തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ചലനം സൃഷ്ടിച്ച നവാഗത സംവിധായകനാണ് ഗിരീഷ് എ ഡി. അദ്ദേഹത്തിൻറ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങളിൽ അഭിനയിച്ചതെല്ലാം പുതുമുഖ താരങ്ങളും. പ്രധാനകഥാപാത്രങ്ങളായി എത്തിയവരെല്ലാം 25 വയസ്സിനു താഴെയും. മികച്ച അഭിനയം കൊണ്ട് തണ്ണീർ മത്തൻ ദിനങ്ങൾ ജനപ്രിയത നേടിയെടുക്കുകയും ചെയ്തു. പ്ലസ് ടു വിദ്യാർഥികളുടെ ജീവിത കഥപറഞ്ഞു തുടങ്ങിയ സംവിധായകൻ ഗിരീഷ് എ ഡി സൂപ്പർ ശരണ്യയിൽ എത്തിയപ്പോൾ കോളേജ് വിദ്യാർഥികളുടെ രസകരമായ ജീവിതത്തെ നർമ്മത്തൊടു കൂടി അവതരിപ്പിച്ചു.
രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തത്തിന് ശേഷം പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. കോളേജ് പഠനമൊക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നവരും ജോലി ചെയ്യുന്നവരും കരിയർ ഇനിയും ഉയർത്തി മുന്നോട്ട് കൊണ്ടുപോകാനും പരിശ്രമിക്കുന്ന യുവാക്കളുടെ കഥ പറച്ചിലായി, പ്രേമലുവിൽ. കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും.
പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു. പക്ഷേ, ഒരു ചെറിയൊരു വ്യത്യാസം. സിനിമ മലയാളമാണങ്കിലും ചിത്രത്തിന്റെ മുഴനീള ലൊക്കേഷൻ ഹൈദരാബാദ് ആണ്. ഒരു പക്ഷേ ചിത്രത്തിന്റെ പേരായ ‘പ്രേമലു’ ഈ പ്രത്യേകതയെ ഉൾക്കൊള്ളുന്നതാണ്. ചിത്രത്തിൽ സച്ചിൻ എന്ന കഥാപാത്രമായി നസ്ലിനും റീനു എന്ന കഥാപാത്രമായി എത്തുന്ന മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മാർക്ക് കുറവായതിനാൽ പ്ലസ് ടു വിനു ശേഷം തമിഴ് നാട്ടിലെ ഒരു കോളേജിൽ ബിരുദം പൂർത്തിയാക്കുന്ന സച്ചിനും ഹൈദരാബാദിൽ ആദ്യമായി ജോലിക്ക് എത്തുന്ന റീനുവും രസകരമായ അഭിനയമാണ് കാഴ്ചവെച്ചത്. പഠനത്തിലും തൊഴിലിലും നിശ്ചയദാർഡ്യവും പ്രതീക്ഷയും ലക്ഷ്യബോധവുമുള്ള കഥാപാത്രമാണ് റീനു. മുപ്പത് വയസ്സുവരെ തന്റെ കരിയറിൽ ഉണ്ടാകേണ്ട ഉയർച്ചകളെ കുറിച്ച് കൃത്യമായ പ്ലാനിങ്ങോടുകൂടി ജീവിതത്തെ സമീപിക്കുന്ന പെൺകുട്ടി. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന റീനുവും സച്ചിനും തമ്മിൽ കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സിനിമയിലെ മറ്റ് സഹകഥാപാത്രങ്ങൾക്കും അതിന്റേതായ തുല്യ സ്ഥാനം നൽകിക്കൊണ്ടാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.
ആക്ഷനും ത്രില്ലറും നിറഞ്ഞ വിഷയങ്ങളുമായി നിരവധി സിനിമകൾ തിയ്യേറ്ററിൽ വന്നു പോകുമ്പോൾ പ്രേമലു പോലെ അപൂർവം ഒന്ന് മാത്രം അവിടിവിടങ്ങളിലായി സംഭവിക്കുന്നു. അത് കൊണ്ട് തന്നെ ഈ സിനിമ വേണ്ടുവോളം സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു എന്നു തന്നെ ഉറപ്പിച്ചു പറയാം. തികച്ചും നർമ്മപ്രധാനമായ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും നിറഞ്ഞകയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. റൊമാന്റിക് കോമഡി എന്ന ലേബലിൽ പ്രേമലു ഏറെ സ്വീകാര്യമായി.
കോമഡി സീനുകൾ ഓരോന്നും മൂഷിപ്പിക്കാത്ത വിധത്തിൽ കൂട്ടച്ചിരിയുണർത്തുന്നതിൽ സംവിധായകൻ വിജയിച്ചു. വിരസതയോ അനാവശ്യമെന്നോ തോന്നുന്ന ഒരു സീനോ പ്രേക്ഷകരെ ബോറടി പ്പിക്കുവാൻ ഉണ്ടായിരുന്നില്ല. സിനിമയിൽ അഭിനയജീവിതത്തിന്റെ ചെറുപ്പക്കാലങ്ങളിലേക്ക് നസ്ലിനും മമിത ബൈജുവിനും വീണുകിട്ടിയ അവസരമാണ് പ്രേമലു. അതിലഭിനയിച്ച എല്ലാ അഭിനേതാക്കളും ശ്വതം റോൾ വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. ഗിരീഷ് എ ഡി യുടെ സംവിധാനത്തിനൊത്തു കിരൺ ജോസിയുടെ രചനയും ഒപ്പത്തിനൊപ്പം ഉയർന്നു.
ജീവിതത്തിൽ ഇടർച്ചകൾ നേരിട്ട് കൊണ്ടിരിക്കുന്ന സച്ചിൻ എന്ന കഥാപാത്രത്തെ നസ്ലിനും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആത്മവിശ്വാസവും അർപ്പണബോധവും ലക്ഷ്യബോധവും കൈമുതലായുള്ള റീനു എന്ന കഥാപാത്രത്തെ മമിതയും വളരെ ഭംഗിയായി കൈകാര്യം ചെയ്തു. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പുതുമുഖങ്ങളും അവരുടെ കഥാപാത്രത്തെ മുകവുറ്റതാക്കി തീർത്തു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിൽ തല്ലുമാല, ഗപ്പി, അമ്പിളി, എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീതം നല്കുന്നത് വിഷ്ണു വിജയ് ആണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും , ക്യാമറ അജ്മൽ സാബുവും നിർവഹിച്ചു. യുവതലമുറയുടെ ജീവിതാഘോഷങ്ങളെ പതർച്ചകളെ സ്വപ്നങ്ങളെ അതിജീവനത്തെ വളരെ രസകരമായി വെള്ളിത്തിരയിലെത്തിക്കുവാൻ ഗിരീഷ് എ ഡിക്കും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.