Friday, November 15, 2024

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

ഓണം റിലീസിന് തിയ്യേറ്ററിലെത്തി  പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആക്ഷന്‍ മൂവിയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത. കൊത്തയെന്ന നാടിന്‍റെ കഥ. ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന കിങ് ഓഫ് കൊത്തയെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത. ആദ്യം കുരയ്ക്കും പിന്നെ വാലാട്ടും പിന്നെ കാല്‍ക്കല്‍ വീണു കിടക്കും’. നാട് കടന്നുപോയ രാജാവിനെ കാത്തുള്ള ആ നാടിന്‍റെ വിധേയത്വത്തെ ഇങ്ങനെയാണ് അടയാളപ്പെടുത്തുന്നത്. രാജാവിനെ കാത്തിരിക്കുന്ന പ്രജ കടന്നുപോയ കാലത്തേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്ന ഒരു ഗ്രാമം… അതാണ് കൊത്ത.

ഗുണ്ടായിസത്തിനോടുവില്‍ നാട് വിട്ടുപോയ രാജാവിനെ അതിലും വലിയ ഗുണ്ടായിസവുമായി തിരിച്ചെത്തുന്ന അതേ രാജാവിനെ കാത്തിരിക്കുന്ന കൊത്ത. അവന്‍ എപ്പോഴും കൊത്തയിലെ രാജാവാണ്. ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ വെച്ച് ദുല്‍ഖറിന്‍റെ കരിയറില്‍ വേറിട്ട് നിന്നേക്കാം കിങ് ഓഫ് കൊത്ത. ഓണം റിലീസിന് എത്തിയ ഈ ചിത്രം നായകന്‍റെ നായകന്‍റെ രണ്ട് കാലഘട്ടങ്ങളെയാണ് അവതരിപ്പിക്കുന്നത്. ജോഷി ചിത്രങ്ങളിലെ നായകന്മാരില്‍ കണ്ടു വരുന്ന ആ തീക്ഷണത, കിടിലന്‍ ഡയലോഗുകള്‍, വൈകാരികത… അങ്ങനെ മാനുഷിക വികാരങ്ങളെ കഥാപാത്രത്തിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട് ദുല്‍ഖറിന്.

മൂന്നുമണിക്കോറോളം ദൈര്‍ഘ്യ മുള്ള ചിത്രമാണ് കിങ് ഓഫ് കൊത്ത. ജോഷിയുടെ സംവിധാനമികവ് അതേപടി പകര്‍ന്നു കിട്ടിയിട്ടുണ്ട് മകന്‍ അഭിലാഷ് ജോഷിക്ക്. ഒരു പുതുമുഖ സംവിധായകന്‍റെ ഇടര്‍ച്ചകളോ അപരിചിതത്വമൊ കിങ് ഓഫ് കൊത്തയെ ഒരു തരിമ്പ് പോലും ബാധിച്ചിട്ടെയില്ല. ഒരു കാലത്ത് സൌഹൃദങ്ങളാല്‍ ഒറ്റുകൊടുക്കപ്പെട്ട് നാടുവിട്ടു പോയ നായകന്‍ പിന്നോരു  കാലത്ത് ശക്തമായി തിരിച്ചെത്തി തിരിച്ചടിക്കുകയും ചെയ്യുന്നു. സിനിമ പാടിപ്പതിഞ്ഞ പ്രമേയമാണിതെങ്കിലും കാലത്തിനനുസരിച്ച് മേകിങ് കൊണ്ട് എങ്ങനെ ഈ ‘സ്ഥിരം പല്ലവി’യെ മറികടക്കാം എന്ന വിഷയം വളരെ സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ അഭിലാഷ് ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേ വിഷയം പലാവര്‍ത്തി ഉപയോഗിച്ച മലയാള സിനിമകളുണ്ട്, ജോഷിയുടേത് പോലും. എന്നാല്‍ വ്യത്യസ്ത മെക്കിങ് കൊണ്ട് അതിനെ മറികടക്കുന്നിടത്താണ് അഭിലാഷ് ജോഷിയെന്ന പുതുമുഖ സംവിധായകന്‍റെ മികവ് നാം കണ്ടറിയേണ്ടത്.

ത്രില്ലര്‍ സിനിമകളിലെ ബിജിഎം എക്കാലത്തും ശ്രദ്ധേയമാണ്. ബിജിഎം കൊണ്ട് മാത്രം ഓര്‍ക്കപ്പെടുന്ന സിനിമകളും കഥാപാത്രങ്ങളും പോലുമുണ്ട് മലയാള സിനിമയ്ക്ക്. ജേക്സ് ബിജോയുടെ ബിജിഎം കൊത്തയിലെയും നായകന്‍റെയും അത് പോലെ ശ്രദ്ധേയമാണ്. കൊത്തയിലെ നരകതുല്യമായ തെരുവ് ജീവിതത്തെ തികച്ചും യഥാര്‍ഥ്യമെന്നോണം ഒപ്പിയെടുക്കുന്നതില്‍ നിമിഷ് രവിയെന്ന ഛായാഗ്രാഹകന്‍ വിജയിച്ചിട്ടുണ്ട്. മാസ് ആക്ഷന്‍ ഹീറോയായി തിളങ്ങി നിന്ന ദുല്‍ഖര്‍ സല്‍മാന്‍ കരിയറില്‍ മാത്രമല്ല, പ്രേക്ഷക ഹൃദയങ്ങളിലും ഒരുപടി കൂടി ഉയര്‍ന്നു കഴിഞ്ഞു. സങ്കല്‍പ്പിക കഥ, സ്ഥലം, കഥാപാത്രങ്ങള്‍.. ഉദ്വോഗജനകമായ കഥാമുഹൂര്‍ത്തത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ് കിങ് ഓഫ് കൊത്തയുടെ രീതി. 1996- ല്‍ നടക്കുന്ന കഥ! പ്രസന്നയുടെ സി ഐ ഷാഹുല്‍ ഹമീദ് ആയുള്ള കടന്നുവരവോട് കൂടി സിനിമയും ആരംഭിക്കുന്നു. നാടിനെ വിറപ്പിക്കുന്ന കണ്ണന്‍ഭായ് എന്ന ഗുണ്ടാത്തലവന്‍റെ വിളയാട്ടം അടിച്ചമര്‍ത്തുവാനുള്ള അന്വേഷണത്തിലൂടെയാണ് കൊത്തയെ ഒരുകാലത്ത് അടക്കിവാണിരുന്ന അധോലോക രാജാവിലേക്ക് എത്തുന്നത്.

തല്ലുണ്ടാക്കിയും മറ്റും രാജാവിനെ പോലെ കൊത്തയില്‍ വാണിരുന്ന രാജ് എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന ദുല്‍ഖര്‍ സല്‍മാനെയാണ് പിന്നീട് സ്ക്രീനില്‍ കാണുവാന്‍ കഴിയുക. ഒറ്റപ്പെടലും സൌഹൃദവും പ്രണയവും ആഘോഷമാക്കി കൊണ്ട് നടക്കുന്നവന്‍. ഒടുവില്‍ സുഹൃത്തുക്കളാല്‍ ചതിക്കപ്പെട്ട് നാടുവിടുന്ന രാജുവിലൂടെയുള്ള കഥാസഞ്ചാരം ത്രസിപ്പിക്കുന്നതാണ്. ജോഷിയുടെ മറ്റൊരു ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ നൈല ഉഷ അനശ്വരമാക്കിയ മറിയത്തെ ഓര്‍മ്മിപ്പിക്കുന്ന ഉശിരന്‍ കഥാപാത്രമായാണ് താരയായി ഐശ്വര്യ ലക്ഷ്മി എത്തുന്നത്. എന്നത്തേയും പോലെ നായികയുടെ കാത്തിരിപ്പ് കൊത്തയിലും ആവര്‍ത്തിച്ചു വരുന്നു.  

പൊറിഞ്ചു മറിയം ജോസിലെ ചെമ്പന്‍ വിനോദും നൈല ഉഷയും ഒന്നിക്കുന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. അനിഖ സുരേന്ദ്രനും ടി ജി രവിയും ഷമ്മി തിലകനും രാജേഷ് ശര്‍മ്മയും സുധി കോപ്പയും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

spot_img

Hot Topics

Related Articles

Also Read

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഡിനോ ഡെന്നീസ്- മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ചിത്രീകരണം തുടരുന്നു

0
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.