തേനൂറും മാപ്പിളപ്പാട്ടുകളുടെ ഇശല്‍ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51- വയസ്സായിരുന്നു. പ്രവാസലോകത്തെയും മലയാളികളുടെയും പ്രിയ ഗായികയുടെ വേര്‍പാടിലാണ് ആസ്വാദകര്‍. മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ വേര്‍പാട് മായും മുന്നെയാണ് അസ്മ കൂട്ടായിയുടെ മരണവാര്‍ത്ത പ്രിയപ്പെട്ടവരെ സങ്കടക്കടലിലേക്ക് ആഴ്ത്തിയത്. നാലുപതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ടിന്‍റെ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു അസ്മ കൂട്ടായി. മലപ്പുറം തിരൂര്‍ സ്വദേശിനിയാണ് അസ്മ. നിരവധി തവണ കേരളത്തിലും വിദേശത്തുമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഖത്തറില്‍ കുടുംബസമേതമായിരുന്നു താമസം. ഏറെ നാളായി തൃശ്ശൂരില്‍ ചികില്‍സയിലായിരുന്നു. തബലിസ്റ്റായ ബാവ എന്ന മുഹമ്മദലിയാണ് ഭര്‍ത്താവ്. മാപ്പിള കല അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ദുബായില്‍ അസ്മ അവസാനമായി 2022 ജൂലൈ 8 നാണ് പാടുന്നത്.
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ. നിരവധി ഗായകര്‍ക്കൊപ്പം വേദികള്‍ പങ്കിട്ടു. ഒ എം കരുവാരക്കുണ്ട് രചിച്ചു കോഴിക്കോട് അബൂബക്കര്‍ ഈണം പകര്‍ന്ന പാട്ടുകളും അസ്മ പാടി. നാല്പതാം വര്‍ഷികത്തില്‍ ജന്‍മനാട് ആദരിച്ചു. ലവ് എഫ് എം എന്ന ചിത്രത്തില്‍ അഭിനയിച്ചതും പാട്ട് പാടിയതും ശ്രദ്ധേയമായിരുന്നു. മകള്‍ ഷംന ഗായികയും തബലിസ്റ്റുമാണ്.