ഇത്തവണ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ടി വി ചന്ദ്രനു ലഭിച്ചു. സമൂഹവും അധികാരികളും അടിച്ചേല്‍പ്പിക്കുന്ന മനുഷ്യജീവിതങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിലെ കഥാപാത്രങ്ങള്‍. വ്യക്തിദു:ഖങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരമായി സിനിമകളിലൂടെ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു. എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്. കേരളത്തിനകത്തും ദേശീയ തലത്തിലും അന്താരാഷ്ട മേഖലകളിലും പലകാലങ്ങളിലായി ചര്‍ച്ചചെയ്യപ്പെട്ടതാണ് ടി വി ചന്ദ്രന്‍റെ സിനിമകള്‍. പലപ്പോഴായി അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്തു.
അന്തരാഷ്ട്ര തലത്തിലേക്ക് ടി വി ചന്ദ്രന്‍റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളസിനിമയുടെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘പൊന്തന്‍മാട’യിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം തേടിയെത്തി. കൂടാതെ പത്തു സംസ്ഥാന അവാര്‍ഡുകളും ആറ് ദേശീയ അവാര്‍ഡുകളും ലഭിച്ചു. സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും തിരക്കഥ നിര്‍വ്വഹിച്ചതും ടി വി ചന്ദ്രനാണ്. കലയ്ക്ക് വേണ്ടി പൂര്‍ണ്ണസമയം ചിലവാക്കുന്നതിനായി റിസര്‍വ് ബാങ്കിലെ ഉദ്യോഗം രാജിവെച്ചു കൊണ്ട് സംവിധായകന്‍ പി എ അബൂബക്കറിന്‍റെ അസിസ്റ്റന്‍റ് സംവിധായകനായി ചുവടു വച്ചു.
കഥാമൂല്യവും ജീവിതപശ്ചാത്തലവുമുള്ള സിനിമകളാണ് മിക്കതും. പൊന്തന്‍മാട, പാഠം ഒന്ന് ഒരു വിലാപം, ഓര്‍മകള്‍ ഉണ്ടായിരിക്കണം, കഥാവശേഷന്‍, ഭൂമി മലയാളം, ഭൂമിയുടെ അവകാശികള്‍, പെങ്ങളില, വിലാപങ്ങള്‍ക്കപ്പുറം, മങ്കമ്മ, സൂസന്ന, ഡാനി, ആലീസിന്‍റെ അന്വേഷണം, ഹേമാവിന്‍ കാതലര്‍കള്‍, കൃഷ്ണന്‍ കുട്ടി, ആടുംകൂത്ത്, ശങ്കരനും മോഹനനും, മോഹവലയം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. എം കെ നാരായണന്‍ നമ്പ്യാരും ശ്രീദേവിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ രേവതി, മകന്‍ യാദവ് ചന്ദ്രന്‍.