ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ ദേവി പുരസ്കാരത്തിനര്‍ഹയായി. പതിനഞ്ചു വര്‍ഷത്തോളം സിനിമയില്‍ ഡ്യൂപ്പായി വേഷങ്ങള്‍ ചെയ്തു പോന്നിരുന്ന സുമാ ദേവി ആദ്യമായാണ് ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ സുമാ ദേവിയുടേത് തുരുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ധീരയായ സ്ത്രീയുടെ കഥാപാത്രമായിരുന്നു. ഉമാ ദേവിയുടെ അഭിനയം മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഡ്യൂപ്പ് വേഷങ്ങളില്‍ നിന്നും മാറി ആദ്യമായി ഒരു ചിത്രത്തില്‍ നായികയായി എത്താന്‍ കഴിഞ്ഞതിനും അതിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിനും ഏറെ സന്തോഷമുണ്ടെന്ന് സുമാ ദേവി പ്രതികരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ സുമാ ദേവി വര്‍ഷങ്ങളായി സ്റ്റണ്ട് മാസ്റ്റര്‍ മാഫിയാ ശശിയുടെ അസിസ്റ്റണ്ടായിരുന്നു. സ്വാഭാവികമായ അഭിനയ ശൈലിയാണ് സുമാ ദേവിയുടെ പ്രത്യേകത എന്നു ചിത്രത്തിന്‍റെ സംവിധായകന്‍ പ്രജേഷ് സെന്‍ വ്യക്തമാക്കി.
മികച്ച നടനുള്ള പുരസ്കാരം നിര്‍മല്‍ കലിതാ സംവിധാനം ചെയ്ത ‘ബ്രോക്കന്‍ സോളി’ലെ ആക്ഷെന്ദ്ര ദാസ് സ്വന്തമാക്കി. അര്‍മേനിയന്‍ ചിത്രമായ ‘ദ സ്പ്രിംഗ്’ ആണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ‘സീതാരാമ’ത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച സംവിധായകനായി ‘777 ചാര്‍ളി’യുടെ കിരണ്‍ രാജും മികച്ച പുതുമുഖ സംവിധായകനായി ചൈനീസ് ചിത്രമായ ‘റ്റില്‍ ലവ് ഡു അസ് പാട്ടി’ന്‍റെ സംവിധായകന്‍ റാന്‍ ലീയും മികച്ച തിരക്കഥയ്ക്ക് ബംഗ്ലാദേശ് ചിത്രമായ ‘ദി സെവനും’ കരസ്ഥമാക്കി.