Thursday, April 3, 2025

ദേവതാരുവില്‍ പൂത്ത പാട്ടിന്‍റെ പൂക്കള്‍

“ദേവദാരു പൂത്തു നിന്‍ മനസ്സിന്‍ താഴ്വരയില്‍…” എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന് വേണ്ടി ചുനക്കര രാമന്‍കുട്ടി എഴുതി ശ്യാം ഈണമിട്ട ഈയൊരു പാട്ട് മതി ചുനക്കര എന്ന ഗാനരചയിതാവിനെ അടയാളപ്പെടുത്താന്‍. ചുനക്കര രാമന്‍കുട്ടി എന്ന കവിയിലെ ഗാനരചയിതാവിനെ ഓര്‍ക്കുമ്പോള്‍ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും. മനസ്സില്‍ രാഗമഴ പെയ്യിക്കുന്ന ഓരോ പാട്ടും കേള്‍വിക്കാര്‍ക്ക് ആസ്വദിക്കുന്തോറും മനസ്സില്‍ വ്യത്യസ്തമാര്‍ന്ന പുതിയ പ്രേമഹര്‍ഷമാണ് പെയ്യിക്കുന്നത്. ‘അധിപനി’ലെ ശ്യാമ മേഘമേ നീ യദുകുല സ്നേഹദൂതുമായി വാ…” കേള്‍ക്കുന്തോറും മനസ്സിന് നല്‍കാനുള്ള ഊര്‍ജ്ജം ആ പാട്ടിനുണ്ട്. അലപ്പുഴക്കാരന്‍റെ പാട്ടുകളിലെല്ലാം ആ നാടിന്‍റെ സൌന്ദര്യത്തിന്‍റെ പൂര്‍ണ്ണമായ ജീവസ്പന്ദനം എന്നും തുടിച്ചിരുന്നു. ആ തുടിപ്പ് പാട്ടുകളിലൂടെ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. എഴുപത്തിയഞ്ച് സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ചുനക്കര രാമന്‍കുട്ടി.

നാടകങ്ങളായിരുന്നു എഴുത്തിനുള്ള അദ്ദേഹത്തിന്‍റെ തട്ടകം. നിരവധി നാടക ഗാനങ്ങള്‍ രചിച്ചുകൊണ്ട് അദ്ദേഹം പാട്ടെഴുത്തില്‍ അരങ്ങേറ്റം കുറിച്ചു. മാത്രമല്ല, ‘മലയാള നാടക വേദി’ എന്ന പേരില്‍ സ്വന്തമായൊരു നാടക സമിതിയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിടെ നിന്ന് ആകാശവാണിയിലേക്ക് ചേക്കേറിയ അദ്ദേഹം നിരവധി ലളിത ഗാനങ്ങള്‍ക്കും സൃഷ്ട്ടാവായി. കേരള തിയ്യേറ്റേഴ്സ്, നാഷണല്‍ തിയ്യേറ്റേഴ്സ്, മലങ്കര തിയ്യേറ്റേഴ്സ്, കൊല്ലം ഗായത്രി, കൊല്ലം അസീസി, തുടങ്ങിയ നാടക സമിതികളില്‍നിന്നും പിറന്ന നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ഗാനങ്ങളെഴുതി. ഗാനരചയിതാവായല്ല പകരം ഗായകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചായിരുന്നു ചുനക്കര രാമന്‍കുട്ടി സിനിമയിലേക്കെത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രശസ്തി ഉയര്‍ത്തിയത് പാട്ടെഴുത്തായിരുന്നു. ചുനക്കര രാമന്‍കുട്ടിയെ കവിതാരചനയ്ക്ക് പ്രോല്‍സാഹനം നല്കിയത് സംഗീതജ്ഞനായ ദേവരാജന്‍ മാഷായിരുന്നു. 2004 ല്‍ ‘അഗ്നിസന്ധ്യ’ എന്ന പേരില്‍ കവിതാസമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു.

1978 ല്‍ പുറത്തിറങ്ങിയ ‘ആശ്രമം’ എന്ന സിനിമയ്ക്കു വേണ്ടിയെഴുതിയ ‘അപ്സര കന്യക’ എന്ന പാട്ടിലൂടെയാണ് ചുനക്കര രാമന്‍കുട്ടി മലയാളത്തിലേക്കു രംഗപ്രവേശം ചെയ്യുന്നതു. പിന്നീട് ‘കൌമാരപ്രായം’ എന്ന ചിത്രത്തിലൂടെ സംഗീത സവിധായകന്‍ ശ്യാമുമായി ചേര്‍ന്ന് നിരവധി ഹിറ്റുകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തില്‍ പിറന്ന ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ഇതില്‍ എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ചുനക്കര എഴുതിയ “ഒരു തിര പിന്നേയും തിര…”, “ദേവി നിന്‍ രൂപം…”, “ഒരു ശിശിരമാസക്കുളിര്‍ രാവില്‍…”, തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ‘കുയിലിനെത്തേടി’ എന്ന ചിത്രത്തി ലെ “സിന്ദൂര തിലകവുമായി പുള്ളിക്കുയിലേ പോരൂ നീ…”, “മുല്ലവള്ളിക്കുടിലില്‍…”, ‘പാതിരാ താരമേ സ്നേഹപ്പൂക്കള്‍ ഞാന്‍ ചോദിച്ചു…”, ‘മുത്തോട് മുത്തി’ലെ “ധനുമാസ കാറ്റേ വാ..”, ‘കോട്ടയം കുഞ്ഞച്ചനി’ലെ “ഹൃദയ വനിയിലെ ഗായികയോ…”, ‘പച്ച വെളിച്ച’ത്തിലെ “അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ…”, ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ “ശരത്കാല സന്ധ്യ കുളിര്‍ചൂടി നിന്നു…”, ‘ഒരു നോക്കൂ കാണാന്‍’ എന്ന ചിത്രത്തിലെ “ചന്ദനക്കുറിയുമായി വാ സുകൃത വനിയില്‍…”, തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ മലയാളത്തില്‍ നിത്യ ഹരിതമായിരുന്നു. ‘മഴനിലാവി’ലെ “പാതിരാക്കാറ്റ് വന്നു “, ‘കൌമാര പ്രായ’ത്തിലെ “കാവേരി നദിക്കരയില്‍”, “ഈ രാവില്‍ ഞാന്‍ രാഗാര്‍ദ്രയായ്…”, വീണ്ടും ചലിക്കുന്ന ചക്ര’ത്തിലെ “ഓ ശാരികേ…”, ‘നാളെ ഞങ്ങളുടെ വിവാഹ’ത്തിലെ “ആലിപ്പഴം ഒന്നൊന്നായ്…”, അങ്ങനെ എണ്‍പതുകളിലും തൊണ്ണൂറുകളിലും പിറന്ന ഇന്നും കാതില്‍ നിറയുന്ന നാവിന്‍ തുമ്പില്‍ ഊറി വരുന്ന മനസ്സിലിടം നേടിയ ചുനക്കരയുടെ വിരല്‍ തുമ്പില്‍ നിന്നൂര്‍ന്ന് വീണ എത്രയെത്ര പാട്ടുകള്‍.

ഈണത്തിനൊത്ത് വരികളെഴുതാന്‍ ചുനക്കര രാമന്‍കുട്ടിക്ക് നിഷ്പ്രയാസം കഴിഞ്ഞു. അദ്ദേഹത്തിന് താന്‍ എഴുതിയതില്‍ ഇഷ്ടപ്പെട്ട പാട്ട് ‘ആ ദിവസം’ എന്ന ചിത്രത്തിലെ “പ്രവാഹമെ നദീ പ്രവാഹമെ..”, ‘ചൂതാട്ട’ത്തിലെ “വാരിധിയില്‍ തിരപോലെ വഗ്നിയില്‍ പുകപോലെ” എന്നീ ഗാനങ്ങളാണ്. പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദം നേടിയ ചുനക്കര രാമന്‍കുട്ടി എഴുത്തിനെയും ഭാഷ സ്നേഹിച്ചു. കൂടാതെ 2015 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരു ശ്രേഷ്o പുരസ്കാരവും നേടിയിട്ടുണ്ട് ഇദ്ദേഹം. സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചുവെങ്കിലും അദ്ദേഹം തന്‍റെ സൃഷ്ടികളില്‍ അത്രത്തോളം സംതൃപ്തനായിരുന്നില്ല. ആഗ്രഹിച്ചത് പോലെ ഗാനങ്ങളെഴുതാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നാണ് സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. ആദ്യം ട്യൂണ്‍ ഇട്ടു അതിനൊത്തു വരികള്‍ ചിട്ടപ്പെടുത്തുന്ന സിനിമാ സംഗീതത്തിലെ പുതിയ സമ്പ്രദായത്തെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിനെതിരെ പല അഭിമുഖങ്ങളിലും തന്‍റെ വിമുഖത അഭിപ്രായ രൂപത്തില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.

വിഷാദത്തിന്‍റെ എല്ലാ അടരുകളെയും ഒരു നിമിഷത്തേക്കെങ്കിലും പൊളിച്ചെഴുതാന്‍ ഉല്‍സാഹിയായ ചുനക്കരയുടെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് പ്രണയവും സങ്കല്‍പ്പവും ഭക്തിയുമെല്ലാം ഉതിര്‍ന്നു വീണു. എഴുപത്തിയാറു സിനിമകളിലായി ഇരുന്നൂറ്റി പത്തു പാട്ടുകള്‍. നിരവധി ഭക്തി ഗാനങ്ങള്‍. ഉന്‍മാദത്തിന്‍റെയും പ്രണയത്തിന്‍റെയും ഉല്‍സാഹത്തിന്‍റേയുമെല്ലാം ഉല്‍സവമേളങ്ങളായിരുന്നു ചുനക്കരയുടെ പാട്ടുകള്‍. സംഗീതം അഭ്യസിക്കാതെ വളരെ നന്നായി സ്കൂളിലും കോളേജിലും പാട്ടുകാരനായി പാടി നടന്നിരുന്ന പാട്ടുകാരാനാവാന്‍ ആഗ്രഹിച്ചിരുന്ന ചുനക്കര രാമന്‍കുട്ടി അങ്ങനെ സിനിമയിലെത്തിയപ്പോള്‍ ഗാനരചയിതാവായി. “വിരിയും പൂങ്കിനാവുമായി ചാരെ നിന്നു തപസ്വിനി…”, “പുളകത്തിന്‍ സഖിയായി വിരിമാറില്‍ കുളിരായി എഴുസ്വരങ്ങള്‍ പാടാന്‍ വന്നൂ ഗായകന്‍…”, നമ്മുടെ ഹൃദയത്തിലപ്പോള്‍ ദേവദാരു മുളയ്ക്കുകയും ചില്ലകള്‍ തോറും ആഹ്ളാദത്തിന്‍റെയും പ്രണയത്തിയും പൂക്കള്‍ പൊട്ടി വിടര്‍ത്തുകയും ചെയ്യുന്നു ഈ അനുഗ്രഹീത പാട്ടെഴുത്തുകാരന്‍….

spot_img

Hot Topics

Related Articles

Also Read

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’

0
കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്.

‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍

0
പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി ആര്‍ മാധവന്‍ ചുമതലയേറ്റു

0
പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി തമിഴ് നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര്‍ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.