Friday, November 15, 2024

“തമ്പീ, എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം…”

പാട്ടില്‍ കൃത്യമായ സമയ നിഷ്ഠത പാലിക്കുന്ന വ്യക്തിയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നിശ്ചയിച്ചുവെച്ച  സമയം കഴിഞ്ഞു ആര് വന്നാലും അടുത്ത ദിവസം വരാന്‍ പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. സമയം തെറ്റിച്ച് പാട്ടുമായി വന്ന വിദ്യാസാഗര്‍ എന്ന ചെറുപ്പക്കാരനെയും അദ്ദേഹം തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സിനിമയിലേക്കുള്ള തന്‍റെ സ്വപ്നനവുമായി ആദ്യ പടിചവിട്ടിയ വിദ്യാസാഗര്‍ എന്ന ആ ചെറുപ്പക്കാരനെ തിരിച്ചയക്കേണ്ടെന്ന് അദ്ദേഹം കരുതിയിരിക്കണം. പാട്ടില്‍ ജാനകിയമ്മ പാടിയ ഭാഗം കേള്‍ക്കാന്‍ അദ്ദേഹം സമ്മതിച്ചു. പാട്ട് കേട്ടു കഴിഞ്ഞ ഒരു നിമിഷം എസ് പി ബാലസുബ്രഹ്മണ്യം എന്ന ആ മഹാഗായകന്‍ പാട്ടിന്‍റെ ആത്മാവുമായി ഇഴുകിച്ചേര്‍ന്നു. വികാരം കൊണ്ട് അദ്ദേഹത്തിന്‍റെ  ശബ്ദമിടറി. കണ്ണുകള്‍ നിറഞ്ഞു. അന്നാദ്യമായി പാട്ടിലെ തന്‍റെ ചിട്ടവട്ടങ്ങളെ അദ്ദേഹം ഉപേക്ഷിച്ചു. പെട്ടെന്നു വൈകാരിക ഭാവത്തില്‍ നിന്നുണര്‍ന്ന അദ്ദേഹം പറഞ്ഞു ; “തമ്പീ, ശീഘ്രം സ്റ്റുഡിയോ ഓണ്‍ പണ്ണ്. ഇന്ത പാട്ടെ നാന്‍ ഇപ്പവേ പാടപ്പോറേന്‍..!” മനസ്സ് നിറയും വരെ, നിറഞ്ഞു തൂവും വരെ, ആ ഗാനം നദിയായി നമ്മുടെ മനസ്സില്‍  സംഗമിക്കും വരെ അദ്ദേഹം പാടിക്കൊണ്ടിരുന്നു. തന്‍റെ ഉള്ളു നിറയും വരെ എസ് പി ബാലസുബ്രഹ്മണ്യം പാട്ട് സ്വയം മറന്നു പാടിത്തീര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് പതുക്കെ സ്നേഹവായ്പ്പോടെ പറഞ്ഞു; “തമ്പീ, എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം…’ ‘മലരെ മൌനമാ മൌനമാ…’

എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകനെ ഓര്‍ക്കുമ്പോള്‍ ആദ്യമൊഴുകിയെത്തുന്നതു ശെല്‍വയുടെ സംവിധാനത്തില്‍ അര്‍ജ്ജുനും രഞ്ജിതയും പ്രണയജോഡികളായി അഭിനയിച്ച് 1995- ല്‍ പുറത്തിറങ്ങിയ ‘കര്‍ണ്ണ‘ എന്ന തമിഴ് ചിത്രത്തിലെ അതിമനോഹരമായ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ക്ലാസിക് ‘മലരെ മൌനമാ മൌനമാ…’ എന്ന ഗാനമാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യന്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനത്താണ് എസ് പി ബാലസുബ്രഹ്മണ്യവും ജാനകിയമ്മയും മല്‍സരിച്ച് പാടിയ ഈ  ഡ്യൂയറ്റ്. ഇന്ദ്രിയാനുഭൂതിയാണ് എസ് പി ബാലസുബ്രഹ്മണ്യം പാടുന്ന ഓരോ പാട്ടുകളിലും. അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പിറക്കാത്ത ഒരു ഗാനമെങ്കിലും ഇന്ത്യന്‍ ഭാഷകളിലുണ്ടായിരിക്കില്ല. അതൊരൊപ്പ് വയ്പ്പാണ്. ഇന്ത്യന്‍ സംഗീതലോകം  കണ്ട മികച്ച ഗായകന്‍റെ ഔന്നത്യം. തന്‍റെ കഴിവുകളില്‍ ലഭിച്ച അംഗീകാരങ്ങളിലും പ്രശസ്തിയിലും അഹംഭാവമില്ലാതെ എല്ലാവരെയും സമന്‍മാരായിക്കണ്ട് കൊണ്ട് സൌമ്യനായി പെരുമാറുന്ന മനുഷ്യന്‍.  അടിച്ചുപൊളി പാട്ടുകളുടെയും മെലഡികളുടെയും ക്ലാസിക്കുകളുടെയും ചക്രവര്‍ത്തി. പാട്ടുകാരനാകണമെന്ന അതിയായ ആഗ്രഹവുമായിനടന്ന  ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന കൊച്ചു മിടുക്കനെ സംഗീതജ്ഞന്‍ കോദണ്ഡപാണി പല സംഗീത സംവിധായകരെയും പരിചയപ്പെടുത്തിക്കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 1966- ല്‍ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമനണ്ണാ‘ എന്ന ചിത്രത്തില്‍ പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചു .

ഏറ്റവും കൂടുതല്‍ പിന്നണിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എന്ന ലോകറെക്കോഡ് സ്വന്തമാക്കിയ ഗായകന്‍. ആറ് തവണ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി. ‘മന്‍മഥലീല‘ എന്ന കെ. ബാലചന്ദറിന്‍റെ ചിത്രത്തിലൂടെ ഡബ്ബിംഗ് ആർട്ടിസ്റ്റായി. ഈ ചിത്രത്തിന്‍റെ തെലുങ്കു മൊഴിമാറ്റ ചിത്രത്തില്‍ കമല്‍ഹാസന് ശബ്ദം നല്കി. കമൽഹാസൻ, സൽമാൻ ഖാൻ, രഘുവരൻ , കെ. ഭാഗ്യരാജ്, മോഹൻ, നാഗേഷ്, രജനീകാന്ത്, ജെമിനി ഗണേശൻ, ഗിരീഷ് കർണാട്, വിഷ്ണുവർദ്ധൻ, കാർത്തിക്, അനിൽ കപൂർ, അർജുൻ സർജ, തുടങ്ങി ഇന്ത്യന്‍ സിനിമകളിലെ വിവിധഭാഷകളില്‍ ശ്രദ്ധേയരായ അഭിനേതാക്കളുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദ൦ നല്‍കിക്കൊണ്ട് എസ് പി ബാലസുബ്രഹ്മണ്യം ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍റെ അഭിനയ ചരിത്രത്തിലെ ബിഗ് ചിത്രങ്ങളിലൊന്നായ ‘ദശാവതാര’ത്തിന്‍റെ തെലുങ്ക് മൊഴി മാറ്റ ചിത്രത്തില്‍ കമല്‍ഹാസന്‍റെ പത്തു കഥാപാത്രങ്ങളിലെ സ്ത്രീകഥാപാത്രമടക്കം ഏഴു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയ എസ് പി ബാലസുബ്രഹ്മണ്യം ആരാധകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായിത്തീരുകയായിരുന്നു.

എസ് പി ബാലസുബ്രഹ്മണ്യം മലയാളത്തില്‍ പാടിയിട്ടുള്ള പാട്ടുകള്‍ മിക്കതും ചേതോഹരങ്ങളായിരുന്നു. ’അനശ്വര’ത്തിലെ ‘താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ…’ മലയാളികള്‍ നെഞ്ചിലേറ്റിയ വാനമ്പാടി കെ എസ് ചിത്രയും എസ് പി ബാലസുബ്രഹ്മണ്യവും ചേര്‍ന്ന് പാടുന്ന ഈ  യുഗ്മഗാനം മലയാളി മനസ്സുകളെ കീഴടക്കി. സിനിമയുടെ പേരിനെ അര്‍ത്ഥം വെക്കുന്ന ‘അനശ്വരമായ‘ പ്രണയത്തെ സാക്ഷ്യം വഹിക്കുന്നൊരു പാട്ടാണിത്. ‘മണ്ണിലാകെ നിന്‍റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍…’ എന്നു പാടുമ്പോള്‍ ആ വരികളേയും ശബ്ദത്തെയും അങ്ങേയറ്റം മലയാളികള്‍ ആരാധിച്ചു. ഏത് സാഹചര്യത്തിലും പ്രണയിപ്പിക്കുന്ന ചാരുതയുണ്ടായിരുന്നു ആ പാട്ടിന്. എസ് പി ബാലസുബ്രഹ്മണ്യവും ചിത്രയും ചേര്‍ന്ന് പാടുമ്പോള്‍ അതിലെ കെമിസ്ട്രിയില്‍  മലയാള ചലച്ചിത്ര പിന്നണി ഗാനമേഖലയ്ക്കത്  പൊന്‍തൂവലായി, ചരിത്രമായി… പ്രണയത്തിന്‍റെ കാല്‍പനികഭാവത്തെ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദത്തിലൂടെ അനുഭവിച്ച  മലയാളികള്‍ അതേ ശബ്ദത്തില്‍ നിന്നും പിറന്ന മോഹന്‍ലാല്‍ നായകനായ ‘ഗന്ധര്‍വം’ എന്ന ചിത്രത്തിലെ ‘നെഞ്ചില്‍ കഞ്ചബാണം…’ എന്ന അടിച്ചുപൊളി ഗാനവും ആസ്വദിച്ചു. ‘കാക്കാലക്കണ്ണമ്മാ കണ്‍മിഴിച്ച് പാടമ്മ…’ ഈ ഗാനം ഓരോ തലമുറയുടെയും ചൂണ്ടിലൂടെ ഇന്നും ഒഴുകുന്നു. ലാളിത്യമാര്‍ന്ന സംഗീതത്തില്‍ പിറക്കുന്ന ഓരോ ഗാനവും എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നാദത്തില്‍ ഭദ്രമായിരുന്നു. മലയാളത്തില്‍ എസ് പി ബാലസുബ്രഹ്മണ്യം ആദ്യമായി പാടുന്നത് 1969- ല്‍ പുറത്തിങ്ങിയ ‘കടല്‍പ്പാലം’ എന്ന ചിത്രത്തില്‍ ദേവരാജന്‍ മാഷ് – വയലാര്‍ കൂട്ടുക്‍ട്ടില്‍ പിറന്ന ‘ഈ കടലും മറുകടലും…’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു.  എസ് പി ബാലസുബ്രഹ്മണ്യം എന്ന യുഗപ്പിറവി തുടര്‍ന്നങ്ങോട്ട്  മലയാളത്തിലും പാട്ടുകൊണ്ട് ചരിത്രമാവര്‍ത്തിച്ചു. സംഗീതമഭ്യസിച്ചിട്ടില്ലാത്ത എസ് പി ബാലസുബ്രഹ്മണ്യം  കര്‍ണാടക സംഗീതത്തില്‍ പിറന്ന ശങ്കരാഭരണത്തിലെ ‘ശങ്കരാ നാദശ:രീരാപരാ…’ എന്നു പാടുമ്പോള്‍ ലോകസംഗീതമെമ്പാടും ജ്ഞാനപൂര്‍ണ്ണ മായൊരു സംഗീതത്തെ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു . 

‘ദോസ്തി’ലെ പാട്ടുകളെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ‘വാനം പോലെ വാനം മാത്രം’ എന്ന വിദ്യാസാഗറിന്‍റെ  സംഗീതത്തില്‍ പിറന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും എസ് പി ബാലസുബ്രഹ്മണ്യം മലയാളസിനിമയ്ക്ക് നല്‍കിയ ഹിറ്റ് പാട്ടുകളുടെ സംഭാവന അമൂല്യമായിരുന്നു. എസ് പി ബാലസുബ്രഹ്മണ്യം എന്ന എസ് പി ബിയെ ആരാധനയോടെ മാത്രമല്ല സ്നേഹപൂര്‍ണ്ണമായ വികാരത്തോടെയും ആളുകള്‍ കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ സംഗീതസപര്യയില്‍ ഇടംനേടാത്ത ഭാഷകളൊ കലാമേഖലകളോ വിരളമായിരിക്കും. സംഗീത സംവിധായകനായും ഗായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടനായും അദ്ദേഹം തിളങ്ങി നിന്നു. സംഗീതമഭ്യസിക്കാതെ ശാസ്ത്രീയ സംഗീതത്തെയും ലളിത സംഗീതത്തെയും കൈവെള്ളയില്‍ അനായാസം കൊണ്ട് നടന്ന കലാകാരന്‍. 1979- ല്‍ ‘സര്‍പ്പം’ എന്ന ചിത്രത്തിനു വേണ്ടി യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഒന്നിച്ചു പാടിയ ‘സ്വര്‍ണ്ണ മീനിന്‍റെ’ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായിരുന്നു. ‘കിലുക്ക’ത്തിലെ എം ജി ശ്രീകുമാറിനൊപ്പം പാടിയ ‘ഊട്ടിപ്പട്ടണം’ വും ഹിറ്റായി. ന്യൂഡെല്‍ഹി’യിലെ ‘തൂമഞ്ഞിന്‍…’ ‘ബട്ടര്‍ഫ്ലയിസി’ലെ ‘പാല്‍നിലാവിലെ പവനിതള്‍…’ എന്ന ഗാനവും ശ്രദ്ധേയമായി . 

ഓരോ രാഗവും ശ്രുതിയും ലയവും സ്വരവുമെല്ലാം അദ്ദേഹം ഈശ്വരനില്‍ നിന്നും ആര്‍ജ്ജിച്ചിരുന്നു. ഗീതാഞ്ജലിയിലെ ‘ഓ പ്രിയേ ഓ പ്രിയേ…’ മലയാളക്കര ഒന്നടങ്കം ഏറ്റു പാടി. ‘പാതിരാവിൽ പൂങ്കിനാവിൽ …’ ‘നീലസാഗര തീരം…’, ‘പടർന്നു പടർന്നു കയറീ പ്രേമം..’, ‘ആദാം എന്‍റെ അപ്പൂപ്പൻ…’, ‘മേലേ വാനത്തിലേ മേയും മേഘങ്ങളേ…’, ‘ഓർമ്മകളിൽ ഒരു സന്ധ്യ…’ ‘നീരാഴിയും പൂമാനവും…’ ‘പറകൊട്ടിത്താളം…’, ‘ഹലോ ഡാർലിംഗ് നീ എന്‍റെ ലഹരി…’, ‘മാണിക്യവീണാം ഉപലാളയന്തീം…’,ഓംകാരനാദാനു…’ ,’ബ്രോചേ വാരെവരുരാ…’, ‘സാരിഗ രീഗ പ ധാപാ…’, ‘സാമജ വര ഗമന…’, ‘രാഗം താനം പല്ലവി…’, ‘നീ മനസ്സായ് ഞാൻ വച  സ്സായ്…’ തുടങ്ങി ശ്രദ്ധേയമായ ഗാനങ്ങള്‍ സമ്മാനിച്ച എസ് പി ബാലസുബ്രഹ്മണ്യം  ‘മൗനം ഗാനം…’, ‘വെണ്ണിലാമുത്തുമായ്…’, ‘ഇനിയെന്‍ പ്രിയനര്‍ത്തനവേള…’, ‘ഈ പാദം ഓംകാര ബ്രഹ്മപാ ദം…’,കൈലാ സത്തില്‍ താണ്ഡവമാടും  ഗൗരീശങ്കരശൃംഗം, തുടങ്ങിയ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതവും നല്കി.എസ് പി ബാലസുബ്രഹ്മണ്യത്തെപ്പോലെ എസ് പി ബാലസുബ്രഹ്മണ്യം മാത്രം. ആ സംഗീത സാമ്രാട്ടിനെ പകരം വയ്ക്കാന്‍ മറ്റൊരപരനില്ല. കോവിഡ് മഹാമാരിയില്‍ കീഴടങ്ങി അദ്ദേഹം ജീവിതത്തില്‍ നിന്നും തിരിച്ചു പോയെങ്കിലും നെഞ്ചില്‍ ചേര്‍ത്തു പിടിക്കുന്ന അദ്ദേഹം പാടിയ  പാട്ടുകളുണ്ട് മണ്ണിലും കാതിലും ഹൃദയത്തിലും ചൂണ്ടിലും അവശേഷിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

0
പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

മമ്മൂട്ടിയുടെ ‘ടർബോ’ ഇനി അറബിയിലും

0
മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ്...

മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ...

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.