2018- ല്‍ കേരളത്തിലെ മണ്‍സൂണ്‍ കാലവര്‍ഷം ഓര്‍മകളിലെ, ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സകല സ്വപ്നങ്ങളെയും അനവധി ജീവിതങ്ങളെയും കടപുഴക്കിക്കൊണ്ടു പോയ മഴക്കെടുതി. പിന്നീട് ഓരോ മഴക്കാലവും കടന്നു വരുമ്പോള്‍ മലയാളികള്‍ ഭീതിദമായ ആ ഓര്‍മയില്‍ ജീവിക്കുവാന്‍ തുടങ്ങി. ഓര്‍മകളുടെ ദുരന്തമുഖത്തേക്കുള്ള തിരിഞ്ഞു നോട്ടമാണ് 2023 ല്‍ പുറത്തിറങ്ങിയ ‘2018’ എന്ന ചിത്രം. ഇവിടെ നായകന്മാരോ വില്ലന്‍മാരോ ഇല്ല. കൊറോണകാലത്തെപ്പോലെ നിപ്പ കാലത്തെപ്പോലെ 2018-ലും സകല മനുഷ്യരും തന്നെയാണ് സൂപ്പര്‍ താരങ്ങള്‍. ജൂഡ് ആന്‍റണി ജോസഫ് എന്ന മികച്ച സംവിധായകനെ കൂടി ‘2018’ ലൂടെ മലയാള സിനിമയ്ക്കു ലഭിച്ച വര്‍ഷമാണ് 2023.
അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഗംഭീര വരവേല്‍പ്പ് നല്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. 2014- ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്ത ചിത്രം കൂടിയാണ്. മാത്രമല്ല. 45- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയ സിനിമയ്ക്കുള്ള നോമിനേഷന്‍ ലഭിക്കപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാന. ശ്രദ്ധേയമായ സിനിമകളിലൂടെയാണ് ജൂഡ് ആന്‍റണി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. 2008 ല്‍ ക്രേസി ഗോപാലന്‍, 2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്, 2012 ല്‍ തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ സഹസംവിധായകനായി. മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മമ്മൂക്ക ജീവചരിത്രം’, അജു വര്‍ഗീസ് നായകനായ യെല്ലോ പെന്‍ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
2021 ല്‍ ഒടിടിയില്‍ റിലീസായ അന്നബെന്‍ കേന്ദ്രകഥാപാത്രമായ ‘സാറാസ്’ പ്രേക്ഷക കയ്യടി നേടിയ ജൂഡ് ആന്‍റണിയുടെ ഹിറ്റ് ചിത്രമായിരുന്നു. സംവിധായകന്‍ മാത്രമല്ല, തിരക്കഥാകൃത്ത് കൂടിയാണ് ഇദ്ദേഹം. ഓം ശാന്തി ഓശാനയില്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പവും ഒരു മുത്തശ്ശിക്കഥയിലും സാറയിലും അഖില്‍ പി ധര്‍മ്മജനൊപ്പം 2018- നും തിരക്കഥയെഴുതി. മലയാള സിനിമയില്‍ ശ്രദ്ധേയമായ സിനിമകള്‍ സംഭാവന നല്കുവാന്‍ കഴിഞ്ഞ സംവിധായകനാണ് ജൂഡ് ആന്‍റണി എന്നു നിസ്സംശയം പറയാം.