സമകാലിക മലയാള സിനിമയില്‍ ജയഭാരതിയാണ് താരം. അത്കൊണ്ട് തന്നെ ഓരോ വീട്ടിലും ജനിച്ചു വളര്‍ന്നതും വളര്‍ന്ന് കൊണ്ടിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കളും ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. വിപിന്‍ രാജ് സംവിധാനം ചെയ്ത് ദര്‍ശനയും ബേസില്‍ ജോസഫും തകര്‍ത്തഭിനയിച്ച ചിത്രം.സ്ത്രീ അബലയും ചപലയും തോന്നുമ്പോള്‍ കൊട്ടിക്കേറുവാനുള്ള ചെണ്ടയുമാണെന്ന് തോന്നുന്നവര്‍ക്കിതാ ഒരുഗ്രന്‍ സിനിമ! സമീപകാലത്ത് പുറത്തിറങ്ങിയ മലയാള സിനിമയില്‍ പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കുടുംബചിത്രമാണ് ജയ ജയ ജയ ജയ ഹേ!
ചിത്രത്തിലെ ഓരോ സീനും ചിരിക്കും ചിന്തയ്ക്കും വകയുള്ളതാണ്. ഒരു നിമിഷം പോലും ബോറടിച്ചിരിക്കേണ്ട അവസ്ഥ പ്രേക്ഷകര്‍ക്ക് ഉണ്ടാകില്ല. മധ്യവര്‍ഗ കുടുംബങ്ങളിലെ വൈവാഹിക ജീവിതമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സ്ത്രീക്ക് കുടുംബവും സമൂഹവും പുരുഷന്മാരും അനുവദിച്ചു കൊടുക്കുന്ന ഔദാര്യമാണെന്ന ഹുങ്കിനെയും അധികാര മനോഭാവത്തെയും ഈ ചിത്രം തച്ചുടയ്ക്കുന്നു. ജയയുടെ കുട്ടിക്കാലത്തെ കാണുമ്പോള്‍ സര്‍വ്വ സ്വാതന്ത്ര്യം പുരുഷ കേന്ദ്രീകൃതമായാണ്. മൂത്ത സഹോദരനെക്കാള്‍ ലാളനയേറ്റ് വളര്‍ന്ന കുട്ടിയായി ജയയെ തോന്നുമെങ്കിലും ക്രമേണെ അതൊരു വന്‍ ചങ്ങലപ്പൂട്ടായി മാറുന്നതാണ് കാണാന്‍ കഴിയുക. ചേട്ടന്‍ ഉപയോഗിച്ചതിന്‍റെ ബാക്കി ഉപയോഗിക്കുവാനുള്ള അനുവാദമെ ജയയ്ക്കുണ്ടായിരുന്നുള്ളൂ. സഹോദരന്‍റെ പിഞ്ഞിപ്പറിഞ്ഞ പഠിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ഉപയോഗിച്ചാണ് ജയ പഠിക്കുന്നത് തന്നെ.
ഉപദേശങ്ങളുടെയും വിലക്കുകളുടെയും ഘോഷയാത്രയാണ് ജയയെ എന്നും പിന്തുടര്‍ന്നു പോന്നിരുന്നത്. അതില്‍ വഴിയിലൂടെ പോകുന്നവരും ബന്ധുക്കളും പെടും. അവളുടെ തുടര്‍പഠനത്തിന് അഭിപ്രായം പറയാനെത്തുന്ന അമ്മാവനും ഉദാഹരണമാണ്. ഒരു പെണ്കുട്ടി പഠിക്കുന്നത് പോലും അവളുടെ വിവാഹയോഗ്യതയ്ക്കുള്ള മാനദണ്ഡം മാത്രമാണെന്ന് വരുത്തി തീര്‍ക്കുന്ന കുടുംബ ബന്ധങ്ങളില്‍പെട്ടുഴറുന്ന ജയ ഒടുവില്‍ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കോഴ്സില്‍ കോളേജില്‍ ചെര്‍ത്ത് പഠിപ്പിക്കുന്നു.എന്നാല്‍ അതിനിടയില്‍ സ്ത്രീസമത്വത്തെത്തെക്കുറിച്ച് പ്രസംഗിക്കുന്ന ഒരു അദ്ധ്യാപകനുമായി പ്രണയത്തില്‍ അകപ്പെടുന്ന ജയ ഒടുവില്‍ അയാളുടെ സ്ത്രീവിരുദ്ധതയ്ക്കു പാത്രമാകുകയും ചെയ്യുന്നു. ഒടുവില്‍ പഠനം പാതി വഴിയില്‍ നിര്‍ത്തി വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ജയ വിധേയ ആവേണ്ടി വരുന്നു. വിവാഹാനന്തര ജീവിതമാണ് സിനിമയുടെ നട്ടെല്ല്.
ഒരു കാലത്ത് മലയാളികളെ കൂടുകൂടാ ചിരിപ്പിച്ച, ചിന്തിപ്പിച്ച ശ്രീനിവാസന്‍ നായകനായി എത്തുന്ന കുടുംബ ചിത്രങ്ങളെപ്പോലെ ഹരം കൊള്ളിക്കുകയാണ് ജയ ജയ ജയ ജയ ഹേ! വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമെല്ലാം ഉദാഹരണം. എണ്‍പതുകളിലെയു തൊണ്ണൂറുകളിലെയും കുടുംബ ചിത്രങ്ങളില്‍ വീട്ടുകാരികള്‍ സര്‍വം സഹയും ഒടുവില്‍ സുഖകരമായി ദാമ്പത്യജീവിതവും നയിക്കുന്നതായിട്ടാണ് പര്യവസാനിക്കുന്നതെങ്കിലും മാറിയ കാലത്ത് പുരുഷുവിന്‍റെ ഇത്തരം ക്ലീഷേകളില്‍ ക്ഷമിച്ചുo പൊറുത്തും ജീവിക്കുന്ന ഭാര്യമാര്‍ വിരളമാണ്. പലവട്ടവും പുരുഷനാല്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീയാണ് ജയ. പലവട്ടം ക്ഷമിക്കുന്നുണ്ടെങ്കിലും തിരിച്ചടിയാണ് മറുമരുന്ന് എന്നു മനസ്സിലാക്കിയ ജയ സ്വയം ജയിക്കാന്‍ തുടങ്ങുന്നിടത്ത് സിനിമയും പൂര്‍ണ വിജയത്തിലേക്ക് എത്തുന്നു .
ദര്‍ശന രാജേന്ദ്രന്‍റെയും ബേസില്‍ ജോസഫിന്‍റെയും അഭിനയ മികവ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ജീവസ്സാര്‍ന്ന അഭിനയം കൊണ്ടവര്‍ കഥാപാത്രങ്ങളെ അനശ്വരമാക്കി. കുറച്ചു ഡയലോഗുകള്‍ മാത്രമേ ജയ എന്ന കഥാപാത്രത്തിന് ഉള്ളൂ എങ്കിലും അവര്‍ സ്ക്രീനില്‍ ജീവിക്കുകയായിരുന്നു. ബേസിലിന്‍റെ സ്വതസിദ്ധമായ അഭിനയ ശൈലിയാണ് എടുത്തുപറയാനുള്ള മറ്റൊരു പ്രത്യേകത. തന്‍മയത്വമാര്‍ന്ന അഭിനയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, മികച്ച അഭിനേതാവ് എന്ന ലിസ്റ്റിലേക്കും ബേസില്‍ ജോസഫ് ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല മറ്റു സഹകഥാപാത്രങ്ങളായി എത്തിയ അസീസ് നെടുമങ്ങാട്, അജു വര്‍ഗ്ഗീസ്, മഞ്ജു പിള്ള, നോബി, ആനന്ദ് മന്മഥന്‍ , ഹരീഷ്, ശരത് സഭ , സുധീര്‍ പറവൂര്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചു.
ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിപിന്‍ ദാസും ക്യാമറ ബബ്ലുവും സംഗീതം അങ്കിത് മേനോനും എഡിറ്റിങ് ജോണ്‍സ് കുട്ടിയും മനോഹരമായി നിര്‍വഹിച്ചു. കുടുംബജീവിതത്തില്‍ സ്ത്രീക്ക് വേണ്ടുന്ന സ്വാതന്ത്ര്യം നല്‍കുന്ന സമൂഹത്തെയും കുടുംബത്തെയും പൊളിച്ചെഴുതുകയാണ് ജയ ജയ ജയ ജയ ഹേ!