ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘അദൃശ്യ ജാലകങ്ങളു’ടെ ട്രയിലർ പുറത്തിറങ്ങി. ഡോ: ബിജു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. എല്ലനാർ ഫിലിംസിന്റെയും മൈത്രി മൂവി മേക്കേഴ്സിന്റെയും ടോവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ രാധിക ലാവു, നവീൻ യേർനേനി, വൈ രവിശങ്കർ, ടോവിനോ തോമസ് തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.
യുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഈ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല. ലോകമെങ്ങും ഒരുപോലെ പ്രധാന്യമുള്ളതാണ്’, സംവിധായകൻ ഡോക്ടർ ബിജു പറഞ്ഞു.
‘ഞങ്ങളുടെ സിനിമ പ്രേക്ഷകർക്ക് ഒരു അതുല്യമായ അനുഭവം തന്നെയാകും. സിനിമയിൽ അവതരിപ്പിക്കുന്ന സർവത്രികമായി മനുഷ്യർ അനുഭവിക്കുന്ന തകർച്ചകളും പങ്കിടുന്ന മനുഷ്യത്വവുമായി കാഴ്ചക്കാർക്ക് ബന്ധപ്പെടുമെന്ന് ഞങ്ങൾക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്;, രാധിക ലാവു പറഞ്ഞു.
എസ്തോണിയയിൽ നടക്കുന്ന 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പി. ഒ. എഫ്. എഫ്) വെച്ചാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുക. വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്. നവംബർ മൂന്ന് മുതൽ നവംബർ 17- വരെ നീളുന്നതാണ് ടാലിൻ ഫിലിം ഫെസ്റ്റിവൽ.
മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിങ് ഡേവിസ് മാനുവൽ.