Friday, November 15, 2024

‘ചുവരില്ലാതെ ചായങ്ങളില്ലാതെ…’ഭാവചന്ദ്രോദയം ഈ ഭാവഗായകൻ

“മഞ്ഞലയിൽ മുങ്ങിത്തോർത്തി”എന്ന ഒറ്റ ഗാനം കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ മലയാള സംഗീത ലോകത്ത് പ്രിയങ്കരനാകുന്നത്. ’കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തിറങ്ങിയത് പി ഭാസ്കരൻ മാഷ് എഴുതി ജി ദേവരാജൻ മാസ്റ്റർ ഈണമിട്ട“മഞ്ഞലയിൽ മുങ്ങിത്തോർത്തി “എന്ന പാട്ടു പാടിയ ‘കളിത്തോഴൻ’എന്ന ചിത്രമായിരുന്നു. കുട്ടിക്കാലത്തു സംഗീതത്തോട് കമ്പമുണ്ടായിരുന്ന ജയചന്ദ്രന്‍റെ ആദ്യഗുരു സംഗീത വിദ്വാനായിരുന്ന രവിവർമ്മ കൊച്ചനിയൻ തമ്പുരാനായിരുന്നു. മൃദംഗവായനയിലും ചെണ്ട മേളയിലും കഥകളിയിലുമെല്ലാം തന്‍റെ കഴിവ് തെളിയിച്ചു അദ്ദേഹം. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എന്നും തിളങ്ങുന്ന താരമായിരുന്നു പി ജയചന്ദ്രൻ എന്ന കുട്ടി.1958 ലെ സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് എന്ന വിദ്യാര്‍ഥിയെ മത്സരവേദിയിൽ വെച്ചാണ്  കാണുന്നതും പരിചയപ്പെട്ടതും. ആ പരിചയപ്പെടല്‍ ഭാവിയിലേക്ക് ഒരു നിമിത്തമായിരുന്നുവെന്ന് പിൽക്കാലത്ത് ജയചന്ദ്രൻ തന്‍റെ സംഗീത ജീവിതത്തിലെ ഈ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് പറയുകയുണ്ടായി. അന്ന് കലോത്സവത്തിൽ മികച്ച ക്ലാസ്സിക്കൽ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോൾ ജയചന്ദ്രൻ മൃദംഗവായനയില്‍  ഒന്നാം സ്ഥാനം നേടി. വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും യേശുദാസ് എന്ന ഗന്ധർവ്വൻ സംഗീതലോകത്തെ മുടിചൂടാ മന്നനായിക്കഴിഞ്ഞിരുന്നു. ജയചന്ദ്രൻ അന്ന് മദ്രാസിലേക്ക് വണ്ടി കയറുന്നു. തുടർന്നു ജയചന്ദ്രൻ എന്ന ഗായകന്‍റെ ശുക്രദശയും അവിടെ വെച്ച് തുടങ്ങുന്നു. അദ്ദേഹത്തിന്‍റെ സഹോദരൻ യേശുദാസിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അനായാസകരമായ ആലാപന ശൈലികൊണ്ട് തന്നെ പെട്ടെന്ന് മറ്റുള്ളവരുടെ ഇഷ്ടം നേടാൻ ജയചന്ദ്രനു കഴിഞ്ഞു.

 ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റായതോടെ ജയചന്ദ്രയുഗത്തിന് കൂടി തുടക്കമിടുകയായിരുന്നു മലയാള സിനിമാ സംഗീതലോകം. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അദ്ദേഹത്തിന്‍റെ ഭാവസാന്ദ്രമായ പുരുഷ ശബ്ദം സുപരിചിതമായി. തമിഴിലെ ഭാവഗായകനായി എസ് പി ബാലസുബ്രഹ്‍മണ്യം അറിയപ്പെട്ടപ്പോൾ മലയാളത്തിന്‍റെ ഭാവഗായകനായി പി ജയചന്ദ്രൻ എന്ന പേര്  മലയാളികൾ ഒറ്റശ്വാസത്തിൽ തന്നെ സംശയം കൂടാതെ  ഒന്നടങ്കം ഏറ്റ് പറഞ്ഞു. ”കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്‍റെ കളിചിരി പോലെ….. “ 1980ൽ ഇറങ്ങിയ ‘ഇടിമുഴക്കം’ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ശ്യാം ഈണമിട്ട് പി ജയചന്ദ്രനും ജാനകിയും ചേർന്നു  ആലപിച്ച നിത്യസുന്ദരമായ പ്രണയഗാനം…  ഭാവാത്മകതയുടെ ഓരോ കണികയും അതിൽ നിറഞ്ഞു തുളുമ്പുന്നത് നമ്മളറിയുന്നു. കാരണം അതിന്‍റെ വിങ്ങൽ നമ്മുടെ ഹൃദയത്തിലാണ്. അതിനു താളം കൊട്ടുന്നതോ ;നമ്മുടെ ഹൃദയത്തുടിപ്പും.

എന്ത് കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകനെ മലയാള ചലച്ചിത്ര ഗാനലോകം അത്രമേൽ പ്രിയങ്കര നാക്കുന്നത്? ഭാവം തന്നെ…വാക്കുകൾക്കിടയിലും അർത്ഥങ്ങൾക്കിടയിലും അദ്ദേഹം നമ്മുടെ ഹൃദയത്തിലേക്ക് ഒളിച്ചു കടത്തുന്ന , കൊളുത്തിവെക്കുന്ന അനുയോജ്യമായ വികാര ഭാവങ്ങൾ തന്നെയാണ് കാരണം. ജയചന്ദ്രൻ ആദ്യമായി സിനിമയിൽ  ആലപിച്ച ഗാനം 1966 ല്‍ പുറത്തിറങ്ങിയ ‘കളിത്തോഴൻ’ എന്ന ചിത്രത്തിലെ പി ഭാസ്കരൻ രചിച്ചു ജി ദേവരാജൻ ഈണമിട്ട “മഞ്ഞലയിൽ മുങ്ങിത്തോർത്തി “… എന്ന ഒറ്റപ്പാട്ടിലൂടെ ജയചന്ദ്രൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കെത്തി നിൽക്കുന്ന മീശ കിളിർത്തു തുടങ്ങിയ ഒരു പയ്യന്‍റെ സ്വരത്തിൽ ആ പാട്ടും അതിലെ മാധുര്യവും ആളുകൾ ഒട്ടേറെ തവണ ആസ്വദിച്ചു. ആ സ്വരത്തിലല്ലാതെ മറ്റൊരു സ്വരത്തിൽ നമുക്കാ പാട്ടിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല..

 “മധുചന്ദ്രികയുടെ ഛായത്തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു”…വയലാറിന്‍റെ കാവ്യാത്മകമായ വരികൾ ഇത് വരെ കാണാത്ത തന്‍റെ  മനസ്വിനിയുടെ മായിക രൂപം വാക്കുകളിലൂടെ വരയ്ക്കുന്നു. ദേവരാജൻ മാസ്റ്റർ സംഗീതം കൊണ്ടതിന് ജീവൻ നൽകിയപ്പോൾ ഒരു സുന്ദരിയെ എന്ന പോലെ ആ പാട്ടിനെയും നമ്മൾ ആരാധിച്ചു. അത്രയും ആരാധനയോടെ ആ ഗാനത്തെ അനാച്ഛാദനം ചെയ്യാൻ ജയചന്ദ്രനെപ്പോലെയുള്ളൊരു ഭാവഗായകന്‍റെ ശബ്ദത്തിന്  മാത്രമേ കഴിയുകയുള്ളു എന്നത് മറ്റൊരു സത്യം. “മനസ്വിനീ”… എന്ന് നീട്ടിപ്പാടുമ്പോൾ ആ വിളിയിൽ പതിഞ്ഞിരിക്കുന്ന പ്രണയവും അതിൽ അലിഞ്ഞു കിടക്കുന്ന നിഗൂഢമായ സൗന്ദര്യധാരയും നമ്മുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു. 1969ലിറങ്ങിയ ‘അനാച്ഛാദനം’ എന്ന ചിത്രത്തിലെ ഗാനമാണിത്. നസീർ,ഷീല,ജയഭാരതി,റാണിചന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

എം കെ അർജുനൻ മാസ്റ്റർ ഈണമിട്ട് ശ്രീകുമാരൻ തമ്പി രചിച്ചു ജയചന്ദ്രൻ ആലപിച്ച “മല്ലികപ്പൂവിൻ മധുര ഗന്ധം നിൻ മന്ദസ്മിതം പോലുമൊരു വസന്തം “….1974ൽ പുറത്തിറങ്ങിയ ‘ഹണിമൂൺ’എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനമാണിത്. നസീർ,ജോസ് പ്രകാശ്,ശങ്കരാടി,ആലുമ്മൂടൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. 1973ൽ പുറങ്ങിയ ‘പണിതീരാത്ത വീട്’ എന്ന ചിത്രത്തിൽ വയലാർ എം എസ് വിശ്വനാഥൻ കൂട്ടുകെട്ടിൽ പിറന്ന് ജയചന്ദ്രൻ ആലപിച്ച രണ്ട് ഹിറ്റ് പാട്ടുകളുണ്ട്, “കാറ്റുമൊഴുക്കും കിഴക്കോട്ട്“…“നീലഗിരിയുടെ സഖികളെ“….എന്നീ ജനപ്രിയ ഗാനങ്ങള്‍. “ഞാനെന്‍റെ പൂ കൂടി ചൂടിച്ചോട്ടെ”?എന്ന അനുപല്ലവിയിലെ ചോദ്യരൂപേണയുള്ള വരിയുടെ അവസാനം കൊളുത്തി വെക്കുന്നത് പ്രിപ്പെട്ടവളുടെ മുടിത്തുമ്പിൽ പൂചൂടിക്കാൻ കാമുകന്‍റെ പ്രേമപൂർണ്ണമായ അനുവാദത്തിനുള്ള അപേക്ഷയാണതെന്ന് നമ്മൾ തിരിച്ചറിയുന്നു. അതിന്‍റെ സൌന്ദര്യവും വൈകാരികതയും നമ്മിലേക്കെത്തിക്കാന്‍ ജയചന്ദ്രന്‍റെ ശബ്ദത്തിന് കഴിഞ്ഞു.

 പി ഭാസ്കരൻ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ 1973ലിറങ്ങിയ ‘അച്ചാണി’ എന്ന ചിത്രത്തിലെ “മല്ലികാ ബാണൻ തന്‍റെ വില്ലെടുത്തു “…ശബ്ദ ഗാഭീര്യം കൊണ്ട് താൻ പാടിയ പാട്ടുകളെ വേറിട്ടു നിർത്താൻ ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. അത് പോലെ “ഹർഷ ബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു“…എന്ന ഗാനം നിത്യസുന്ദരമായ പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്‍റെ, അല്ലെങ്കിൽ കാത്തിരുന്നു കിട്ടുകയും ഒടുവിലത് നഷ്ടമാകുമെന്ന സത്യത്തിലേക്ക് അടുക്കുമ്പോഴുള്ള  നൈരാശ്യത്തിന്‍റെയും വേദന ആ പാട്ടിലുണ്ട്. മനുഷ്യന്‍റെ പ്രണയത്തിനു വേണ്ടിയും മരണത്തിനു വേണ്ടിയും ജീവിതത്തിന് വേണ്ടിയും ആഘോഷങ്ങൾക്ക് വേണ്ടിയും ഏകാന്തതയ്ക്ക് വേണ്ടിയും എത്രയെത്ര ഗാനങ്ങൾ ജന്മമെടുത്തിരിക്കുന്നു.! നമ്മുടെ എല്ലാ വികാരങ്ങള്‍ക്കുമൊപ്പം കൂട്ട് വരുന്ന ഗാനങ്ങൾ… വരികൾ…സംഗീതം. ജയചന്ദ്രൻ പാടിയ ‘എന്‍റെ ഹൃദയത്തിന്‍റെ ഉടമ’ എന്ന ചിത്രത്തിലെ വേറിട്ടൊരു പാട്ടാണ് “ഏകാകിയാം നിന്‍റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴു സ്വരങ്ങൾ ചിറക് നൽകി “… രവീന്ദ്രൻ മാഷ് എന്ന മാന്ത്രിക സംഗീതജ്ഞന്‍റെ സംഗീത വൈദഗ്ധ്യം അതിലുണ്ട്, ഒ എൻ വി എന്ന മലയാളത്തിന്‍റെ പ്രിയങ്കരനായ ഗന്ധർവ കവിയുടെ വരികളും. പാട്ടുകാരന്‍റെ ശബ്ദത്തിനാകട്ടെ,അഗാധവും നിഗൂഢവുമായ സുഖമുള്ള ഇറക്കമുണ്ട്. ഈ പാട്ട് അതിന്‍റെ  ആഴങ്ങളിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നതും.  

“മോഹം കൊണ്ട് ഞാൻ ദൂരെയേതോ..” കൊച്ചു കുട്ടികൾ പോലും  ഈ പാട്ടിനെ സ്നേഹിക്കുന്നു. ദുഃഖം നേർത്തെങ്കിലും ഈ പാട്ടിൽ നിഴലിച്ചു കാണുന്നു. ഓരോ ഈണവും കോർത്തു കോർത്ത് കൊണ്ട് ദൂരേക്ക് പോകുമ്പോൾ അതിൽ നമ്മുടെ ഹൃദയവും ചേര്‍ക്കപ്പെടുന്നു. പാട്ടിലപ്പോൾ ആ ഹൃദയ വേദനയോടൊപ്പം  നമ്മളും അലിഞ്ഞു ചേരുന്നു. ’ശേഷം കാഴ്ചയിൽ’ എന്ന ചിത്രത്തിന് വേണ്ടി ജോൺസൺ മാഷ് ഒഴുക്കത്തോടെ ഈണമിട്ടതാണ് ഈ പാട്ട്. കണക്കുകൾ പലപ്പോഴായി എഴുതപ്പെടാതെ പോകുന്ന ഗ്രന്ഥമാണ് ജീവിതം. എല്ലാം മറക്കാൻ കൊതിക്കുന്ന ജന്മങ്ങൾക്ക് അനുയോജ്യവും അത് തന്നെ . ഒരു കവിത പോലെ ഒടുങ്ങുന്ന ജീവിതമാണ് മനുഷ്യന്‍റേത്. ”കാവ്യപുസ്തകമല്ലോ ജീവിതം… ഇതിൽ കണക്കെഴുതാൻ  ഏടുകളെവിടെ…” 1974ൽ ഇറങ്ങിയ ‘അശ്വതി’എന്ന ചിത്രത്തിലെ ഗാനമാണിത്. ഭാസ്കരൻ മാഷുടെയും ദക്ഷിണാമൂർത്തിയുടെയും കൂട്ടുകെട്ടിൽ മലയാള ചലച്ചിത്രത്തിന് ലഭിച്ച നിത്യഹരിതമായൊരു ഗാനം.”സ്വർണ്ണഗോപുര നർത്തകി ശിൽപം ” ജയചന്ദ്രന്‍റെ ശബ്ദഗാംഭീര്യത്തിൽ പിറന്ന ഹിറ്റ് ഗാനം. മലയാള ചലച്ചിത്ര ഗാനങ്ങളുടെ എക്കാലത്തെയും സുവർണ കാലഘട്ടത്തിൽ പിറന്ന പാട്ട്. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ എം എസ് ശ്രീനിവാസൻ സംഗീതം നൽകിയ ഈ പാട്ട് 1973ൽ ഇറങ്ങിയ’ ദിവ്യദർശനം’ എന്ന ചിത്രത്തിലേതാണ്. 1968ൽ പുറത്തിറങ്ങിയ ‘തോക്കുകൾ കഥ പറയുന്നു’ എന്ന ചിത്രത്തിലെ “പൂവും പ്രസാദവും “… മലയാളികളുടെ ചുണ്ടിൽ മൂളി നടന്ന മറ്റൊരു പാട്ടാണിത്. വാക്കുകളുടെ സമ്പന്നത,അർത്ഥ വ്യാപ്തി,ആത്മാവ് ഇവ നൽകുന്ന സംഗീതത്തിന്  ജീവൻ പകരുന്ന ശബ്ദം. നല്ല പാട്ടുകൾ പിറക്കുന്നതും ഹിറ്റാവുന്നതും അങ്ങനെയാണ്.

’സി ഐ ഡി നസീർ’ എന്ന സിനിമയിൽ എം കെ അർജുനനും ശ്രീകുമാരൻ തമ്പിയും ചേർന്നൊരുക്കിയ പാട്ട് പാടി ഹിറ്റാക്കിയത്  ജയചന്ദ്രന്‍റെ നാദമാണ്. ”നിൻ മണിയറയിലെ നിർമല ശയ്യയിൽ..”എന്ന് തുടങ്ങുന്ന പാട്ട് ഇന്നും ഹിറ്റുകളുടെ മുൻനിരയിലാണ്. കൂടാതെ എം കെ അർജുനൻ മാഷിന്‍റെയും ശ്രീകുമാരൻ തമ്പിയുടെയും കൂട്ട് കെട്ടിൽ പിറന്ന 1974ലെ ‘പൂന്തേനരുവി’ എന്ന ചിത്രത്തിലെ “നന്ത്യാർ വട്ടപൂ ചിരിച്ചു നാട്ടു മാവിന്‍റെ ചോട്ടിൽ “…ജയചന്ദ്രൻ ഹിറ്റുകൾ അവസാനിക്കുന്നില്ല… തൊട്ടതെല്ലാം പൊന്നാക്കുന്ന ശബ്‌ദാർഢ്യനായ ഭാവഗായകന്‍റെ ഹിറ്റ് പാട്ടുകളുടെ പട്ടിക നീളുകയാണ് . ”രാജീവ നയനെ നീയുറങ്ങു രാഗ വിലോലെ നീയുറങ്ങു “… ജയചന്ദ്രന്‍റെ ശബ്ദത്തിൽ ജീവൻ തുടിച്ച മറ്റൊരു സുന്ദരഗാനം. യൗവനം വിട്ടുമാറാത്ത നിത്യ സൗന്ദര്യത്തിനുടമകളാണ് അദ്ദേഹത്തിന്‍റെ  ശബ്ത്തിൽ ജീവൻ തുടിച്ച എല്ലാ പാട്ടുകളും. വാക്കുകളുടെ അർത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അതിലെ വൈകാരികത ചോർന്നു പോകാതെ നമ്മുടെ കാതുകളി ലേക്ക് പകരാന്‍ കഴിവുള്ള ആ ശബ്ദമാന്ത്രികത നമ്മെ അതിശയിപ്പിക്കുന്നുണ്ട് അന്നും ഇന്നും എന്നും.1974 ൽ പുറത്തിറങ്ങിയ ‘ചന്ദ്രകാന്ത’ത്തിലെ ഈ പാട്ട് ശ്രീകുമാരൻ തമ്പിയുടെ രചനയിൽ എം എസ് വിശ്വനാഥൻ ഈണമിട്ടിരിക്കുന്നു.

“ഇനിയെന്ന് കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി.. ചക്രവാളമാകെ നിന്‍റെ  ഗദ്ഗധം മുഴങ്ങീടുന്നു… “(കരിമുകിൽ കാട്ടിലെ..)..എന്ന അനുപല്ലവിയിൽ തുടങ്ങുന്ന ഈ ഗാനം 1969ൽ ഇറങ്ങിയ ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലേതാണ്. പാട്ടിൽ കവിത വരുമ്പോളാണ് ഭാവതീവ്രതയോടെ പാടാൻ കഴിയുക. ജയചന്ദ്രന്‍റെ  ആലാപനം കൊണ്ട് ഈ ഗാനം അത്രയേറെ മനോഹരവുമാണ്.പ്രണയത്തെയും ഭൂതകാലത്തെയും ഇത്തിരി നോവ് പടർത്തി മനസ്സിനെ ഉണർത്തുന്ന പാട്ട്. രാഘവൻ മാഷിന്‍റെ സംഗീതം പി ഭാസ്കരന്‍റെ തൂലികയുടെ വേദനയെ ഒപ്പിയെടുക്കുകയും ജയചന്ദ്രന്‍റെ  ശബ്ദ സൗകുമാര്യത തേങ്ങലോടെ നായികയുടെ മൗനത്തിൽ നിന്നകന്ന് പാടുകയും ചെയ്യുന്നു. പാട്ടിലാകെ തേങ്ങലാണ്.. കരയും കായലും ചക്രവാളവും ആ ശബ്ദത്തി ന്‍റെ  വിങ്ങലിൽ മൂകമാകുന്നു,നമ്മുടെ മനസ്സും. ”ഏകാന്തപഥികൻ ഞാൻ ഏതോ സ്വപ്ന വനത്തിലെ…” 1971ൽ പുറത്തിറങ്ങിയ ‘ഉമ്മാച്ചു’ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്‍റെ രചനയിൽ രാഘവൻ മാസ്റ്റർ ഈണമിട്ടു ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഹിറ്റ് ഗാനമാണിത്. പ്രേതങ്ങളുടെ താഴ്വരയിലെ ”മലയാള ഭാഷതൻ മാദക ഭംഗിയിൽ” ’ചുക്ക്‘ എന്ന ചിത്രത്തിലെ”ഇഷ്ട പ്രാണേശ്വരീ” മയൂഖത്തിലെ “ചുവരില്ലാതെ ചായങ്ങളില്ലാതെ..” ചന്ദ്രോത്സവത്തിലെ “ആരാരും കാണാതെ “.. തൊട്ടാവാടിയിലെ ” ഉപാസന ഉപാസന “…’ ആലിബാബയും നാൽപത്തിയൊന്ന് കള്ളന്മാരും’ എന്ന ചിത്രത്തിലെ “റംസാനിലെ ചന്ദ്രികയോ “..’കതിർമണ്ഡപ’ത്തിലെ “ചെമ്പകമല്ല നീ”, ’നഖക്ഷതങ്ങളി’ലെ “കേവലം മർത്യഭാഷ…” ‘നിറ’ത്തിലെ “പ്രായം തമ്മിൽ “.. ’ജലോത്സ വ’ത്തിലെ “കേര നിരകളാടും”…’യുദ്ധഭൂമി’യിലെ “അരുവി പാലരുവി “… ‘ബാബുമോൻ’ എന്നചിത്രത്തിലെ “ഇവിടമാണീശ്വര സന്നിധാനം “..തുടങ്ങിയവ ജയചന്ദ്രൻ എന്ന  ഗായകന്‍റെ ശബ്ദം കൊണ്ട് അനുഗ്രഹീതമായ പാട്ടുകളാണ്…  

മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് ഒരു തവണ, മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡ് അഞ്ചു തവണ, മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സംസ്ഥാന അവാർഡ് നാലു തവണ, 2001ൽ ആദ്യ സ്വരലയ കൈരളി പുരസ്‌കാരം, എന്നീ അംഗീകാരങ്ങൾ നേടിയ ജയചന്ദ്രൻ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹരിഹരന്‍റെ നഖക്ഷതങ്ങൾ, ഒ. രാംദാസിന്‍റെ കൃഷ്ണപ്പരുന്ത്, കെ ജി ജോർജ്ജിന്‍റെ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, വി കെ പ്രശാന്തിന്‍റെ ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2008 ൽ എ ആർ റഹ്‌മാന്‍റെ സംഗീതത്തിലാണ് ആദ്യമായി ഹിന്ദിയിൽ പാടുന്നത്. മലയാള സിനിമയിൽ ചലച്ചിത്ര ഗാനലോകത്ത് പി ജയചന്ദ്രൻ എന്ന പേര് തങ്കലിപികളാൽ എഴുതപ്പെട്ടു . കാലം കഴിയുംതോറും ജയചന്ദ്രന്‍റെ നാദം കൂടുതൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്ന ശബ്ദം.. ഉരച്ചു നോക്കുന്തോറും മാറ്റ് കൂടുന്ന ദൃഢത… അതെ, ജയചന്ദ്രന്‍ എന്ന ഗായകന് പകരം വെക്കാൻ ജയചന്ദ്രൻ മാത്രം.  “വിടപറയാൻ നേരമെന്തിനി സന്ധ്യയിൽ പ്രണയ ദൂതുമായി വന്നു ..ഞാനൊരു പ്രഭാമയൂഖമായി വന്നു “… വീണ്ടും വീണ്ടും നമ്മളെ തേടി വരുന്ന ജയചന്ദ്ര സംഗീതം.. സംഗീതത്തിന്‍റെ മാന്ത്രികത കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന ഭാവഗായകൻ ഇന്നും നമ്മുടെ ഹൃദയത്തിന്‍റെ തന്ത്രികൾ മീട്ടുന്നു…

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍

0
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

0
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.