സമീപകാലത്ത് മലയാളി ചലച്ചിത്ര പ്രേമകളെ തമാശകൾ കൊണ്ട് ജനപ്രീതിനേടുന്ന സിനിമകൾ കയ്യടികൾ നേടുകയാണ്. നർമത്തിലൂടെ ജീവിതത്തെ കൊണ്ട് പോകുന്ന സിനിമകൾ. ‘ജയ ജയ ജയ ജയ ഹേ’ എന്ന ജനപ്രിയ ചിത്രം നല്കിയ വൻവിജയത്തിന്റെ ചൂടാറും മുൻപ് തന്നെ വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രവും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെക്കാലങ്ങളായി സീരിയസ് റോളുകളിൽ മാത്രം കണ്ടിരുന്ന പൃഥ്വിരാജ് സുകുമാരൻ ഒരിടവേളയ്ക്ക് ശേഷം കോമഡി കഥാപാത്രമായി എത്തിയത് പ്രേക്ഷകർ സ്വീകരിച്ചത് ഏറെ പ്രതീക്ഷയോടെയാണ്.
സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊന്നു ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിച്ചുള്ള കെമിസ്ട്രിയുടെ വിജയമാണ്. അവർ ഒന്നിക്കുന്ന മിക്ക സീനുകളിലെല്ലാം മികച്ച അഭിനയ പ്രകടനമാണ് കാഴ്ച വെച്ചത്. കുടുംബം പശ്ചാത്തലമായി വരുന്ന സിനിമകളിലെ ഏറ്റവും പ്രധാന വിഷയമായും വെല്ലുവിളിയായും കടന്നു വരുന്നത് പ്രണയവും വിവാഹവുമാണ്. ഒരു പക്ഷേ മലയാള സിനിമയ്ക്ക് കുടുംബം- പ്രണയം- വിവാഹം എന്നീ ചാക്രികമായ വ്യവഹാരത്തിനുള്ളിൽ നിന്നു മോചിതമാകുവാൻ ഏറെ പ്രയാസകരവുമാണ്.
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ. ബേസിലിന്റെ വിനു രാമചന്ദ്രൻ എന്ന കഥാപാത്രത്തിനും പൃഥ്വിരാജിന്റെ ആനന്ദ് എന്ന കഥാപാത്രത്തിനുമൊപ്പം അനശ്വര രാജനും നിഖില വിമലും ഒത്തുചേരുമ്പോൾ സിനിമയിൽ രസച്ചരട് മുറുകുന്നു.
ഗൌരവമേറിയ കഥാപാത്രമങ്ങളെ മസില് പിടിച്ച് അഭിനയിക്കുന്ന പൃഥ്വിരാജിന് കോമഡി എത്രത്തോളം വഴങ്ങുമെന്നതിന് ഉദാഹരണം കൂടിയാണ് ഈ ചിത്രവും അതിലെ ആനന്ദ് എന്ന കഥാപാത്രവും. ആനന്ദുo വിനുവും തമ്മിലുള്ള സ്നേഹവും അതി തമാശയും വളരെ രസകരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ. അനശ്വരയും നിഖിലയും ജഗദീഷും രേഖയും കെപി കുഞ്ഞികൃഷ്ണനും ഇർഷാദും സിജു സണ്ണിയുമെല്ലാം ഒന്നിക്കുമ്പോൾ ഒരു കല്യാണസദ്യയുടെ രുചിമേളമൊരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ദീപു പ്രദീപിന്റെ തിരക്കഥയിലൂടെ വിപിൻദാസ് കഥ പറഞ്ഞു പോകുന്ന രീതിയും രസകരമാണ്. കുടുംബബന്ധങ്ങളുടെ ആഴമേറിയ കെട്ടുറപ്പും ഇഴുകിച്ചേരലും വിനുവിന്റെ കുടുംബത്തിലോ അനന്ദന്റെ കുടുംബത്തിലോ കാണാൻ കഴിയില്ല. ഒരു നോർമൽ കുടുംബാന്തരീക്ഷം എന്നതിലുപരി അതില് അതിവൈകാരികത ഒട്ടുംതന്നെയില്ല. എങ്കിലും ബന്ധങ്ങളിലെ സൂക്ഷ്മതയും നർമ്മവും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ആളുകളെ രസിപ്പിക്കുക എന്നതാണ് രീതിയെങ്കിൽ സിനിമ ഒരു സമ്പൂർണ്ണ വിജയമാണെന്ന് അവകാശപ്പെടാം. കഥാപാത്രമായ വിനു മാനസിക സഘർഷങ്ങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ ഒഴിച്ച് നിർത്തിയാൽ മികച്ച എന്റർടൈമെന്റ് സിനിമയാണ് ഗുരുവായൂരമ്പലനടയിൽ എന്നു അവകാശപ്പെടാം. ‘കുഞ്ഞിരാമായണ’ത്തിന്റെ തിരക്കഥാകൃത്തായ ദീപു പ്രദീപും ജയ ജയ ജയ ജയ ഹേ ‘ മൂവിയിടെ ഡയറക്ടർ വിപിൻദാസും ഒന്നിച്ചാൽ ഇനിയും രസകരമായ സിനിമകൾ പിറന്നേക്കാം.