വൃദ്ധസദന ജീവിതത്തെ ആസ്പദമാക്കി ക്രയോൺസ് പിക്ചേഴ്സിന്റെ ബാനറിൽ അഭിജിത്ത് അശോകൻ നിർമ്മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഫെബ്രുവരി 14- ന് പ്രണയദിനത്തിലായിരുന്നു നടന്നത്.
നാല്പത് വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു. അനു സിതാര, പൌളി വത്സൻ, ഇർഷാദ് അലി, ദീപക് പറമ്പോൽ, നോബി മാർക്കോസ്, അംബി നീനാസം, നന്ദൻ ഉണ്ണി, സ ജാദ് ബറൈറ്റ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വാർദ്ധക്യകാലത്ത് ഗാന്ധിഭവനിൽ ഒരുമിച്ച് കഴിയുന്ന സുലോചനയെയും രാജനെയും ആദരിച്ചു കൊണ്ടായിരുന്നു പ്രണയ ദിനത്തിൽ ട്രയിലർ റിലീസായത്. ചിത്രം മാർച്ച് 8 ന് തിയ്യേറ്ററിലേക്ക് പ്രദർശനത്തിനെത്തും.