സംവിധായകർ ജോസ് പ്രകാശിൽ കണ്ടത്.
കെ ബേബി ജോസഫ് എന്ന യഥാർഥ പേരുള്ള അദ്ദേഹത്തെ തിക്കുറിശ്ശി സുകുമാരൻ നായരാണ് ജോസ് പ്രകാശ് എന്ന നാമധേയം നൽകിയത്. മുന്നൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. ‘പ്രേം പ്രകാശ്’ എന്ന പേര് സ്വീകരിച്ച സക്കറിയ ജോസ് പ്രകാശിന്‍റെ സഹോദരനും സിനിമ നിർമാതാവും നടനും സംവിധായകനുമാണ്. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മരുമകനാണ്. സിനിമയിൽ എത്തുന്നതിനു മുൻപേ നാടകത്തിൽ സജീവമായിരുന്നു ജോസ് പ്രകാശ്. എന്നാൽ അതിനു മുൻപ് അദ്ദേഹം പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. 1942 ലെ രണ്ടാം ലോക മഹായുദ്ധകാലത്തു ബ്രിട്ടീഷ് റോയൽ ആർമിയിൽ ചേർന്ന ഇദ്ദേഹത്തിന്‍റെ ആദ്യ നിയമനം മണിപ്പൂരിലായിരുന്നു. ചെറുപ്പകാലത്തു വീട്ടിലെ കഷ്ടപ്പാടുകളെക്കുറിച്ചു ജോസ് പ്രകാശ് ‘സൺഡേ ശാലോമി’യിൽ എഴുതിയ ക്രിസ്തുമസ് സന്ദേശത്തിലെ അവസാന ഖണ്ഡികയിൽ പറയുന്നുണ്ട്.
ഗായകനാകാൻ സിനിമയിലെത്തി വില്ലനായി മാറിയ ജോസ് പ്രകാശ് ആദ്യമായി പാടിയത് 1953- ലെ ‘ശരിയോ തെറ്റോ ‘എന്ന സിനിമയിലാണ്. കൂടാതെ ഈ ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. എ പി ലീലയ്‌ക്കൊപ്പം പാടിയ “പാടുപെട്ട് പാടങ്ങളിൽ” എന്ന തത്വശാസ്ത്ര പരമായ യുഗ്മഗാനമായിരുന്നു അത്. പിന്നീട് 1960- കളിൽ അദ്ദേഹം അറുപതോളം സിനിമകളിൽ പാട്ടുകൾ പാടി. വിശപ്പിന്‍റെ വിളി, പ്രേമലേഖ, അൽഫോൻസ്, ദേവസുന്ദരി, അവൻ വരുന്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമായി.”താരമേ താണു വരൂ”, “വാര്‍മഴവില്ലേ വാ”, “കണ്ണീര്‍ നീ ചൊരിയാതെ”, എന്നീ പാട്ടുകള്‍ ശ്രദ്ധേയമായി. “കേള്‍ക്കുക നീ”(അല്‍ഫോന്‍സ 1952),”ചിന്തയിൽ നീറുന്ന”( വിശപ്പിന്‍റെ വിളി 1952), “ആതിര ദിനമേ” (പ്രേമലേഖ1952),”ഗുണമില്ല റേഷൻ” (പ്രേമലേഖ 1952), “പാപികളാൽ നിറയുന്നു” (പ്രേമലേഖ 1952), “കണ്ണീരിൽ കാലമെല്ലാം” (പ്രേമലേഖ 1952), “വടക്കൻ കായലിൽ” (പ്രേമലേഖ 1952), “പ്രേമ നിരാസ” (പ്രേമലേഖ 1952), “വയറുവിശക്കും സമയത്ത്” (പ്രേമലേഖ1952), “പോകാം പോകാം”(ശരിയോ തെറ്റോ 1953), “പ്രാണസഖി”(ശരിയോ തെറ്റോ 1953)”ഓരോരോ ചെഞ്ചോരതന്‍” (അവന്‍ വരുന്നു 1954),”നീലിപ്പെണ്ണേ’ ( മനസ്സാക്ഷി 1954 ) “ഓം നമഃശ്ശിവായ” (ലവ് ഇന്‍ കേരള 1968), എന്നിവ ജോസ് പ്രകാശ് ആലപിച്ച ഗാനങ്ങളാണ്.
പട്ടാളത്തിൽ നിന്നും വിരമിച്ചതിനു ശേഷമാണ് ജോസ് പ്രകാശ് നാടകത്തിൽ ശ്രദ്ധ തുടങ്ങിയത്.പട്ടിണിപ്പാവങ്ങൾ, സാത്താൻ ഉറങ്ങുന്നില്ല, പോലിസ് സ്റ്റേഷൻ, രണ്ട് തെണ്ടികൾ എന്നീ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.’ഓളവും തീരവും’ എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് അഭിനയ രംഗത്ത് സജീവമായത്.അതിനു ശേഷമാണ് അദ്ദേഹം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. ജോസ് പ്രകാശ് ആദ്യമായി അഭിനയിച്ച വില്ലൻ കഥാപാത്രം ‘ലവ് ഇൻ കേരള’ എന്ന ചിത്രത്തിലാണ്.’പ്രേമലേഖ’യിലെ ഡോ മുകുന്ദൻ (1952), ‘അൽഫോൻസ’യിലെ ജോർജ്ജ് (52), ‘ശരിയോ തെറ്റോ’യിലെ മാനേജർ (1953), ‘മനഃസാക്ഷി’യിലെ ശ്രീധരൻ (1954), ‘അനിയത്തി’യിലെ ഡോക്ടർ (1955),’സിഐ ഡി’യിലെ മുകുന്ദൻ മേനോൻ (1955),, ഹരിചന്ദ്രയിലെ സത്യകീർത്തി (1955), മന്ത്രവാദിയിലെ വീരവർമ്മൻ (1956), മറിയക്കുട്ടിയി ലെ പൊന്നപ്പച്ചൻ (1958), ‘ഭക്ത കുചേല’യിലെ നന്ദ ഗോപർ (1961), ‘ശ്രീരാമ പട്ടാഭിഷേക’ത്തിലെ സുമന്ത്രർ(1962), ‘ആദ്യകിരണ’ങ്ങളിലെ ദാമോദർ (1964), ‘കറുത്ത കൈ’യിലെ വിക്രമൻ(1964), ‘വെളുത്ത കത്രീന’യിലെ മനോഹരൻ(1968),’അഭയ’ത്തിലെ വിക്രമൻ (1970) എന്നിവ ജോസ് പ്രകാശ് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളുമാണ്.
നടനും ഗായകനും മാത്രമല്ല നിർമാതാവും കൂടിയാണ് ജോസ് പ്രകാശ്. ആയിരം കണ്ണുകൾ, പത്മരാജന്‍റെ ‘കൂടെവിടെ’ എന്നീ ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചു. സിനിമയിലും നാടകത്തിലും ജോസ് പ്രകാശ് നൽകിയ സംഭാവനകളെ മുൻനിർത്തി 2011 ൽ ജെ സി ഡാനിയേൽ പുരസ്‌കാരം നൽകി. അദ്ദേഹത്തിന്‍റെ മരണത്തിനു തൊട്ട് മുൻപുള്ള ദിവസമാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്. ‘ട്രാഫിക്’ ആണ് ജോസ് പ്രകാശ് അവസാനമായി അഭിനയിച്ച സിനിമ.
കഠിനമായ പ്രമേഹ രോഗത്താൽ ജീവിതത്തിൽ അദ്ദേഹത്തിന്‍റെ കണ്ണിനു കാഴ്ച നഷ്ട്ടമായി. ആ വെളിച്ചത്തിന്‍റെ നഷ്ടം ഏറെ ബാധിച്ചുവെങ്കിലും അദ്ദേഹം ഇച്ഛാശക്തിയോടെ അതിനെ നേരിട്ടു.” കോടതി ജോലിയില്‍ നിന്നു കിട്ടുന്ന 14 രൂപ ശമ്പളംകൊണ്ട് എട്ടു മക്കളുള്ള ഒരു കുടുംബത്തെ പുലര്‍ത്തിയിരുന്ന പിതാവിന്‍റെ ജീവിതഭാരമാണ് ആദ്യമായി എന്‍റെ കണ്ണു തുറപ്പിച്ചത്. അന്നു ഞാന്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്നു. പഠനവുമായി മുന്നോട്ടുപോകുന്നതു പന്തിയല്ല എന്നു തോന്നിയ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അന്നെനിക്കു 17 വയസ്. 67 രൂപ ശമ്പളക്കാരനായ ഞാന്‍ അമ്പതു രൂപ വീട്ടിലേക്കയച്ചിട്ട് പട്ടാളക്യാമ്പിലിരുന്ന് ആരും കാണാതെ സന്തോഷത്തോടെ കരഞ്ഞിട്ടുണ്ട്. എന്‍റെ അപ്പന്‍റെ തിളങ്ങുന്ന കണ്ണുകളായിരുന്നു മനസില്‍. സഹോദരങ്ങള്‍ക്ക് ഒരു താങ്ങാകാന്‍ കഴിഞ്ഞത് സുഖമുള്ള ഉപ്പായിരുന്നു”. എന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നുണ്ട് (സൺഡേ ശാലോമി- ഒരു ക്രിസ്തുമസ് സന്ദേശം).
ഇ എം എസ് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു. പട്ടാള ജീവിതത്തെക്കുറിച്ചും ഗാന്ധിജിയെയും മദർ തെരേസയെയും കണ്ടു മുട്ടിയ അനുഭവങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കു വയ്ക്കുന്നുണ്ട്. വില്ലനായി നിറഞ്ഞു നിൽക്കുന്ന ജോസ് പ്രകാശ് ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരം തന്നെ.