ഉണ്ണിമേനോന്‍ പാടുന്ന പാട്ടുകള്‍ക്കെല്ലാം ‘തൊഴുതുമടങ്ങുന്ന സന്ധ്യ’യുടെ ശാലീന സൌന്ദര്യമുണ്ട്. ആ നിര്‍മലത ആസ്വദിക്കാത്ത മലയാളികള്‍ വിരളമാണ്. ശബ്ദത്തിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന അഗാധമായ മനോഹരിതയെ മലയാളികള്‍ കണ്ടത് ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നൂ…” എന്ന പാട്ടിലൂടെയാണ്. നിത്യമായ പ്രണയം അത്രത്തോളം ഉണ്ണിമേനോന്‍റെ ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. തമിഴകമാണ് ഉണ്ണിമേനോന്‍ എന്ന മലയാളിയായ പാട്ടുകാരന്‍റെ ശബ്ദ സൌകുമാര്യത്തെ ആദ്യം തിരിച്ചറിഞ്ഞത്. ആ ശബ്ദത്തെയും അതില്‍ നിന്നും പിറക്കുന്ന പാട്ടുകളെയും കേള്‍ക്കാതിരിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അനര്‍ഗളമായി ആ കണ്‍oത്തില്‍ നിന്നും ഒഴുകിയ നാദവിസ്മയം ദേശവും ഭാഷയും കടന്നു. മലയാളിത്തമുള്ള ആ സ്വരത്തെ സാധാരണക്കാരായ ആളുകള്‍ നെഞ്ചിലെടുത്തു വെച്ചു കൊണ്ട് ഇന്നും ഉണ്ണിമേനോന്‍ എന്ന പാട്ടുകാരന്‍റെ എല്ലാ പാട്ടുകളെയും ആസ്വദിക്കുന്നു.
ട്രാക്ക് പാടിക്കൊണ്ട് സിനിമയിലേക്ക് കടന്ന ഉണ്ണിമേനോന്‍ എന്ന ഗായകനെ പുറം ലോകത്തിന് കണ്ടെത്തി ക്കൊടുത്തത് സാധാരണക്കാരായ ഗാനാസ്വാദകര്‍ തന്നെയാണ്. ആ ശബ്ദത്തെ ആസ്വദിച്ചവരും അതാരെന്നു തിരക്കിക്കൊണ്ട് ആ ശബ്ദത്തെ നെഞ്ചിലെടുത്തു വെച്ചതും സാധാരണക്കാര്‍ തന്നെ. മലയാളത്തില്‍ യേശുദാസിനും മറ്റ് ഗായകര്‍ക്കും വേണ്ടി നിരവധി പാട്ടുകള്‍ക്ക് ട്രാക്ക് പാടിയുണ്ട്, ഇദ്ദേഹം. എങ്കിലും ട്രാക്ക് പാടിയ മിക്ക ചിത്രങ്ങളിലും ഉണ്ണിമേനോന്‍ പാട്ടുകള്‍ പാടിയെങ്കിലും അതു ഉണ്ണിമേനോന്‍റെ ശബ്ദമാണെ ന്ന് പലരും തിരിച്ചറിഞ്ഞില്ല. ഉണ്ണിമേനോന്‍ മലയാളത്തിന്‍റെതാണെങ്കിലും ആ ശബ്ദം ആദ്യം തിരിച്ചറിഞ്ഞതും സ്വീകരിക്കപ്പെട്ടതും തെന്നിന്ത്യന്‍ സിനിമകളിലെ പാട്ടിലൂടെയായിരുന്നു. ഉണ്ണിമേനോന്‍ പാടിയ തമിഴ് ഗാനങ്ങളെല്ലാം മലയാളത്തിലും സ്വീകരിക്കപ്പെട്ട പാട്ടുകളായിരുന്നു. ഇന്ത്യന്‍ സംഗീതത്തില്‍ പ്രഗല്‍ഭനായ എ ആര്‍ റഹ്മാന്‍റെ കീഴിലായിരുന്നു ഉണ്ണിമേനോന്‍റെ സ്വരം മാറ്റുരയ്ക്കപ്പെട്ടത് . 1992 ല്‍ മണിരത്നം സംവിധാനം ചെയ്ത ‘റോജ’ എന്ന തമിഴ് ചിത്രത്തിലെ എ ആര്‍ റഹ്മാന്‍ ഈണമിട്ടു ഉണ്ണിമേനോന്‍ പാടിയ “ പുതു വെള്ളൈ മഴൈ…” എന്ന പാട്ട് ഇന്‍ഡ്യന്‍ സംഗീതലോകത്ത് ഒരു തരംഗം തന്നെ സൃഷ്ട്ടിക്കുകയായിരുന്നു.
കുട്ടിക്കാലത്തെ സംഗീതത്തെ കൂട്ട് പിടിച്ചായിരുന്നു ഉണ്ണിമേനോന്‍റെ വളര്‍ച്ച. ചെന്നൈയില്‍ ഉദ്യോഗാര്‍ഥം താമസമാക്കിയപ്പോളും അവിടെയുള്ള റെക്കോര്‍ഡിങ് സ്റ്റുഡിയോകള്‍ സന്ദര്‍ശിക്കുകയും യേശുദാസ് അടക്കമുള്ള പ്രശസ്തരായ പാട്ടുകാര്‍ക്ക് വേണ്ടി പിന്നണി പാടുകയും ചെയ്തു. അതിലൂടെ അനേകം പാട്ടുകാരെയും സംഗീത സംവിധായകരെ പരിചയപ്പെടുകയും ചെയ്തു ഇദ്ദേഹം. സംഗീത സംവിധായകനായ ചിദംബരനാഥിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ പാട്ടിലൂടെ തന്നെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.1980 ല്‍ തമിഴിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരു ഗാനം ആലപിച്ചെങ്കിലും റഹ്മാന്‍റെ പാട്ടിലൂടെയായിരുന്നു ഉണ്ണിമേനോന്‍റെ ഭാഗ്യ താരകം ഉദിച്ചുയര്‍ന്നത്. കൂടാതെ 2002 ല്‍ മികച്ച പിന്നണി ഗായകനുള്ള തമിഴ് നാടു സര്‍ക്കാരിന്‍റെ അംഗീകാരം ‘1996 ല്‍ ‘മിന്‍സര കനവ്’, ‘വര്‍ഷമെല്ലാം വസന്തം’ എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് നിരവധി തമിഴ് പാട്ടുകള്‍ ഉണ്ണിമേനോന്‍ പാടി ഹിറ്റാക്കുമ്പോഴും മലയാളസിനിമ ആ ഗായകനെ കൂടെ കൂട്ടാന്‍ വീണ്ടും വേണ്ടും സന്ദേഹിച്ച് നിന്നു. ഒടുവില്‍ 1981 ല്‍ പുറത്തിറങ്ങി യ ‘കടത്ത്’ എന്ന ചിത്രത്തില്‍ ശ്യാം ഈണമിട്ട “ഓളങ്ങള്‍ താളം തുള്ളുമ്പോള്‍”, “പുന്നാര പൂന്തിങ്കളെ”, “വെണ്ണിലാ ചോലയില്‍” എന്നീ മൂന്നു പാട്ടുകളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണിമേനോനെ തേടി വന്ന പാട്ടുകളെല്ലാം വിരളമെങ്കിലും പാടിയവയെല്ലാം നിത്യസുന്ദരമായ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായിരുന്നു.
ജനങ്ങളുടെ അംഗീകാരമായിരുന്നു ഉണ്ണിമേനോന്‍ എന്ന പാട്ടുകാരന്‍റെ ബലം . കാലാതിവര്‍ത്തിയായ പാട്ടുകള്‍ കൊണ്ട് അദ്ദേഹം മലയാളി മനസ്സിനെ പ്രണയം കൊണ്ട് സമ്പുഷ്ട്ടമാക്കി. പിന്നീട് ‘മുന്നേറ്റം’ എന്ന ചിത്രത്തിലെ ശ്രീകുമാരന്‍ തമ്പി ഈണമിട്ട “വളകിലുക്കം ഒരു വളകിലുക്കം” എന്ന പാട്ടിലൂടെ ചിത്രത്തില്‍ പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ എന്ന ടൈറ്റിലിലൂടെ മലയാളത്തില്‍ പതുക്കെ ഈ ഗായകനെ അംഗീകരിക്കാന്‍ തുടങ്ങി. ഉണ്ണിമേനോന്‍ എന്ന ഗായകനെ മലയാളികള്‍ നെഞ്ചിലേറ്റുന്നത് ചുരുക്കം ചില പാട്ടുകളിലൂടെയാണ്. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡായിരുന്നു കരിയറില്‍ ആ ഗാനങ്ങള്‍ അദേഹത്തിന് സമ്മാനിച്ചത്. ‘സ്ഥിതി’ എന്ന ചിത്രത്തില്‍ പാട്ടുകാരനായ നായകനായി അഭിനയിച്ചു കൊ ണ്ട് മറ്റൊരു അത്ഭുതം സൃഷ്ട്ടിച്ചിട്ടുണ്ട് ,ഉണ്ണിമേനോന്‍ .ഈ ചിത്രത്തില്‍ പ്രഭാവര്‍മ്മ എഴുതിയ രണ്ടു പാട്ടുക ള്‍ക്ക് സംഗീതം നല്‍കിയതും ആലപിച്ചതും ഉണ്ണിമേനോന്‍ ആണ്.”ഒരു ചെമ്പനീര്‍ പൂവിറുത്തു”,”ഓടലെണ്ണ വിളക്കില്‍…” എന്നി പാട്ടുകള്‍…
‘വെറുതെ ഒരു ഭാര്യ ‘ എന്ന ചിത്രത്തിലെ “ഓംകാര ശംഖില്‍ ചേരുമ്പോള്‍” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിട്ടും മലയാള സിനിമ വീണ്ടും ഈ നാദം തിരിച്ചറിയപ്പെടാന്‍ വൈകിക്കൊണ്ടിരുന്നു. തമിഴില്‍ ആ കഴിവ് പരമാവധി ഉപയോഗപ്പെടുത്തിയപ്പോള്‍ വിരളമായ പാട്ടുകള്‍ മാത്രം ഉണ്ണിമേനോനെ തേടി മലയാളത്തില്‍ നിന്നുമെത്തി. രാജാവിന്‍റെ മകനിലെ “വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടുന്ന”, ‘സ്പിരിറ്റി’ലെ മരണമെത്തുന്ന നേരത്ത്’, ‘തേനും വയമ്പിലെ’ ’വാനില്‍ പായും’,’സൂര്യനി’ലെ “കണ്ണല്ലാത്തതെല്ലാം”,’ഇരട്ടി മധുര’ത്തി ലെ “ഒന്നല്ല രണ്ടല്ല മൂന്നല്ല “,’ശരവര്‍ഷ’ത്തിലെ “തേന്‍ പൂക്കളില്‍ കുളിരിടും “,’കഴുമര’ത്തിലെ “ഒരു തമ്പുരു നാദ സരോവരം”, ഈനാടിലെ “മാനത്തെ ഹൂറി പോലെ”, പാഞ്ചജന്യത്തിലെ “മാര്‍ഗഴിയിലെ മഞ്ഞു”, “വിഷു സംക്രമം വിടര്‍ന്ന”, പോസ്റ്റുമോര്‍ട്ടത്തിലെ “മക്കത്തെ പനിമതി പോലെ”, പ്രതിഞ്ജയിലെ “ഏകാന്ത തീരങ്ങളെ തഴുകും”, ഒരു നോക്കൂ കാണാന്‍ എന്ന ചിത്രത്തിലെ “ചന്ദനക്കുറിയുമായ് സുകൃത വനിയില്‍”, ‘ബോയിങ് ബോയിങ് ‘ലെ “ഒരു കിന്നാരം പുന്നാരം”,’ശ്യാമ’യിലെ “പൂങ്കാറ്റെ പൊയ് ചൊല്ലാമോ?” തിടമ്പിലെ “മഴ മഴമുകിലാടും”, ഗാന്ധിനഗര്‍ സെക്കണ്ട് സ്ട്രീറ്റി’ലെ “ഓര്‍മ്മയില്‍ ഒരു ശിശിരം ഗോഡ് ഫാദറിലെ “പൂക്കാലം വന്നു പൂക്കാലം…” തുടങ്ങി നൂറോളം പാട്ടുകള്‍ കൊണ്ട് മലയാള സിനിമയില്‍ ഉണ്ണിമേനോന്‍ എന്ന ഗായകനെ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹം സ്വയം നേടിയെടുത്തൊരു പേരായിരുന്നു. അത് കൊണ്ട് തന്നെ പാടിയ പാട്ടുകള്‍ക്കെല്ലാം ആ ചെമ്പനീരിന്‍റെ ഗന്ധമുണ്ട് . കറുകപ്പൂവിനു മാത്രമല്ല, നമുക്കും പാട്ടിന്‍റെ തീര്‍ത്ഥം നല്‍കുന്നുണ്ട്.